കത്തോലിക്കാസഭ ശബ്ദിച്ചാല്‍ കുരിശുയുദ്ധമോ???

Noble Thomas Parackal

ഗുരുതരമായ സ്വത്വപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് ഭാരതത്തിലെ ക്രൈസ്തവസമുദായം. ന്യൂനപക്ഷമെന്ന നിലയില്‍ പൊതുസമൂഹത്തില്‍ അഭിമുഖീകരിക്കുന്ന നാനാവിധത്തിലുള്ള വിവേചനങ്ങള്‍ മുതല്‍ അന്തച്ഛിദ്രങ്ങള്‍ വരെ ഈ പ്രതിസന്ധിയുടെ മൂലകാരണങ്ങളായി മനസ്സിലാക്കാവുന്നതാണ്. ക്രൈസ്തവസമുദായത്തിന്റെ ദുര്‍ഗതികളെയും ദൗര്‍ബല്യങ്ങളെയും അന്തച്ഛിദ്രങ്ങളെയും കുറിച്ച് സംസാരിക്കുക എന്ന പ്രവാചകദൗത്യം സാമൂഹ്യമാധ്യമങ്ങളുടെ യുഗത്തില്‍‍ ഓരോ വിശ്വാസിക്കും ഭരമേല്പിക്കപ്പെട്ടിരിക്കുന്നു. ഇത്തരം സംസാരങ്ങള്‍ വ്യക്തികള്‍ക്കും സഭാകൂട്ടായ്മകള്‍ക്കുമുണ്ടാകുന്ന തിരിച്ചറിവുകളുടെ ഭാഗമായുള്ള ഏറ്റുപറച്ചിലുകളും മുന്നറിയിപ്പുകളുമാണ്. സാക്ഷ്യത്തിന്റെ ജീവിതത്തില്‍ സഭയ്ക്ക് സംഭവിക്കുന്ന വീഴ്ചകളും സാമുദായം സംഘടിതമായി നേരിടേണ്ടി വരുന്ന അക്രമാധിഷ്ഠിതമായ അനീതികളും ഈ സംസാരങ്ങളുടെ ഭാഗമാണ്. കുടുംബനാഥന്മാരും യുവജനങ്ങളും വൈദികരും മെത്രാന്മാരും അങ്ങനെ, ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം തിരുസ്സഭയെന്ന മിശിഹായുടെ ശരീരത്തെപ്രതി ആകുലരും അസ്വസ്ഥരുമാണ്. സ്വന്തം സമുദായത്തിനപ്പുറം പൊതുസമൂഹം തന്നെ അഭിമുഖീകരിക്കേണ്ടി വരുന്ന അപകടങ്ങളെക്കുറിച്ച് അവര്‍ക്ക് സ്വരമുയര്‍ത്തേണ്ടിവരുന്നു. ഇത്തരം അപായസൂചനകളെ അപരവിദ്വേഷമെന്നും ചരിത്രത്തിന്റെ ദുരുപയോഗമെന്നും ഭീകരതയെന്നുമൊക്കെ വ്യാഖ്യാനിച്ച് കപടബുദ്ധിജീവിവേഷം കെട്ടുന്നവരും സമുദായത്തിനുള്ളില്‍ത്തന്നെ ജീവിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ക്രൈസ്തവസമുദായത്തിന്റെ പ്രതികരണങ്ങളുടെ പ്രത്യേകതകളും അവയുടെ കാലികമായ അനിവാര്യതയും ഓരോ ക്രൈസ്തവവിശ്വാസിക്കും ബോദ്ധ്യമാകേണ്ടതുണ്ട്. അതിന് സഹായകമാകുന്ന ചില ചിന്തകള്‍ പങ്കുവെക്കട്ടെ.

1. ദൈവജനം ഒരു യാഥാര്‍ത്ഥ്യമാണ്

ദൈവജനം ഒരു യാഥാര്‍ത്ഥ്യമാണ്, സങ്കലപ്മല്ല. നടപടിപുസ്തകം പറയുന്നതുപോലെ ദൈവത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഏത് ജനപദത്തില്‍പ്പെട്ടവരായാലും എക്കാലത്തും ദൈവതിരുസ്സന്നിധിയില്‍ സ്വീകാര്യര്‍ തന്നെയാണ് (10,35). എല്ലാവര്‍ക്കും ദൈവസന്നിധിയില്‍ അവകാശമുണ്ട്, സ്ഥാനമുണ്ട്. പക്ഷേ, മനുഷ്യരെ പരസ്പരബന്ധമില്ലാത്തവരാക്കി നിലനിര്‍ത്താനും അങ്ങനെ വ്യക്തിപരമായി അവരെ വിശുദ്ധീകരിക്കാനും രക്ഷിക്കാനുമല്ല ദൈവം തീരുമാനിച്ചത്. ദൈവത്തെ സത്യത്തില്‍ അറിയുവാനും വിശുദ്ധിയില്‍ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യുവാനുമായി അവരെ ഒരു ജനപദമാക്കാന്‍ ദൈവം നിശ്ചയിച്ചു. അങ്ങനെയാണ് അവിടുന്ന് അബ്രാഹത്തെ വിളിക്കുകയും ഇസ്രായേല്‍വംശത്തെ തന്റെ ജനമായി തിരഞ്ഞെടുക്കുകയും അവരുമായി ഉടമ്പടി ചെയ്യുകയും ചെയ്തത്. ഒരു ജനത്തെ ദൈവം തിരഞ്ഞെടുത്തു. ഒരു ജനപദത്തെ ദൈവം രൂപപ്പെടുത്തി. ഇസ്രായേലിന്റെ ദൈവികൂട്ടായ്മയെ മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി അവിടുന്ന് തിരഞ്ഞെടുത്ത് പരിപാലിച്ചൂ. നിരന്തരം വിശുദ്ധീകരിച്ചുകൊണ്ട് പടിപടിയായി അവരെ ഒരുക്കിക്കൊണ്ടുവന്നു. ആ ജനത്തോട് ജറമിയാ പ്രവാചകനിലൂടെ അവിടുന്ന് അരുള്‍ച്ചെയ്തിരുന്നു – ഞാന്‍ ഇസ്രായേല്‍ ഭവനത്തോടും യൂദയാ ഭവനത്തോടും ഒരു പുതിയ ഉടമ്പടി ഉണ്ടാക്കും. എന്റെ നിയമം ഞാന്‍ അവരുടെ അന്തരംഗത്തില്‍ ആലേഖനം ചെയ്യും. അവരുടെ ഹൃദയത്തില്‍ ഞാനതു പതിക്കും. – മിശിഹാ പുതിയ ഈ ഉടമ്പടി സ്ഥാപിച്ചു. മിശിഹായുടെ രക്തത്തിലൂടെ രൂപംകൊണ്ട പുതിയ ഉടമ്പടി ഇസ്രായേല്‍ ജനത്തെപ്പോലെ മനുഷ്യരെ ശാരീരികമായി മാത്രമല്ല, അരൂപിയില്‍ക്കൂടിയും ഒരുമിപ്പിച്ചു. അങ്ങനെ അവര്‍ ദൈവത്തിന്റെ പുതിയ ജനമായിത്തീര്‍ന്നു. ഈ പുതിയ ജനത്തില്‍ യൂദനില്‍ നിന്നും പുറജാതികളില്‍ നിന്നും വിളിച്ചുകൂട്ടപ്പെട്ടവരുമുണ്ടായിരുന്നു. അങ്ങനെയാണ് വിളിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹം -എക്ലേസിയ- തിരുസ്സഭ രൂപം കൊള്ളുന്നത്. അവര്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പൗരോഹിത്യവും വിശുദ്ധീകരിക്കപ്പെട്ട ജനപദവും ദൈവം തനിക്കായി നേടിയെടുത്ത ജനതയുമാണ്. ആദ്യം ഒരു ജനതയല്ലായിരുന്നുവെങ്കിലും ഇപ്പോള്‍ അവര്‍ ദൈവജനമാണ്.

ഇങ്ങനെ ഒരു ദൈവജനം ഉണ്ട് എന്ന് നാം സമ്മതിക്കേണ്ടിയിരിക്കുന്നു. ദൈവജനമില്ല, കേവലം മനുഷ്യരേയുള്ളൂ എന്നുവാദിക്കുന്നവര്‍ക്ക് അതിശക്തമായ ഈ ആത്മീയയാഥാര്‍ത്ഥ്യത്തിന്റെ പൊരുളുകള്‍ ഉള്‍ക്കൊള്ളാനായിട്ടില്ല. മറ്റു ജനപദങ്ങളില്‍ നിന്ന് വ്യത്യസ്തമായി അതേസമയം സകല മാനവകുലത്തിനും വേണ്ടി നിലകൊള്ളുന്ന ഈ ദൈവജനത്തിന്റെ പ്രത്യേകതയെന്താണ്…. ഇവരുടെ സവിശേഷത, ദൈവമക്കളുടെ മഹിമയും സ്വാതന്ത്ര്യവും ഇവര്‍ക്കുണ്ട് എന്നതാണ്. പരിശുദ്ധാത്മാവ് ഒരാലയത്തിലെന്നതുപോലെ ഇവരുടെ ഹൃദയത്തില്‍ വസിക്കുന്നു. ഇവരുടെ നിയമമാകട്ടെ, ഈശോമിശിഹാ നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കുക എന്ന പുതിയ കല്പനയാണ്. ദൈവരാജ്യമാണ് ഇവരുടെ ലക്ഷ്യം.

ഈ ദൈവജനത്തിന് ഒരു തനിമയുണ്ട്. ഈ ദൈവജനത്തിന് തനതായ ഒരു സ്വത്വബോധമുണ്ട്, അസ്തിത്വമുണ്ട്. അത് സാങ്കല്പികമല്ല. ധാര്‍മ്മികജീവിതം നയിക്കുന്ന എല്ലാവരെയും അതുള്‍ക്കൊള്ളുന്നു എന്ന് പറയാനാവില്ല. മെയ്മാസത്തില്‍ സാന്താമാര്‍ത്തയിലെ ഒരു ദിവ്യബലിമദ്ധ്യേ മാര്‍പാപ്പയും ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി. ക്രൈസ്തവര്‍ ദൈവജനത്തിന്റെ ഭാഗമാണ് എന്ന വസ്തുതക്ക് പകരം ധാര്‍മ്മികമൂല്യങ്ങളില്‍ മുറുകെപ്പിടിക്കുകയും നിയമാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുകയും ചെയ്യുന്ന ഒരു ഉന്നതസമൂഹമെന്ന് അവകാശപ്പെടുകയും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. നാം ദൈവജനത്തിന്റെ ഭാഗമാണെന്ന ശരിയായ ധാരണ അനിവാര്യമാണ്. താന്‍ തിരുസ്സഭയിലെ അംഗവും ദൈവജനത്തിന്റെ ഭാഗവുമാണെന്ന ചിന്തയില്ലാത്ത ഒരു ക്രൈസ്തവന്‍ – എത്ര മാത്രം സ്വയം ന്യായീകരിച്ചാലും – അയാള്‍ ഒരു യഥാര്‍ത്ഥ ക്രൈസ്തവനല്ല എന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

