‘A Companion Along the Way’ എന്ന ശീര്‍ഷകത്തില്‍ ഡോ. റാല്‍ഫ്. എഫ്. വില്‍സണ്‍, എമ്മാവൂസിലേക്കു പോയ ശിഷ്യരെ സ്വകീയമായ അവതരണചാതുരിയോടെ വര്‍ണ്ണിക്കുന്നുണ്ട്:
അന്നു ഞായറാഴ്ച സായംകാലമായപ്പോള്‍ അവര്‍ യറൂശലം വിട്ട് നേരെ എമ്മാവൂസിലേക്കു വച്ചു പിടിക്കുകയാണ്. രണ്ടുപേര്‍ക്കും സംസാരിക്കാന്‍ വേറെ വിഷയമൊന്നുമുണ്ടായിരുന്നില്ല-വെള്ളിയാഴ്ച സംഭവമായിരുന്നു അവരുടെ നാവിന്‍തുമ്പത്ത്:
തങ്ങളുടെ നേതാവിന്‍റെ ദയനീയമായ അന്ത്യം-മരത്തില്‍ തൂങ്ങിക്കിടന്നു പിടഞ്ഞുപിടഞ്ഞുമരിച്ച രംഗം…
അപ്പോഴാണ് ഒരു കാലൊച്ച. ആരോ അടുത്തുവരുന്നു. തങ്ങളുടെ സംഭാഷണത്തിന്‍റെ ഒരു കഷണം അവനും കിട്ടിയതുപോലെ: “നിങ്ങള്‍ എന്തിനെക്കുറിച്ചാണു സംസാരിക്കുന്നത്?”
അവരിലൊരുവനായ ക്ലെയോഫാസിന് ആകെപ്പാടേ അമര്‍ഷം: “കഴിഞ്ഞ ദിവസം യറൂശലമില്‍ നടന്ന സംഭവങ്ങളൊന്നുമറിയാത്ത അപരിചിതനാണിവന്‍” (ലൂക്കാ. 24-18).
പിന്നീട്, സംഭാഷണം ഏറ്റെടുത്തത് അവനാണ്-വിശുദ്ധലിഖിതങ്ങള്‍ മന:പാഠം അറിയാവുന്നവന്‍. ഏതാണ്ട്, 9-10 കിലോമീറ്റര്‍ പിന്നീടും അവര്‍ നടന്നുകാണും. സമയം പോയതറിഞ്ഞില്ല-പിന്നിട്ട ദൂരവും. അവര്‍ എത്തേണ്ട സ്ഥലമായി. മുന്നോട്ടുപോകാന്‍ ഭാവിച്ചവനെ അവര്‍ തടഞ്ഞു. അതായിരുന്നു അവനും വേണ്ടിയിരുന്നത്.
അകത്തുകടന്നവന്‍ അപ്പമെടുത്ത് വാഴ്ത്തി-യഹൂദരുടെ പരമ്പരാഗതമായ വാഴ്ത്തല്‍.
‘Blessed are you, O God, King of the universe
who brings forth bread from the earth”
ഭൂമിയില്‍നിന്ന് അപ്പം ലഭ്യമാക്കുന്ന പ്രപഞ്ചരാജാവായ ദൈവമേ, അങ്ങു വാഴ്ത്തപ്പെട്ടവനാകുന്നു… അവന്‍ അപ്പം മുറിച്ച് രണ്ടുപേര്‍ക്കും ഓരോ കഷണം കൊടുത്തു…
ക്ലെയോഫാസിനു ശ്വാസം മുട്ടുന്നതുപോലെ! നാലുദിവസം മുമ്പു നടത്തിയ അതേ വാഴ്ത്തല്‍. അതേ മുറിക്കല്‍. അവന്‍ ആഗതന്‍റെ കണ്ണുകളിലേക്കു നോക്കി. പണ്ടു കണ്ടിട്ടുള്ള അതേ കണ്ണുകള്‍! എന്തൊരു തിളക്കം! അപ്പോഴേക്കും ആഗതന്‍ അപ്രത്യക്ഷനായിക്കഴിഞ്ഞു.
