അമ്മയുടെ അരികിൽ സ്നേഹപൂർവ്വം
അവൾ ഓടിയടുത്തു:
“അമ്മേ, ഞാനിന്ന് എന്താണ് പ്രാർത്ഥിച്ചതെന്നറിയാമോ?
”പറയൂ മോളേ…”
“അമ്മ മരിക്കാൻ വേണ്ടി!”
“നീ എന്താണീ പറയുന്നത്,
അങ്ങനെയൊക്കെ പ്രാർത്ഥിക്കാമോ?”
അമ്മയുടെ ചോദ്യത്തിന്
ചിണുങ്ങി കൊണ്ട് അവൾ ഉത്തരം നൽകി:
”അമ്മയല്ലേ എന്നോട് പറഞ്ഞത്
മരിച്ചാൽ മാത്രമേ സ്വർഗ്ഗത്തിൽ
പോകാൻ കഴിയൂ എന്ന്? ”
കുഞ്ഞിൻ്റെ നിഷ്കളങ്കമായ മറുപടിയിൽ
അമ്മ നിശബ്ദയായി.
ഈ കുഞ്ഞ് നിങ്ങൾക്ക് സുപരിചിതയാണ്, വി.കൊച്ചുത്രേസ്യ.
“ഈശോയുടെ കരങ്ങളിലെ പന്താണ് ഞാൻ.
അവൻ ചിലപ്പോൾ
എടുത്ത് ചുംബിക്കും,
ദൂരേയ്ക്ക് വലിച്ചെറിയും
തൊഴിക്കും കുത്തിപ്പൊട്ടിക്കും…. ”
എന്നെല്ലാം പറഞ്ഞ കൊച്ചുത്രേസ്യായുടെ ജീവിതം എത്ര മധുരതരമായിരുന്നു.
“….ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല”
(മത്തായി 18 :3) എന്ന ക്രിസ്തുവചനം പൂർണ്ണമായും നിറവേറ്റപ്പെട്ട
ജീവിതമായിരുന്നു അവളുടേത്.
ഇതെഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കുമെല്ലാം ഒരിക്കലും
തിരിച്ചു ലഭിക്കാത്ത ബാല്യം ഉണ്ടാകും.
അത് യാഥാർത്ഥ്യമെന്നിരിക്കെ
കുഞ്ഞുനാളിലെ ചില പുണ്യങ്ങൾ അഭ്യസിക്കാൻ പരിശ്രമിച്ചാലോ?
അതിനായി കുട്ടികളുടെ ചില
സവിശേഷതകൾ ശ്രദ്ധിക്കാം:
* കുട്ടികൾക്ക് സന്തോഷിക്കാൻ പ്രത്യേകിച്ച് കാരണം വേണ്ട. എന്നാൽ നമുക്കോ?
* കഴിഞ്ഞകാലത്തെ പല നൊമ്പരങ്ങളും അവർക്ക് മറക്കാനും പൊറുക്കാനും കഴിയുന്നു. പെട്ടെന്ന് പിണങ്ങുന്ന അവർ അതിവേഗം ഇണങ്ങും. പകയും വൈരാഗ്യവും മനസിൽ വെച്ച് ദിവസങ്ങളോളം മിണ്ടാതെ നടക്കുന്ന രീതി അവർക്കില്ല.
*കുട്ടികൾ വളരെ ആക്ടീവ് ആയിരിക്കും. എപ്പോഴും എന്തെങ്കിലും ചെയ്യുന്നതിൽ തത്പരരായിരിക്കും.
* നിഷ്കളങ്കമായി അവർ പ്രാർത്ഥിക്കുകയും ദൈവത്തിൽ ഉറച്ച് വിശ്വസിക്കുകയും ചെയ്യും.
* മാതാപിതാക്കളോട് സ്നേഹവും ആദരവും ഭയവും കാത്തു സൂക്ഷിക്കും.
ഈ ഗുണങ്ങളുടെയെല്ലാം
വിളനിലമായിരുന്ന വി. കൊച്ചുത്രേസ്യ
തന്റെ പിതാവിനെ
‘ഏറ്റവും നല്ല പിതാവെന്നും’
മാതാവിനെ
‘വിശിഷ്ട മാതാവെന്നുമാണ് ‘ വിശേഷിപ്പിച്ചിരുന്നത്.
അവൾ അപ്പച്ചനോട് പലപ്പോഴും പറയുമായിരുന്നു:
”ഞാൻ എന്നും അപ്പച്ചന്റെ റാണിയായിരിക്കും. ഒരു വലിയ വിശുദ്ധയായിക്കൊണ്ട് അപ്പച്ചനെ ഞാൻ മഹത്വപ്പെടുത്തും.”
ദൈവത്തിനായി ദൈവം തന്നെ തിരഞ്ഞെടുത്ത് വിശുദ്ധിയിൽ മാറ്റിനിർത്തിയതാണ് തന്റെ കുടുംബം എന്ന ബോധ്യം ചെറുപുഷ്പത്തിനുണ്ടായിരുന്നു…
അതെ;
വി.കൊച്ചുത്രേസ്യായിൽ നിന്നും പഠിക്കേണ്ട
ഒരു പാട് പാഠങ്ങളുണ്ട്. അവ നമ്മുടെ കുടുംബങ്ങൾക്ക് എക്കാലവും പ്രകാശധാരയായി മാറട്ടെ!
വി.കൊച്ചുത്രേസ്യായുടെ
തിരുനാൾ മംഗളങ്ങൾ!