ഒരു കൂട്ടം അമ്മമാരോട് കൗതുകത്തിന് ചോദിച്ചതായിരുന്നു:
”ചോറിൽ മുടി കണ്ടാൽ ഭർത്താവിൻ്റെ പ്രതികരണം എന്തായിരിക്കും?”
അവരിങ്ങനെ പറഞ്ഞു ;
“എൻ്റെ ചേട്ടനാണ് മുടി കിട്ടുന്നതെങ്കിൽ പാത്രം എത് വഴിക്ക് പോയെന്ന് പറഞ്ഞാൽ മതി !’
”എൻ്റെ ഹസ്ബൻഡ് കണ്ണുരുട്ടി കാണിക്കും, എനിക്കപ്പോഴേ കാര്യം മനസിലാകും.
വേറെ ചോറ് കൊണ്ടുവന്ന് കൊടുക്കും. ”
”എൻ്റെ ഭർത്താവ് നെറ്റി ചുളിക്കും.
എന്നിട്ട് മുടിനാരുയർത്തി,
എവിടെ നോക്കിയാടി
ചോറു വയ്ക്കുന്നേ എന്നു ഗർജിക്കും.”
വ്യത്യസ്തമായിരുന്നു മറ്റൊരു സ്ത്രീയുടെ മറുപടി:
“ചേട്ടന് യാതൊരു പ്രശ്നവുമില്ല.
ആ മുടി എടുത്ത് കളഞ്ഞ്
ഒരു പരാതിയുമില്ലാതെ ബാക്കി ചോറ് കഴിക്കും.”
തുടർന്ന് ഞാൻ അമ്മമാരോട് ചോദിച്ചു:
ഭർത്താവിൻ്റെ ദേഷ്യപ്പെട്ടുള്ള പ്രതികരണത്തിൽ നിങ്ങളുടെ മനോഭാവം എന്താണ്?
” അച്ചാ, നമ്മൾ മനപൂർവ്വം ചോറിൽ മുടിയിടുന്നതല്ലല്ലോ? മാത്രമല്ല വല്ലപ്പോഴുമല്ലേ അങ്ങനെ സംഭവിക്കുന്നുള്ളു.
അതിന് ഇത്രമാത്രം ദേഷ്യപ്പെടാൻ എന്തിരിക്കുന്നു? അവർ അരിശപ്പെടുന്നതുകണ്ട് മക്കളും
അങ്ങനെ പെരുമാറിത്തുടങ്ങി.
ചോറിന് ഇത്തിരി വേവുകൂടിയാൽ,
കറിക്ക് അല്പം രുചി കുറഞ്ഞാൽ, അടുക്കളയിൽ ഒരു പാത്രം വീണ് പൊട്ടിയാൽ
ചിലർക്ക് എന്തരിശമാണ്.
എത്ര നന്നായ് കാര്യങ്ങൾ ചെയ്താലും കുറവുണ്ടെങ്കിൽ അത് കണ്ടു പിടിക്കും. എന്നാൽ നല്ല ഭക്ഷണം ഒരുക്കി
കൊടുത്താലും നന്നായെന്ന് ഒരു വാക്കു പോലും പറയില്ല.
അല്ലെങ്കിലും അടുക്കള പണി വളരെ നിസാരമാണെന്നാണ് ചില ആണുങ്ങളുടെ വിചാരം. അതു കൊണ്ടായിരിക്കും രണ്ടു ദിവസം പോലും വീട്ടിൽ പോയി നിൽക്കാൻ പല ഭർത്താക്കന്മാരും ഭാര്യമാരെ അനുവദിക്കാത്തത് !
കുറ്റവും കുറവും കണ്ടു പിടിക്കാൻ എളുപ്പമാണ്. എന്നാൽ പലതും ചെയ്തു നോക്കുമ്പോഴേ അതിൻ്റെ ബുദ്ധിമുട്ടറിയൂ….”
അനുദിന ജീവിതത്തിൽ സംഭവിക്കുന്ന
ചെറിയൊരു കാര്യമാണ് ഇവിടെ ചൂണ്ടിക്കാട്ടിയത്.
ചില നിസാര കുറവുകളോടുള്ള
നമ്മുടെ പ്രതികരണം എങ്ങനെയെന്ന് ചിന്തിക്കുന്നത് നല്ലതാണ്.
ചിലപ്പോഴെങ്കിലും എന്തിനും ഏതിനും
കുറ്റം മാത്രം കണ്ടുപിടിച്ച് വിമർശിക്കുന്ന രീതിയാണോ നമുക്കുള്ളത്?
ക്രിസ്തുവിൻ്റെ കാലത്തെ ഫരിസേയർ അങ്ങനെയായിരുന്നു. അവരുടെ മനോഭാവത്തെക്കുറിച്ച് ക്രിസ്തു പറഞ്ഞത് നോക്കൂ :
“യോഹന്നാന്‍ ഭക്‌ഷിക്കാത്തവനും
പാനം ചെയ്യാത്തവനുമായിവന്നു.
അവന്‍ പിശാചുബാധിതനാണെന്ന്
അപ്പോള്‍ അവര്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്‌ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു:
ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍!”
(മത്തായി 11 : 18-19).
കുറച്ചൊക്കെ നന്മ കാണുവാനും ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിഞ്ഞില്ലെങ്കിൽ പിന്നെ
ഈ ജീവിതംകൊണ്ട് എന്തു മേന്മ ?