വത്തിക്കാന്‍ സിറ്റി: ഓക്സിജന്റെ കലവറയും ഭൂമിയുടെ ശ്വാസകോശമെന്നു വിശേഷണവുമുള്ള ആമസോണ്‍ മഴക്കാടുകള്‍ കത്തി നശിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ ത്രികാല ജപത്തിനുശേഷം നല്കിയ സന്ദേശത്തിലാണ് പാപ്പ ഇതിനെ പറ്റി സൂചിപ്പിച്ചത്. നമ്മുടെ ഗ്രഹത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ഈ മഴക്കാടുകളിലെ അഗ്നി എത്രയും വേഗം അണയ്ക്കേണ്ടതുണ്ടെന്നും ഇതിനായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആമസോണ്‍ മഴക്കാടുകളുടെ അറുപത് ശതമാനം ബ്രസീലിലാണ്. ലോകത്തെ ഓക്സിജന്റെ ഇരുപതു ശതമാനം ഉത്പാദിപ്പിക്കപ്പെടുന്നത് ആമസോണിലായതിനാലാണ് ഭൂമിയുടെ ശ്വാസകോശമെന്ന് ആമസോണിനെ വിളിക്കുന്നത്. അഗ്നിബാധ ശക്തമായി ബാധിച്ച വനത്തിലെ തീ അണയ്ക്കാന്ബ്രസീല് ഭരണകൂടം സൈന്യത്തെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ്. ആറു സംസ്ഥാനങ്ങളിലായി 44,000 സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്.