പലരുടെയും ഇഷ്ടവിഷയമാണിത്. ഈ രണ്ടു വിഷയങ്ങളും ബന്ധപ്പെട്ട് വരുന്നതെന്തും ഇക്കൂട്ടര്‍ക്ക് ആഘോഷമാണ്. ഒരുതരം പകയോടെയാണ് കത്തോലിക്കാ പൗരോഹിത്യത്തിന്റെ ലൈംഗികജീവിതത്തെ പലരും സമീപിക്കുന്നത്. വലിയൊരു ഭൂരിപക്ഷത്തിനാകട്ടെ ഒരുപാട് ചോദ്യങ്ങളാണ് മനസ്സിലുള്ളത്. ചിലര്‍ അവക്കൊക്കെ അവരുടേതായ ഉത്തരങ്ങളും കണ്ടെത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നവര്‍ക്ക് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ജീവിതാവസ്ഥയും ജീവിതാന്തസ്സുമാണ് കത്തോലിക്കാപൗരോഹിത്യത്തിലെ ബ്രഹ്മചര്യജീവിതം. എന്നാല്‍ കത്തോലിക്കാ പൗരോഹിത്യത്തിന്റെ അടിസ്ഥാനപരമായ രൂപീകരണതത്വമൊന്നുമല്ല ബ്രഹ്മചര്യം എന്നതും യാഥാര്‍ത്ഥ്യമാണ്. കാരണം, ചില പൗരസ്ത്യകത്തോലിക്കാസഭകളില്‍ വിവാഹിതരായ വൈദികരുടെ ശുശ്രൂഷ ഇപ്പോഴും നിലവിലുള്ള ഒരു യാഥാര്‍ത്ഥ്യമാണ്. അതേസമയം, ബ്രഹ്മചര്യനിയമം സ്വീകരിച്ചിരിക്കുന്ന സഭാസമൂഹങ്ങള്‍ വീഴ്ച വരുത്താതെ അവ പാലിക്കുകയും ചെയ്യുന്നുണ്ട്.
ലൈംഗികതയില്ലാത്ത ജീവിതം സാദ്ധ്യമാണോ?
പലരുടെയും ഉള്ളില്‍ ആത്മാര്‍ത്ഥമായി ഉണ്ടാകുന്ന ഒരു സംശയമാണിത്. സ്വന്തം ജീവിതത്തോടും ജീവിതപശ്ചാത്തലങ്ങളോടും അനുഭവലോകങ്ങളോടുമൊക്കെ ബന്ധപ്പെട്ടതാണ് കാര്യഗൗരവമുള്ള ഈ സംശയം. എല്ലാ മനുഷ്യരും ലൈംഗിക ആഭിമുഖ്യങ്ങളുള്ളവരാണ്. അതിനാല്‍ത്തന്നെ അവയെ നിഷേധിച്ചുകൊണ്ടുള്ള ഒരു ജീവിതം ആര്‍ക്കും സാദ്ധ്യമല്ല താനും. മനുഷ്യനില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന ലൈംഗികത എന്ന സവിശേഷസിദ്ധിയെ കത്തോലിക്കാസഭ വീക്ഷിക്കുന്നത് ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരാനും സജീവസ്നേഹം പങ്കുവെക്കാനുമുള്ള മാര്‍ഗ്ഗമായിട്ടാണ്. ലൈംഗികത എന്ന ഊര്‍ജ്ജത്തിന്‍റെ ഉപയോഗത്തെ കുടുംബം എന്ന ദൈവികമായ സ്ഥാപനത്തിനുള്ളില്‍ നിജപ്പെടുത്തിയത് പോലും അതിന്റെ ഉത്തരവാദിത്വപൂര്‍ണ്ണമായ വിനിയോഗത്തിനായിട്ടാണ്. അതേസമയം, വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാത്തവര്‍ (വൈദികരും സന്ന്യസ്തരും) എപ്രകാരമാണ് ഈ ലൈംഗികജീവിതത്തെ ഉപയോഗപ്പെടുത്താന്‍ പോകുന്നത്. സ്നേഹത്തിന്റെ പ്രകാശനത്തിനും സൃഷ്ടികര്‍മ്മത്തിലുള്ള പങ്കുചേരലിനുമായി ദൈവം നിക്ഷേപിച്ച കഴിവിനെ മറ്റൊരു തലത്തില്‍ ബ്രഹ്മചാരികളും ഉപയോഗപ്പെടുത്തുന്നുണ്ട്. അവിടെ സ്നേഹവും സൃഷ്ടികര്‍മ്മത്തിലുള്ള പങ്കുചേരലും ഒരു കുടുംബത്തിന്റെ അകത്തളത്തിലേക്ക് മാത്രമൊതുങ്ങാതെ സഭയുടെയും സമൂഹത്തിന്റെയും വിശാലമായ മാനങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് മിശിഹായെ പ്രതി ഉപേക്ഷിക്കുന്നവ നൂറുമടങ്ങായി ശിഷ്യന് ഈ ലോകത്തില്‍ത്തന്നെ മടക്കിക്കിട്ടുന്നത്.
കത്തോലിക്കാപൗരോഹിത്യത്തിലേക്ക് കടന്നുവരുന്നവര്‍ തങ്ങളുടെ ലൈംഗികജീവിതത്തിന് ഇത്തരമൊരു പരിവര്‍ത്തനം സ്വപ്നം കണ്ട് വരുന്നവരാണ്. അപ്രകാരം ഉന്നതമായ ചിന്തയും ആത്മീയകാഴ്ചപ്പാടുകളും രൂപപ്പെടുത്താനും അതനുസരിച്ച് ജീവിക്കാനും നീണ്ട വര്‍ഷങ്ങള്‍ അവര്‍ക്ക് പരിശീലനവും ലഭിക്കുന്നു. അതേസമയം, വെല്ലുവിളികള്‍ നിറഞ്ഞ ഈ ലോകത്തില്‍ എത്ര പരിശീലിക്കപ്പെട്ട വ്യക്തിയും പരാജയപ്പെടാനുള്ള സാദ്ധ്യതകള്‍ വളരെയേറെയാണ് താനും. ഉന്നതമായ ഒരു ദൈവവിളി, ആദര്‍ശം ജീവിക്കാന്‍ തീരുമാനമെടുക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവര്‍ എന്ന നിലയില്‍ വിജയിച്ചവരെയും പരാജയപ്പെട്ടവരെയും ഒരുപോലെ കാണാന്‍ ആത്മീയരായ മനുഷ്യര്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു. എല്ലാവര്‍ക്കും – ഭൗതികലോകത്തിന് പ്രത്യേകിച്ച് – അത് സാദ്ധ്യമല്ല. ആയതിനാലാണ് പൗരോഹിത്യജീവിതത്തില്‍ ഈ മേഖലയിലുണ്ടാകുന്ന ഇടര്‍ച്ചകള്‍ പലര്‍ക്കും വലിയ ആഘോഷങ്ങളാകുന്നത്.
വൈദിക-സന്ന്യസ്ത പരിശീലനം ലൈംഗികചോദനകളെ ഇല്ലാതാക്കുമോ?
മാനുഷികമായ ലൈംഗികചോദനകളെ ഇല്ലാതാക്കുന്ന മാന്ത്രികവിദ്യയൊന്നും പരിശീലനനാളുകളില്‍ ആരും പ്രയോഗിക്കാറില്ല. അതേസമയം ആത്മീയപരിശീലനത്തിലൂടെയും സമഗ്രമായ മാനുഷികപരിശീലനത്തിലൂടെയും ഇത്തരം ലൈംഗികചോദനകളെ ക്രിയാത്മകവും സൃഷ്ടിപരവുമായി പരിവര്‍ത്തനപ്പെടുത്താനുള്ള പരിശീലനം ഓരോ അര്‍ത്ഥിക്കും പരിശീലനസംവിധാനം നല്കേണ്ടതുണ്ട് (നല്കുന്നുണ്ടോ എന്നത് ഓരോ പരിശീലനകേന്ദ്രങ്ങളും സ്വയം ചോദിക്കേണ്ട ചോദ്യമാണ്). ഇപ്രകാരമുള്ള പരിശീലനങ്ങള്‍ക്ക് സ്വയം വിധേയപ്പെടുന്നവരും അത്തരം പരിശീലനങ്ങളുടെ നന്മകളെ ഉപയോഗപ്പെടുത്താന്‍ തയ്യാറുള്ളവരുമാണ് മേല്‍പ്പറഞ്ഞവിധത്തിലുള്ള ഉത്തമമായ ബ്രഹ്മചര്യജീവിതത്തിന് ഉടമകളായിത്തീരുന്നത്. അതേസമയം പരിശീലനപദ്ധതികളോട് സഹകരിക്കുക എന്നത് തന്നെ ബുദ്ധിമുട്ടായിത്തീരുന്ന പുതിയ സാഹചര്യങ്ങളില്‍ പരിശീലനം നല്കുന്ന സംവിധാനങ്ങള്‍ പഴയതായിത്തന്നെ തുടരുന്നു എന്നത് ഈ മേഖലയിലെ ഒരു വലിയ വെല്ലുവിളിയാണ്. കാലോചിതമായി പരിഷ്കരിക്കപ്പെടാത്ത പരിശീലനസംവിധാനങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സഭയുടെ മൂലകാരണമായിത്തീരുന്നുവെന്ന് നിര്‍വിശങ്കം പറയാന്‍ കഴിയും.
