മലയാളിക്ക് ഉപ്പിനോട്
ഒരു പ്രത്യേക പ്രിയമുണ്ട്.
അച്ചാറും ചമ്മന്തിയും ഉപ്പിലിട്ടതും…..
ഇങ്ങനെ നമ്മുടെയെല്ലാം
ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണ് ഉപ്പ്.
തൃശൂർക്കാരനായതുകൊണ്ടാണോ എന്നറിയില്ല, കഞ്ഞിയും ചമ്മന്തിയും
വലിയ പ്രിയമാണ്. പണ്ടൊക്കെ വീട്ടിൽ മുടങ്ങാതെ ഉണ്ടായിരുന്നത് അത് മാത്രമായിരുന്നു.
കറിയൊന്നുമില്ലാത്തപ്പോൾ മുറ്റത്തുള്ള
കാന്താരി വലിയ ആശ്വാസമായിരുന്നു.
അതൊരെണ്ണം പറിച്ച്,
കുറച്ച് ഉപ്പു കൂട്ടി ഒരുപിടി പിടിച്ചാൽ
വിശക്കുന്ന വയർ എപ്പോ നിറഞ്ഞെന്ന് ചോദിച്ചാൽ മതി.
മുറ്റത്തുള്ള മാവിൽ നിന്ന്
എറിഞ്ഞ് വീഴ്ത്തുന്ന പച്ച മാങ്ങ,
വട്ടം കൂടിയിരുന്ന് ഉപ്പു കൂട്ടി തിന്നത് ഓർക്കുമ്പോൾ വായിൽ ഇപ്പോഴും കപ്പലോടുന്നു.
മാങ്ങ മാത്രമല്ല ചാമ്പക്കയും
ചിലുമ്പിക്കയും (ഇരുമ്പൻ പുളി),
നെല്ലിക്കയും ലൂബിക്കയുമെല്ലാം
ഉപ്പു കൂട്ടി തിന്നത് എൻ്റെ തലമുറക്കാർക്ക് മറക്കാനാകുമോ?
അന്നൊക്കെ ഉപ്പുമാങ്ങയില്ലാത്ത വീടുകളില്ലായിരുന്നു.
ചിലരാണെങ്കിൽ മാങ്ങ അരിഞ്ഞ്
ഉപ്പിട്ട് ഉണക്കി വയ്ക്കും.
പിന്നീടത് ചക്കക്കുരുവിലും മീനിലുമെല്ലാം
ഇട്ട് കറിയും വയ്ക്കും.
ഇന്ന് പല വീടുകളിൽ നിന്നും ഉപ്പിലിട്ടതും ചമ്മന്തിയുമെല്ലാം അപ്രത്യക്ഷമായ് തുടങ്ങി.
അച്ചാറ് വരെ കടയിൽ നിന്ന് ലഭിക്കാൻ തുടങ്ങിയതിനാൽ ഇന്നത്തെ തലമുറയിലെ സ്ത്രീകൾക്ക് അച്ചാറുണ്ടാക്കാൻ പോലും അറിയുമോ എന്ന് അറിയില്ല.
ബർഗറും സാൻവിച്ചും ടിൻഫുഡും
ജങ്ക് ഫുഡുകളുമെല്ലാം
തീൻമേശകളിൽ ഇടം നേടിയപ്പോൾ കൊളസ്ട്രോളും ഷുഗറുമില്ലാത്തവർ
വളരെ വിരളമായി.
ഒ.എൻ.വി.കുറുപ്പ് “ഉപ്പ് ”
എന്ന പേരിൽ
ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്:
“പ്ലാവില കോട്ടിയ കുമ്പിളിൽ
തുമ്പതൻ
പൂവുപോലിത്തിരിയുപ്പുതരിയെടുത്ത്
ആവിപാറുന്ന
പൊടിയരിക്കഞ്ഞിയിൽ തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി
ഉപ്പുചേർത്താലേ രുചിയുള്ളൂ
കഞ്ഞിയിൽ……. ”
കഴിഞ്ഞ തലമുറ ജീവിച്ചതു തന്നെ
ഉപ്പിനെ ആശ്രയിച്ചായിരുന്നു.
ഫ്രിഡ്ജ് ഇല്ലാതിരുന്ന പഴയ കാലത്ത്
ഇറച്ചിയും മീനുമെല്ലാം കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് തന്നെയായിരുന്നു
ആശ്രയം.
മിക്കവാറും വീടുകളിൽ
കല്ലുപ്പ് സൂക്ഷിക്കാനുള്ള
മരപ്പാത്രമോ ഭരണിയോ ഉണ്ടായിരുന്നു.
ഇങ്ങനെയുള്ള ഉപ്പിനെ ജീവിതവുമായി താരതമ്യപ്പെടുത്തിയത് ക്രിസ്തുവാണ്.
എത്ര മനോഹരമായാണ് ഒരു വലിയ സത്യത്തെക്കുറിച്ച് അവൻ പറഞ്ഞു വച്ചത്:
“നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ് ”
(മത്തായി 5 : 13).
മറ്റുള്ളവർക്ക് ഉപ്പാകാനുള്ള വിളിയാണ് നമ്മുടേത് എന്ന ഹൃദ്യമായ ചിന്ത!
മരണം വരെ
കൂടെയുള്ളവരിലെ
ഉപ്പായിരിക്കാൻ
ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ!