ഭാരതത്തിന്റെ 1.18 ശതമാനം മാത്രമുള്ള നമ്മുടെ കൊച്ചു കേരളത്തിലാണ് ഇന്ത്യയുടെ വനസമ്പത്തിന്റെ 30 ശതമാനവും. നമ്മുടെ സംസ്ഥാനത്ത് മുൻപെങ്ങും ഇല്ലാത്തവിധം വന്യമൃഗശല്ല്യം രൂക്ഷമാകുന്നു. വനാതിർത്തികളോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ മനുഷ്യ വന്യജീവി സംഘർഷം പതിവായി. പകല്പോലും കാട്ടാനകളും, കടുവകളും, പുലികളും ജനവാസ കേന്ദ്രങ്ങളിൽ എത്തുകയാണ്. ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാതെ വനമേഖലകളിലെ മനുഷ്യ ജീവിതം കടുത്ത പ്രതിസന്ധി നേരിടുന്നു. മനുഷ്യവാസമുണ്ടായ കാലം മുതൽ നമ്മുടെ നാട്ടിൽ വന്യമൃഗങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, അക്കാലത്തുണ്ടാവാത്ത വിധത്തിലുള്ള സംഘർഷങ്ങളാണ് വനാതിർത്തിയുള്ള പ്രദേശങ്ങളിൽ നടക്കുന്നത്. കൃഷിയും മൃഗപരിപാലനവും പ്രധാന ജീവിത മാർഗ്ഗമായിട്ടുള്ള കർഷകരാണ് വന്യമൃഗശല്ല്യം മൂലം പൊറുതിമുട്ടുന്നത്. കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്താൽ കാട്ടുപന്നി ശല്യം, ആടുമാടുകളെയും എന്തിനേറെ കാടിന്റെ മക്കളെയും പിടികൂടാൻ കടുവകൾ, വയലുകളിൽ, നാടു നിറയെ കാട്ടാനകൾ, വയലേലകളിൽ മാനും, മയിലും.. വനാതിർത്തിയുള്ള ജനവാസ മേഖലകളിലെല്ലാം തന്നെ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്. വയനാട്, ആറളം, അട്ടപ്പാടി, മണ്ണാർക്കാട്, മലക്കാപ്പറ , നിലമ്പൂർ, മറയൂർ, ചിന്നക്കനാൽ, പത്തനാപുരം, റാന്നി തുടങ്ങി ഉയർന്ന ജന സാന്ദ്രതയുള്ള പല പ്രദേശങ്ങളിലും വന്യ ജീവികളുടെ സാനിധ്യം പതിവാണ്. പണ്ടൊക്കെ വനാതിർത്തിയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വന്യമ്രിഗ ആക്രമണം വനാതിർത്തിയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള പട്ടണങ്ങളിൽ വരെ എത്തിനിൽക്കുന്നു. വന്യമൃഗ ആക്രമണങ്ങൾ മൂലമുള്ള മനുഷ്യ മരണങ്ങളും ഓരോ വർഷവുംകുതിച്ചുയരുന്നു. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് വിലപ്പെട്ട 996 മനുഷ്യ ജീവനുകൾ ആണ്. 2008 ൽ കേവലം 13 മരണങ്ങൾ മാത്രം ആയിരുന്നു വന്യമൃഗ ആക്രമണം മൂലം ഉണ്ടായത്ത്. എന്നാൽ 2018 ൽ അത് 168 ആയി ഉയർന്നു. കാടിന്റെ വിസ്‌തൃതിയിലും , കട്ട് മൃഗങ്ങളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഉണ്ടായത്. 2008 ൽ 17324 സ്കൊയർ കിലോമീറ്റർ വനമുണ്ടായിരുന്ന കേരളത്തിൽ ഇന്ന് 21144 സ്കൊയർ കിലോമീറ്റർ ആണ്. ഇന്ത്യയിലെ അകെ വനസമ്പത്തിന്റെ 54 ശതമാനവും ജന സാന്ദ്രത ഏറെ കൂടിയ നമ്മുടെ കൊച്ചു കേരളത്തിലാണ്. ആന, കാട്ടുപന്നി, മാൻ , കടുവ തുടങ്ങി എല്ലാ കാട്ടുമൃഗങ്ങളുടെയും എണ്ണത്തിലും വൻ വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. 1993 ലെ സെൻസസിൽ 4286 ആനകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. 2011 സെൻസസ് പ്രകാരം അത് 7490 ആയി വർദ്ധിച്ചു. 6259 പുള്ളിമാനുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 11398 ആയി അത് വർദ്ധിച്ചു. 1993 ൽ സംസ്ഥാനത്ത് 76 കടുവകൾ ആണ് ഉണ്ടായിരുന്നത്. 2018 ൽ അത് 190 ആയി വർദ്ധിച്ചു. ഇന്ത്യയിൽ ആകെ ഉള്ള കാട്ടാനകളുടെ ഇരുപത് ശതമാനവും കേരളത്തിലാണ് ഉള്ളത്.
സ്വാഭാവിക വനങ്ങൾ നശിച്ചതും, വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയും, ആവശ്യമായ ഭക്ഷണം വനത്തിൽ ഇല്ലാത്തതുമാണ് വന്യമൃഗ ശല്യം രൂക്ഷമാകാൻ കാരണം. വായനാട്ടിലെ വനങ്ങളിൽ അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യം വർദ്ധിച്ചതും മുളയുടെ നാശവും കാട്ടാനകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിൽ എത്താൻ കാരണമായി. കേരളത്തിലെ 13 ശതമാനം വനവും വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്‌യുന്ന തേക്ക് , അക്കേഷ്യ, യൂക്കാലിപ്റ്റസ് എന്നിവ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വനാതിർത്തിയിലെ കമ്പിവേലികളും, കിടങ്ങുകളും കടന്ന് വന്യമൃഗങ്ങൾ നാട്ടിലെത്തി ഭീകരാന്തരീക്ഷം സൃക്ഷ്ടിക്കുമ്പോഴും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ല. അതിജീവനത്തിന്റെ വിത്തുകളറിക്കിയ കൃഷിഭൂമിയിൽ ആക്രമണം നടത്തുന്ന വന്യ ജീവികളിൽ നിന്ന് കർഷകരെ രക്ഷിയ്ക്കാൻ നിലവിൽ നിയമങ്ങളുണ്ട്.
കൃഷിയുൾപ്പടെയുള്ള സമ്പത്ത് നശിപ്പിക്കുന്ന കാട്ടുപന്നിയും, കുരങ്ങും മ്ലാവുമടക്കമുള്ള കാട്ടുജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള അധികാരം; കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11.1(b) വകുപ്പ്, പ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ പോലെ നൽകിയിട്ടണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ ക൪ണാടകം, മഹാരാഷ്ട്ര കാട്ടുപന്നിയെ രണ്ടു പതിറ്റാണ്ടുകളായി ക്ഷുദ്രജീവിയായി (Vermin) പ്രഖ്യാപിച്ച് കെണിയും കുരുക്കും ഉള്‍പ്പടെ ഉപയോഗിച്ച് കാട്ടുപന്നിയെയും, നിൽഗയേയും കൊല്ലാനും കൊല്ലുന്നവയെ തിന്നാനും ഉള്ള അനുവാദം കൊടുത്തിരിക്കുന്നത്. ഹിമാചലിലാകട്ടെ, വിഷമടക്കം വച്ച് കുരങിനെ കൊല്ലാനുള്ള അനുവാദത്തിന് പുറമേ, ഓരോന്നിനും 1000 രൂപയെന്ന ആകർഷക സമ്മാനം കൂടി നല്‍കിയാണ് അവയെ കൊന്നൊടുക്കിച്ചത്. എന്നിട്ടും കുരങ്, കാട്ടുപന്നി, നീല്‍ഗായ എന്നിവയുടെയും കാട്ടാനകളുടെയും എണ്ണം വേണ്ട വിധത്തില്‍ കുറക്കാനാവുന്നില്ലായെന്ന് ജനങള്‍ മുറവിളി കൂട്ടിയതിനെ തുട൪ന്ന് , മറ്റു സംസ്ഥാനങള്‍, ഇവയുടെ തീറ്റയില്‍ ചേ൪ത്തു കൊടുക്കാവുന്ന ഗ൪ഭനിരോധന മരുന്നുകള്‍ വികസിപ്പിക്കുകയും, അവ തീറ്റയിലിട്ട് വനത്തില്‍ വച്ചു കൊടുക്കുകയും ചെയ്തു. കാട്ടുമ്രുഗങളുടെ സാന്ദ്രത രാജ്യ ശരാശരിയുമായി താരതമ്യം പോലും ചെയാനാവത്തത്ര ഉയ൪ന്നതും, രാജ്യത്തിന്റെ നൂറിലൊന്ന് വലിപ്പം മാത്രമുള്ളതും രാജ്യത്തെ ശരാശരിയുടെ പല മടങ് ജനസാന്ദ്രതയുള്ളതുമായ ഈ സംസ്ഥാനത്തു മാത്രം ഈ കാട്ടു ജീവികളെ നിയന്ത്രിക്കുവാൻ ഒരു നടപടിയും അധികാരികൾ കൈക്കൊണ്ടിട്ടില്ല.
11.12.2018 കൂടിയ സംസ്ഥാന വന്യജീവി ബോ൪ഡ് മീറ്റിംഗില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനുള്ള കാര്യത്തെക്കുറിച്ച് ചർച്ച നടത്തുകയുണ്ടായി. വിശദ പഠനം നടത്തിയിട്ട് മാത്രമേ കേന്ദ്രത്തെ സമീപിക്കാവൂ എന്നുമുള്ള , നമ്മെയെല്ലാം അതിനിന്ദ്യമായി അപമാനിക്കുന്നതും വെല്ലുവിളിക്കുന്നതുമായ തീരുമാനമാണ് ആ മീറ്റിംഗില്‍ എടുത്തത്. കോടികള്‍ മുടക്കി നടത്തിക്കൊണ്ടിരുന്ന ആ പഠനം എങുമെത്തിയിയിട്ടില്ല.
കേരളത്തിലേതുമായി താരതമ്യം ചെയാനാവാത്തത്ര കുറഞതായിരുന്നു ഉത്തരാഖണ്ഡിലെ കാട്ടു പന്നി സാന്ദ്രതയെന്നും, എന്നിട്ടും യാതൊരു പഠനവും നടത്താതെയും ഒരു പഠന റിപ്പോ൪ട്ടുമില്ലാതെയുമാണ്, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് രണ്ടു വട്ടം ആവശ്യപ്പെട്ടതും രണ്ടുവട്ടവും കേന്ദ്രം ആ ആവശ്യം ഉടനടി അംഗീകരിച്ചതും ബീഹാറടക്കമുള്ള മറ്റു സംസ്ഥാനങളും കാട്ടുപന്നിയെയും നീല്‍ഗായയെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടതും കേന്ദ്രം ആ ആവശ്യം അംഗീകരിച്ചതും, യാതൊരു പഠനമോ പഠന റിപ്പോ൪ട്ടോ ഇല്ലാതെയായിരുന്നു
ഒരു കാട്ടുപന്നി പോലും ഒരു കാലത്തും കൊല്ലപ്പെടരുതെന്ന ദുരുദേശ്യത്തോടെ 18.5.2020ല്‍ ഇറക്കിയ ഉത്തരവിലെ അതീവ ദുഷ്ക്കരങളായ വ്യവസ്ഥകളെല്ലാം പാലിച്ച്, കാട്ടുപന്നിയെ കൊന്ന ക൪ഷകനെയും കുടുംബത്തെയും അങേയറ്റം നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടിയെടുത്ത് വേട്ടയാടുകയും മാധ്യമങളിലടക്കം കൊടും കുറ്റം ചെയ്തതായി ചിത്രീകരിക്കുകയും ചെയ്ത ഒരു സംസ്ഥാനത്താണ് നാം ജീവിക്കുന്നത്.
വന്യമൃഗ ശല്ല്യം രൂക്ഷമായി നിൽക്കുന്ന ഈ കാലഘട്ടത്തിലാണ് ജനജീവിതത്തിന് ഏറെ വെല്ലുവിളി ഉയർത്തികൊണ്ട് ഇക്കോ സെൻസിറ്റീവ് സോൺ (ബഫർ സോൺ) പ്രഖ്യപനം വന്നിരിക്കുന്നത്. 23 വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും ബഫർ സോൺ എന്ന ഓമനപ്പേരിൽ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് കർഷകരെ അപ്രഖ്യാപിത കുടിയിറക്കിന് വിധേയരാക്കുന്ന സർക്കാർ സ്പോൺസേർഡ് ഗൂഢാലോചനയുടെ ഭാഗമാണിത്. 2002 ജനുവരി 21 ന് ന്യൂഡൽഹിയിൽ വെച്ചു നടന്ന ഇന്ത്യൻ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ ഇരുപത്തിയൊന്നാമത്ത് മീറ്റിങ്ങിലാണ് വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഇക്കോ സെൻസിറ്റീവ് സോൺ രൂപീകരിക്കുവാൻ തീരുമാനമെടുക്കുന്നത്. 2013 ഫെബ്രുവരി 09 ന് എങ്ങനെ ഉണ്ടാക്കാം എന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ 08 / 05 / 2013 ലെ ക്യാബിനറ്റ് തീരുമാന പ്രകാരം 13 / 5 / 2013 ന് കേരളത്തിൽനിന്നുള്ള ആദ്യത്തെ കരട് നിർദ്ദേശം കേന്ദ്രത്തിന് നൽകി. ആ കരടിൽ കേരളത്തിലുള്ള മുഴുവൻ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോണിൽനിന്നും ഒഴിവാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2016 ൽ ആദ്യത്തെ ഗസറ്റ് നോട്ടിഫിക്കേഷൻ ഇറങ്ങി. ആ വിജ്ഞാപനത്തിന്റെ കാലാവധി 2018 ൽ അവസാനിച്ചു. 2019 ൽ കേരള സർക്കാർ വീണ്ടും പുതിയ നിർദ്ദേശങ്ങൾ നൽകി. അതിന്റെ അടിസ്ഥാനത്തിലുള്ള പുതിയ വിജ്ഞാപനമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഇറക്കിയിട്ടുള്ളത്. വന്യജീവിസങ്കേതവും പരിസ്ഥിതിലോല പ്രദേശങ്ങളും പ്രഖ്യാപിക്കുന്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയും നിയമവശങ്ങൾ പരിഗണിക്കാതെയും പ്രദേശത്തെ ജനജീവിതത്തെ ദുരിതപൂർണമാക്കുന്ന വിധത്തിലുമാണ് ഈ കരടുവിജ്ഞാപനം.
നിലവിൽ ബഫർസോൺ നോട്ടിഫിക്കേഷൻ വന്ന ആറളം, മലബാർ, ഇടുക്കി, മതികെട്ടാൻ ഷോല എന്നീ വന്യജീവി സങ്കേതങ്ങൾക്കു പുറമേ, കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കൊല്ലം ജില്ലയിലെ ഷെന്തുരുണി എന്നീ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോണിന്റെ നോട്ടിഫിക്കേഷൻ ഓഗസ്റ്റ് മാസം 28 ആം തീയതി ഇറങ്ങിയിരിക്കുന്നു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ബഫർ സോൺ വരുന്നത് കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ കൊട്ടിയൂർ, കേളകം എന്നീ വില്ലേജുകളും, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ തിരുനെല്ലി വില്ലജിലും ആണ്. ഈ മൂന്നു വില്ലേജുകളിലായി മൊത്തം 3189 ഏക്കറാണ് ബഫർ സോണിന്റെ വിസ്തൃതി. പൂജ്യം മുതൽ 2.1 കിലോമീറ്റർ വരെയാണ് ഈ ബഫർ സോണിന്റെ വീതി. മലബാർ വന്യജീവി സങ്കേതത്തിൻ്റെ വിസ്തീർണം 74.22 ചതുരശ്രകിലോമീറ്ററും ഇതിനു ചുറ്റുമായിട്ട് 13 വില്ലേജുകളിലായി 53.60 ചതുരശ്ര കിലോമീറ്ററായി ബഫർ സോൺ പരന്നു കിടക്കുന്നതായി നിലവിൽ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ പറഞ്ഞിരിക്കുന്നു. 13 വില്ലേജിൽ 9 എണ്ണം കോഴിക്കോട് ജില്ലയിലും 4 എണ്ണം വയനാട് ജില്ലയിലുമാണ്. ഇതിൽ കർഷകർ ഉന്നയിക്കുന്ന ആശങ്ക 5500 ജനങ്ങൾ ഈ ബഫർ സോണിൽ താമസിക്കുന്നുണ്ട് എന്നതാണ്. എന്നാൽ ഈ 5500 ആളുകൾ ഏതൊക്കെ വില്ലേജുകളിലാണ് എന്ന കണക്ക് വില്ലേജ് അടിസ്ഥാനത്തിലോ, പഞ്ചായത്ത് അടിസ്ഥാനത്തിലോ കരടു വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ഈ ബഫർ സോണുമായി ബന്ധപ്പെട്ട് ആദ്യ നോട്ടിഫിക്കേഷൻ ഇറങ്ങിയത് 2016 ജനുവരി 8 നാണ്. നാലരവർഷം കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ട് ഈ കാലയളവിൽ ഇതുമായി ബന്ധപ്പെട്ട് ജനങ്ങളോടോ പഞ്ചായത്തുകളോടൊ ചർച്ച ചെയ്യുകയോ ഇക്കാര്യം അറിയിക്കുകയോ ചെയ്തില്ല ? ഇപ്പോഴത്തെ നോട്ടിഫിക്കേഷനിൽ തന്നിരിക്കുന്നത് വെറും 21 ജിയോ കോഡിനേറ്റ്സ് പോയൻ്റുകളാണ്. ഇത്രയും ദൂരമുള്ള ഒരു ബഫർ സോണിൽ 21 ജിയോ കോഡിനേറ്റ്സ് പോയൻ്റ് വെച്ച് എങ്ങനെയാണ് കൃത്യമായി സ്ഥലങ്ങൾ അടയാളപ്പെടുത്തുക. ഒരു പോയൻ്റിൽ നിന്നും മറ്റൊരു പോയൻ്റിലേക്ക് നേർരേഖയല്ല. ഇതു വെച്ച് എങ്ങനെയാണ് കൃത്യമായി അതിരുകൾ തീരുമാനിക്കുക? ആദ്യ നോട്ടിഫിക്കേഷൻ ഇറക്കുന്നതിൻ്റെ ഉദ്ദേശം ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യുന്നതിനും, അതിരുകൾ കൃത്യമായി നിർണയിക്കുന്നതിനും വേണ്ടിയാണ്. 2016 മുതൽ 2020 വരെ സമയമുണ്ടായിട്ടും യാതൊന്നും നടന്നില്ല. ഇപ്പോൾ ഇറക്കിയിരിക്കുന്നത് അവസാന നോട്ടിഫിക്കേഷൻ ആണെന്നാണ് പറയുന്നത്. അവസാന നോട്ടിഫിക്കേഷൻ ഇറക്കിയിട്ട്, ജനങ്ങളുമായി ചർച്ച ചെയ്ത് അതിരുകൾ തിരുമാനിക്കുമെന്ന് പറയുന്നതിൻ്റെ ഉദ്ദേശ്യം മനസിലാകുന്നില്ല. കഴിഞ്ഞ നവംബറിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തന്നെ, സംസ്ഥാന സർക്കാരുകൾക്കാണു വനാതിർത്തികൾ നിർണയിക്കുന്നതിന് അധികാരമെന്ന് അറിയിക്കുകയുണ്ടായി. ഈ തീരുമാനത്തെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താതെയും മുഖവിലയ്ക്കെടുക്കാതെയുമാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു ശിപാർശ നൽകിയിരിക്കുന്നത്. ഗസറ്റ് നോട്ടിഫിക്കേഷൻ സെക്ഷൻ 04 പ്രകാരം നിലവിലെ റെവന്യൂ നിയമങ്ങൾ മാത്രം ബാധകമായ കൃഷി സ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും 1980 ലെ ഫോറെസ്റ് കൺസെർവഷൻ ആക്റ്റ് , 1927 ലെ ഇന്ത്യൻ ഫോറെസ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം തുടങ്ങിയ വന നിയമങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ട് ജന ജീവിതം പൂർണ്ണമായും ദുസ്സഹമാകുകയും അതുവഴി അപ്രഖ്യാപിത കുടിയിറക്ക് നടത്തി വന്യജീവി സങ്കേതത്തിന് വിസ്തീർണ്ണം കൂട്ടുക എന്ന ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.
വിജ്ഞാപനം യാഥാർഥ്യമായാൽ നിർദിഷ്ട പരിസ്ഥിതിലോല പ്രദേശത്ത് ആദിവാസികൾക്കടക്കം കൃഷിക്കു മുൻകൂർ അനുവാദം തേടൽ, എല്ലാവിധ നിർമാണ പ്രവർത്തനങ്ങൾക്കും നിരോധനം, താമസ സൗകര്യങ്ങൾക്കുപോലും മുൻകൂർ അനുമതിതേടൽ തുടങ്ങി നിരവധി കർശന നടപടികളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കപ്പെടും. അടിസ്ഥാന വികസന സൗകര്യങ്ങൾ, കൃഷി, ഹോട്ടലുകൾ, കടമുറികൾ അടക്കമുള്ള വാണിജ്യാവശ്യ കെട്ടിടനിർമാണം, പുതിയ ഭവനനിർമാണം, ചെറുകിട നാമമാത്ര വ്യവസായങ്ങൾ ഇതൊക്കെ തടയപ്പെടും. റോഡുകളുടെ ബലപ്പെടുത്തൽ, റീ ടാറിംഗും വീതികൂട്ടലും, പുതിയ റോഡുകളുടെ നിർമാണം, വാഹന ഇന്ധനം, രാത്രിയാത്ര, കോഴിഫാമുകൾ, ഡയറിഫാം, നിലവിലുള്ള കാർഷികവൃത്തികൾ, മത്സ്യകൃഷി തുടങ്ങിയവക്കെല്ലാം നിരോധനമോ നിയന്ത്രണമോവരും.
സ്വന്തം ഭൂമിയിലുള്ള മരങ്ങൾ മുറിക്കാൻ കർഷകർരെ അനുവദിക്കുന്നതല്ല ഈ കരിനിയമം. അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ്. കുടിവെള്ളത്തിനു കിണർ കുഴിക്കാൻ പോലും പ്രത്യേക അനുവാദം വേണം. പരിസ്ഥിതിലോല മേഖല ആകുന്നതോടുകൂടി വികസനം സാധ്യമല്ലാതായിത്തീരുന്ന ഈ പ്രദേശങ്ങളിൽ ഭൂവുടമകൾക്കു ന്യായമായ വില ഭൂമി വിൽക്കുന്പോൾ ലഭിക്കുകയില്ലെന്നും സ്പഷ്ടമാണ്. പരിസ്ഥിതിലോല മേഖലയ്ക്കു വെളിയിൽ ഒരു കിലോമീറ്റർ വായുദൂരം വരെ നിർമാണപ്രവർത്തനങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സാധാരണക്കാരന്‍റെ ജീവിതം വഴിമുട്ടിക്കാൻ ഇതിനപ്പുറം മറ്റൊന്നും ആവശ്യമില്ല.
കേരളത്തിലെ 92 വില്ലേജുകളിലെ 25 ലക്ഷത്തോളം വരുന്ന ജനങ്ങളെ ബലിയാടാക്കി, സംസ്ഥാനത്തെ ആയിരത്തോളം പഞ്ചായത്തുകളിലെ പരിസ്ഥിതി സംരക്ഷിക്കാമെന്ന നയം സർക്കാർ പിൻവലിക്കണം. കർഷകരെയും കർഷക തൊഴിലാളികളെയും കൃഷിയിടങ്ങളെയും തകർക്കുന്ന രീതിയിൽ പുതിയ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്പോൾ സാധാരണ ജനങ്ങൾ ഇതിനെല്ലാം ബലിയാടാവുകയാണ്. ഗൂഡല്ലൂർ പ്രദേശത്തെ ബഫർസോണും മഹാരാഷ്‌ട്രയിലെ മഹാബലേശ്വർ പാഞ്ചഗണി പ്രദേശത്തെ ഇഎസ്എ പ്രഖ്യാപനവും ഇതിന് ഉത്തമ ഉദാഹരണമാണ്. ഉപജീവനത്തിന് ആവശ്യമായ തൊഴിൽ ചെയ്തും സ്വന്തം ഭൂമിയിൽ കൃഷിചെയ്തും ജീവിക്കാനുള്ള പൗരന്‍റെ അവകാശത്തിലും മൗലികാവകാശത്തിലുമാണ് ഇത്തരം നിയമങ്ങൾ കടന്നുകയറുന്നത്.
ഇന്ത്യൻ ഭരണഘടന ഉറപ്പു നല്ക്കുന്ന പൗരൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടത് ഒരു ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വ മാണ്.
ഒരു ഭാഗത്ത് വന്യമൃഗ ആക്രമണത്തിൽ കൃഷിഭൂമിയും ,കർഷകരും ആക്രമിയ്ക്കപ്പെടു കായും മറു ഭാഗത്ത് കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഭയാനകമായ സാഹചര്യത്തെയാണ് ജന സമൂഹം ഇന്ന് നേരിടുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയിൽ പറയുന്നതുപോലെ എല്ലാ വന്യ ജീവികൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ അവ നാട്ടിലിറങ്ങി മനുഷ്യർക്ക് ജീവിക്കാൻ അവസരം നിഷേധിക്കുമ്പോൾ ജനങ്ങൾ അതിജീവനത്തിനായി ശബ്ദമുയർത്തു. അതാണ് കഴിഞ്ഞ കുറെ നാളുകളായി കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ സജീവമായി തീർന്നുകൊണ്ടിരിക്കുന്നത്.