കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന് വടവാതൂർ പൗരസ്ത്യ വിദ്യാപീഠം ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ദൈവശാസ്ത്രത്തിന്റെ വിവിധ മേഖലകളിലുള്ള മൗലികവും സമഗ്രവുമായ സംഭാവനകളെ പരിഗണിച്ചാണ് ഈ അംഗീകാരം.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നടന്ന സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പും പൗരസ്ത്യ വിദ്യാപീഠം ചാൻസലറുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓണററി ഡോക്ടറേറ്റ് പ്രഖ്യാപനം നടത്തി. സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ച് ബിഷപ്പുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് മാർ പവ്വത്തിലിനു ഡോക്ടറേറ്റ് സമ്മാനിച്ചു.
പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലറും ചങ്ങനാശേരി ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പെരുന്തോട്ടം, ബംഗ്ലാദേശ് അപ്പസ്തോലിക് നൂണ്‍ഷ്യോ മാർ ജോർജ് കോച്ചേരി, ബിഷപ്പുമാരായ തോമസ് മാർ തിമോത്തിയോസ്, യൂഹാനോൻ മാർ ദിയോസ്കോറസ്, ജോസഫ് മാർ ബർണബാസ്, മോണ്‍. ചെറിയാൻ താഴമണ്‍, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ്, സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ ഫാ.ജോയി ഐനിയാടൻ, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രഫ. പി.സി.അനിയൻകുഞ്ഞ്, തിരുഹൃദയ സന്യാസിനീസമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ അൽഫോൻസ തോട്ടുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മാർ ജോസഫ് പവ്വത്തിൽ മറുപടി പ്രസംഗം നടത്തി.