ബ്രഹ്മചര്യം എന്നത് ബന്ധങ്ങളോടുള്ള വിടപറയല്ല, മറിച്ച് വിശാലമായ ബന്ധങ്ങളോടുള്ള തുറവിയാണ്. അതിനാല്‍ത്തന്നെ, കേവലമായ ബന്ധങ്ങളിലാണ് നമ്മുടെ നിലനില്പ് എന്ന യാഥാര്‍ത്ഥ്യബോധമാണ് കൂട്ടായ്മയുടെ നിര്‍മ്മിതിയിലേക്ക് സഭാകുടുംബത്തെ നയിക്കാനുള്ള ഉത്തരവാദിത്വമായി ബ്രഹ്മചര്യമുള്ള വൈദിക-സമര്‍പ്പിതജീവിതങ്ങളില്‍ ഭരമേല്പിക്കപ്പെടുന്നത്. അതേസമയം, ബ്രഹ്മചര്യ ജീവിതം നയിക്കുന്നവരോട് ഇടപെടുമ്പോള്‍ അവരുടെ ജീവിതാന്തസ്സിനെ മാനിച്ച് ആരോഗ്യപരമായ അകലം പാലിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും അതിര്‍വരമ്പുകള്‍ ഇല്ലാത്ത കാലത്ത് വ്യത്യസ്തമായ ജീവിതപാതകള്‍ തിരഞ്ഞെടുത്തവരുടെ ജീവിതവഴികളെ അവയുടെ ആന്തരികഭംഗി മുന്‍നിര്‍ത്തി ആദരിക്കാനും ശീലിക്കണം.
കടുക്കാവെള്ളം എന്ന മിത്ത്
വൈദിക-സന്ന്യസ്ത പരിശീലനനാളുകളില്‍ സെമിനാരികളില്‍ അര്‍ത്ഥികള്‍ക്ക് ലൈംഗികകഴിവ് നശിപ്പിക്കാന്‍ കടുക്കാവെള്ളം നല്കാറുണ്ട് എന്നത് നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും പ്രചാരത്തിലിരിക്കുന്ന ഒരു മിത്താണ്. പൗരോഹിത്യവുമായി ബന്ധപ്പെട്ട കാനന്‍ നിയമങ്ങളില്‍ ശാരീരികമായ ന്യൂനതകളുള്ളവര്‍ക്ക് അവ പൗരോഹിത്യസ്വീകരണത്തിന് ഒരു തടസ്സമായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആയതിനാല്‍ത്തന്നെ ലൈംഗികശേഷി നശിപ്പിക്കലും മറ്റും ഈ വിധത്തിലുള്ള ശാരീരികന്യൂനതയായി പരിഗണിക്കപ്പെടും. പൗരോഹിത്യം സ്വീകരിക്കാന്‍ സാധിക്കുകയില്ല. ലൈംഗികശേഷി സ്വയം നശിപ്പിക്കുന്നവര്‍ക്കും പൗരോഹിത്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ കടുക്കാവെള്ളമെന്ന മിത്ത് വെറും നാട്ടുവര്‍ത്തമാനത്തിലെ കൊച്ചുതമാശ മാത്രമാണ്. അതൊരിക്കലും പ്രായോഗികമല്ല, പ്രയോഗിച്ചിട്ടുമില്ല. ഇത്തരം തെറ്റിദ്ധാരണകളെ മുഴുത്ത തെറിയാക്കി പറഞ്ഞുപരത്തുന്നവര്‍ നവമാധ്യമകാലത്തും സുലഭമാണെന്നത് ഗൗരവം കുറച്ച് കാണേണ്ട കാര്യമല്ല താനും.
സമാപനം
ഭൂമിയില്‍ ഏറ്റവും ആപത്കരമായ ജീവിതമാണ് കത്തോലിക്കാ പുരോഹിതന്റേത്. മനപൂര്‍വ്വമല്ലാതെ വന്നു ചേരുന്ന അതിന്റെ ദൗര്‍ഭാഗ്യങ്ങളിലും പീഡനപര്‍വ്വങ്ങളിലും നിന്ന് ആ വഴിയേ യാത്ര പുറപ്പെട്ട ഒരുവനും മോചിതനല്ല. യാഥാര്‍ത്ഥ്യം അതായിരിക്കേ തന്നെ, സ്വന്തം അശ്രദ്ധയാലും ദൗര്‍ബല്യങ്ങളാലും ചുമക്കേണ്ടി വരുന്ന വിഴുപ്പുകളുടെ അതിഭാരവും അവന്‍ താങ്ങേണ്ടി വരുന്നു. തീര്‍ത്തും അരക്ഷിതവും ഏതു നിമിഷവും കശക്കിയെറിപ്പെടാവുന്നതും ശുശ്രൂഷയുടെ നിമിഷത്തില്‍പ്പോലും ചവിട്ടിയരക്കപ്പെടാവുന്നതും മഞ്ഞപ്പത്രങ്ങള്‍ക്ക് ഇക്കിളിക്കഥയെഴുതാവുന്നതും ആരെന്തുപറഞ്ഞാലും ചോദിക്കാനാളില്ലാത്തതും തട്ടിക്കൊണ്ടു പോകപ്പെടാവുന്നതും സ്വന്തം ജനത്താല്‍ത്തന്നെ, കൂടെ നില്‍ക്കുന്നവരാല്‍ത്തന്നെ ഓരേ പാത്രത്തില്‍ നിന്ന് ഭക്ഷിച്ചവരാല്‍ത്തന്നെ ഒറ്റിക്കൊടുക്കപ്പെടാവുന്നതുമായ ദുര്‍ബല ജീവിതമായി നവയുഗ കത്തോലിക്കാ പൗരോഹിത്യം പരിണമിച്ചിരിക്കുന്നു.
പൗരോഹിത്യം സംബന്ധിച്ച് എനിക്ക് രണ്ട് കാഴ്ചകളുണ്ട്. കബനിഗിരിയിലെ ചെറുഗ്രാമത്തില്‍ ജെയിംസ് കുമ്പുക്കിയച്ചന്റെ ളോഹയില്‍ തങ്ങി നില്ക്കുന്ന ബാല്യത്തിന്റെ ഓര്‍മ്മയിലാരംഭിച്ച് പറമ്പിലച്ചന്റെ പ്രസംഗത്തിലും കളിഭ്രമത്തിലും ഉടക്കിക്കിടന്ന് മുളകുടിയാങ്കലച്ചന്റെ പാട്ടിലും ചിരിയിലും സ്നേഹത്തിലും വളര്‍ന്ന് മനസ്സുകൊണ്ടിഷ്ടപ്പെട്ട ചെറിയ മനസ്സിലെ പൗരോഹിത്യമാണ് ആദ്യത്തേത്. പരിശീലനനാളുകളില്‍ കേട്ടതും കണ്ടതും പൗരോഹിത്യം സ്വീകരിച്ച ശേഷം അടുത്തറിഞ്ഞതുമായ തികച്ചും വ്യത്യസ്തമായ മറ്റൊരു പൗരോഹിത്യമാണ് രണ്ടാമത്തേത്. എല്ലാ വര്‍ത്തമാനകാലവാര്‍ത്തകളും അതില്‍ ചുറ്റിപ്പണഞ്ഞ് കിടക്കുന്നു. മോചനമില്ലാത്ത വ്യഥകളും പരിഹാരമില്ലാത്ത ചോദ്യങ്ങളുമായി പൗരോഹിത്യം അന്തിച്ചുനില്ക്കുന്നുവോയെന്ന് പല സായാഹ്നങ്ങളിലും ഞാന്‍ സ്വയം ചോദിക്കാറുമുണ്ട്. ഇത്തരമൊരു ചോദ്യത്തിന്റെ ബാക്കിപത്രമാണ് ഈ എഴുത്ത്.
എങ്കിലും അഭിമാനമുണ്ട്, ആത്മാര്‍ത്ഥതയില്‍ ജീവിക്കുന്ന എല്ലാ പുരോഹിതരെയുമോര്‍ത്ത്… ഏതു നിമിഷവും തങ്ങളും പഴികേള്‍ക്കപ്പെടാം എന്ന ഉറപ്പില്‍പ്പോലും ശുശ്രൂഷയുടെ പാട്ടു മറക്കാത്ത ദൈവ-മനുഷ്യബന്ധങ്ങളുടെ പാലംപണിക്കാരില്‍ പിന്മുറക്കാരനാകാന്‍ കഴിയുന്നതോര്‍ത്ത്…