സഭയുടെ പരിസ്ഥിതി ദര്‍ശനം

നമ്മുടെ പൊതുവാസ കേന്ദ്രത്തെ പടുത്തുയര്‍ത്തുന്നതിന് ഒന്നിച്ചധ്വാനിക്കുവാന്‍ വേണ്ട കഴിവ് ഇപ്പോഴും മനുഷ്യവംശത്തിനുണ്ട്. (ഫ്രാന്‍സിസ് പാപ്പ – അങ്ങേയ്ക്ക് സ്തുതി)

പരിസ്ഥിതി – ബൈബിളില്‍

ഭൂമിയുടെ ഉപയോഗത്തെ സംബന്ധിച്ചും ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും മുന്നേറ്റത്തെ സംബന്ധിച്ചും ക്രൈസ്തവരുടെ ദര്‍ശനങ്ങളുടെ അടിസ്ഥാനം ബൈബിളാണ്. മണ്ണിനെ സ്നേഹിച്ച ദൈവത്തിന്‍റെ കഥയാണ് ബൈബിള്‍ ലോകത്തിന് നല്‍കുന്നത്. മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞ ദൈവം തന്‍റെ സൃഷ്ടി മുഴുവനും അവന്‍റെ ഉത്തരവാദിത്വത്തിനേല്‍പ്പിച്ചു. ഏദേന്‍ തോട്ടം ഒരു സമഗ്ര ആവാസ വ്യവസ്ഥയുടെ ചിത്രമാണ് നമുക്ക് നല്‍കുന്നത്. ഭൂമിയും സസ്യജാലങ്ങളും മൃഗങ്ങളും പ്രകൃതിവസ്തുക്കളും മനുഷ്യര്‍ക്കൊപ്പം സംഘടിതമായി കഴിയുന്ന ഇടമാണ് പറുദീസ. ഈ സംരക്ഷണത്തിന്‍റെ ചുമതലയാണ് ദൈവം മനുഷ്യന് നല്‍കിയത്. നന്‍മതിന്‍മകളെ വേര്‍തിരിച്ച്,  തിന്‍മ തരുന്ന താത്കാലിക സന്തോഷത്തിലേക്ക് ചാഞ്ഞ് പറുദീസ നഷ്ടമാക്കരുത്. പ്രകൃതി സംരക്ഷണത്തിന,് ദൈവം ഒരുക്കിയ ക്രമത്തെ തകിടം മറിക്കരുതെന്ന മഹത്തായ സന്ദേശമാണ് ഉല്‍പ്പത്തി ഗ്രന്ഥകാരന്‍ നല്‍കുന്നത്. ബൈബിളില്‍ ദൈവം മനുഷ്യനു പ്രത്യക്ഷപ്പെടുന്നതെല്ലാം പ്രപഞ്ചശക്തികളുടെ വിസ്മയ കാഴ്ചകളിലൂടെയായിരുന്നു. ഇസ്രായേല്‍ക്കാരുടെ പ്രാര്‍ത്ഥനകളില്‍ സൃഷ്ടികളുടെ മഹനീയത കണ്ട് അവര്‍ ദൈവത്തെ സ്തുതിക്കുന്നതായി  നാം കാണുന്നു.  പ്രകൃതി ശക്തികളുടെ മേല്‍ വിജയം വരിച്ച ദൈവപുത്രന്‍റെ മരണത്തിലും ഉയിര്‍പ്പിലും പ്രകൃതി പങ്കുചേരുന്നത് സുവിശേഷത്തില്‍ നാം വായിക്കുന്നു. (Mt : 27: 45, 51, 28: 2)

