ആരാധിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം
പൗലോസ് അപ്പസ്തോലന്‍ എഫേസോസിലെ സഭക്കെഴുതിയ കത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ പിതാവിന്‍റെ മുന്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു. അവിടുത്തെ മഹത്വത്തിന്‍റെ സന്പന്നതക്ക് യോജിച്ചവിധം അവിടുന്ന് തന്‍റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്തിപ്പെടുത്തണമെന്നും, വിശ്വാസം
വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്നേഹത്തില്‍ വേരുപാകി അടിയുറക്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ” (3,14-18).
സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും കാരണം
ദൈവമാണെന്ന അടിസ്ഥാനവിശ്വാസം തന്നെ ഏറ്റുപറഞ്ഞുകൊണ്ടാണ് പൗലോസ്
അപ്പസ്തോലന്‍ എഫേസോസിലെ സഭയോട് സംസാരിക്കുന്നത്. സകലവും ദൈവത്തില്‍ നിന്നാണെന്നും ദൈവത്തിന്‍റേതാണെന്നും… ആധുനികശാസ്ത്രം നല്കുന്ന എല്ലാ
വെളിപാടുകളോടും ചേര്‍ന്നുനിന്നുകൊണ്ട് തന്നെ സത്യവിശ്വാസത്തിന്‍റെ ഈ
രഹസ്യത്തെ ആനന്ദത്തോടെ പ്രഘോഷിക്കാന്‍ നമുക്ക് കഴിയും. ശാസ്ത്രീയമായ കണ്ടെത്തലുകളും പഠനങ്ങളും വിശാസത്തിന്‍റെ ഈ അടിസ്ഥാനധാരണയെ
അരക്കിട്ടുറപ്പിക്കുന്നതാണ് ഇരുപതാം നൂറ്റാണ്ടില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിനാല്‍ സകലത്തിന്‍റെയും സ്രഷ്ടാവായ ദൈവത്തിന് മുന്നില്‍ മുട്ടുകള്‍ മടക്കാന്‍ നമുക്ക് മടിക്കാതിരിക്കാം.
ക്രിസ്തീയജീവിതത്തില്‍ ആരാധന സര്‍വ്വപ്രധാനമാണെന്ന തിരിച്ചറിവിലേക്ക്
വിശ്വാസികള്‍ ഇനിയും വളരേണ്ടിയിരിക്കുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ്
ചൂണ്ടിക്കാണിച്ചത് ഇങ്ങനെയാണ്, “ക്രിസ്തീയജീവിതത്തിന്‍റെ അന്തര്‍ധാരയും ജീവിതവിശുദ്ധിയുടെ മഹനീയമായ പ്രകാശനവുമാണ് ആരാധനാക്രമപരമായ ജീവിതം”.
വിശുദ്ധി ജീവിതത്തിന്‍റെ ലക്ഷ്യമാവുകയും ആത്മീയത ജീവിതത്തിന്‍റെ ശൈലിയാവുകയും ചെയ്യുന്നവന്‍റെ ശ്വാസോച്ഛ്വാസം പോലും ആരാധനയാണ്. “എനിക്ക്
ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്” (ഫിലി 1,21) എന്ന് പറയാനാവും വിധം
ക്രിസ്തുബോധത്താല്‍ നിറയാന്‍ അവന് സാധിക്കുകയും ചെയ്യും.
ആരാധന ഒരു പ്രവൃത്തിയല്ല, അത് ഒരു ജീവിതശൈലിയാണ്. പരിശുദ്ധാത്മവരങ്ങളാലും
ദാനങ്ങളാലും സന്പന്നവും സമൃദ്ധവുമാകുന്ന ജീവിതത്തില്‍ സ്വാഭാവികമായി ഉരുത്തിരിയുന്ന ഒരു നിശബ്ദസംഗീതമാണത്. ശബ്ദഘോഷങ്ങളിലും
സമയബന്ധിതപ്രാര്‍ത്ഥനകളിലും നാം ഈ ആരാധനയോട് അടുത്ത് നില്‍ക്കാന്‍
പഠിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രമല്ല, ആരാധന സ്വര്‍ഗ്ഗത്തിന്‍റെ
മുന്നാസ്വാദനമാണ്. ദൈവത്തിന്‍റെ തിരുമുഖം ദര്‍ശിക്കുന്നവരോടു കൂടെ
ആനന്ദിക്കലാണത്.
ക്രൈസ്തവജീവിതം കടമകളുടെ നിര്‍വ്വഹണത്തിലേക്കും കേവലമായ
പങ്കുപറ്റലിലേക്കും നാമമാത്രമായ ചില അനുഷ്ഠാനങ്ങളിലേക്കും
വിശകലനങ്ങളിലേക്കും ചര്‍ച്ചകളിലേക്കും പഠനങ്ങളിലേക്കുമൊക്കെയായി
വഴിമാറിപ്പോകുന്നു എന്നത് നാം ജീവിക്കുന്ന കാലത്തിന്‍റെ ഒരപകടമാണ്.
ആരാധനയുടെ സ്വച്ഛതയിലേക്കും ദൈവസാന്നിദ്ധ്യത്തിന്‍റെ പ്രശാന്തമായ
ജലാശയങ്ങളിലേക്കും നാം കടന്നുചെല്ലുകയോ നമുക്ക് ഭരമേല്പിക്കപ്പെട്ടവരെ ആനയിക്കുകയോ ചെയ്യുന്നില്ല.
സങ്കീര്‍ത്തകനോടൊപ്പം നമുക്ക് ആത്മാര്‍ത്ഥമായി പറയാം: “എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക. എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്. അവിടുന്ന് മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു” (104,1).