പള്ളി തിരുനാളിന് വിഷരഹിത സദ്യ വിളമ്പാന്‍ ജൈവം പദ്ധതിയുമായി വെള്ളമുണ്ട മൊതക്കര തിരുമുഖ ദേവാലയം രംഗത്ത്. ഇടവകയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പച്ചക്കറിതൈകള്‍ നല്‍കി വീട്ടില്‍ നിന്നും കൃഷി ചെയ്ത് പെരുന്നാള്‍ ദിനത്തില്‍ വിഷരഹിത പച്ചക്കറികള്‍ എത്തിച്ച് സദ്യ ഉണ്ടാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിയില്‍ നിന്നുമാണ് വെള്ളമുണ്ട മൊതക്കര തിരുമുഖദേവാലയത്തിലെ തിരുനാളിന് വിഷരഹിത സദ്യ ഒരുക്കാന്‍ ജൈവം പദ്ധതിക്ക് രൂപം നല്‍കാന്‍ പള്ളിക്കമ്മറ്റി ഭാരവാഹികള്‍ക്ക് പ്രേരണയായത്.
2018 ഫിബ്രവരിയില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന സദ്യക്ക് വേണ്ടി വിഷരഹിത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുകയാണ് പദ്ധതിയലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിനായി ഇടവകയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പരിസരവാസികള്‍ക്കും സൗജന്യമായി തൈകളും വിത്തും വിതരണം ചെയ്തു. പച്ചക്കറി കൃഷി ചെയ്യേണ്ട രീതികളെ കുറിച്ച് കൃഷി ഓഫീസര്‍ മുഹമ്മദ് ഷഫീഖ് പ്രാഥമിക വിവരങ്ങളും കൈമാറി. തുടര്‍ന്ന് ഇടവകയിലെ വീടുകള്‍ സന്ദര്‍ശിച്ച് കൃഷി വിലയിരുത്താന്‍ പ്രത്യേക ടീമിനെയും കണ്ടെത്തി..വഴുതന, തക്കാളി, പച്ചമുളക്, പയര്‍ തുടങ്ങിയ പത്തോളം ഇനം പച്ചക്കിറികളാണ് പദ്ധതിയിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ തൈകളും വിത്തുകളും നല്‍കിയത്. ഏറ്റവും നന്നായി കൃഷി ചെയ്യുന്ന കുടുംബങ്ങളെ ഇടവക നിശ്ചയിക്കുന്ന കമ്മറ്റി കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കാനും സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. കുടംബങ്ങളിലെ കുട്ടികളെ കൂടി പങ്കാളികളാക്കി ക്കൊണ്ട് പച്ചക്കറി കൃഷി ചെയ്യുന്നതിലൂടെ പുതു തലമുറക്ക് കൃഷി വിജ്ഞാനം പകര്‍ന്നു നല്‍കാനും ജൈവം പദ്ധതിയിലൂടെ കഴിയുമെന്നതാണ് സംഘാടകരുടെ പ്രതീക്ഷ. പള്ളി പരിസരത്ത് നടന്ന ചടങ്ങില്‍ വെച്ച് വാര്‍ഡംഗം കല്യാണി പുവ്വത്തിങ്കല്‍ തൈ വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വികാരി ഫാദര്‍ ജസ്റ്റിന്‍ മുത്താനിക്കാട്ട് അദ്ധ്യക്ഷം വഹിച്ചു. ഇടവകയിലേയും പരിസരത്തെയും 120 ഓളം കുടുംബങ്ങള്‍ക്കാണ് തൈകള്‍ വിതരണം ചെയ്തത്.