ഇനി, ഈ പശ്ചാത്തലത്തില്‍ ഇത്തിരി വിചിന്തനങ്ങള്‍! എന്തിനാണ് അവര്‍ എമ്മാവൂസ് എന്ന വിദൂരസ്ഥലത്തേക്കു പോയത്? യറൂശലമിനു തൊട്ടടുത്തൊന്നുമല്ല എമ്മാവൂസ്-നേരെ പടിഞ്ഞാറ് ഏതാണ്ട് പതിനൊന്നര കിലോമീറ്റര്‍ അകലെയാണത്. ഒരു കാരണവുമില്ലാതെ അത്ര ദൂരം അവര്‍ നടന്നു നീങ്ങുമോ?
പ്രത്യാശയറ്റവരായിരുന്നു അവര്‍. “ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവനായിരുന്നു ഇവന്‍” എന്ന പ്രതീക്ഷയിലായിരുന്നു അവരും (ലൂക്കാ. 24-21). അവന്‍ വലിയൊരു കുറ്റവാളിയെപ്പോലെ ഏറ്റവും അവമാനകരമായ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടപ്പോള്‍, പിടിച്ചുനില്ക്കുവാന്‍ പിന്നെ അവര്‍ക്ക് ഒരു കച്ചി ത്തുരുമ്പുപോലുമില്ലെന്നായി. “ഇടയന്‍ നഷ്ടപ്പെട്ട ആടുകളെപ്പോലെ” അവര്‍ ചിതറി-അതാണ് ആ രണ്ടുപേരെ നീക്കിയത്-നേരെ പടിഞ്ഞാറോട്ട്.
യൂദാസ് ഇറങ്ങിപ്പോയ നേരത്തെപ്പറ്റി “അപ്പോള്‍ രാത്രിയായിരുന്നു” എന്നു യോഹന്നാന്‍ പറയുന്നില്ലേ? (യോഹ. 13:30). അതുപോലെയായിരുന്നു ഇവിടെയും. ആ യാത്ര നേരെ പടിഞ്ഞാറോട്ടായിരുന്നു-പടിഞ്ഞാറ് അസ്തമയമാണ്, അവസാനമാണ്, അനന്തമായ അന്ധകാരം.
ഇടയ്ക്കുവച്ചാണ് അവര്‍ക്ക് അവനെ കിട്ടുന്നത്. അവര്‍ അവനെ ക്ഷണിച്ചു. അതാണ് അന്നത്തെ അത്ഭുതത്തിനു കളമൊരുക്കിയതും. അവന്‍ അപ്പമെടുത്ത് വാഴ്ത്തി മുറിച്ച് അവര്‍ക്കു നല്കി. അതൊരു അടയാളമായിരുന്നു-ഏറ്റവും വലിയ അടയാളം. അവിടെ, അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു (ലൂക്കാ. 24-31)!
ക്ലെയോഫാസും കൂട്ടുകാരനും പരിസരം മറന്നു; വന്ന കാര്യം മറന്നു, ഭക്ഷണം കഴിക്കാന്‍ മറന്നു-എല്ലാം മറന്നു. അവര്‍ക്ക് തുടര്‍ന്ന് അവിടെ ഇരിക്കാനായില്ല. അവര്‍ എണീറ്റു; ഉടനടി നീങ്ങി-നേരെ കിഴക്കോട്ട്. അതു പ്രത്യാശയുടെ ഇടമാണ്. പണ്ട് ഇസ്രായേല്‍ക്കാര്‍ ദൈവികനിര്‍ദ്ദേശമനുസരിച്ച് നേരെ കിഴക്കോട്ടു നീങ്ങിയ സംഭവം നാം വായിക്കുന്നുണ്ടല്ലോ (സംഖ്യ 21-11).
അവര്‍ നടക്കുകയല്ല, ഓടുകയായിരുന്നു-അന്നു രാവിലെ കല്ലറയില്‍ നിന്നോടിയ ഭക്തസ്ത്രീകളെപ്പോലെ, യോഹന്നാനെപ്പോലെ, പ്രായപരിധി മറന്നു പറന്ന പത്രോസിനെപ്പോലെ. ഉള്ളിലൊതുക്കാന്‍ പറ്റാത്ത ആ മഹാസന്തോഷവാര്‍ത്തയാണ് ഇവിടെയുമുണ്ടായിരുന്നത്. എത്രയും വേഗം യറൂശലമിലെത്തി അത് അവിടെ ഉള്ളവരുമായി പങ്കുവയ്ക്കണം.
