നിങ്ങളിൽ ചിലരെങ്കിലും
ആ നോവൽ വായിച്ചിട്ടുണ്ടാകും;
ശ്രീ. പെരുമ്പടവം ശ്രീധരൻ്റെ
‘അരൂപിയുടെ മൂന്നാംപ്രാവ് ‘.
അതിലെ പ്രധാന കഥാപാത്രമായ
ആൻഡ്രൂസ് സേവ്യർ
വല്ലാത്ത ഒറ്റപ്പെടലിലൂടെ
കടന്നുപോകുമ്പോൾ,
ഷെവലിയർ ഗബ്രിയേൽ വല്യപ്പൻ
ഇങ്ങനെ പറയുന്നുണ്ട്:
”നീ ഈശോയുടെ ജീവിതത്തിലേക്ക് നോക്കൂ, അതുപോലൊരു ഒറ്റപ്പെടലും ബഹിഷ്ക്കരണവും അനുഭവിച്ച ആരെങ്കിലുമുണ്ടോ?
ഈശോയെ സ്നേഹിക്കുന്നവർക്ക്
അവൻ സഹിച്ച സങ്കടങ്ങൾ
സമാധാനം നല്കും.
നീ ഈശോയെ സ്നേഹിക്കുന്നില്ലേ…?”
അവൻ പറഞ്ഞു:
”എൻ്റെ അനുഭവം മറിച്ചാണ്.
ഞാനെത്ര സ്നേഹിച്ചിട്ടും
ഈശോ അതറിയുന്നില്ല.
അല്ലെങ്കിൽ എൻ്റെ പീഢാനുഭവങ്ങൾക്ക് എന്താണ് ന്യായം?
സഹിക്കുന്നോർക്കറിയാം അതിൻ്റെ വിഷമം. എൻ്റെ ചോദ്യങ്ങൾക്കൊന്നും കർത്താവ് മറുപടി പറയുന്നില്ല. ദൈവത്തിൻ്റെ മൗനം ശവക്കല്ലറയുടെ നിശബ്ദതയ്ക്കു തുല്യമാണ്!”
വല്യപ്പൻ പറഞ്ഞു:
” കാട്ടിൽ ഒരു കിളിക്കുഞ്ഞിൻ്റെ തൂവൽ കൊഴിയുന്നതു പോലും കർത്താവറിയുന്നുണ്ട്. പിന്നെയാണോ നിൻ്റെ സങ്കടം?
ദൈവത്തിൻ്റെ നിശബ്ദത ഒരു മുഴക്കമാണ്. അതെവിടെയും എപ്പോഴും കേൾക്കുന്നുണ്ട്.
സമാധാനിക്കുക.
നിൻ്റെ ജീവിതത്തിൽ ദൈവസ്നേഹം നിറവേറുന്ന ദിവസം വരും. അതെങ്ങനെയായിരിക്കുമെന്ന്
മുൻകൂട്ടി പറയാനാവില്ല.”
ജീവിതത്തിൽ അപ്രതീക്ഷിതമായ സഹനങ്ങളും രോഗങ്ങളും തിരസ്ക്കരണങ്ങളും
കടബാധ്യതകളുമെല്ലാം സംഭവിക്കുമ്പോൾ
നമ്മളും വല്ലാതെ ഒറ്റപ്പെട്ടു പോയിട്ടില്ലേ?
‘ ജീവിതം മടുത്തു ‘
എന്നൊക്കെ നെടുവീർപ്പെട്ടിട്ടില്ലേ?
ആർക്കു വേണ്ടിയാണ് ഞാൻ
ഇങ്ങനെകഷ്ടപ്പെടുന്നത്,
എന്തു നന്മ ചെയ്തിട്ടും
ഒരുപകാരവുമില്ല എന്നൊക്കെ തോന്നിയിട്ടില്ലേ?
എന്തുകൊണ്ടോ, അപ്പോഴൊന്നും
സഹനങ്ങളെ സ്വീകരിക്കാനോ
ദു:ഖങ്ങളെ ഉൾക്കൊള്ളാനോ
ഏത് പ്രതിസന്ധിയിലും ദൈവം
ഇടപെടുമെന്ന് വിശ്വസിക്കാനോ
നമുക്ക് കഴിയുന്നില്ല.
ഒരു കാര്യം അടിവരയിട്ട് പറയട്ടെ:
ദൈവം തക്ക സമയത്ത് ഇടപെടും.
ചെയ്യാൻ കഴിയുന്ന പുണ്യ പ്രവൃത്തികൾ ചെയ്തു കൊണ്ടേയിരിക്കാം.
നമ്മുടെ അധ്വാനങ്ങളൊന്നും
ഈ ലോകത്തിനു വേണ്ടി മാത്രമല്ല.
ഏത് നല്ല പ്രവൃത്തിക്കും പ്രതിഫലം ഉറപ്പെന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ടല്ലോ? (Ref മത്താ 25:40).
ചുറ്റിനും എല്ലാ സാധ്യതകളും അടയുമ്പോഴും നമുക്ക് ദൈവത്തിലേക്ക് മിഴികളുയർത്താം.
സെപ്തംബർ 19- നാണ് ലാസലെറ്റ് മാതാവിൻ്റെ 175-ാം പ്രത്യക്ഷ തിരുനാൾ.
“ഭയപ്പെടേണ്ട മക്കളേ….
അടുത്തു വരൂ,
നിങ്ങളോടെനിക്ക് ഒരു വലിയ
വിശേഷം പറയാനുണ്ട്! ”
അമ്മയുടെ ഈ വാക്കുകൾ നമുക്ക്
പ്രത്യാശ നൽകട്ടെ.