ഏറെ നാളായില്ല ആ അമ്മച്ചിയുടെ ഫോൺകോൾ വന്നിട്ട്.
മകനെക്കുറിച്ചുള്ള ദു:ഖമായിരുന്നു വാക്കുകളിൽ:
“അച്ചാ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം. 38 വയസായി. ഇതുവരെയും ഒരു ആലോചനയും ശരിയായില്ല. അച്ചനറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ പറയണം.”
ഞാൻ ചോദിച്ചു:
”അവന് എന്തെങ്കിലും ദുശീലങ്ങൾ ഉണ്ടോ? എന്ത് ജോലിയാണ് ചെയ്യുന്നത്? ”
” അവൻ ജോലിക്കൊക്കെ പോകുന്നുണ്ട്. പിന്നെ…… അച്ചനോട് നുണ പറയാൻ പാടില്ലല്ലോ, അതു കൊണ്ട് പറയുകയാണ്, അവൻ നന്നായ് മദ്യപിക്കും.
പുകവലിയുമുണ്ട്. എത്ര ഉപദേശിച്ചിട്ടും നിർത്തുന്നില്ല. പള്ളീലും പോവത്തില്ല.”
ഞാൻ തുടർന്നു:
”എൻ്റെ അമ്മച്ചീ,
ഇവിടെ സദ്സ്വഭാവികളായ
യുവാക്കൾക്കു വരെ പെണ്ണിനെ കിട്ടുന്നില്ല. അങ്ങനെയുള്ളപ്പോൾ മദ്യപാനിയായ മകന് എങ്ങനെയാണ് നല്ല ആലോചന വരിക?
മാത്രമല്ല, അമ്മച്ചിയ്ക്കൊരു
മകളുണ്ടെങ്കിൽ ഇങ്ങനെയൊരാൾക്ക് വിവാഹം ചെയ്ത് കൊടുക്കുമോ?
നിങ്ങളുടെ മകൻ്റെ ജീവിതമോ
ഇങ്ങനെയായി, ഒരു പെണ്ണിൻ്റെ കൂടി
കണ്ണീർ ആ കുടുംബത്തിൽ വീഴ്ത്തണമോ…?”
” അച്ചൻ പറഞ്ഞതെല്ലാം ശരിയാണ്.
കല്യാണം കഴിഞ്ഞാൽ അവൻ നേരെയാകുമെന്നാണ് എൻ്റെ
മനസ് പറയുന്നത്?
എന്തൊക്കെയായാലും ഞങ്ങളുടെ മകനായിപ്പോയില്ലേ…..
അവൻ എത്ര കൊള്ളരുതാത്തവനായാലും ഒരു പെണ്ണുകെട്ടി കാണാൻ
ഏത് അമ്മയ്ക്കാണ് ആഗ്രഹമില്ലാത്തത്…?”
ആ അമ്മച്ചിയോട് തുടർന്നെന്തു പറയണമെന്നറിയാതെ,
പ്രാർത്ഥിക്കാമെന്നു പറഞ്ഞ്
ഞാൻ ഫോൺ വച്ചു.
വഴിതെറ്റിയ മക്കളെക്കുറിച്ച് ഭൂമിയിലെ അമ്മയ്ക്ക് ഇത്രമാത്രം നൊമ്പരമുണ്ടെങ്കിൽ സ്വർഗ്ഗീയ പിതാവിന് എത്രമാത്രം നൊമ്പരമുണ്ടാകും?
ആ നൊമ്പരമാണ് നഷ്ടപ്പെട്ടു പോയ
ആടിനെ തേടിയിറങ്ങുന്ന ഇടയൻ്റെ ഉപമയിലൂടെ ക്രിസ്തു പറഞ്ഞുവെച്ചിട്ടുള്ളത്
(Ref: മത്താ18:12-13).
ശരിയാണ് ഒരാടുപോലും നഷ്ടപ്പെടാൻ ഇടയൻ ആഗ്രഹിക്കുന്നില്ല.
എന്നാൽ, ഇടയൻ എത്രതന്നെ അലഞ്ഞാലും
തിരിച്ചു വരാൻ മനസില്ലാത്ത ആടുകളെ ആർക്കാണ് രക്ഷപ്പെടുത്താനാകുക?
ഞാനും നിങ്ങളുമൊക്കെ ആ നല്ല ഇടയൻ്റെ ആലയിലെ ആടുകളല്ലേ?
വഴിതെറ്റിപ്പോയ നമ്മെ തേടി എത്ര തവണ
ആ ഇടയൻ അലഞ്ഞിട്ടുണ്ടാവും?
പക്ഷേ, നമ്മളിപ്പോഴും തെറ്റായ വഴികളിലൂടെ മാത്രം നടക്കുന്നെങ്കിൽ,
ഇടയൻ്റെ കണ്ണീരിനും നൊമ്പരത്തിനും
എന്ത് വിലയാണ് ലഭിക്കുക?