“കാണാതെ വിശ്വസിക്കാന്‍ വിളിക്കപ്പെട്ട” (യോഹ. 20:29) നമ്മളും ഈ മഹാസന്തോഷവാര്‍ത്തയില്‍ മറ്റുള്ളവരെ പങ്കുകാരാക്കാന്‍ ബാധ്യസ്ഥരല്ലേ?
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവാണ് നമ്മുടെ കര്‍ത്താവ്. എമ്മാവൂസിലേക്കുപോയവരെ എന്നപോലെ പലരേയും അവിടുന്നു പിന്തുടരുന്നുണ്ട്: ഇതാ, ഗുരുവിന്‍റെ തിരോധാനത്തിനുശേഷം ‘ഇനി എന്ത്’ എന്നു വട്ടം കൂടിയിരുന്നു ചര്‍ച്ച ചെയ്യുന്ന പത്രോസും, തോമായും യാക്കോബും യോഹന്നാനും നത്താനിയേലുമൊക്കെ. തീരുമാനം പറഞ്ഞതു പത്രോസാണ് (യോഹ. 21-3): “ഞാന്‍ പഴയതുപോലെ മീന്‍ പിടിക്കാന്‍ പോകുന്നു”
ഞങ്ങളും വരുന്നു…” അവര്‍ വള്ളത്തില്‍കയറി… അതു രാത്രിയായിരുന്നു, അവരുടേതും-എമ്മാവൂസിലേക്കു പോയവരുടെയെന്നപോലെ.
തന്നിലിടറി, പഴയ തൊഴില്‍തേടി തിരിച്ചുപോയവരെ ഇതാ, അനുകമ്പാര്‍ദ്രമായ അനന്തസ്നേഹം പിന്തുടരുന്നു-അഭയമായി അത്താണിയായി:
“കുഞ്ഞുങ്ങളേ, നിങ്ങള്‍ക്കു വല്ലതും കിട്ടിയോ?”
ഒന്നും കഴിയാത്തവരെ, കിട്ടാത്തവരെ പ്രതീക്ഷയായി പ്രത്യാശയായി അവിടുന്ന് ഇവിടെയും പിന്തുടര്‍ന്നു.
Fay Inch Fawn എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഇംഗ്ലീഷ് കവയിത്രിയാണ് മിസ്സിസ് എലിസബത്ത് റെബേക്കാ (1880-1978). നമ്മെ അനുസ്യൂതം അനുധാവനം ചെയ്യുന്ന സഹയാത്രികനെപ്പറ്റി അവള്‍ ഇങ്ങനെ പാടി:
“Sometimes when every thing goes wrong
when days are short1 and nights are long…
Not on some sunny day of ease2
He’ll come… but on a day like this”
എല്ലാം പ്രതികൂലമായി ഒഴുകുമ്പോള്‍, തണുത്തുറഞ്ഞ ശിശിരകാലമായി അനുഭവപ്പെടുമ്പോള്‍, അന്തരീക്ഷമാകെ മൊത്തം മൂടിപ്പുതഞ്ഞ് കിടക്കുമ്പോള്‍, ഇതുപോലൊരു മ്ലാനദിനത്തില്‍ അവന്‍ വരും-നമ്മെ ആശ്വസിപ്പിക്കാന്‍, സഹായിക്കാന്‍, സാന്ത്വനമരുളാന്‍. ആ പ്രത്യാശ ഒരിക്കലും നമ്മില്‍ ഒളിമങ്ങാതിരിക്കട്ടെ.
.
1. പശ്ചാത്യരാജ്യങ്ങളില്‍ Winter Season അങ്ങനെയാണ് – അന്ധകാരാവൃതമായ രാത്രി ദൈര്‍ഘ്യമേറിയതും പകല്‍ ഹ്രസ്വവും.
2. സൂര്യ പ്രകാശമുള്ള തെളിഞ്ഞദിവസം പശ്ചാത്യരുടെ വലിയൊരു സ്വപ്നമാണ്.