പ്രപഞ്ചത്തിന്‍റെ സൗന്ദര്യം അതിന്‍റെ ക്രമസംവിധാനത്തിലാണ്. ഇതില്‍ എല്ലാറ്റിനും പരസ്പരാശ്രയത്വം, സമര്‍പ്പണം എന്നിവയുണ്ട്. സൃഷ്ടിയുടെ സൗന്ദര്യം സ്രഷ്ടാവിന്‍റെ അനന്ത സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണ്. സ്രഷ്ടാവിനോടുള്ള ആദരവും വിധേയത്വവും മനുഷ്യന്‍റെ ബുദ്ധിയിലും മനസ്സിലും ഉദീപിപ്പിക്കുവാന്‍ അതു പ്രേരകമാകണം. (ccc 341)

പ്രപഞ്ചം ദൈവത്തില്‍ നിന്നു തുടങ്ങി ദൈവത്തിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുന്നു. (ഷര്‍ദ്ദാന്‍). പരിണാമത്തിന് സ്രഷ്ടാവിന്‍റെ സാന്നിധ്യം കൂടിയേ തീരു. സ്രഷ്ടാവ് വേര്‍പെട്ടാല്‍ സൃഷ്ടിയില്ല, രൂപമാറ്റവുമില്ല. എല്ലാ സൃഷ്ടിജാലങ്ങളും സ്രഷ്ടാവ് സ്ഥാപിച്ച സാര്‍വ്വത്രിക ക്രമത്തില്‍ പരിഗണിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പരിസ്ഥിതിയുടെ സുഖകരമായ അവസ്ഥ. എല്ലാത്തിനെയും സംരക്ഷിച്ചും പരിപോഷിപ്പിച്ചും ആവശ്യമായവ എല്ലാവര്‍ക്കും വേണ്ടുവോളം നല്‍കിയുമാണ് പ്രപഞ്ചം ക്രമം പാലിച്ചുകൊണ്ട് നില്‍ക്കുന്നത്. യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവര്‍ക്കും തുല്യമായി നല്‍കുന്ന നീതിയാണ് പ്രകൃതിയുടെ നിയമം. അതുതന്നെയാണ് പരിസ്ഥിതിയുടെ ധാര്‍മ്മികതയും. ഈ ഒരു സമഗ്ര ആവാസ വ്യവസ്ഥയുടെ ചിത്രമാണ് ഏദേന്‍ തോട്ടം നമുക്ക് നല്‍കുന്നത്. പ്രകൃതിക്കൊരു മൂല്യമുണ്ട്. ദൈവത്തിന്‍റെ രക്ഷയുടെ പാത്രമാണ് പ്രപഞ്ചം (പച്ചയായ പുല്‍ത്തകിടിയിലേക്ക് 4.6).