മിശിഹായുടെ അഭിഷിക്തജനമായ ദൈവജനം പ്രത്യക്ഷത്തില്‍ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്നില്ല. മറിച്ച്, ഒരു ചെറിയ അജഗണമായിട്ടാണ് പലപ്പോഴും കാണപ്പെടുന്നത്. അതിനര്‍ത്ഥം ദൈവജനം അതിലുള്‍പ്പെടാത്തവരെ അകറ്റിനിര്‍ത്തുന്നുവെന്നല്ല. ദൈവജനം മനുഷ്യവംശത്തിന് മുഴുവന്‍ ഐക്യത്തിന്റെയും പ്രതീക്ഷയുടെയും രക്ഷയുടെയും ശാശ്വതവും സുരക്ഷിതവുമായ ബീജമായി നിലകൊള്ളുകയാണ്. എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കുള്ള ഉപകരണമാണ് ഈ ദൈവജനം. ലേകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായിത്തീരാന്‍ വേണ്ടി ദൈവജനമായ തിരുസ്സഭ ലോകത്തിലെല്ലായിടത്തേക്കും അയക്കപ്പെട്ടിരിക്കുകയാണ്.

2. സമുദായബോധം വിശ്വാസാപചയമല്ല

ദൈവജനം ഒരു യാഥാര്‍ത്ഥ്യമാണ് എന്ന തിരിച്ചറിവ് ക്രൈസ്തവര്‍ക്ക് അനിവാര്യമാണ്. ക്രൈസ്തവര്‍ സവിശേഷദൗത്യത്തിന് വേണ്ടി വിളിച്ചുകൂട്ടപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും അഭിഷേകം ചെയ്യപ്പെട്ടവരും അയക്കപ്പെട്ടവരുമാണ്. ക്രൈസ്തവസമുദായബോധം ഒരര്‍ത്ഥത്തില്‍ സവിശേഷമായ അവരുടെ ദൗത്യബോധം കൂടിയാണ്. ക്രൈസ്തവസമുദായബോധം ചില സമുദായങ്ങളിലെങ്കിലും കാണുന്നതുപോലെ ഇതരസമുദായങ്ങളെ ഇല്ലാതാക്കിക്കൊണ്ട് സ്വസമുദായസമുദ്ധാരണത്തിന് വേണ്ടിയുള്ള കോപ്പുകൂട്ടലല്ല. മറിച്ച് സകലസമുദായങ്ങളുടെയും ദൈവികമായ വീണ്ടെടുപ്പിന് വേണ്ടി മാതൃകയായി നിലകൊള്ളാനുള്ള ആര്‍ജ്ജവത്വമാണ്. സമുദായസ്നേഹം വിശ്വാസാപചയമാണെന്ന തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് സമുദായസ്നേഹം വിശ്വാസവളര്‍ച്ചയാണെന്ന് ഉറക്കെപ്പറയാന്‍ ദൈവജനമെന്ന കൂട്ടായ്മയുടെ സ്വരത്തിന് സാധിക്കണം. തങ്ങള്‍ മിശിഹാ ഭരമേത്പിച്ച ദൗത്യത്തിനായി വിളിച്ചുകൂട്ടപ്പെട്ടവരാണെന്നുള്ള ആഴമായ കൂട്ടായ്മാബോധമാണ് ആന്തരികമായി ക്രൈസ്തവസമൂഹത്തെ പരിവര്‍ത്തനപ്പെടുത്തേണ്ട ആത്മീയദര്‍ശനം. ദൈവരാജ്യത്തിന്റെ മുന്നോടിയായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ടവതാണ് സഭയെന്നും സഭയെന്നാല്‍ ദൈവജനമാണെന്നും ദൈവജനം തന്നെ തിരിച്ചറിയുന്നിടത്താണ് തങ്ങള്‍ക്കു പുറത്തേക്ക് പ്രഘോഷിക്കപ്പെടേണ്ട ദൈവരാജ്യസുവിശേഷത്തിന്റെ സാരാംശം വെളിപ്പെടുന്നത്. അതിനാല്‍ത്തന്നെ സ്വയം നിര്‍മ്മിക്കുകയും സ്വയം ബലപ്പെടുത്തുകയും സ്വയം പ്രചോദിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവസമുദായബോധം വിശ്വാസത്തിന്റെ അപചയമാണെന്ന് വാദിക്കുവന്നവര്‍ക്ക് വിശ്വാസത്തിന്റെ ബാലപാഠങ്ങള്‍ പോലും ഗ്രാഹ്യമല്ലെന്ന് കരുതേണ്ടിവരും. ക്രൈസ്തവസമുദായബോധം അക്രമാസക്തമല്ല – ദൗത്യവേധിയാണ്. അത് ക്രിയാത്മകവും ഭാവാത്കവുമായ ആത്മബോധമാണ് – അഭിമാനബോധമാണ്. സര്‍വ്വോപരി അത് ക്രൈസ്തവവിശ്വാസത്തിന്റെ ആഴപ്പെടലാണ്.

3. ചരിത്രം ഓര്‍മ്മിക്കാനും കൂടിയുള്ളതാണ്

ഓര്‍മ്മിക്കല്‍ സാധ്യമാകുന്നത് മറക്കലിലൂടെയാണ്, ചരിത്രം ശവക്കുഴിയാണ്, അത് തുറന്ന് നാറ്റിക്കരുത് – എന്നിങ്ങനെയുള്ള ആശയപ്രചരണങ്ങള്‍ നടത്തുന്നവരുണ്ട്. ഹഗിയ സോഫിയ ദേവാലയം മോസ്കാക്കി മാറ്റിയതിനോടനുബന്ധമായി ക്രൈസ്തവമതപീഠനങ്ങളുടെ ചരിത്രം പലരും ഓര്‍ത്തെടുത്തതിന്റെ അങ്കലാപ്പാണ് ഇത്തരം ഉപസംഹാരവചനങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടുന്നത്. പ്രത്യക്ഷത്തില്‍ പ്രായോഗികമോ അക്കാദമികമോ അല്ലാത്ത ഈ ആശയം തികച്ചും പക്ഷപാതപരമായ നിലപാടിന്റെ അപഭ്രംശമാണ്. യഥാര്‍ത്ഥത്തില്‍ ചരിത്രം മറക്കാനുള്ളതാണോ – ചരിത്രം ശവക്കുഴി മാത്രമാണോ – അതില്‍ നിന്ന് നാറ്റം മാത്രമേ വരാറുള്ളോ – ചരിത്രത്തിലെ വേദനിപ്പിക്കുന്നതും ഉള്‍ക്കാഴ്ച നല്കുന്നതുമായ അനുഭവങ്ങളെ നാം വിഭാഗത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്. ചരിത്രം മറക്കാനുള്ളതാണോ പഠിക്കാനുള്ളതാണോ… ഇപ്രകാരം നിരവധി ചോദ്യങ്ങള്‍ സ്വാഭാവികമായും നമ്മുടെ മനസ്സില്‍ ഉയര്‍ന്നുവരും. ക്രൈസ്തവസമൂഹം ഇരുപത് നൂറ്റാണ്ടുകളില്‍ വിവിധരാജ്യങ്ങളില്‍ നേരിട്ട അതിക്രൂരമായ പീ‍ഡനങ്ങളും വംശഹത്യകളും നിഷേധിക്കാനാവാത്ത ചരിത്രമാണ്. ഈ ചരിത്രം അനാവരണം ചെയ്യപ്പെടുമ്പോള്‍ നാറ്റം തോന്നുന്നത് കുറ്റവാളിയുടെ പക്ഷംചേരുന്ന കപടബുദ്ധിജീവികള്‍ക്ക് മാത്രമാണ്. ക്രൈസ്തവസമൂഹം ഈ ചരിത്രത്തെ അനുസ്മരിക്കുന്നത് പീഡനങ്ങളിലും വംശീയമായ തുടച്ചുനീക്കലുകളിലും അവരെങ്ങനെ അതിജീവിച്ചു എന്ന് തിരിച്ചറിയാനാണ്. അങ്ങനെ ഇല്ലാതായിപ്പോയ ക്രൈസ്തവസമൂഹങ്ങളും കൂടി തെളിച്ച വെളിച്ചത്തിലാണ് തങ്ങള്‍ ഇന്ന് സഞ്ചരിക്കുന്നതെന്ന് സ്വയം ബോദ്ധ്യപ്പെടാനും ലോകത്തോട് പ്രഘോഷിക്കാനും വേണ്ടിയാണ്. ചൂഷണം ചെയ്യപ്പെട്ടവന്‍ ചരിത്രം പഠിക്കുന്നത് ഇനിയും ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. അത് ഒരു സമുദായം പ്രദര്‍ശിപ്പിക്കുന്ന സര്‍പ്പത്തിന്റെ വിവേകമാണ്. അതിക്രമങ്ങള്‍ ഏറ്റുവാങ്ങിയവന്‍ ചരിത്രമന്വേഷിക്കുന്നത് അവയുടെ സമകാലികരൂപങ്ങളെ അതിജീവിക്കുന്നതിനുവേണ്ടിക്കൂടിയാണ്. ചരിത്രത്തേക്കാള്‍ നല്ലൊരദ്ധ്യാപകന്‍ വേറെയാരാണുള്ളത്.

മാനവകുലത്തിന്റെ ചരിത്രത്തിലുള്ള ദൈവത്തിന്റെ ഇടപെടലുകളെ – വെളിപാടുകളെ രക്ഷാകരചരിത്രമെന്നാണ് സഭയുടെ പ്രബോധനം വിശേഷിപ്പിക്കുന്നത്. രക്ഷാകരചരിത്രവും നാം മറക്കേണ്ട ചരിത്രമാണോ… അതിനെയും നാം ശവക്കുഴിയെന്ന് വിളിക്കുമോ… അതോ തിരഞ്ഞെടുക്കപ്പെട്ടവ മാത്രമാണോ നാം മറക്കേണ്ടത്. തിരഞ്ഞെടുത്തവ മാത്രം മറക്കാന്‍ ക്രൈസ്തവസമുദായത്തോട് പറയുന്നവരുടെ പക്ഷംചേരാന്‍ ക്രൈസ്തവനാമധാരികള്‍ക്ക് നാണമില്ലേ… ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവര്‍ യോഗ്യരെന്ന് കരുതപ്പെടുകപോലും ചെയ്യുന്ന കാലത്ത് ക്രൈസ്തവര്‍ ഓര്‍മ്മിക്കേണ്ടത് രക്ഷയുടെ ചരിത്രം സഹനത്തിന്റെയും ചരിത്രമാണ് എന്നതാണ്. രക്ഷാകരചരിത്രത്തെ ധ്യാനിക്കുമ്പോള്‍ നാം കടന്നുപോന്ന സഹനപര്‍വ്വങ്ങളെയും അനുസ്മരിക്കണം. പൂര്‍വ്വസ്മൃതികളുടെ ചൂരും ചൂടുമാണ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും വഴികളില്‍ ക്രൈസ്തവവിശ്വാസത്തെ ഉറപ്പിച്ച് നിര്‍ത്തുന്നത്. ഒപ്പം, ക്രിസ്തീയമായ പ്രതിരോധസ്വരങ്ങളെ പരുവപ്പെടുത്തുന്നതും.

4. മിശിഹായുടെ നടപ്പുവഴികള്‍ – വിമര്‍ശനശരങ്ങള്‍

സ്നേഹത്തിന്റെയും സാഹോദര്യകൂട്ടായ്മയുടെയും നിശബ്ദസഹനത്തിന്റെയും പ്രബോധനങ്ങളും സജീവമാതൃകയും നല്കിയ മിശിഹാ താന്‍ ആയിരുന്ന സമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ ഇന്നത്തെ ക്രൈസ്തവസമൂഹത്തിന് മാതൃകയാണ്. ജറുസലേം ദേവാലയം ശുദ്ധീകരിക്കുന്ന മിശിഹായെ നാം കാണുന്നുണ്ട്. ദേവാലയശുദ്ധീകരണം പ്രതീകാത്മകമായ ഒരു പ്രവര്‍ത്തിയാണ്. യഹൂദനായിരുന്ന ഈശോ താന്‍ ആയിരുന്ന സമൂഹത്തിന്റെ കപടനാട്യങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നതായി കാണാം. അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു എന്ന് ലൂക്കാ സുവിശേഷകന്‍ എഴുതുന്നുണ്ട്. വാക്കിലും പ്രവൃത്തിയിലും ശക്തനായവന്‍ തന്റെ ശിഷ്യര്‍ നടക്കേണ്ട വഴികളെക്കുറിച്ചും ജീവിക്കേണ്ട ജീവിതശൈലിയേക്കുറിച്ചും കൃത്യമായി പഠിപ്പിച്ചിരുന്നു. പരസ്പരമുള്ള സ്നേഹത്തിലൂടെ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും എന്ന് പഠിപ്പിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്ന് പ്രത്യേകമാംവിധം വേറിട്ട ഒരു സമൂഹത്തെത്തന്നെയാണ് അവിടുന്ന് വിഭാവനം ചെയ്തത്. പുളിമാവിന് തുല്യം ഈ ലോകത്തിലായിരുന്നുകൊണ്ട് ലോകത്തെമുഴുവനായും അവര്‍ക്ക് പരിവര്‍ത്തനപ്പെടുത്താന്‍ കഴിയും എന്നതാണ് അവിടുന്ന് ഉദ്ദേശിച്ചത്. തന്റെ ശക്തമായ പ്രബോധനങ്ങളില്‍ ഫരിസേയരെ വെള്ളയടിച്ച കുഴിമാടങ്ങളെന്ന് വിശേഷിപ്പിക്കുമ്പോള്‍ താന്‍ തന്റെ സ്നേഹസന്ദേശത്തിനെതിരായി പ്രവര്‍ത്തിക്കുകയാണെന്ന് ഈശോ കരുതിയിരുന്നില്ല. കാരണം, ഫരിസേയരുടെ കാപട്യങ്ങള്‍ സഹോദരബുദ്ധ്യാ തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് അവിടുന്ന് തിരിച്ചറിഞ്ഞിരുന്നു. റോമാക്കാരുടെ കളിപ്പാവയായിരുന്ന ഹെറോദ് അന്തിപ്പാസിനെ കുറുക്കനെന്ന് വിളിക്കുമ്പോഴും മിശിഹാ ചൂണ്ടിക്കാട്ടിയത് അധികാരത്തിലിരുന്ന ആ വ്യക്തിയുടെ ഇരട്ടജീവിതത്തെയായിരുന്നു. വിമര്‍ശനങ്ങള്‍ക്ക് വിശുദ്ധീകരണത്തിന്റെ ഒരു മാനമുണ്ടെന്നു തന്നെയാണ് മിശിഹായുടെ ജീവിതം ക്രൈസ്തവരെ പഠിപ്പിക്കുന്നത്. വിമര്‍ശനം മതകര്‍മ്മം പോലെ അനുഷ്ഠിക്കേണ്ട പാവനമായ കര്‍മ്മമാണെന്ന ഒരു സാഹിത്യവിമര്‍ശകന്റെ വാക്കുകളും സാന്ദര്‍ഭികമായി ഓര്‍മ്മിക്കുന്നു.

5. അപായസൂചനകള്‍ അപരവിദ്വേഷമല്ല

ക്രൈസ്തവസമൂഹത്തിന്റെ നിലനില്പിനെയും അതിജീവനത്തെയും സംബന്ധിച്ച് ദൈവജനത്തില്‍ വൈദികരടക്കമുള്ള പലരും ചൂണ്ടിക്കാട്ടുന്നത് അപരവിദ്വേഷത്തിന്റെ സുവിശേഷമാണ് എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അപായസൂചനകളെങ്ങനെയാണ് അപരവിദ്വേഷമാകുന്നത്. നാം അകാരണമായി മുന്‍കാലങ്ങളില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇപ്പോഴും ലോകത്തിന്റെ പലഭാഗങ്ങളിലും വിശ്വാസത്തെപ്രതി ആക്രമണം നേരിടുന്നുണ്ട്, കേരളത്തില്‍ ഇത്തരം ആക്രമണങ്ങള്‍ നമുക്ക് പ്രത്യക്ഷത്തില്‍ തിരിച്ചറിയാവുന്ന വിധത്തിലല്ല എന്ന് ചരിത്രത്തിന്റെയും വാര്‍ത്തകളുടെയും വിശകലനങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ സംസാരിക്കുമ്പോള്‍ അതെങ്ങനെയാണ് അപരവിദ്വേഷമാകുന്നത്. അക്രമം പ്രവര്‍ത്തിക്കുന്നവനെ അവന്റെ മുന്‍കാലചെയ്തികളോടൊപ്പം ചൂണ്ടിക്കാട്ടുന്നത് നിഷ്കളങ്കനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വാദം യുക്തിപരമാണോ? അക്രമി ആരാണെന്നും അക്രമം എന്താണെന്നും വ്യക്തമാക്കേണ്ട ചുമതല സമുദായനേതൃത്വത്തിനുണ്ട് എന്നതും മറക്കാന്‍ കഴിയുമോ. ചിലര്‍ ചോദിക്കുന്നത് എന്തിനാണ് ഇവിടെ സമുദായചിന്ത കൊണ്ടുവരുന്നത് എന്നതാണ്. ഇത് വര്‍ഗ്ഗീയത പറച്ചിലല്ലേ എന്നതാണ്. ഇസ്ലാമിലെ തീവ്രമതചിന്തയുള്ളവര്‍ ക്രൈസ്തവസമുദായത്തിലെ കോടിക്കണക്കിന് മനുഷ്യരെ ചരിത്രത്തിലുടനീളം ഇല്ലാതാക്കിയത് അവരുടെ നിറത്തിന്റെയോ ഉയരത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ പേരിലല്ല, മറിച്ച് അവരുടെ വിശ്വാസത്തിന്റെ പേരില്‍ തന്നെയാണ്. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യര്‍ തുടച്ചുനീക്കപ്പെടുന്ന ചരിത്രം ഇന്നും ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതേ വിശ്വാസത്തില്‍ പങ്കുപറ്റുന്നവര്‍ അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല എന്ന വാദത്തിന് എന്തു പ്രസക്തിയാണുള്ളത്. അവരുടെ ആശങ്കകള്‍ പങ്കുവെക്കുമ്പോള്‍ അത് വര്‍ഗ്ഗീയതയാണെന്ന് വാദിക്കുന്നതില്‍ എന്തു സാംഗത്യമാണുള്ളത്.

ഇവിടെയും ക്രൈസ്തവസമുദായം നല്കുന്നത് മുന്നറിയിപ്പുകളാണ്, അല്ലാതെ യുദ്ധകാഹളമല്ല എന്നും ഏവരും ഓര്‍മ്മിക്കേണ്ടതുണ്ട്. അത് ജനത്തെ ഭീതി ജനിപ്പിച്ചുകൊണ്ട് ധ്യാനകേന്ദ്രങ്ങള്‍ നിറക്കാന്‍ വേണ്ടി നടത്തുന്ന ജല്പനങ്ങളാണെന്ന് വൈദികര്‍ തന്നെ വാദിക്കുന്നത് എത്രയോ അല്പത്തരമാണ്. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍ ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്തതെന്തുകൊണ്ട് – എന്ന മിശിഹായുടെ വാക്കുകളല്ലാതെ മറ്റൊന്നും ഇക്കൂട്ടരോട് ചോദിക്കാനില്ല. മുന്നറിയിപ്പുകള്‍ ഭീതിജനിപ്പിക്കാനുള്ള കുഴലൂത്തല്ല, കരുതലുള്ളവരായിരിക്കാനുള്ള ആഹ്വാനമാണ്. കള്ളന്‍ ഏതു യാമത്തില്‍ വരുമെന്ന് അറിയാവുന്ന ഗൃഹനാഥന്‍ തന്റെ വീടു കുത്തിത്തുറക്കാന്‍ അവനെ അനുവദിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ വിളക്കുകൊളുത്തിയും അരമുറുക്കിയും ജാഗരൂകരായിരിക്കുവിന്‍. ഈ ആഹ്വാനങ്ങളെ വര്‍ഗ്ഗീയതയെന്ന് വിശേഷിപ്പിക്കുന്ന ജിഹാദികള്‍ ളോഹയിട്ടവരാണെങ്കിലും അവരെ പടിക്കുപുറത്തു നിര്‍ത്താന്‍ ക്രൈസ്തവസമൂഹം ധൈര്യം കാണിക്കണം.

6. കത്തോലിക്കാസഭ ശബ്ദിച്ചാല്‍ കുരിശുയുദ്ധമോ?

