ഞങ്ങളുടെ സഭാംഗമായ
ജോജോ കാച്ചപ്പിള്ളിയച്ചൻ
അമ്മയെക്കുറിച്ച് പറഞ്ഞ
ഒരനുഭവം കുറിക്കട്ടെ.
”അന്നൊക്കെ വല്ലപ്പോഴുമേ വീട്ടിൽ
മീൻ വാങ്ങൂ. അതും അയലയോ
മത്തിയോ മാത്രം.
സ്കൂൾ വിട്ടു വരുമ്പോൾ മുറ്റത്ത്
എത്തുമ്പോഴേ മീൻ കറിയുടെ മണം വരും.
മനസു നിറയെ അപ്പോൾ ഒരു ചിന്തയേ ഉള്ളൂ,
‘ഇന്ന് മീൻ കൂട്ടി വയറു നിറയെ ചോറുണ്ണാലോ….!’
അന്ന് അമ്മയോട് കൂടുതൽ
സ്നേഹം കാണിച്ച്,
സാരി തുമ്പിൽ തൂങ്ങി നടക്കും. എങ്ങനെയെങ്കിലും പ്രാർത്ഥന കഴിയണം
എന്ന ചിന്തയാണ് മനം നിറയെ,
എന്തെന്നാൽ പ്രാർത്ഥന കഴിഞ്ഞാലേ
ചോറ് കിട്ടൂ.
പ്രാർത്ഥനയ്ക്കു ശേഷം അപ്പനും
ഞങ്ങൾ മൂന്നു മക്കളും
അകത്ത് നിരന്നിരിക്കും.
ചോറും കറിയും ചട്ടിയോടെ അമ്മ എടുത്തുകൊണ്ടുവരും.
എല്ലാവർക്കും ആദ്യം ചോറുവിളമ്പും.
അതിനു ശേഷം നല്ല ഒരു കഷണം മീൻ
അപ്പൻ്റെ പാത്രത്തിൽ വിളമ്പി കൊടുക്കും. അടുത്ത നല്ല കഷണങ്ങൾ ചേട്ടന്മാർക്ക്….
അവസാനം എനിക്ക് കിട്ടുന്നതോ…., വാൽകഷണം!
അപ്പോഴേയ്ക്കും ചോറുമായി അമ്മയും
വന്ന് ഇരുന്നിട്ടുണ്ടാകും. ഞങ്ങൾ മൂന്നു മക്കളും അമ്മയുടെ പാത്രത്തിൽ നോക്കുമ്പോൾ അതിൽ ചാറുമാത്രമേ കാണുകയുള്ളൂ.
എന്തേ അമ്മ കഷണം എടുക്കാത്തത്
എന്ന് ചോദിച്ചാൽ അമ്മ പറയും
അമ്മയ്ക്ക് മീൻ ഇഷ്ടമല്ലെന്ന്.
ചില ദിവസങ്ങളിൽ അമ്മ ഭക്ഷണം കഴിക്കില്ല. എന്തു പറ്റി എന്നു ചോദിച്ചാൽ അമ്മ പറയും; എനിക്ക് വിശപ്പില്ലെന്ന്.
പിന്നീടാണ് ഞങ്ങൾക്ക് മനസിലാകുന്നത്,
കഷണങ്ങളെല്ലാം ഞങ്ങൾക്ക് വിളമ്പി തന്നതിനാലാണ് അമ്മയ്ക്ക് മീൻ കിട്ടാത്തതെന്നും, കലത്തിൽ ചോറ് കുറയുന്ന ദിവസമാണ് അമ്മയ്ക്ക് വിശപ്പില്ലാത്തതെന്നും.
അതറിഞ്ഞ നാൾ മുതൽ
അമ്മയുടെ പാത്രത്തിലേക്ക്
ഞങ്ങളുടെ പാത്രത്തിൽ നിന്ന്
മീനും ചോറുമെല്ലാം ഇട്ടു കൊടുക്കുക പതിവായിരുന്നു. അപ്പോഴെല്ലാം അമ്മയുടെ കണ്ണുനിറയുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതിനുമുണ്ടാകും അമ്മയ്ക്കൊരു കാരണം:
‘കണ്ണിൽ കരട് പോയത്രെ!’
ഞങ്ങളുടെ ഭാവിക്കു വേണ്ടി ത്യാഗം സഹിച്ച്, വിശപ്പില്ലെന്നും മീൻ ഇഷ്ടമല്ലെന്നും
കണ്ണിൽ കരട് പോയെന്നുമൊക്കെ
എത്രയെത്ര നുണകളാണ് അമ്മ പറഞ്ഞിരിക്കുന്നത്!”
ഒരു പക്ഷേ മിക്ക അമ്മമാരും ഇങ്ങനെയൊക്കത്തന്നെയാകാം.
മക്കൾക്ക് ആ ഹൃദയം കാണണമെങ്കിൽ പിന്നേയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.
“എൻ്റെ ബാല്യത്തിൽ അപ്പൻ മരിച്ചതിനു ശേഷം, ഞങ്ങളെ വളർത്താൻ
അമ്മ സഹിച്ച കഷ്ടപ്പാടിന്
കയ്കണക്കില്ല.
ഇന്നിപ്പോൾ ഞങ്ങൾ മൂന്ന് മക്കൾക്കും പ്രധാനമായും ഒരാഗ്രഹമേയുള്ളൂ;
അമ്മയുടെ കണ്ണു നനയരുത്.”
ഈ അനുഭവം കേട്ടപ്പോൾ എൻ്റെയും
കണ്ണു നിറഞ്ഞു.
ക്രിസ്തുവിൻ്റെ അമ്മയായ മറിയവും നസറത്തിലെ തിരുകുടുംബത്തിൽ
എത്രയെത്ര ത്യാഗങ്ങൾ സഹിച്ചു കാണും?
നമുക്ക് അറിയാവുന്ന ഏഴ് വ്യാകുലങ്ങളേ അമ്മയെക്കുറിച്ച് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളൂ.
എന്നാൽ പരിശുദ്ധ അമ്മയുടെ ജീവിതത്തിലെന്നല്ല എല്ലാ അമ്മമാരുടെ ജീവിതങ്ങളിലെയും വ്യാകുലങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ആർക്ക് കഴിയും?
” അമ്മയെ സ്നേഹിച്ചും ‘അമ്മേ’
എന്ന് വിളിച്ചും കൊതിതീരാത്ത ഒരു കുഞ്ഞ് നമ്മുടെയൊക്കെ ഉള്ളിലുണ്ട് ”
എന്ന് എഴുതിയത്
വിജയ്.പി. ജോയ് ആണ് (അമ്മ മാസിക).
അതു കൊണ്ടാകാം എന്തെങ്കിലും
അപകടവും വേദനയുമൊക്കെ
വരുമ്പോൾ നമ്മൾ അറിയാതെ
‘അമ്മേ..’ എന്ന് വിളിച്ചു പോകുന്നത്.
അടുക്കളയിൽ അമ്മയുടെ
കരങ്ങളിലൂടെയാണ് ദൈവം
ഇന്നും അപ്പം വർദ്ധിപ്പിക്കുന്നതെന്ന
വിശുദ്ധ അഗസ്തിൻ്റെ വാക്കുകൾ
എത്രയോ അർത്ഥവത്താണ്.
ഫരിസേയരെ നോക്കിയാണ് ക്രിസ്തു
‘കാപട്യം നിറഞ്ഞവരേ നിങ്ങൾക്കു ദുരിതം’ എന്ന് വിളിച്ചു പറഞ്ഞത് (Ref മത്താ 23:29).
ആരറിഞ്ഞു, വ്യക്തി ബന്ധങ്ങളിൽ ആത്മാർത്ഥത നഷ്ടപ്പെടുമ്പോഴും
വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തമില്ലാത്തപ്പോഴും നമ്മെ നോക്കിയും അവൻ അങ്ങനെ വിളിക്കില്ലെന്ന്?
1846 സെപ്തംബർ 19 ന്
ലാസലെറ്റിലെ കുന്നിൻ മുകളിൽ
പരിശുദ്ധ കന്യകാ മാതാവ്
നിറകണ്ണുകളോടെ പ്രത്യക്ഷം നൽകി.
അതിൻ്റെ ഓർമയാചരിക്കുവാൻ
ഇനി 5 ദിനങ്ങൾ മാത്രം.
ഈ ലോകത്തെ നോക്കി കരഞ്ഞുകൊണ്ട് അമ്മ നൽകിയ സന്ദേശം ഇങ്ങനെയാണ്:
” മക്കളേ… നിങ്ങൾ മാനസാന്തരപ്പെടൂ. മാനസാന്തരപ്പെട്ടാൽ സമൃദ്ധി താനേ ഉണ്ടാകും.”
കാപട്യത്തിൻ്റെ മുഖം മൂടി മാറ്റി
അനുതാപത്തിൻ്റെ വെളിച്ചത്തിലേക്ക്
നടക്കുവാൻ അമ്മേ മാതാവേ
ഞങ്ങളെ സഹായിക്കണേ….
വ്യാകുലമാതാവിൻ്റെ
തിരുനാൾ മംഗളങ്ങൾ