പരിസ്ഥിതി – സഭാപിതാക്കന്‍മാരുടെ കാഴ്ചപ്പാടില്‍

സഭാപിതാക്കന്‍മാരില്‍ പലരും പ്രകൃതിയുടെ ഹൃദയം കണ്ടവരും പ്രകൃതിയെ സ്നേഹിച്ചവരുമായിരുന്നു. പ്രപഞ്ചത്തില്‍ ദൈവസാന്നിധ്യം കണ്ടെത്തിയ അവരുടെ കീര്‍ത്തനങ്ങങ്ങള്‍ പലതും സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയുടെ ഭാഗമാണ്. പരിസ്ഥിതി ശാസ്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന വി. അപ്രേമിന്‍റെ കാഴ്ചപ്പാടില്‍ പ്രപഞ്ചം ദൈവത്തിന്‍റെ വാസസ്ഥലമാണ്. മനുഷ്യനോടൊപ്പം പ്രപഞ്ചവും രക്ഷയ്ക്കായി കാത്തിരിക്കുന്നുവെന്നും സര്‍വ്വ സൃഷ്ടികളും മിശിഹായില്‍ സായൂജ്യം കണ്ടെത്തും എന്നുമാണ് വി. അപ്രേം പഠിപ്പിക്കുന്നത്. വി. ജെറോം, വി. ബെനഡിക്ട്, വി. ആഗസ്തീനോസ് തുടങ്ങിയവരെല്ലാം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിച്ചവരായിരുന്നു. ചെറിയ പുല്‍ക്കൊടിപോലും ദൈവത്തെക്കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു എന്നാണ് സഭാപിതാവായ വി. ബേസില്‍ പറഞ്ഞത്. ഭൂമിയെ  മനുഷ്യന്‍റെ പൊതുസ്വത്തായി വി. അംബ്രോസ് വിശേഷിപ്പിക്കുമ്പോള്‍ ശരീരത്തില്‍ ആത്മാവ് എങ്ങനെയോ അതേ രീതിയില്‍ ദൈവം പ്രപഞ്ചത്തില്‍ വസിക്കുന്നു എന്നാണ് വി. തോമസ് അക്വീനാസ് എഴുതിയത്. പരിണാമ തത്ത്വത്തെ ക്രിസ്തീയവത്കരിച്ച ഫ്രഞ്ച് ചിന്തകന്‍ തെയ്യാര്‍ദ് ഷര്‍ദാന്‍ സര്‍വ്വ പ്രപഞ്ചവും ക്രിസ്തുവില്‍ പൂര്‍ണ്ണത കണ്ടെത്തുമെന്നും പ്രപഞ്ചം തന്നെ ക്രിസ്തുവിന്‍റെ ശരീരം ആണെന്നും പഠിപ്പിക്കുന്നു.

ഭൂമിയുടെ ഉപയോഗം സംബന്ധിച്ചും ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും മുന്നേറ്റത്തെ സംബന്ധിച്ചും ക്രൈസ്തവരുടെ പെരുമാറ്റത്തിന് ബൈബിളിലെ ദര്‍ശനമാണ് പ്രചോദനം നല്‍കുന്നത്. നൂറ്റാണ്ടുകളായി മനുഷ്യന്‍ ഭൗതികശാസ്ത്രമേഖലയിലും, സാങ്കേതികരംഗത്തും, ലിബറല്‍ ആര്‍ട്ടുകളിലും തന്‍റെ പ്രതിഭ ഉപയോഗിച്ചതിന്‍റെ ഫലമായി ഉണ്ടായിട്ടുള്ള പുരോഗതിയെ പിതാക്കന്‍മാര്‍ അംഗീകരിക്കുന്നു. മനുഷ്യകുലത്തിന്‍റെ വന്‍വിജയങ്ങള്‍ ഓരോന്നും ദൈവമഹത്വത്തിന്‍റെ അടയാളവും അവിടുത്തെ നിഗൂഢപരിപാലനത്തിന്‍റെ പൂവണിയലുമാണെന്നാണ് ക്രൈസ്തവരുടെ ബോധ്യം. അതേസമയം ഓരോ മാനുഷിക പ്രവൃത്തിയും ദൈവത്തിന്‍റെ പദ്ധതിയോടും ഹിതത്തോടും മനുഷ്യവംശത്തിന്‍റെ യഥാര്‍ത്ഥ നന്‍മയോടും ചേര്‍ന്നതായിരിക്കണം.

സഭാ പ്രബോധനങ്ങളില്‍

പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും പൊതുസ്വത്തായി കാണണമെന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിച്ചത്. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ മനുഷ്യന്‍ നേടിയിട്ടുള്ള വിജയങ്ങള്‍ ഓരോന്നും ദൈവമഹത്വത്തിന്‍റെ അടയാളവും അവിടുത്തെ പരിപാലനയുടെ പൂവണിയലുമാണെന്നാണ് ക്രൈസ്തവരുടെ ബോധ്യം.  അതുകൊണ്ട് തന്നെ കത്തോലിക്കാ സഭ പുരോഗതിയെ എതിര്‍ക്കുന്നില്ല എന്നുമാത്രമല്ല, അതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ പരിസ്ഥിതിയുടെ ഒരു മണ്ഡലത്തില്‍ ഇടപെടുന്നത് മറ്റു മണ്ഡലങ്ങളില്‍ ആ ഇടപെടല്‍ സൃഷ്ടിക്കുന്ന അനന്തര ഫലങ്ങളേയും ഭാവി തലമുറയേയും കുറിച്ച് വേണ്ടത്ര ശ്രദ്ധിച്ചിട്ടായിരിക്കണമെന്ന് കൗണ്‍സില്‍ പിതാക്കന്‍മാര്‍ ആവര്‍ത്തിച്ചു പറയുന്നു. പരിസ്ഥിതി സംരക്ഷിക്കാനുള്ള മാനുഷിക ഉത്തരവാദിത്വത്തെക്കുറിച്ച് സഭ ഇങ്ങനെ പറയുന്നു. څപുതിയ ശാസ്ത്രീയ കഴിവുകളെ സുശക്തമായ ധാര്‍മ്മിക മാനത്തോടു ചേര്‍ക്കുന്നതില്‍ മനുഷ്യവംശം വിജയിച്ചാല്‍ പരിസ്ഥിതിയെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള ഒരു ഭവനവും വിഭവവുമാക്കി വളര്‍ത്താന്‍ കഴിയും.چ (സഭ ആധുനിക ലോകത്തില്‍)

അതില്‍ ജൈവ വൈവിധ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. ഭാവിതലമുറയെക്കുറിച്ചുള്ള ചിന്ത പുലര്‍ത്തണം. രാഷ്ട്രങ്ങളുടെ നിയമ വ്യവസ്ഥകളില്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തണം. സാമ്പത്തിക വികസനത്തിന്‍റെ പദ്ധതികള്‍ പരിഗണിക്കുമ്പോള്‍ പ്രകൃതിയുടെ സമഗ്രതയേയും ആവര്‍ത്തനചക്രങ്ങളേയും ആദരിക്കണം. ഊര്‍ജ്ജത്തിന്‍റെ പുതിയ ഉറവിടങ്ങളും പകരം ഉറവിടങ്ങളും കണ്ടെത്തുന്നതോടൊപ്പം ന്യൂക്ലിയര്‍ ഊര്‍ജ്ജത്തിന്‍റെ സുരക്ഷിതത്വ നിലവാരം ഉയര്‍ത്താനും കഴിയണം. ഭൂപ്രദേശങ്ങളോടും വിഭവങ്ങളോടും തദ്ദേശീയരായ ജനങ്ങള്‍ക്കുള്ള ബന്ധം മനസ്സിലാക്കി അവരുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ കഴിയണം. കാരണം പരിസ്ഥിതിയോടുള്ള സമഗ്രമായ ഐക്യത്തില്‍ ജീവിക്കുന്നതിന്‍റെ മാതൃകയാണ് അവര്‍. ജീവപരമായ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലും പരിസ്ഥിതിക്ക് ഹാനികരമായത് സംഭവിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് കൗണ്‍സില്‍ പിതാക്കന്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. (സഭ ആധുനിക ലോകത്തില്‍) പ്രകൃതിയുടെ വിഭവങ്ങള്‍ പങ്കുവയ്ക്കുന്ന കാര്യത്തില്‍ നീതിയും പരസ്നേഹവും പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. അത്യാഗ്രഹം – അത് വ്യക്തിപരമായാലും സംഘാത്മകമായാലും സൃഷ്ടിയുടെ ക്രമത്തിന് വിരുദ്ധമാണെന്നാണ് സഭ പഠിപ്പിക്കുന്നത്. സൃഷ്ടിയുടെ ക്രമത്തെ ആദരിക്കുകയും എല്ലാവരുടെയും അടിസ്ഥാനാവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന കാര്‍ഷികവും വ്യവസായികവുമായ ഉത്പാദനത്തിന്‍റെ രൂപങ്ങള്‍ വളര്‍ത്താന്‍ നമുക്കു കഴിയണം. څസമഗ്ര പാരിസ്ഥിതികതچ എന്ന കാഴ്ചപ്പാടിലൂടെ പരിസ്ഥിതി വിഷയങ്ങള്‍ സാമൂഹ്യസാമ്പത്തിക സാംസ്കാരിക മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് സഭ ലോകത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തില്‍ മാനുഷിക പരിസ്ഥിതിയും ഉള്‍പ്പെടുന്നതിനാല്‍ മനുഷ്യകുലത്തിന്‍റെ എല്ലാ തലങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നാണ് സഭയുടെ പ്രബോധനം.

