അമേരിക്കയിൽ കൺവൻഷന് പോയ ആലഞ്ചേരി പിതാവിന്റെ താമസ സ്ഥലത്തെ പോലും വിവാദമാക്കുന്ന വിവാദമാക്കുന്നവരോട് രണ്ടു വാക്ക്
ബാബു കെ തോമസ്
കർദിനാൾ എന്നല്ല ഏത് ബിഷപ്പ് വന്നാലും (ഒരു സാദാ ഗസ്റ്റ് വന്നാൽ പോലും ) അതിന്റെ സംഘാടകർ ആണ് തീരുമാനിക്കുന്നത്, ഓരോരുത്തരും എവിടെയാണ് താമസിക്കുന്നത് എന്ന്. ഒരുപാട് ഗസ്റ്റുകൾ ഉണ്ടെങ്കിൽ ചിലപ്പോൾ പള്ളി മേടകളോ രൂപത ആസ്ഥാനങ്ങളോ മതിയാവുകയില്ല. അപ്പോൾ ഹോട്ടലുകൾ അല്ലാതെ മറ്റൊരു മാർഗവും ഇല്ല. റോഡിൽ കൊണ്ട് കിടത്താൻ പറ്റില്ലല്ലോ.
ഈ അടുത്ത കാലത്ത് ഉണ്ടായ വ്യക്തിപരമായ ഒരു അനുഭവം പറയാം.
മാർപാപ്പ തിരുമേനിയുടെ യു എ ഇ സന്ദർശനത്തോട് അനുബന്ധിച്ച് കേരളത്തിലെ രണ്ടു കർദ്ധിനാളുമാരും യു എ ഇ യിൽ വന്നിരുന്നു. ക്ളീമിസ് പിതാവ് യു എ ഇ യുടെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് വന്നത്. അവർ മാർപാപ്പ തിരുമേനി താമസിച്ചതിന് തൊട്ടടുത്തുള്ള കലിദിയ പാലസ് ഹോട്ടലിൽ ആണ് ബാവ തിരുമേനിയെ താമസിച്ചത് . എയർ പോർട്ടിൽ നിന്നും BMW കാറിൽ ആണ് ബാവ തിരുമേനിയെ കൊണ്ടുപോയത് . ബാവ തിരുമേനിക്ക് കിട്ടിയ അംഗീകാരം എനിക്കൂടെ കിട്ടിയ ഒരു അംഗീകാരം പോലെയാണ് ഒരു മലങ്കരക്കാരൻ എന്ന നിലയിൽ എനിക്ക് ഫീൽ ചെയ്തത്.
യു എ ഇ ഗവണ്മെന്റ് ഔദ്യോഗികമായി ആലഞ്ചേരി പിതാവിനെ ക്ഷണിച്ചിരുന്നു എങ്കിലും പിതാവിന് ആദ്യ ദിവസം വരാൻ പറ്റാഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു, ആലഞ്ചേരി പിതാവ് സ്വകാര്യ സന്ദർശനം ആണ് നടത്തിയത്. യു എ ഇ യിലുള്ള ആരോ ഒരു ഹോട്ടൽ റൂം അറേഞ്ച് ചെയ്ത് കൊടുത്തു.
ഞാനും കുടുംബവും മാർപാപ്പ തിരുമേനിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ എത്തിയ പ്രശസ്തനായ ഒരു പത്ര പ്രവർത്തകനോടൊപ്പം ഈ രണ്ടു പിതാക്കന്മാരെയും അവർ താമസിച്ച സ്ഥലത്ത് പോയി കണ്ടിരുന്നു.
ആലഞ്ചേരി പിതാവിനെ കണ്ടപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ സങ്കടം തോന്നി. നിന്ന് തിരിയാൻ ഇടം ഇല്ലാത്ത, ഒരു ഗസ്റ്റ് വന്നാൽ ഇരുത്തി കാര്യം പറയാൻ സ്ഥലം ഇല്ലാത്ത ഒരു ലോക്കൽ ഹോട്ടൽ മുറി. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പത്ര പ്രവർത്തകന് അദ്ദേഹത്തിന്റെ സ്ഥാപനം നൽകിയ ഹോട്ടൽ മുറി ആലഞ്ചേരി പിതാവ് താമസിച്ച മുറിയെക്കാൾ നല്ലതായിരുന്നു. ഞാനും കുടുംബവും പിതാവിനെ കണ്ടിട്ട് പുറത്തിറങ്ങിയപ്പോൾ പറഞ്ഞു, “എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇതിലും നല്ല ഒരു താമസ സൗകര്യം ഞാൻ പിതാവിന് ക്രമീകരിച്ച് കൊടുക്കുമായിരുന്നു.” പക്ഷെ ആലഞ്ചേരി പിതാവ് ആ സൗകര്യത്തിൽ തൃപ്തൻ ആയിരുന്നു. രണ്ടു ദിവസത്തേക്ക് താമസിക്കാൻ ഇത് തന്നെ ധാരാളം എന്നൊരു നിലപാടിൽ ആയിരുന്നു അദ്ദേഹം.
പറഞ്ഞുവന്നത് ഇതാണ്, പലപ്പോഴും വരുന്നവർ അറിയാറുപോലും ഇല്ല അവർക്ക് താമസ സൗകര്യം എവിടെയാണ് ഒരുക്കുന്നത് എന്ന്. സംഘാടകർ പറയുന്നു, പിതാവിന് ഇവിടെയാണ് താമസ സൗകര്യം. പിതാവ് അവിടെ താമസിക്കുന്നു . ഇതാണ് ഭക്ഷണം. അത് കഴിക്കുന്നു . അത്ര തന്നെ.
ഈ അടുത്ത ഇടക്ക് സീറോ മലബാർ സഭയിലെ ഏതോ ഒരു പിതാവിനെ (പിതാവിന്റെ പേര് അറിയില്ല , ക്ഷമി ) ഏതോ ഒരു വീട്ടിൽ ഭക്ഷണം കഴിക്കാൻ വിളിച്ചോണ്ട് പോയി. ഒരു പിതാവോ ഒരു അച്ചനോ അല്ലങ്കിൽ ഒരു സാദാ ഗസ്റ്റോ ഒക്കെ വരുമ്പോൾ മാന്യന്മാരായിട്ടുള്ള ആളുകൾ ചെയ്യുന്നത് പോലെ നല്ല ഭക്ഷണം ഉണ്ടാക്കി അതൊക്കെ നന്നായി ഡൈനിങ് ടേബിളിൽ ഒരുക്കി വെച്ചു . വീട്ടുകാർ അവരുടെ ഒരു സന്തോഷം കൊണ്ട് കുറെ ഫോട്ടോ എടുത്ത് fb യിൽ ഇട്ടു. പിതാവ് എന്തൊക്കെ കഴിച്ചു എന്നറിയില്ല. പക്ഷേ അതിലൊരു ഫോട്ടോ, പിതാവ് എന്തോ കഴിക്കുന്നതും ചുറ്റും മറ്റ് ഭക്ഷണ സാധനങ്ങൾ ഇരിക്കുന്നതുമായ ഒരു ഫോട്ടോ , എടുത്ത് ഒരു അൽപൻ ഫേസ് ബുക്കിൽ ഇട്ടിട്ട് ഒരു തലക്കെട്ടും, “പാവങ്ങളുടെ അധ്വാനം വെട്ടി വിഴുങ്ങുന്ന ബിഷപ്പ് “. വാട്സാപ്പിൽ കറങ്ങി തിരിഞ്ഞ് ആ ഫോട്ടോ ഈ ഉള്ളവനും കിട്ടി. ഒരു ബിഷപ്പിനെ വീട്ടിൽ വിളിച്ച് അൽപം ഭക്ഷണം കൊടുത്ത ഫോട്ടോ എടുത്ത് ഇങ്ങനെ കാണിക്കുന്ന നീയൊക്കെ എത്ര അല്പനാടോ എന്ന് അറിയാതെ ചോദിച്ചുപോയി.
നമ്മുടെ ഗസ്റ്റിനെ എവിടെ താമസിപ്പിക്കണം, റോഡിൽ കിടത്തണോ ഹിൽട്ടണിൽ താമസിപ്പിക്കണോ എന്നതൊക്കെ നമ്മുടെ കുടുംബ മഹിമയും സംസ്കാരവും അനുസരിച്ച് ഇരിക്കും. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുടുംബത്തിൽ പിറക്കുക എന്ന് പറയുന്നത് എല്ലാവര്ക്കും പറഞ്ഞിട്ടില്ലലോ സഹോ.
ഇതൊക്കെ വായിക്കുന്ന അച്ചന്മാരോടും പിതാക്കന്മാരോടും ഒരു വാക്ക് . നിവർത്തിയുണ്ടെങ്കിൽ ഇതുപോലുള്ളവരുടെ കൈയിൽ നിന്നൊന്നും ഒരു ഗ്ലാസ് വെള്ളം പോലും വാങ്ങി കുടിച്ചേക്കരുത്. ബാക്കിയുള്ളവർക്കും കൂടി നാണക്കേട് ഉണ്ടാകും.