പൊതുസമൂഹവുമായി ബന്ധപ്പെട്ട് കത്തോലിക്കാസഭയ്ക്ക് ഗൗരവതരമായ ഒരു ഉത്തരവാദിത്വമുണ്ട്. അത് തിരുസ്സഭയുടെ പ്രവാചകദൗത്യം കൂടിയാണ്. സത്യം പറയാന്‍ മിശിഹായുടെ സഭയ്ക്കു മാത്രമേ സാധിക്കൂ എന്നതും തിരിച്ചറിയണം. പൊതുസമൂഹത്തില്‍ ഒരു പൗരനെന്ന നിലയില്‍ ജീവിക്കുമ്പോള്‍ താന്‍ തിരിച്ചറിയുകയും അഭിമുഖീകരിക്കുകയും ചെയ്യുന്ന പ്രതിസന്ധികളെയും അപകടമുനമ്പുകളെയും കുറിച്ച് വിളിച്ച് പറയാനുള്ള ആര്‍ജ്ജവത്വവും ഒരു ക്രൈസ്തവന്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. തന്റെ ദൈവവിശ്വാസത്തില്‍ ഊന്ന നിന്നുകൊണ്ട് അത് മറ്റുള്ളവരില്‍ അടിച്ചേല്പിക്കാതെ, അതേസമയം മറ്റുള്ളവരെ മാനിച്ചുകൊണ്ട് പൊതുനന്മയ്ക്കുവേണ്ടി സമൂഹത്തില്‍ ജീവിക്കുന്നതിനെയാണ് മതേതരജീവിതം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്. മതേതരജീവിതം എന്നത് അതിനാല്‍ ക്രൈസ്തവവിശ്വാസമനുസരിച്ച് മതരഹിതജീവിതമോ എല്ലാ മതങ്ങളും ഒന്നാണെന്ന് പറയുന്നതോ അല്ല. ഇത്തരമൊരു പൊതുസമൂഹത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ത്തന്നെ ഈ മതേതരസ്വഭാവത്തിന് സംഭവിക്കുന്ന അപചയങ്ങളും സാവധാനം ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്ന മതേതരമൂല്യങ്ങളും ശക്തമായിക്കൊണ്ടിരിക്കുന്ന മതവാദവുമെല്ലാം ക്രൈസ്തവന്റെ ചിന്തയുടെയും പ്രതികരണത്തിന്റെയും വിഷയം തന്നെയാണ്.

സ്വര്‍ണ്ണക്കടത്ത്, ലഹരിമരുന്ന് വ്യാപാരം, അഴിമതി, സ്വജനപക്ഷപാതം, പിന്‍വാതില്‍ നിയമനങ്ങള്‍, ദുര്‍ഭരണം, മതവാദം, കലാപകാരികളെ വെള്ളപൂശുന്ന ചരിത്രനിര്‍മ്മാണം എന്നിങ്ങനെ പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ക്രൈസ്തവന് നിഷ്പക്ഷമായ ഒരു പക്ഷമുണ്ട് – അത് നേരിന്റെ പക്ഷമാണ്. നേരിന്റെ പക്ഷം പിടിക്കുന്നവന് നേര് പറയാനുള്ള ബാദ്ധ്യതയുണ്ട്. ക്രൈസ്തവന്‍ ശബ്ദിക്കുമ്പോള്‍ അത് കുരിശുയുദ്ധമാണെന്ന് വ്യാഖ്യാനിക്കുന്നവന്‍ ആഗ്രഹിക്കുന്നത് സത്യം പുറത്ത് വരരുതെന്ന് മാത്രമാണ്. ക്രൈസ്തവശബ്ദത്തെ ഇല്ലായ്മ ചെയ്യാനുള്ള ഓരോ ശ്രമവും സത്യത്തെ വന്ധീകരിക്കാനുള്ള ശ്രമമാണ്.

രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ സാമ്പത്തികനേട്ടത്തിനും വോട്ടുബാങ്കിനും വേണ്ടി പണിയെടുക്കുകയും മാധ്യമങ്ങള്‍ പരസ്യത്തിനും പണത്തിനും വേണ്ടി തന്ത്രപൂര്‍വ്വം നിശബ്ദത പാലിക്കുകയും ചെയ്യുന്നിടത്ത് ഭയാശങ്കകളില്ലാതെ സത്യം പറയാന്‍ ക്രൈസ്തവസമുദായം തയ്യാറാകണം. കേരളം ഭീകരവാദത്തിന്റെ ഹബ്ബാണെന്നും ഇവിടെ ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ട്മെന്റുകളുണ്ടെന്നും ഐഎസ് സാന്നിദ്ധ്യമുണ്ടെന്നും പറയുന്ന ദേശീയ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വാര്‍ത്തയാവാതിരിക്കുകയും വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവെയ്ക്കപ്പെടുകയും ചില സമുദായങ്ങളുടെ താത്പര്യങ്ങള്‍ മാത്രം സംഘടിതമായി സംരക്ഷിക്കപ്പെടുകയും ചെയ്യുന്നിടത്ത് പൊതുസമൂഹത്തില്‍ അരാജകത്വവും അരക്ഷിതാവസ്ഥയുമുണ്ട് എന്ന് പറയാന്‍ ക്രൈസ്തവന് മാത്രമേ സാധിക്കുകയുള്ളൂ. ശബ്ദിക്കേണ്ടവര്‍ മൗനം ഭജിക്കുന്നിടത്ത് പൊതുസമൂഹത്തിന്റെ മനസാക്ഷിയുടെ സ്വരമാകുന്നതിലൂടെ കത്തോലിക്കാസഭ ഒരു പുനര്‍നവോത്ഥാനത്തിനാണ് നാന്ദികുറിക്കുന്നത്. അതിന് പില്ക്കാലസമൂഹം ക്രൈസ്തവസമുദായത്തോട് കടപ്പാടുള്ളവരായിരിക്കും എന്നതും നിസംശയം.

9. എല്ലാവരും സഹോദരര്‍ – ഫ്രാന്‍സിസ് പാപ്പാ

ഫ്രാന്‍സിസ് മാര്‍പാപ്പയെ അവസരത്തിലും അനവസരത്തിലും ഉദ്ധരിക്കുന്നവരുണ്ട്. അവര്‍ക്കിഷ്ടമുള്ളത് മാത്രമേ അവര്‍ ഫ്രാന്‍സിസ് പാപ്പായില്‍ നിന്നെടുക്കൂ എന്നതാണ് രസകരം. ഫ്രാന്‍സിസ് മാര്പാപ്പ പ്രഘോഷിക്കുന്ന സാഹോദര്യത്തെ അനാവശ്യമായി വളച്ചൊടിക്കുകയും തങ്ങളുടെ സൗകര്യപ്രകാരം ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനം എല്ലാവരും സഹോദരര്‍ എന്ന എക്കാലത്തെയും ക്രൈസ്തവസന്ദേശത്തെ ഊന്നിപ്പറയുന്നതാണ്. മനുഷ്യസാഹോദര്യം മുഖ്യവിഷയമാകുന്നിടത്ത് സാഹോദര്യത്തിന്റെ ഉത്തരവാദിത്വത്തിലേക്കുള്ള വിരല്‍ചൂണ്ടല്‍ കൂടിയാകണം അത്തരം ചര്‍ച്ചകള്‍. കായേന്‍ എന്ന സഹോദരന്‍ നടപ്പാക്കിയ ഭ്രാതൃഹത്യയെ ദൈവം തന്നെയാണ് ശപിക്കുന്നത്. അവനെ പറുദീസായില്‍ നിന്ന് പുറത്താക്കുന്നത് ദൈവമാണ്. എന്തുകൊണ്ട് കായേന്‍ പറുദീസായ്ക്ക് പുറത്താക്കപ്പെട്ടു – അവന്‍ സഹോദരനെ കൊന്നവനാണ്. സഹോദരനെ കൊല്ലുന്നവന് പറുദീസായ്ക്ക് അര്‍ഹതയില്ലെന്ന് പറയുന്നതും സാഹോദര്യത്തിന്റെ സുവിശേഷം തന്നെയാണ്. ആ ധൈര്യത്തിലാണ് തുര്‍ക്കികള്‍ അര്‍മേനിയയില്‍ നടത്തിയത് വംശഹത്യയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പത്രോസിന്റെ ചത്വരത്തില്‍ ഉറക്കെപ്പറഞ്ഞത്. അത് കേട്ട തുര്‍ക്കി തങ്ങളുടെ അംബാസിഡറെ വത്തിക്കാനില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടും ഫ്രാന്‍സിസ് മാര്‍പാപ്പ കുലുങ്ങാതിരുന്നതും ഈ സാഹോദര്യത്തിന്റെ സവിശേഷപാഠം ശരിയായി പഠിച്ചതുകൊണ്ടുതന്നെയാണ്. സഹോദരന്റെ കൊള്ളരുതായ്മകള്‍ക്കു കുടപിടിക്കലല്ല സാഹോദര്യം. അവന്റെ തോന്ന്യവാസങ്ങളെ മുഖത്തുനോക്കി ചൂണ്ടിക്കാണിക്കുന്നതാണ്. കായേനായി അധപതിക്കാതിരിക്കാന്‍ അവനോട് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നതാണ്.

സമാപനം

ആത്മവിമര്‍ശനം മാത്രമല്ല അപ്രിയസത്യങ്ങളും കത്തോലിക്കാസഭ പറയേണ്ടതുണ്ട് എന്ന് പ്രിയപ്പെട്ട ഒരു വൈദികന്‍ ഈ ദിവസങ്ങളില്‍ എഴുതിയത് ഓര്‍മ്മിക്കുകയാണ്. സഭ ആത്മവിമര്‍ശനം മാത്രം നടത്തിയാല്‍ മതിയെന്ന് പറയുന്നത് തികച്ചും അനൗചിത്യമാണ്. ആത്മവിമര്‍ശനങ്ങളിലൂടെ സ്വയം വിശുദ്ധീകരിക്കുന്ന സഭയ്ക്ക് സമൂഹത്തിലെ നന്മയും തിന്മയും ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്വം കൂടിയുണ്ട്. പ്രവാചകര്‍ നിശബ്ദരാകുന്നിടത്താണ് യഥാര്‍ത്ഥത്തില്‍ തിരുസ്സഭയ്ക്ക് വഴിപിഴക്കുന്നത്. നിസംഗതയും നിശബ്ദതയും വെടിഞ്ഞ് സമുദായത്തിനും സമൂഹത്തിനും വേണ്ടി അവയുടെ സുസ്ഥിരവും സുരക്ഷിതവുമായ നിലനില്പിനുവേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങുന്നിടത്താണ് ക്രൈസ്തവ പ്രവാചകധര്‍മ്മം ഫലമണിയുക. ക്രിസ്തീയമല്ലാത്ത തീവ്രവാദനിലപാടുകളെ തള്ളിപ്പറയാനും ഇതേ പ്രവാചകധീരത തന്നെയാണ് നമുക്ക് കരുത്ത് നല്കുന്നതും.

Noble Thomas Parackal

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy