ഒരു ചോദ്യം ചോദിച്ചു കൊണ്ട്
നമുക്ക് തുടങ്ങാം:
പനി ഒരു രോഗമാണോ
അതോ രോഗലക്ഷണമാണോ?
ഉത്തരം ഒരു പക്ഷേ നിങ്ങളിൽ ഭൂരിഭാഗം പേർക്കും അറിയുമായിരിക്കും.
പനി ഒരു രോഗമല്ല മറിച്ച് രോഗലക്ഷണമാണ്. അതും, ഒരു രോഗത്തിൻ്റേതു മാത്രമല്ല പല രോഗങ്ങളുടെയും.
ഉദാഹരണത്തിന്;
മഞ്ഞപിത്തം, ടൈഫോയ്ഡ്, മലേറിയ തുടങ്ങി ഇപ്പോൾ നമ്മളെ ഭീതിയുടെ മുൾമുനയിൽ നിർത്തിരിയിക്കുന്ന കോവിഡിൻ്റേയും ലക്ഷണം കൂടിയാണ് പനി.
എന്തിനേറെ പറയുന്നു കാലിൽ ഒരു മുള്ളു കയറിയാൽ വരെ ചിലപ്പോൾ നമ്മൾ ഒന്നു രണ്ടു ദിവസങ്ങൾ പനിച്ച് കിടപ്പിലാകാൻ സാധ്യതയുണ്ട്.
കോവിഡിൻ്റെ വ്യാപന നിരക്ക് അതിവേഗത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കെ ഈ പനി ചിന്ത എന്തുകൊണ്ടും
നല്ലതാണെന്നു തോന്നുന്നു.
തുടർന്നെഴുതുന്നതിനു മുമ്പ് ഒരു സത്യം നിങ്ങളുമായ് പങ്കുവയ്ക്കട്ടെ?
കോവിഡിനെക്കുറിച്ച് ആദ്യമുണ്ടായിരുന്ന പേടിയെല്ലാം പലർക്കും പോയതുപോലുണ്ട്. അനുദിനം കേസുകൾ വർദ്ധിച്ചു വരുന്നു
എന്ന വാർത്ത കേൾക്കുമ്പോൾ,
പലരും അന്വേഷിക്കുന്നത് ഞങ്ങളുടെ ജില്ലയിലുണ്ടോ എന്നതാണ്.
ഇനി സ്വന്തം ജില്ലയിൽ ഉണ്ടെന്നറിഞ്ഞാലോ, അടുത്ത ചോദ്യം എത്ര പേർക്കുണ്ട്
ഏത് പഞ്ചായത്തിലാണ് എന്നതാണ്.
അവസാനമിപ്പോൾ,
എൻ്റെ ഏരിയ കണ്ടെയിൻ്റ്മെൻ്റ് സോണല്ലാത്തിടത്തോളം
ഞാൻ ഹാപ്പിയാണ്
എന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ !
ഇനി നമ്മുടെ വിഷയത്തിലേക്കു വരാം.
ഇപ്പോൾ നമ്മുടെയൊക്കെ ശ്രദ്ധ
പനിയും ജലദോഷവും വരാതിരിക്കാൻ നോക്കുന്നതിലാണ്. എന്തെന്നാൽ അവയെല്ലാം ചിലപ്പോൾ കോവിഡിൻ്റെ ലക്ഷണമായ് മാറിയേക്കാം.
ഈയൊരവസ്ഥയിൽ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം നമ്മൾ മനസ്സിൽ സൂക്ഷിക്കേണ്ട ഒരു കാര്യം രോഗം വന്നാലും ഭയപ്പെടരുത് എന്നതാണ്.
എന്തെന്നാൽ രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് രോഗസൗഖ്യം ലഭിച്ചവരുടെ എണ്ണത്തിലും വർദ്ധനവുണ്ടല്ലോ? മാത്രമല്ല, നമ്മുടെ രക്ഷകനും നാഥനുമായ ക്രിസ്തു തൻ്റെ ജീവിതകാലത്ത് എത്രയോ മാറാരോഗികളെയാണ് സുഖപ്പെടുത്തിയിരിക്കുന്നത്.
ആ ക്രിസ്തുവിന് ഏത് രോഗത്തിൽ നിന്നും നമ്മെ സുഖമാക്കുവാൻ സാധിക്കും.
ഇത് വായിക്കുന്ന നിങ്ങൾ തന്നെ
തമ്പുരാൻ്റെ കൃപയാൽ എത്രയോ രോഗങ്ങളിൽ നിന്ന് സൗഖ്യം ലഭിച്ചവരാണ്?
അതുകൊണ്ട് ഒന്നോർക്കുക,
എത്ര കടുത്ത പനിയാണെങ്കിലും ക്രിസ്തു ഇടപെട്ടാൽ അതിൽ നിന്നെല്ലാം നമുക്ക് സൗഖ്യം ലഭിക്കും.
അവനിലുള്ള വിശ്വാസം നഷ്ടമാകാതെ സൂക്ഷിക്കുക.
കടുത്ത പനി ബാധിച്ച് കിടപ്പിലായിരുന്ന പത്രോസിൻ്റെ അമ്മായിയമ്മയെ ക്രിസ്തു സുഖപ്പെടുത്തിയിട്ടുള്ളതും സുവിശേഷത്തിൽ നാം വായിച്ചിട്ടില്ലെ?
( Ref മർക്കോ 1:29-34).
അവരുടെ പനി
ഏത് രോഗത്തിൻ്റെ ലക്ഷണമായിരുന്നു എന്നറിയില്ല.
എന്തായാലും കോവിഡിൻ്റെ ആയിരിക്കില്ല, അല്ലെ?!