ആശ്രമത്തിലെ കൗൺസിലിങ്ങ്
കൂടാരത്തിൽ ഇരിക്കുമ്പോഴാണ്
അവരുടെ വരവ്;
എഴുപത് വയസിന് മുകളിൽ പ്രായമുള്ള
ഒരു അപ്പാപ്പനും അമ്മാമയും
അപ്പാപ്പനാണ് സംസാരിച്ചു തുടങ്ങിയത്:
“അച്ചാ, കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.
അച്ചന് സമയമുണ്ടോ?”
ഞാൻ പറഞ്ഞു:
‘സമയമുണ്ട്, എന്താണെങ്കിലും പറയൂ.’
അടുത്തിരിക്കുന്ന വൃദ്ധയെ ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു തുടങ്ങി:
“ഇവൾ എൻ്റെ പെങ്ങളാണ്.
നാട്ടിൽ നിന്ന് ഇന്നലെ വന്നതാണ്.
കുഞ്ഞുനാളിൽ ഞങ്ങളുടെ അപ്പനും അമ്മയും മരിച്ചു പോയി. പിന്നെ കുടുംബഭാരം
മുഴുവനും എൻ്റെ ചുമലിലായി.
ഇവളെ കൂടാതെ എനിക്ക് വേറെ
രണ്ട് പെങ്ങന്മാരുമുണ്ട്. അവരിൽ
ഒരാളെ വയനാട്ടിൽ തന്നെ വിവാഹം
ചെയ്തയച്ചു.
ഇളയ പെങ്ങൾക്ക് കുറച്ച് അസുഖങ്ങളുണ്ട്. അവളെ ശുശ്രൂഷിക്കാൻ നിന്നതിനാൽ
ഞാൻ പിന്നെ വിവാഹം കഴിച്ചില്ല.
ഇപ്പോഴാണെങ്കിൽ അവൾക്ക് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്.
വല്ലാത്ത കഷ്ടപ്പാടിലാണച്ചാ ജീവിതം…”
സ്ഥലമൊന്നുമില്ലേ….
എന്ന് ഞാനയാളോടു ചോദിച്ചു.
‘ഉണ്ടച്ചാ, 40 സെൻ്റ് ഭൂമിയുണ്ട്.’
അപ്പോൾ ആ സ്ഥലം വിറ്റ് പണം
ബാങ്കിലിട്ടാൽ അല്ലലില്ലാതെ ജീവിച്ചുകൂടേ ….?
“ജീവിക്കാമച്ചോ, പക്ഷേ അത് വിൽക്കാനന്വേഷിച്ചപ്പോഴാണ്
പട്ടയമില്ലാത്ത ഭൂമിയാണെന്നറിഞ്ഞത്.
അതിനൊരു പട്ടയമുണ്ടാക്കാൻ
ആപ്പീസുകൾ കയറിയിറങ്ങി ഞാൻ മടുത്തു.”
അപ്പോൾ ഞാൻ ചോദിച്ചു:
‘വയനാട്ടിലുള്ള പെങ്ങൾക്ക്
വിദ്യാഭ്യാസമുള്ള മക്കളൊന്നുമില്ലേ?
അവർ വിചാരിച്ചാൽ ഈ ഭൂമിക്ക് പട്ടയമുണ്ടാക്കിത്തരാൻ പറ്റില്ലേ?’
അയാളിങ്ങനെ പറഞ്ഞു:
”ശരിയാണച്ചാ,
അവളുടെ മക്കളെല്ലാം നല്ല നിലയിലാണ്. പക്ഷെ, ഞങ്ങളെ രണ്ടു പേരെയും
തിരിഞ്ഞു നോക്കത്തില്ല. ഞങ്ങളുടെ വീട്ടിലേക്ക് ഒന്നു വരികയുമില്ല.
ഇനി പട്ടയത്തിൻ്റെ കാര്യം;
അതവർ ശരിയാക്കിത്തരാമെന്നു പറഞ്ഞു, പക്ഷേ ഒരു കണ്ടീഷനുണ്ട്;
സ്ഥലം മുഴുവനും അവരുടെ പേരിൽ
എഴുതി കൊടുക്കണമെന്ന്.
എന്ത് ധൈര്യത്തിലാണച്ചാ ഞാനത്
എഴുതി കൊടുക്കുക?
നാളെ അവർ എന്നെയും വയ്യാത്ത
എൻ്റെ പെങ്ങളെയും അവിടെ നിന്ന് ഇറക്കിവിടില്ലെന്ന് എന്തുറപ്പാണുള്ളത്?
എല്ലാവർക്കും പണം മതി അച്ചാ…
പണമുണ്ടോ ചുറ്റിനും ആളുണ്ടാകും..
പണമില്ലേ മനുഷ്യന് ഒരു വിലയുമില്ല..
ഞങ്ങൾ രണ്ടു പേരും കൂടെ
ആത്മഹത്യ ചെയ്യണമെന്ന്
ഒരുപാടു തവണ ആലോചിച്ചതാണ്… ആത്മാവ് നശിച്ചുപോകില്ലേ എന്നോർക്കുമ്പോൾ ധൈര്യം വരുന്നില്ല. അച്ചനറിയുമോ ഇച്ചിരി മീൻ കറി കൂട്ടി ചോറുണ്ട കാലം മറന്നച്ചോ….”
അതും പറഞ്ഞ് അയാൾ കരയാൻ തുടങ്ങി.
വല്ലാത്തൊരു
മാനസികാവസ്ഥയിലായിപ്പോയി ഞാനപ്പോൾ…
അവരോട് എന്ത് പറയണം എങ്ങിനെ ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു.
ഞാനവരെ ആശ്രമത്തിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് പറഞ്ഞയച്ചു.
അവർക്കു വേണ്ടി പണക്കാരിയായ അവരുടെ പെങ്ങളുടെ വീട്ടുകാരെ വിളിച്ചപ്പോൾ കിട്ടിയ മറുപടിയൊന്നും ഞാനിവിടെ എഴുതുന്നില്ല…. അത്രയ്ക്ക് ‘നല്ലതാണത് ‘!!
ക്രിസ്തുവിൻ്റെ ഈ വചനം ഒന്നു ശ്രദ്ധിക്കൂ:
“അധാര്‍മിക സമ്പത്തിന്‍െറ കാര്യത്തില്‍ വിശ്വസ്‌തരായിരിക്കുന്നില്ലെങ്കില്‍
യഥാര്‍ഥധനം ആരു നിങ്ങളെ ഏല്‍പിക്കും?
മറ്റൊരുവന്‍െറ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്‌തരല്ലെങ്കില്‍, നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കുതരും?”
(ലൂക്കാ 16 : 11-12).
അതേ ക്രിസ്തു തന്നെ പറയുന്നുണ്ട്, ദൈവത്തെയും പണത്തേയും ഒരുമിച്ച് സേവിക്കാനാകില്ലെന്ന്.
ശരിയാണ്, എന്തിനും ഏതിനും ഇന്ന് പണം വേണം. എന്നാൽ അതിൻ്റെ പേരിൽ എന്തുമാത്രം അപരാധങ്ങളാണ് മനുഷ്യൻ ചെയ്തു കൂട്ടുന്നത്.
എന്തുമാത്രം ബന്ധങ്ങളിലാണ് വിള്ളൽ വീണിരിക്കുന്നത്.
ഭൂമിയുടെ പേരിലും സ്വത്തിൻ്റെ പേരിലും പൊന്നിൻ്റെ പേരിലുമൊക്കെ ആരംഭിച്ച എത്രയോ കലഹങ്ങളാണ് മനുഷ്യനെ തൻ്റെ കൂടപ്പിറപ്പുകളിൽ നിന്നു വരെ അകറ്റിയിരിക്കുന്നത്.
ഇതെല്ലാം എവിടെ ചെന്ന്
അവസാനിക്കുമോ എന്തോ….. ?
ആലോചിച്ചിട്ട് ഒരു എത്തും പിടിയും
കിട്ടുന്നില്ല. സത്യം.
ഫാദർ ജെൻസൺ ലാസലെറ്റ്
ജൂലൈ 15-2020.