ഇന്ത്യയില്‍ കത്തോലിക്കാസഭയുടെ കാനന്‍നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത വ്യക്തിക്ക് കേരള ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചു. കത്തോലിക്കാസഭയുടെ കാനന്‍ നിയമപ്രകാരം സഭയുടെ സ്വത്തിന് മേല്‍ മാര്‍പാപ്പക്കും വത്തിക്കാനും അധികാരമുണ്ട് എന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും ഭരണഘടനയെയും ലംഘിക്കുകയാണെന്നായിരുന്നു അനൂപ് എം.എസ്. എന്ന വാദിയുടെ പക്ഷം. ഇന്ത്യയില്‍ നടക്കുന്ന സഭയുടെ വസ്തുഇടപാടുകളിന്മേല്‍ മാര്‍പാപ്പക്ക് നിയന്ത്രണാധികാരങ്ങളുണ്ടാകാന്‍ പാടില്ലെന്നും ടിയാന്‍ വാദിച്ചു.
എന്നാല്‍ സഭയുടെ സ്വത്ത് പൊതുട്രസ്റ്റുകളായിട്ടാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നും ആയതിനാല്‍ അവയുടെ സമ്പാദനവും വില്പനയും രാജ്യത്തിന്റെ നിയമത്തിന് വിധേയമായിത്തന്നെയാണ് നടത്തപ്പെടുന്നതെന്നും കോടതിയെ ധരിപ്പിച്ചതിനാല്‍ കോടതി കേസ് തള്ളുകയാണുണ്ടായത്. ചീഫ് ജസ്റ്റിസ് റിഷികേശന്‍ റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഈ നിരീക്ഷണവും നടത്തി: “മതേതരരാജ്യമായ ഇന്ത്യയുടെ ഭരണഘടനയുടെ 26-ാം വകുപ്പനുസരിച്ച് രാജ്യത്തിന്റെ നിയമമനുസരിച്ച് എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വത്ത് സമ്പാദിക്കാനും അനുഭവിക്കാനുമുള്ള അടിസ്ഥാനഅവകാശമുണ്ട് എന്നത് മറക്കരുതാത്ത കാര്യമാണ്”. ഇക്കാലമത്രയും സഭയുടെ സ്വത്ത് വകകള്‍ കൈകാര്യം ചെയ്യപ്പെട്ടത് രാജ്യത്തിന്റെ നിയമമനുസരിച്ചായതിനാല്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
തുടര്‍ന്ന്, പരാതിക്കാരന്‍ കത്തോലിക്കാസഭാംഗമല്ലാത്തതിനാല്‍ ഇത്തരമൊരു പരാതി ഉന്നയിക്കപ്പെടേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി പരാതിക്കാരന്റെ ഉദ്ദേശം വിലകുറഞ്ഞ പബ്ലിസിറ്റിയാണെന്നും പ്രസ്താവിച്ചു. ആയതിനാല്‍ പരാതിക്കാരന്‍ അടിസ്ഥാനരഹിതമായി ഇത്തരം ആരോപണങ്ങളോടെ ഇനിയും കോടതിയെ സമീപിക്കരുതെന്ന താക്കീതോടെ 25000 ഇന്ത്യന്‍ രൂപ പിഴ വിധിച്ചുകൊണ്ട് കേസ് കോടതി തള്ളിക്കളഞ്ഞു.