വീണ്ടും മെത്രാന്‍ നിയമനം: പറപ്പൂക്കര ഇടവകക്ക് ഇത് ഇരട്ടിമധുരം

ഉത്തരാഖണ്ഡിലെ ബിജ്നോര്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനായി നിയമിതനായിരിക്കുന്ന മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പിലിന്റെ നിയമനം ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയെ സംബന്ധിച്ച് ഇരട്ടിമധുരം. ഇപ്പോള്‍ അമേരിക്കയിലെ ഷിക്കാഗോ രൂപത സഹായ മെത്രാനായ ബിഷപ്പ് ജോയ് ആലപ്പാട്ടും പറപ്പൂക്കര സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന ഇടവക ദേവാലയത്തിലെ അംഗമായിരിന്നു. 2014-ല്‍ ബിഷപ്പ് ആലപ്പാട്ടിന്റെ നിയമനം നടന്നിട്ട് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ തങ്ങളുടെ ഇടവകയില്‍ നിന്നാണ് മറ്റൊരു മെത്രാനുമെന്ന അപൂര്‍വ്വ നിമിഷത്തിന്റെ സന്തോഷത്തിലാണ് ഇടവകാംഗങ്ങള്‍.

1971 മെയ് 30ന് പറപ്പൂക്കര ഇടവകയിലെ നെല്ലായിപ്പറമ്പില്‍ ലോനപ്പന്‍ റോസി ദമ്പതികളുടെ മകനായിട്ടാണ് ഫാ. വിന്‍സെന്റ് നെല്ലായിപ്പറമ്പിലിന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1987-ല്‍ ബിജ്നോര്‍ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പരിശീലനമാരംഭിച്ചു. അലഹബാദ് റീജണല്‍ സെമിനാരിയില്‍ നിന്ന് വൈദിക പരിശീലനം പൂര്‍ത്തിയാക്കിയശേഷം 1999-ല്‍ വൈദികനായി. ഉത്തരാഖണ്ഡിലെ ബഹുഗുണ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ബാഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റ് ബിരുദവും നേടിയശേഷം വിവിധ മേഖലകളില്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തി.

രൂപതയുടെ മൈനര്‍ സെമിനാരി റെക്ടര്‍, രൂപതയുടെ ഫോര്‍മേഷന്‍ കോര്‍ഡിനേറ്റര്‍, അലഹാബാദ് റീജണല്‍ സെമിനാരിയില്‍ അധ്യാപകന്‍ എന്നീ നിലകളില്‍ മാതൃകാപരമായ ശുശ്രൂഷ നിര്‍വഹിച്ചു. ചിനിയാലിസൗര്‍ മേരിമാത മിഷന്‍ കേന്ദ്രത്തില്‍ വൈദിക ശുശ്രൂഷ ചെയ്തുവരുമ്പോഴാണ് ബിജ്നോര്‍ രൂപതയുടെ സാരഥ്യം സീറോ മലബാര്‍ സഭ അദ്ദേഹത്തെ ഏല്‍പ്പിക്കുന്നത്. മലയാളത്തിനുപുറമേ ഹിന്ദി, ഇംഗ്ലിഷ്, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ വൈദഗ്ധ്യമുണ്ട്. നിയുക്ത മെത്രാന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും സംബന്ധിച്ച തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy