അമ്മയുടെ മരണം മുന്നിൽ കണ്ട് അവൾ ചെയതത്

ഫാദർ ജെൻസൺ ലാസലെറ്റ്

അവധിക്കായ് നാട്ടിൽ
വന്നതായിരുന്നു ആ സിസ്റ്റർ.
ആന്ധ്രയിലെ ആ മിഷൻ ഇടവകയിൽ വികാരിയായിരുന്ന എൻ്റെ അടുത്തുവന്ന് അവർ പറഞ്ഞു:

” അച്ചാ, എൻ്റെ വീട്ടിൽ ഞാനും അമ്മയും മാത്രമേ കത്തോലിക്കരായ് ഉള്ളൂ.
ആങ്ങള മാമ്മോദീസ സ്വീകരിച്ചുവെങ്കിലും ഇപ്പോൾ അക്രൈസ്തവ വിശ്വാസത്തിലാണ്‌.
മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗമായ ഞാനിപ്പോൾ കൊളംബിയായിലാണ്.
ഇനിപോയാൽ പിന്നെ 10 വർഷം
കഴിഞ്ഞേ അവധി ലഭിക്കൂ.

അച്ചനറിയാമല്ലൊ എൻ്റെ അമ്മയെ!പ്രായമേറിക്കൊണ്ടിരിക്കയാണ്.
ഇപ്പോൾ തന്നെ വളരെ കഷ്ടപ്പെട്ടാണ് പള്ളിയിൽ പോകുന്നത്.
മിക്കവാറും അടുത്ത അവധിക്ക്
വരുന്നതിനു മുമ്പ് അമ്മയെ
ദൈവം വിളിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്, അമ്മ മരിച്ചു കഴിഞ്ഞാൽ അച്ചൻ മുൻകൈയെടുത്ത് നമ്മുടെ
വിശ്വാസ പ്രകാരമുള്ള അടക്ക് നടത്തണം.”

അപ്പോൾ ഞാനാ സിസ്റ്ററോട് ചോദിച്ചു:
“അമ്മക്ക് വയ്യാതായാലോ,
മരണപ്പെട്ടു കഴിഞ്ഞാലോ മേലധികാരികളോടു പറഞ്ഞാൽ
നാട്ടിലേക്ക് വരാൻ അനുവദിക്കില്ലേ?”

അതിനവർ ഇങ്ങനെ മറുപടി നൽകി:
“ഞങ്ങളുടെ നിയമം അതിന്
അനുമതി നൽകുന്നില്ല.
മാത്രമല്ല, ഒരു തവണ നാട്ടിൽ വന്നു പോകുന്നതിന് എത്രമാത്രം പണം വേണം.

കൂടാതെ അങ്ങനെ ഒരാൾക്ക്
അനുവാദം കൊടുത്താൽ
എല്ലാവർക്കും കൊടുക്കേണ്ടി വരില്ലേ? ഇതെല്ലാം അറിഞ്ഞു കൊണ്ടാണ്
ഞാനീ സന്യാസ സഭയിൽ ചേർന്നതും വ്രതങ്ങൾ സ്വീകരിച്ചതും.

ഞങ്ങളുടെ സ്ഥാപകയായ
വി. മദർ തെരേസയും എല്ലാം ഉപേക്ഷിച്ചല്ലേ ഇന്ത്യയിലേക്ക് വന്നത്?
ആ ചൈതന്യത്തിലാണ്
ഞങ്ങൾ ജീവിക്കേണ്ടത്.
അതുകൊണ്ട്, പത്തുവർഷം കഴിയാതെ നാട്ടിലേക്ക് വരവൊന്നും നടക്കില്ലച്ചാ….”

ആ സിസ്റ്റർ അവധി കഴിഞ്ഞ്
തിരിച്ചു പോയി.
രണ്ടു വർഷത്തിനുള്ളിൽ അവർ പറഞ്ഞത് സംഭവിച്ചു; അവരുടെ അമ്മ മരണമടഞ്ഞു. അവർ ആശിച്ചതു പോലുള്ള മൃതസംസ്ക്കാരം  നടത്താൻ ദൈവം എന്നെ അനുവദിച്ചു.”

എത്രയോ മിഷനറിമാരുടെ
ത്യാഗോജ്വലമായ ജീവിതത്തിൻ്റെ അനന്തരഫലമാണ് നമ്മുടെ വിശ്വാസം?
വീടിനേയും മാതാപിതാക്കളേയും ബന്ധുക്കളെയുമെല്ലാം ഉപേക്ഷിച്ച്
എത്രയെത്ര മിഷനറിമാരാണ്
ഭാരതത്തിൻ്റെയും ലോകത്തിൻ്റെയും
വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്നത്?

ഇതിനിടയിൽ തമസ്ക്കരിക്കാൻ
കഴിയാത്ത സത്യമുണ്ട്:
പല സന്യാസ സഭകളിലും ദൈവവിളികൾ കുറഞ്ഞു വരുന്നു. താത്പര്യമുള്ള
മക്കളെ വരെ പലപല കാരണങ്ങൾ പറഞ്ഞ്
ചിലരെങ്കിലും നിരുത്സാഹപ്പെടുത്തുന്നു.

അതുകൊണ്ടൊക്കെ ക്രിസ്തുവിൻ്റെ
ആ വചനത്തിന് ഇന്നും നല്ല മൂർച്ചയുണ്ട്:
“വിളവധികം; വേലക്കാരോ ചുരുക്കം. അതിനാല്‍, തന്‍െറ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍
വിളവിന്‍െറ നാഥനോടു പ്രാര്‍ഥിക്കുവിന്‍.
(മത്താ 9:37-38).

വിളവിൻ്റെ നാഥനോട്
പ്രാർത്ഥിച്ചാൽ മാത്രം പോരാ
വിളിയുള്ളവരെ അതിലേയ്ക്ക്
പറഞ്ഞു വിടുക കൂടിവേണം!

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy