അക്രമിയല്ല, ആക്രമിക്കപ്പെടുന്നവരില്‍ ഒരാളാവുക എന്നത് ക്രിസ്തീയചൈതന്യം ജീവിക്കുന്ന രീതിയാണ്. എതിര്‍ക്കുന്നവരോട് തിരിച്ചെതിര്‍ക്കരുതെന്ന് പറയുകയും കുരിശുവരെ സഹിച്ചുകൊണ്ട് അത് കാണിച്ചുതരികയും ചെയ്ത ഈശോമിശിഹായുടെ സഭ ചരിത്രത്തിലെന്നും ഈ ജീവിതാദര്‍ശത്തോട് കൂറുപുലര്‍ത്തിയിരുന്നു എന്നത് സത്യമാണ്. കേരളത്തിലെ സഭ ബാഹ്യശക്തികളുടെ ആക്രമണങ്ങളെ എതിരിടുകയോ വലിയ ഭീഷണികള്‍ നേരിടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടാണ് രക്തസാക്ഷികളുടെ നിരയൊന്നും കേരളസഭക്ക് എടുത്തുകാണിക്കാനില്ലാത്തത്. നേരിട്ട പീഡനങ്ങളോടും കടന്നുപോയ സഹനാനുഭവങ്ങളോടും ക്രിസ്തീയമായ ചൈതന്യം പുലര്‍ത്തിയ കേരളസഭ നിശബ്ദതയിലും പ്രാര്‍ത്ഥനയിലും പിന്‍വാങ്ങലിലുമാണ് അഭയം കണ്ടെത്തിയിരുന്നത് (ലത്തീന്‍ ആധിപത്യത്തിനെതിരായുണ്ടായ പ്രതിഷേധം, വിമോചനസമരം എന്നീ അപവദങ്ങളൊഴിച്ചാല്‍…).
“കുഞ്ഞാടിനേപ്പോലെ നിശബ്ദനായ സഹനദാസന്‍” എന്നത് ശക്തമായ ഒരു ബൈബിള്‍ പ്രതീകമാണ്. ഈ ബൈബിള്‍ പ്രതീകത്തോട് ബോധപൂര്‍വ്വം ഇഴുകിച്ചേര്‍ന്ന കേരളത്തിലെ വിശ്വാസിസമൂഹം ക്രൈസ്തവസഹനങ്ങളെ ക്രിസ്തുവിന്‍റെ പീഡാസഹനങ്ങളോടും തിന്മയുടെ സംഘടിതആക്രമണത്തിനു മുന്പില്‍ അവന്‍ പുലര്‍ത്തിയ നിശബ്ദതയോടും ബന്ധപ്പെടുത്തി മഹത്വവത്കരിക്കുകയാണ് ചെയ്തിരുന്നത്. എതിര്‍പ്പുകളോടും ആക്രമണങ്ങളോടും ക്രൈസ്തവര്‍ പുലര്‍ത്തിയ (ഒരുപരിധിവരെ) നിശബ്ദതയെ വിലയിരുത്തി അവരെ “കുഞ്ഞാടുകള്‍” എന്ന് കേരളത്തിന്‍റെ സാംസ്കാരികപരിസരം അഭിസംബോധന ചെയ്തു. ഇണക്കവും നിഷ്കളങ്കത്വവും കൊണ്ട് ഒരു കുഞ്ഞാടുജീവിതത്തിന്‍റെ ശാന്തത ക്രിസ്തീയജീവിതത്തോട് ചേര്‍ത്തുവെക്കാമെങ്കിലും അതൊരലങ്കാരമായി കൊണ്ടുനടക്കാൻ പറ്റാത്ത കാലത്തിലാണ് നാം ജീവിക്കുന്നതത്രേ…
അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ക്രിസ്തീസമുദായം ഇന്നൊരു കുഞ്ഞാടാണ്. അത് ആക്രമിക്കുന്നവന്‍റെ മുന്പില്‍ എല്ലാം അറിഞ്ഞുകൊണ്ട് അക്രമിയെപ്പോലും മാനസാന്തരപ്പെടുത്തുംവിധം ക്രിസ്തു പുലര്‍ത്തിയ നിശബ്ദതയുടെ കുഞ്ഞാടുരൂപമല്ല. തങ്ങളെ ആക്രമിക്കുന്നവരാരാണ് എന്നുപോലും തിരിച്ചറിയാനാവാത്ത, നിരന്തരം ഭേദ്യവും ചോദ്യവും ചെയ്യപ്പെടുന്പോഴും വിഡ്ഡിയെപ്പോലെ അവക്ക് പിന്തിരിഞ്ഞുനില്ക്കുന്ന, എന്തിനെന്നറിയാതെ കല്ലേറുകളേറ്റുവാങ്ങുന്ന, വിശുദ്ധവും പരിപാവനവുമായ വിശ്വാസവിഷയങ്ങള്‍-വൈകാരികസ്വകാര്യതകള്‍, അഭിമാനങ്ങള്‍ എന്നിവ തെരുവുകളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് നിസ്സഹായതയോടെ കണ്ടുനില്‍ക്കുന്ന അപഹാസ്യമായ ഒരുതരം നിശബ്ദതയാണത്. ഈ നിശബ്ദതയുടെ മറവുപറ്റി കേരളസഭയുടെ വിശുദ്ധമായ ആവൃതികളിലേക്ക് നുഴഞ്ഞുകയറുന്ന ഇരുള്‍രൂപങ്ങള്‍… ഭയക്കാനല്ല, ശ്രദ്ധിക്കാന്‍… അക്രമിക്കാനല്ല, അവഗണിക്കാന്‍…
1. ലൗജിഹാദ് (സത്യവും യാഥാര്‍ത്ഥവുമാണ് എന്ന് നിയമപാലകര്‍ തന്നെ പറയുന്പോഴും മുന്‍കരുതലുകളെടുക്കാനും ഉറക്കെപ്പറയാനും നാം മടിക്കുന്നു. തീവ്രമതബോധമുള്ള മതവാദികള്‍ തങ്ങളുടെ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ സ്കൂള്‍ തലം മുതല്‍ വ്യാപിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുന്പോഴും എത്രമാത്രം ലാഘവബുദ്ധിയോടെയാണ് നാം ഈ വിഷയം കൈകാര്യം ചെയ്യുന്നത്.)
2. ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ (തെറ്റിദ്ധാരണാജനകമായവിധം ക്രിസ്തീയനാമം ഉപയോഗിച്ചുകൊണ്ട് വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന മുന്നേറ്റമാണിത്. ഹൈന്ദവസംഘടനകളുടെ സാന്നിദ്ധ്യം ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈനിന് പിന്നില്‍ നിലനില്‍ക്കുന്നുവെന്നത് അവരുടെ പ്രവര്‍ത്തനശൈലികളില്‍ നിന്ന് സ്പഷ്ടമാണ്.)
3. യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷൻ (നഴ്സുമാരുടെ അവകാശങ്ങള്‍ തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. അവര്‍ക്ക് ഉയര്‍ന്ന വേതനം ലഭിക്കണം. ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തി ക്രൈസ്തവസഭയുടെ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചിരിക്കുന്നത് ആരാണെന്നത് ആഴത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ്. ആരോഗ്യകരമോ പ്രോത്സാഹജനകമോ ആയ കാര്യങ്ങളല്ല ചുരുങ്ങിയ കാലം കൊണ്ട് കണ്ടെത്തിയിരിക്കുന്നത് എന്ന് ചുരുക്കത്തില്‍ പറയാം. സംഘടനയുടെ തലപ്പത്തിരിക്കുന്ന നേതാക്കന്മാരുടെ സംഘടനാപ്രവര്‍ത്തന പശ്ചാത്തലം പഠിക്കുന്പോഴും, ഈ പ്രസ്ഥാനം സമരം നടത്തിയ ആശുപത്രികള്‍ ഏതു മാനേജുമെന്‍റുകളുടേതാണ് എന്ന് മനസ്സിലാക്കുന്പോഴും ഇപ്പോഴും ടാര്‍ജറ്റിടുന്നത് ഏതൊക്കെ ഹോസ്പിറ്റലുകളാണ് എന്ന് തിരിച്ചറിയുന്പോഴുമാണ് സംശയങ്ങള്‍ പെരുകുന്നതും വസ്തുതകള്‍ വെളിപ്പെടുന്നതും. . .)
4. സ്റ്റുഡന്‍റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനം. ക്രൈസ്തവകലാലയങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതി. ന്യായത്തിനും നീതിക്കുമെന്ന പേരില്‍ അന്യായവും അക്രമവും അഴിച്ചുവിടുകയും കലാലയങ്ങള്‍ തല്ലിത്തകര്‍ക്കുകയും ഗുരുഭൂതരെ അസഭ്യം പറയുകയും ചെയ്യുന്ന കേരളത്തിലെ ഒരു ഭീകരസംഘടന. വിദ്യാലയങ്ങളെയും കലാലയങ്ങളെയും അവയുടെ ലക്ഷ്യസാക്ഷാല്‍കാരത്തില്‍ നിന്ന് തടയുന്ന വലിയ ശക്തിയായി മാറുന്നതിനാലാണ് ഇന്നത്തെ ഹൈക്കോടതിവിധി എസ്.എഫ്.ഐ.ക്കെതിരായുള്ളതാണെന്ന് പൊതുജനം വിലയിരുത്തുന്നത്)
5. ആരാധനാക്രമതീവ്രവാദം (രണ്ടുഭാഗത്തുനിന്നുള്ളതും- ഈ വിഷയത്തില്‍ ഇന്നലെ എഴുതിയതായതിനാല്‍ വിവരിക്കുന്നില്ല. എങ്കിലും സഭ നേരിടുന്ന ഭീഷണികളിലൊന്നായി ആരാധനാക്രമത്തിന്മേലുള്ള തര്‍ക്കം മാറിത്തീരുന്നത് ഭൂഷണമല്ല, ഭീഷണിയാണ്.)
6. ഓണ്‍ലൈന്‍ പത്രങ്ങള്‍ (മറുനാടന്‍ മലയാളി, പ്രവാസിശബ്ദം, ഡെയ്ലി ഇന്ത്യന്‍ ഹെരാള്‍ഡ് മുതലായ പത്രങ്ങള്‍ നടത്തുന്ന ബോധപൂര്‍വ്വമായ നുണപ്രചരണങ്ങള്‍, നിസ്സാരമായവയെ പെരുപ്പിച്ചുകാട്ടല്‍, പല കാലഘട്ടങ്ങളില്‍ നടന്നവയെ കൂട്ടിവായിക്കല്‍, നിശിതമായ ആരോപണങ്ങള്‍ എന്നിവ സഭയെ ഒരു പരിധിവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.)
7. കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ അബദ്ധപ്രബോധനങ്ങള്‍ (കഠിനമായ പാപബോധം, പൈശാചികശക്തികളെക്കുറിച്ചുള്ള അമിതഉല്‍കണ്ഠ, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ശാപത്തെക്കുറിച്ചുള്ള ക്രൈസ്തവവിരുദ്ധപ്രബോധനം, കഠിനമായ ആത്മീയതാവാദം, ഭക്തകൃത്യങ്ങളോടുള്ള അടിമത്തം തുടങ്ങിയവ വല്ലാതെ വര്‍ദ്ധിക്കുന്നത് സഭയുടെ ഗുണനിലവാരമുള്ളതും സംതുലിതവുമായ ആത്മീയജീവിതത്തെ തകര്‍ക്കുന്നതാണ്.)
8. സാമൂഹ്യമാധ്യമങ്ങളിലെ അനാരോഗ്യചര്‍ച്ചകള്‍, അവക്കു നേതൃത്വം നല്കുന്ന ലോബികള്‍ (ക്രൈസ്തവര്‍ തന്നെ നേതൃത്വം നല്‍കുന്ന ഇത്തരം ചര്‍ച്ചകളും ഗ്രൂപ്പുകളും മേല്‍പ്പറഞ്ഞ എല്ലാ പ്രസ്ഥാനങ്ങളെയുംകാള്‍ കൂടുതല്‍ ദോഷമാണ് കേരളസഭക്ക് വരുത്തിവക്കുന്നത്.)
9. സെക്ടുകള്‍, പെന്തക്കോസ്ത്പ്രസ്ഥാനങ്ങള്‍ (കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമില്ലെങ്കിലും നിസംഗതയോടെ ഇവയെ കൈകാര്യം ചെയ്യുന്നത് സഭയുടെ കെട്ടുറപ്പിന് ഭൂഷണമല്ലെന്ന് ഓരോ വിശ്വാസിയും ഓര്‍ക്കേണ്ടതുണ്ട്.)
10. മതേതരത്വവാദം, സാമാന്യവത്കരണം, സാംസ്കാരികാനുരൂപണം തുടങ്ങിയ പ്രവണതകള്‍ അവയുടേതായ തലത്തില്‍ ദോഷകരമായി സഭയെ ബാധിക്കുന്നു. താത്വികമായും ഘടനാപരമായും സഭനേരിടേണ്ട വിപത്തുകളില്‍ പ്രധാനമാണിവ. മേല്‍പ്പറഞ്ഞ പല പ്രസ്ഥാനങ്ങളുടെയും മുന്നേറ്റങ്ങളുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാന്‍ ഇത്തരം സമീപനങ്ങള്‍ കാരണമായിട്ടുണ്ട്.
പ്രത്യേകലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളോ മുന്നേറ്റങ്ങളോ ആണ് ഇവയെല്ലാം. തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്തില്ലായെങ്കില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് സാവധാനം ഒഴുകിത്തീരുന്നത് നാമറിയുകയേയില്ല.
നിശബ്ദതയുടെ കുഞ്ഞാട് ജീവിതം വെടിഞ്ഞ് ക്രൈസ്തവര്‍ സംസാരിച്ച് തുടങ്ങേണ്ടിയിരിക്കുന്നു.
നിരീക്ഷണങ്ങളെ നിശിതമായി രേഖപ്പെടുത്താന്‍ സാമൂഹ്യമാധ്യമത്തിന്‍റെ ചുവരുകള്‍ ഉപയോഗപ്പെടുത്തണം…
കാലഘട്ടത്തിന്‍റെ അടയാളങ്ങളെ വായിക്കാനും മനസ്സിലാക്കാനും കഴിയണം…
വിമര്‍ശനത്തിന്‍റെയും ദുരാരോപണങ്ങളുടെയും വേദികളില്‍ ശക്തവും ദൃഢവുമായ വാക്കുകള്‍കൊണ്ട് തിരുസഭാമാതാവിനെ പ്രതിരോധിക്കണം…സ്നേഹത്തിന്‍റെ മനസ്സ് സൂക്ഷിക്കുകയും പ്രതിരോധത്തിന്‍റെ ഭാഷ ശീലിക്കുകയും ചെയ്യണം…