കത്തോലിക്കാ സഭയുടെ പരിസ്ഥിതി സ്നേഹത്തിന്‍റെ പ്രചോദനം പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ വി. ഫ്രാന്‍സിസ് അസ്സീസിയാണ്. ഭൂമി അദ്ദേഹത്തിന് സഹോദരിയും അമ്മയുമായിരുന്നു. അദ്ദേഹത്തിന്‍റെ പരിസ്ഥിതി ശാസ്ത്രത്തിനാണ് څഅങ്ങേയ്ക്കു സ്തുതിچ എന്ന ചാക്രികലേഖനത്തിലൂടെ ഫ്രാന്‍സിസ് പാപ്പ പുനരാവിഷ്കാരം നല്‍കിയത്.

വി. ജോണ്‍ 22-ാമന്‍ മുതല്‍ എല്ലാ മാര്‍പ്പാപ്പമാരും പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി പഠിപ്പിച്ചിട്ടുണ്ട്. ഭൂമിയില്‍ സമാധാനം എന്ന ചാക്രികലേഖനത്തില്‍ ആഗോള പരിസ്ഥിതിയുടെ അധ:പതനത്തെപ്പറ്റി മാര്‍പ്പാപ്പ ആകുലപ്പെടുന്നുണ്ട്. കടിഞ്ഞാണില്ലാത്ത മനുഷ്യപ്രവര്‍ത്തനത്തിന്‍റെ ദാരുണമായ പ്രത്യാഘാതം എന്നാണ്  പോള്‍ ആറാമന്‍ മാര്‍പ്പാപ്പ പരിസ്ഥിതി പതനത്തെ വിശേഷിപ്പിച്ചത്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ ആഗോള പാരിസ്ഥിതിക മാനസാന്തരത്തിനായി ലോകജനതയെ ക്ഷണിച്ചു. ലോകസമാധാനം നേരിടുന്ന ഭീഷണി ആയുധശേഖരമോ വംശീയകലാപമോ അല്ല പരിസ്ഥിതി നേരിടുന്ന പ്രതിസന്ധികളാണ് എന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. മനുഷ്യന്‍റെ നിരുത്തരവാദപരമായ പെരുമാറ്റമാണ് പ്രകൃതിയുടെ അപചയത്തിന് കാരണമെന്നാണ് ബനഡിക്ട് 16-മന്‍ മാര്‍പ്പാപ്പ പറഞ്ഞത്. പ്രകൃതി വിഭവങ്ങളുടെ പൂഴ്ത്തിവയ്പ്പിനേയും ഊര്‍ജ്ജസ്രോതസ്സുകള്‍ കയ്യടക്കിവച്ചിരിക്കുന്നതിനേയും അദ്ദേഹം അപലപിക്കുന്നു. (സത്യത്തില്‍ സ്നേഹം)  ഫ്രാന്‍സിസ് പാപ്പായുടെ അങ്ങേയ്ക്ക് സ്തുതി എന്ന ചാക്രിക ലേഖനം സഭയുടെ എക്കാലത്തെയും അതിവിശിഷ്ടമായ പരിസ്ഥിതി പ്രബോധനമാണ്. څഭൂമിയെ നമ്മുടെ പൊതുഭവനംچ എന്ന മനോഹരമായ സംബോധനയ്ക്കുള്ളില്‍ നിര്‍ത്തിയപ്പോള്‍ സഭയുടെ പരിസ്ഥിതി വിജ്ഞാനത്തിന് വേറിട്ടൊരു ദര്‍ശനം ഉണ്ടായി. څനമ്മുടെ പൊതുഭവനത്തിന് എന്ത് സംഭവിക്കുന്നുچ എന്നു ചോദിക്കുന്ന മാര്‍പ്പാപ്പ, സമകാലീന പരിസ്ഥിതി പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തിലെ പ്രശ്നങ്ങള്‍

ഒരു ധാര്‍മ്മിക പരിഗണനയുമില്ലാത്ത എല്ലാറ്റിന്‍റെയും മേല്‍ വ്യവസ്ഥയില്ലാതെ ആധിപത്യം പുലര്‍ത്താന്‍ കാണിക്കുന്ന അതിമോഹം

സൃഷ്ടിയുടെ വിഭവങ്ങള്‍ തെറ്റായ പരിഗണനയോടെ ചൂഷണം ചെയ്യാനുള്ള പ്രവണത

കീഴടക്കാനുള്ള സംഘടിതമായ, ആക്രമണപരമായ മുന്നേറ്റം.

ഭവനം എന്ന നിലയിലുള്ള പരിസ്ഥിതിയെ വിഭവം എന്ന നിലയില്‍ ഉപയോഗിക്കാന്‍ തുടങ്ങി.

പ്രകൃതി മനുഷ്യന്‍റെ കയ്യില്‍ കിട്ടിയ ഒരു ഉപകരണമായി കാണുന്നു. പ്രത്യേകിച്ച് സാങ്കേതിക വിദ്യവഴി തന്നിഷ്ടംപോലെ സ്ഥിരമായി ഉപയോഗിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമായി കാണുന്നു.

ഊര്‍ജ്ജവും വിഭവങ്ങളുമൊക്കെ അനന്തമായ അളവില്‍ ലഭ്യമാകുമെന്ന തെറ്റായ ധാരണകള്‍.

ജീവശാസ്ത്രപരമായ ഗവേഷണരംഗത്തു ഉണ്ടായിക്കൊണ്ടിരിക്കുന്ന വികലമായ പരീക്ഷണങ്ങള്‍

സസ്യജീവന്‍റെയും മൃഗജീവന്‍റെയും പുതിയ രൂപങ്ങളെ മനസ്സാക്ഷിയില്ലാതെ വികസിപ്പിക്കല്‍

വ്യവസായത്തിന്‍റെയും കൃഷിയുടെയും മണ്ഡലങ്ങളില്‍ ദൂരവ്യാപകമായ ദ്രോഹങ്ങള്‍ സൃഷ്ടിക്കുന്ന കണ്ടുപിടിത്തങ്ങള്‍

പ്രകൃതിയുടെ ദുരുപയോഗം വഴി പ്രകൃതി നശിക്കാന്‍ പോകുന്നു, അതുവഴി മനുഷ്യരും നാശത്തിലേക്ക് നീങ്ങുന്നു എന്ന കാഴ്ചപ്പാടാണ് സെക്കുലര്‍ പ്രതികരണങ്ങള്‍ മുന്നോട്ട് വക്കുന്നത്. എന്നാല്‍ തിരുസഭ പരിസ്ഥിതി നാശത്തെ പ്രപഞ്ച സ്രഷ്ടാവായ ദൈവത്തോട് ബന്ധപ്പെടുത്തി കാണുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണം ജൈവശാസ്ത്രപരമോ രാഷ്ട്രീയമോ ആയ വിഷയം മാത്രമല്ല. അതിന്‍റെ അടിസ്ഥാനം ദൈവശാസ്ത്ര ദര്‍ശനങ്ങളാണ്. (പച്ചയായ പുല്‍ത്തകിടിയിലേക്ക് 2)

സഭയ്ക്ക് പരിസ്ഥിതി സംരക്ഷണം ഒരു പ്രബോധനവിഷയമെന്നതിലുപരി സഭ തന്നെ അതിന് മാതൃകയാവേണ്ടതുണ്ട്.

ഒരു വിശ്വാസസമൂഹം പരിസ്ഥിതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അവരുടെ വിശ്വാസജീവിതത്തിന്‍റെ ഭാഗമായി തെരഞ്ഞെടുക്കുകയും അവരുടെ ദേവാലയവും സ്ഥാപനങ്ങളും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമായി മാറുകയും ചെയ്യുമ്പോഴാണ് സഭയുടെ പ്രബോധനങ്ങള്‍ക്ക് ജീവനുണ്ടാകുക. പരിസ്ഥിതി സംരക്ഷണത്തിന്‍റെ അടിസ്ഥാന തത്വങ്ങളായ ഞലറൗരല, ഞലൗലെ, ഞലര്യരഹല എന്നിവ ഓരോ ഇടവകയിലും നടപ്പിലാക്കണം.

ദേവാലയലങ്കാരം, ദീപാലങ്കാരം, ഛമശെെ, തെര്‍മോകോള്‍, ഫ്ളക്സ് ഇവയുടെ ഉപയോഗം, ദേവാലയത്തിലെ പാഴ്വസ്തുക്കളുടെ നിര്‍മ്മാര്‍ജ്ജനം, സെമിത്തേരിയുടെ സംരക്ഷണം, പള്ളിമുറ്റത്തെ സത്കാരങ്ങള്‍, ഉച്ചഭാഷിണിയുടെ ഉപയോഗം, കരിമരുന്നു പ്രയോഗം, കമ്മ്യൂണിറ്റി ഹാള്‍, ഡൈനിംഗ് ഹാള്‍ ഇവയുടെ ഉപയോഗം, ശൗചാലയങ്ങളിലെ ശുചിത്വം ഇവ സംബന്ധിച്ച് ഓരോ ഇടവകയിലും പരിസ്ഥിതി സൗഹൃദ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങളെ പരിപാലിക്കാനും ഊര്‍ജ്ജസംരക്ഷണത്തിനുള്ള നൂതനസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനും വിശ്വാസികള്‍ പഠിക്കണം. ജലവിനിയോഗത്തിലും സംരക്ഷണത്തിലും മാതൃകയാകാനും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുവാനും വിശ്വാസികള്‍ക്കു കഴിയണം.

വിശ്വാസപരിശീലനത്തിന്‍റെ അവിഭാജ്യഘടകമാണ് പരിസ്ഥിതി വിദ്യാഭ്യാസം. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്‍റെ പുണ്യമാണെന്നും പ്രകൃതിക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പാപമാണെന്നുമുള്ള തിരിച്ചറിവിലേക്ക് വിശ്വാസികളെ വളര്‍ത്താന്‍ വിശ്വാസപരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക്  കഴിയണം. അപ്പോള്‍ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കുക എന്ന സഭയുടെ ദൗത്യത്തോട് നീതി പുലര്‍ത്താന്‍ നമുക്കു സാധിക്കും. അതിനുവേണ്ടി ഒന്നു ചേര്‍ന്നു നമുക്കു പ്രാര്‍ത്ഥിക്കാം. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ.

റഫറന്‍സ് ഗ്രന്ഥങ്ങള്‍:

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – സഭ ആധുനിക ലോകത്തില്‍ 
CCC 282-314 , 337-344
പച്ചയായ പുല്‍ത്തകിടിയിലേക്ക് 
അങ്ങേയ്ക്ക് സ്തുതി  – ഫ്രാന്‍സിസ് പാപ്പ
സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ (451- 487)
സത്യത്തില്‍ സ്നേഹം – ബെനഡിക്ട് 16-മന്‍ പാപ്പ

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy