”ഒരു അധ്യാപകന് ചേരുന്ന കാര്യമാണോ അദ്ദേഹം ചെയ്യുന്നത്? പ്രായമായവരെയും കൊണ്ടാണോ പഠിപ്പിക്കുവാൻ സ്കൂളിൽ വരുന്നത്! ഞാൻ ഏതായാലും കുട്ടിയെ മറ്റൊരു സ്കൂളിൽ ചേർക്കുവാൻ തീരുമാനിച്ചുകഴിഞ്ഞു.”
”അതെയതെ ഞങ്ങളുടെയും തീരുമാനം അതുതന്നെയാണ്.”
അധ്യാപകനും അമ്മയും (Teacher and Mother)എന്ന ഹൃദയസ്പർശിയായ തായ് ഹ്രസ്വ ചിത്രം ആരംഭിക്കുകയാണിവിടെ. ഒരുപാട് മാതാപിതാക്കൾ തങ്ങളുടെ മക്കളെ കുറിച്ച് ആകുലപ്പെടുകയാണ്. അൽസ്‌ഹൈമേഴ്‌സ് രോഗം ബാധിച്ച സ്വന്തം അമ്മയെയും കൊണ്ട് ക്ലാസിൽ പോയി പഠിപ്പിക്കുന്ന പ്രജക് എന്ന അധ്യാപകനെക്കുറിച്ചാണ് അവർക്കൊക്കെ പരാതി.
ക്ലാസ് മുറിയിലെ ഒരു അംഗമാണ് പ്രജക്കിന്റെ അമ്മ. ഏറ്റവും പിന്നിൽ ഒരു കസേരയിൽ ചിലപ്പോൾ ഉറങ്ങുകയും മറ്റു ചിലപ്പോൾ ചിന്തകളിലാഴ്ന്നിരിക്കുകയും ചെയ്യുന്ന അധ്യാപകന്റെ അമ്മ, കുട്ടികൾക്ക് ‘മുത്തശ്ശിയാണ്’. തങ്ങളുടെ സ്വന്തമെന്നപോലെ അവരും അവരുടെ മുത്തശ്ശിയെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ കൂടെ ഉച്ചഭക്ഷണത്തിനിരിക്കുമ്പോള് സ്വന്തം അമ്മയെയും കൂടെയിരുത്തി ഭക്ഷണം വായിൽ വെച്ച് കൊടുത്ത് കഴിപ്പിക്കുന്ന ആ അധ്യാപകനെ കുട്ടികൾ സസൂക്ഷമം നിരീക്ഷിക്കുന്നുണ്ട്.
ക്ലാസ് കഴിഞ്ഞ് ഹെഡ്മാസ്റ്റർ അദ്ദേഹത്തെ തന്റെ ഓഫീസ്‌ലേയ്ക്ക് വിളിക്കുകയാണ്. വരാന്തയിലെ കസേരയിൽ അമ്മയെ
ഇരുത്തിയിട്ട് അദ്ദേഹം ഹെഡ്മാസ്റ്ററുടെ മുറിയിൽ അദ്ദേഹത്തിനഭിമുഖമായിരിക്കുകയാണ്. അദ്ദേഹം സംസാരിക്കുവാനാരംഭിച്ചു : ” ഒരുപാട് മാതാപിതാക്കൾ തന്ന പരാതിയിൻമേലാണ് ഇത് സൂചിപ്പിക്കുന്നത്, അമ്മയെ ശുശ്രൂഷിക്കുവാൻ മറ്റൊരാളെ കണ്ടെത്തുന്നതല്ലേ ഉചിതം, ഞാൻ അതിനായി നിങ്ങളെ സഹായിക്കാം.”
ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു മറുപടിയാണ് ആ അധ്യാപകൻ അപ്പോൾ നൽകുന്നത്. ”നന്ദി സർ , പക്ഷെ അവർ എന്റെ അമ്മയാണ് . അവരെ ശുശ്രൂഷിക്കുവാൻ എനിക്ക് മറ്റാരെയും ഏൽപ്പിക്കുവാൻ സാധിക്കില്ല. കാരണം എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രമേ ഉള്ളു.”
ഇത്രയും പറഞ്ഞിട്ട് അദ്ദേഹം പുറത്തിരിക്കുന്ന അമ്മയെ നോക്കുകയാണ്.എന്നാൽ അവർ അവിടെ ഉണ്ടായിരുന്നില്ല. ഹെഡ്മാസ്റ്ററോട് അനുവാദം ചോദിച്ചു പ്രജക്ക് പരിഭ്രാന്തനായി പുറത്തേക്കിറങ്ങുകയാണ്. അമ്മയുടെ ബുദ്ധിയിലും ശരീരത്തിലും മറവി മാത്രമാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ എങ്ങോട്ടുപോകുമെന്നോ എന്ത് ചെയ്യുമെന്നോ ചിന്തിക്കുവാൻ സാധിക്കില്ല. അമ്മേയെന്നു വിളിച്ചുകൊണ്ട് അദ്ദേഹം സ്കൂൾ ഗ്രൗണ്ടിൽ അവരെ അന്വേഷിക്കുന്നുണ്ട്. ഇതിനിടയിൽ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ചിലർ വീടുകളിലെയ്ക്ക് പോകുവാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുളൂ. അവർ ഇത് കേട്ട് തങ്ങളുടെ മാതാപിതാക്കളോട് അനുവാദം പോലും ചോദിക്കാതെ ഓരോ ക്ലാസ് മുറികളിലും കയറി തങ്ങളുടെ മുത്തശ്ശി അവിടെയുണ്ടോ എന്ന് അന്വേഷിക്കുന്നത് നമുക്ക് കാണാം. ആ അമ്മയുടെ സ്വന്തം മകന്റെ മുഖത്തുണ്ടായിരുന്ന അതേ പരിഭ്രമത്തിന്റെ തുണ്ടുകൾ ആ കുഞ്ഞുങ്ങളുടെ കണ്ണുകളിലും കാണുവാൻ സാധിക്കും. നിരാശരായി മാതാപിതാക്കളുടെ നിബന്ധത്തിനു വഴങ്ങികൊണ്ട് അവർ വീടുകളിലേക്ക് പോവുകയാണ്.
ഇവിടെ പ്രജക് എന്ന അദ്ധ്യാപകൻ തന്റെ അമ്മയെ വളരെ കരുതലോടെ താൻ പോകുന്നയിടങ്ങളിലെല്ലാം കൊണ്ട് നടന്നുകൊണ്ട് സൂക്ഷിക്കുകയാണ്;ഒരു നിധിയെന്നപോലെ. മറവി രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുക വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. പക്ഷെ ഒരു മകൻ എന്ന നിലയിലുള്ള തന്റെ കർത്തവ്യം അദ്ദേഹമിവിടെ പൂർണ്ണമായും സന്തോഷത്തോടുകൂടി നിർവഹിക്കുകയാണ്. കാരണം അദ്ദേഹത്തെ
ഇവിടം വരെ എത്തിച്ച അമ്മയെ മറ്റൊരാളെ ഏൽപ്പിക്കുവാൻ മനസ്സുവരുന്നില്ല. തനിക്കെതിരെ വലിയ പരാതികളുയർന്നിട്ടുപോലും അദ്ദേഹം തന്റെ അമ്മയെ മറ്റൊരാളെ ഏൽപ്പിക്കുവാൻ തയ്യാറാകുന്നില്ലെന്നുള്ളതാണ് സത്യം. അതുപോലെതന്നെ
ആ കുരുന്നുകൾ, തങ്ങളുടെ കൂടെയുള്ള ഒരാളെ കാണാതെ പോയതിലുള്ള എല്ലാ വിഭ്രമങ്ങളും അവർക്കുമുണ്ടാവാക്കുകയാണ്. കാരണം തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്റെ ,അതിനേക്കാൾ പ്രിയപ്പെട്ട അമ്മയായെയാണ് കാണാതെ പോയിരിക്കുന്നത്. സ്കൂൾ വിട്ടു പോകുന്നതിനിടയിൽ ഏകദേശം പത്ത് വയസ്സുമാത്രം പ്രായമുള്ള കുട്ടികൾ വളരെ കരുതലോടുകൂടി തങ്ങളുടെ മാതാപിതാക്കളോട് സംസാരിക്കുന്നത് പ്രേക്ഷക ഹൃദയങ്ങളിൽ ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും കനൽക്കട്ടകൾ സൃഷിക്കുമെന്നതിൽ സംശയമില്ല.ഇതൊന്നുമറിയാതെ വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ തന്റെ അമ്മയോട് ‘വലുതാകുമ്പോൾ ഞാൻ തനിയെ ഡ്രൈവ് ചെയ്ത് അമ്മയെ എല്ലായിടത്തും കൊണ്ടുപോകും’ എന്നൊക്കെ പറഞ്ഞുകൊണ്ട് സ്നേഹത്തോടെ അമ്മയെ നോക്കുന്ന കുട്ടി ആ അധ്യാപകൻ പകർന്നു നൽകിയ വലിയ മൂല്യത്തിന്റെ സൂക്ഷിപ്പുകാരനാണ്. അതുപോലെതന്നെ മറ്റുകുട്ടികളുടെ പ്രതിനിധിയും കൂടിയാണ്. പോകുന്ന വഴിയിൽ പെട്ടന്ന് ഒരു സ്ത്രീയെക്കണ്ട കുട്ടി അമ്മയോട് കാർ നിർത്തുവാൻ ആവശ്യപ്പെടുകയാണ്. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അവർ വാഹനം നിർത്തി. പെട്ടന്നുതന്നെ കുട്ടി അതിൽനിന്നും ചാടിയിറങ്ങുകയാണ്. അവൻ ഓടി ആ സ്ത്രീയുടെ അടുക്കലെത്തുകയാണ്. ‘മുത്തശ്ശി എങ്ങോട്ടാണ് പോകുന്നതെന്ന്’ ചോദിച്ചപ്പോളേയ്ക്കും അവർക്കു പിന്നാലെ ഓടി ക്ഷീണിതനായി ,വിഷമിച്ചു വന്നടുക്കുന്ന അവരുടെ അധ്യാപകനെ ആ വിദ്യാർത്ഥിയും അവന്റെ അമ്മയുംഅത്ഭുതത്തോടെ നോക്കിനിൽക്കുകയാണ്. സ്വന്തം അമ്മയെ അന്വേഷിച്ചു അത്രയും ദൂരത്തിൽ ഓടി വന്ന ആ മകന്റെ സ്നേഹം നമുക്കൊരിക്കലും കണ്ടില്ലെന്നു നടിക്കുവാൻ സാധിക്കില്ല.
പിറ്റെദിവസം സ്കൂൾ ഹെഡ്മാസ്റ്റർ മാതാപിതാക്കളുടെ ഒരു മീറ്റിംഗ് വിളിക്കുകയാണ്. അവിടെ അദ്ദേഹം ഒരു ലഘു പ്രഭാഷണം നടത്തുകയാണ്. ‘ മറ്റു സ്കൂളുകളിൽ വലിയ ശമ്പളത്തിന് ജോലി കിട്ടിയിട്ടുപോലും അദ്ദേഹം വേണ്ടെന്നു വെച്ച സ്വന്തം നാട്ടിൽ തന്നെ നില്കുന്നത് ,അൽസ്‌ഹൈമേഴ്‌സ് (Alzhalemer’s) രോഗം ബാധിച്ച അദ്ദേഹത്തിന്റെ അമ്മയെ ശുശ്രൂഷിക്കുവാനായിട്ടാണ്. നിങ്ങളിൽ ഒരുപാടാളുകൾ ഇവിടെ വന്നു എന്നോട് അദ്ദേഹത്തെ കുറിച്ച് തന്ന പരാതിയിൻമേലാണ് ഈ മീറ്റിംഗ് ഇന്നിവിടെ കൂടിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അധ്യാപകൻ എന്നോട് പറഞ്ഞത് ഇപ്രകാരമാണ് : “എന്റെ ‘അമ്മ എന്റേത് മാത്രമാണ്, നാം സ്നേഹിക്കുന്നവരെ ശുശ്രൂഷിക്കേണ്ട കടമ നമുക്കുണ്ട്” എന്ന്. ആയതിനാൽ പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങളിലാർക്കെങ്കിലും ഈ അധ്യാപകൻ ഇവിടെ പഠിപ്പിക്കുന്നതിൽ വിരോധമുണ്ടെങ്കിൽ ഞാൻ തരുന്ന പേപ്പറിൽ പേരെഴുതി ചേർക്കാവുന്നതാണ്.’ എത്രയും പറഞ്ഞു കഴിഞ്ഞപ്പോളേക്കും അവിടെ കൂടിയിരുന്ന മാതാപിതാക്കൾക്കോരരുത്തർക്കും പലപ്പോളായി തങ്ങളുടെ മക്കൾ കാണിച്ചിരുന്ന സ്നേഹവും കരുതലുകളും എവിടെനിന്നാണ് ലഭിച്ചതെന്ന വലിയ തിരിച്ചറിവ് ഉണ്ടാവുകയാണ്. സിനിമ അവസാനിക്കുകയാണ്. ഇവിടെ അധ്യാപകനെന്ന ആ വലിയ ഉത്തരവാദിത്വം പാഠപുസ്തകങ്ങലിലുള്ളതിനെക്കാൾ കൂടുതൽ മഹത്തരമായി ജീവിതത്തിലാണ് പഠിച്ചുവെയ്ക്കേണ്ടതെന്ന സന്ദേശം നൽകുകയാണ്. യഥാർത്ഥ വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം വെറും പുസ്തകങ്ങളിൽ മാത്രമൊതുങ്ങുന്നതല്ലെന്ന തിരിച്ചറിവാണ് ഓരോ അധ്യാപകനും വിദ്യാർത്ഥികൾക്കും ഉണ്ടാകേണ്ടത്. കാരണം തങ്ങൾ നിറവേറ്റേണ്ട ചില ഉത്തരവാദിത്വങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും എന്നാണോ വിദ്യാർത്ഥികൾക്ക് ബോധ്യമുണ്ടാകുന്നത് അന്നാണ് അധ്യാപകൻ വിജയിക്കുന്നത്. വിദൂരങ്ങളിൽ ആയിരിക്കുന്ന നക്ഷത്രങ്ങളെ എന്നി തിട്ടപ്പെടുത്തുന്നതല്ല യഥാർത്ഥ വിദ്യാഭ്യാസമെന്നു മനസ്സിലാക്കുന്ന അധ്യാപകരാണ് എക്കാലവും വിദ്യാർത്ഥി മനസ്സിൽ ചിരപ്രതിഷ്ഠ നേടുന്നത്.
ആരാണ് നല്ല അധ്യാപകൻ *?*
വില്യം ബാർക്ലെ വൃദ്ധനായ ഒരു അധ്യാപകന്റെ കഥ പറയുന്നുണ്ട്. ഓരോ ദിവസവും ക്ലാസ് തുടങ്ങുന്നതിനു മുൻപ് തന്റെ വിദ്യാർത്ഥികളെ തലകുനിച്ചു വണങ്ങുന്ന ഒരധ്യാപകൻ. മറ്റൊരാൾ ഇത് കാണാനിടയായി. എന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് അന്വേഷിച്ചപ്പോൾ , ‘മുന്പിലിരിക്കുന്ന കുട്ടികൾ ഭാവിയിൽ ആരാകുമെന്നു നമുക്ക് പ്രവചിക്കുവാൻ സാധിക്കില്ലല്ലോ. അതിനാൽ തന്നെ അവരുടെ ഉള്ളിലെ അനന്യസാധാരണമായ കഴിവുകളെയാണ് ഞാൻ വണങ്ങുന്നത്’ എന്നായിരുന്നു മറുപടി. ഈ ഒരു വലിയ തിരിച്ചറിവ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. കാരണം മുന്പിലിരിക്കുന്നവർ നാളെ തങ്ങളേക്കാൾ മികച്ചവരാകണമെന്നുള്ള ആഗ്രഹം അധ്യാപകനുണ്ട്ങ്കിൽ തീർച്ചയായും അവർ അങ്ങനെ ആകുക തന്നെ ചെയ്യും.മനുഷ്യ ചരിത്രത്തിന്റെ നാഴികക്കല്ലുകളായി മാറിയ നൂറുകണക്കിന് മെഷീനുകൾ കണ്ടുപിടിച്ച തോമസ് അൽവാഎഡിസണും , വിഖ്യാത ബോക്സിങ് ചാമ്പ്യൻ മുഹമ്മദ് അലിയും അമേരിക്കൻ ഐക്യ നാടുകളുടെ എക്കാലത്തെയും ദീർഘ വീക്ഷണമുള്ള പ്രസിഡന്റ് ആയിരുന്ന എബ്രഹാം ലിംഗണും ജീവന്റെ നിലനില്പിനാധാരമായ ഡി എൻ എ യുടെ ഘടന കണ്ടതിൽ ഡോ.ജെയിംസ് വാട്സണും എല്ലാം ഏറ്റവും സാധാരണമായ ബുദ്ധി ശക്തി മാത്രം ഉണ്ടായിരുന്ന വ്യക്തിത്വങ്ങളാണ്. തീർച്ചയായും ഇവരൊക്കെ വളരെ നല്ല അധ്യാപകരുടെ കൈകളിലൂടെ മെനഞ്ഞെടുക്കപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ അധ്യാപനമെന്ന ആ വലിയ ഉത്തരവാദിത്വത്തെ ഒരു തൊഴിൽ എന്നതിലുപരി ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റപ്പെടണം. എങ്കിൽ മാത്രമേ നാളെകളിലെ പ്രതിഭകളെ ഇന്നേ ഒരുക്കിയെടുക്കുവാൻ സാധിക്കുകയുള്ളു. ഹൃദയം കൊണ്ട് ചൊല്ലിക്കൊടുത്തതെല്ലാം അപ്പോൾ അവർക്ക് ഗ്രഹിച്ചെടുക്കുവാൻ സാധിക്കുന്നില്ലെങ്കിൽപോലും പിന്നീട് ജീവിതത്തിൽ പലതും നേരിടേണ്ടി വരുമ്പോൾ ഓർത്തെടുക്കുന്ന അന്നത്തെ ആ പാഠങ്ങളിലൂടെ ആയിരിക്കും അന്നത്തെ അധ്യാപകൻ ജീവിക്കുന്നത്. സ്മരിക്കപ്പെടുന്നത്. അതിനായി അധ്യാപകർ ചെയ്യേണ്ടുന്നത് തങ്ങളുടെ വിദ്യാർത്ഥികൾക്ക് ഒരു കാലിഡോസ്കോപ്പായി വർത്തിക്കുക എന്നുള്ളതാണ്. പല വീക്ഷണ കോണുകളിലും വ്യത്യസ്തമാർന്ന കാഴ്ചകൾ മുന്പിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് കാണിച്ചുകൊടുക്കുവാൻ സന്നദ്ധതയുള്ള ഒരു കാലിഡോസ്കോപ്പ്. അപ്പോൾ മാത്രമേ പഠനം ഒരു നവ്യാനുഭവമാവുകയുള്ളു.
ഗുരുവെന്ന തിരിച്ചറിവ്
അറിവിന്റെയും ജ്ഞാനത്തിന്റെയും വ്യത്യാസമെന്തെന്നു വിവേചിച്ചറിയേണ്ടവനാണ് വിദ്യാർത്ഥി. അറിവ് എന്ന പദത്തിന് ഭാഷാ നിഘണ്ടു നൽകുന്ന വിവരണം ഏതെങ്കിലും ഒരു സാധനത്തിനെയോ വസ്തുവിന്റെയോ കുറിച്ച് ബുദ്ധിയിലുള്ള പരിചയം എന്നാണു. ജ്ഞാനത്തിൻറെ അർത്ഥമാകട്ടെ, അറിവുകൊണ്ട് പൂർണ്ണമാകുന്ന അവസ്ഥ അല്ലെങ്കിൽ ഭാവം എന്നും. അതുകൊണ്ട് കേവലം അറിവിന് വേണ്ടി മാത്രമായിരിക്കരുത് ഗുരുവിനെ സമീപിക്കേണ്ടത് , മറിച്ച് നിറവുള്ള ജ്ഞാനത്തിനു വേണ്ടിയായിരിക്കണം. എങ്കിൽ മാത്രമേ കാഴ്ചകൾ മറയുമ്പോൾ ഉള്ളിലുള്ള ജ്ഞാനത്തിനെ പുറത്തെടുക്കേണ്ടത്. അതിനു സാധ്യമാകുമ്പോളാണ് ദര്ശങ്ങളുണ്ടാകുന്നതും. അത്തരത്തിലൊരു ദാര്ശനികത്വം ഉരുത്തിരിയുമ്പോളാണ് മുൻപിലൂടെ നടന്നു നീങ്ങുന്ന ചെറിയ ഉറുമ്പുകളും അരിമണികൾ തന്നെയാണ് ഭക്ഷിക്കുന്നതെന്ന തിരിച്ചറിവുണ്ടാകുക. ഉന്നതങ്ങളിലെ ഇതുവരെ കണ്ടുപിടിക്കപ്പെടാത്ത നക്ഷത്ര ഗണങ്ങളെ തിരയുന്ന തുറന്ന അതേ കണ്ണുകളെ തന്നെ അടച്ചു വെച്ചുകൊണ്ട് വേണം മണ്ണിനടിയിൽനിന്നു കുഴിയാനകളെ പുർത്തെടുക്കേണ്ടതെന്ന തിരിച്ചറിവും. അപ്പോൾ മാത്രമാണ് യാതാർത്ഥ അധ്യാപനവും വിദ്യാഭ്യാസവും അതിന്റെ യഥാർത്ഥലക്ഷ്യത്തോടെ പൂർത്തീകരിക്കപ്പെടുകയുള്ളു.
പരിശുദ്ധ അമ്മയെന്ന അദ്ധ്യാപിക : വിശ്വാസ ജീവിതത്തിൽ
വിശ്വാസ ജീവിതത്തിൽ നാം കണ്ടിട്ടുള്ളതിൽ വെച്ച ഏറ്റവും മികച്ച ഗുരു അല്ലെങ്കിൽ അധ്യാപകൻ ആയിട്ടുള്ളത് യേശുക്രിസ്തുവാണ്. ഉപമകളിലൂടെ ഇത്ര സരളമായ ഭാഷയിൽ വചനം പഠിപ്പിച്ച യേശുവിന്റെ ഈ അധ്യാപന ശൈലി ഉരുത്തിരിഞ്ഞതിൽ പരിശുദ്ധ അമ്മയെന്ന വലിയ അധ്യാപികയുമുണ്ട്. ഏതൊരു വ്യക്തിയുടെയും ആദ്യത്തെ ടീച്ചർ എന്ന് പറയുന്നത് സ്വന്തം അമ്മയായിരിക്കും. ഉദരത്തിൽ ആയിരിക്കുന്ന നാൾ മുതൽ അവൾ നമ്മെ പുതിയ കാര്യങ്ങൾ ,കാഴ്ചകൾ ,അനുഭവങ്ങൾ ,ഗന്ധങ്ങൾ എല്ലാം പഠിപ്പിക്കുകയായിരുന്നു. ആ ഒരു പ്രക്രിയ തീർച്ചയായും പരിശുദ്ധ അമ്മയും ചെയ്തിട്ടുണ്ടായിരിക്കണം. വി. ബൈബിൾ പറയുന്നു ,’യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു വന്നു ‘ (ലൂക്ക 2 : 51 )എന്ന്. ഈ ഒരു വളർച്ചയ്ക്ക് യേശുവിനെ ഏറ്റവും കൂടുതൽ പാകപ്പെടുത്തിയെടുത്തത് അമ്മ തന്നെയാണ്. കാരണം യേശുവിന്റെ അജ്‌ഞാത വർഷങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന എല്ലാമെല്ലാമാണ് തന്റെ പരസ്യ ജീവിതത്തിലെ ഓരോ കാര്യങ്ങളിലും വെളിപ്പെടുത്തിത്തരുന്നത്. യേശുവിന്റെ ജീവിതം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് അവനു ലഭിച്ച വലിയ ബോധനങ്ങൾ എന്തൊക്കെയാണെന്ന്. കാരണം ഗബ്രിയേൽ ദൂതനോടുള്ള മറുപടിയായി ഒരു സ്തോത്ര ഗീതം ആലപിക്കുന്നുണ്ട് കന്യകാ മറിയം. അതിന്റെ സംഗ്രഹം മാത്രം പഠനവിധേയമാക്കിയാൽമതി മറിയമെന്ന മികച്ച അധ്യാപികയിലെ സ്വത്വം വെളിപ്പെടുവാൻ.
അതുപോലെതന്നെയാണ് അമ്മയെന്ന അദ്ധ്യാപികയും വിശുദ്ധരും. വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട എല്ലാവരും തന്നെ മരിയ ദർശനങ്ങൾ ലഭിച്ചിട്ടുള്ളവരാണ്. വിശുദ്ധ ഡൊമിനിക് എന്ന മിഷനറിയെ ജപമാല എന്ന വലിയ പ്രാർത്ഥന വെളിപ്പെടുത്തിക്കൊടുത്തുകൊണ്ട് ലോകത്തിന്റെ രക്ഷയ്ക്കായി പ്രാർത്ഥിക്കുവാൻ അമ്മ പഠിപ്പിക്കുകയാണ്. എല്ലാ ക്രൈസ്തവ വിശ്വാസികളും ഏറ്റവും കൂടുതൽ ഉരുവിടുന്ന പ്രാര്ഥനകളിലൊന്നായ ജപമാലയും അമ്മ പഠിപ്പിച്ചതാണ്.
ജപമാല ദർശനം
1214 ൽ വിശുദ്ധ ഡൊമിനിക്കിലൂടെ സഭയിലെ വിശ്വാസ വിരുദ്ധതതയ്‌ക്കെതിരായ എല്ലാത്തിൽനിന്നും മനസാന്തരപ്പെടുത്തുവാനുള്ള ഉപാധിയായിട്ടാണ് ജപമാല പ്രാർത്ഥന ലോകത്തിനു നൽകപ്പെട്ടത്. ദിനരാത്രങ്ങൾ തുടരെ പ്രാർത്ഥിച്ച വിശുദ്ധ ഡൊമിനികിന് പരിശുദ്ധ അമ്മയുടെ ദര്ശനമുണ്ടായി. ലോകത്തെ നവീകരിക്കുവാനായി ഏത് ആയുധമാണ് ഉപയോഗിക്കേണ്ടതെന്നു അറിയാമോ എന്ന് ‘അമ്മ വിശുദ്ധനോട് ചോദിച്ചു. അപ്പോൾ ഡൊമിനിക് പറഞ്ഞു, ” എന്നേക്കാൾ കൂടുതൽ അത് അങ്ങേയ്ക്കറിയാമല്ലോ, ഞങളുടെ കർത്താവായ യേശുക്രിസ്തു കഴിഞ്ഞാൽ പിന്നെ ഞങ്ങളുടെ രക്ഷയുടെ ഉപകരണം എപ്പോളും അങ്ങുതന്നെയാണ്.” അപ്പോൾ മാതാവ് പറഞ്ഞു, ” ശത്രുവിനെ അടിച്ചു തകർക്കുന്ന ഒരു കൂടം പുതിയ നിയമത്തിലെ മാലാഖയുടെ കീർത്തനമാണെന്നു നീ അറിയണം. അതിനാൽ കഠിന ഹൃദയരായ ഈ ആത്മാമാക്കളിൽ എത്തിച്ചേരുവാനും ദൈവത്തിനുവേണ്ടി എന്റെ കീർത്തനം പ്രഘോഷിക്കുക” എന്ന്. അങ്ങനെയാണ് ജപമാല പ്രാർത്ഥന ലോകത്തിനുവേണ്ടി നൽകപ്പെട്ടത്. ഈ ഒരു സന്ദേശത്തിലൂടെ ‘അമ്മ വലിയൊരു അധ്യാപികയായിമാറിയിരിക്കുകയാണ്. കാരണം ലോക രക്ഷയ്ക്കും വിശ്വാസികളുടെ പ്രത്യേക സങ്കേതവുമായ ജപമാല പ്രാർത്ഥന നാമെല്ലാവരും വിശ്വാസത്തോടെ ചൊല്ലുന്ന ഒന്നാണ്. വിദ്യാർത്ഥികൾക്ക് അറിവ് ആവശ്യമുള്ളപ്പോളാണ് അധ്യാപകർക്ക് പ്രസക്തിയുണ്ടാകുന്നത്. അത്തരത്തിലൊരു കാര്യമാണ് അടുത്തത്. ആവശ്യമായ സമയങ്ങളിൽ ചില ദര്ശനങ്ങളിലൂടെ ‘അമ്മ നമ്മോട് സംസാരിക്കുന്നത്. കത്തോലിക്കാ തിരുസഭ അംഗീകരിച്ചിരിക്കുന്ന ചില പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷങ്ങളാണ്. ലൂർദിലെയും ഫാത്തിമയിലെയും ലാസലേറ്റിലെയും പ്രത്യക്ഷീകരണങ്ങൾ.
ഇതിൽ എല്ലാം തന്നെ ‘അമ്മ പറയുന്നത് ജപമാല ഭക്തിയുടെ ആവശ്യകത ഓരോകാലഘട്ടത്തിലുള്ളവരോടും ഊന്നിപ്പറയ്യുന്നതുതന്നെയാണ്. അനുതപിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർ ഒരിക്കലും ഉപേക്ഷിക്കപ്പെടുകയില്ലെന്നു ‘അമ്മ ഓർമ്മിപ്പിക്കുന്നു. ഈ കാര്യങ്ങളൊക്കെ വിചിന്തനം നടത്തിനോക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കുന്നത് അമ്മയിലെ നല്ല അദ്ധ്യാപിക എന്ന എടുകൂടിയാണ്. ആദ്യം യേശുവിന്റെ ജീവിതത്തിലൂടെയും പിന്നീട് ശിഷ്യന്മ്മാരുടെയും വിശുദ്ധരുടെയും ജീവിതങ്ങളിലൂടെയും അവശ്യ സമയത്ത് ദര്ശങ്ങളിലൂടെയും ഇപ്പോൾ നമ്മിലൂടെയും ആവശ്യമായതെല്ലാം പഠിപ്പിക്കുന്ന അമ്മയെന്ന നല്ല അധ്യാപികയെ പ്രത്യേകമായി ഓർക്കുന്ന ദിവസങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ഗുരുവെന്ന വലിയ സത്യത്തിലൂടെ ദൈവത്തിങ്കലേക്കടുക്കുവാനുള്ള അനുഗ്രഹം പരിശുദ്ധ അമ്മയെന്ന അധ്യാപികയിലൂടെ നേടിയെടുക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം. ഏവർക്കും അമലോത്ഭവ തിരുനാളിന്റെയും അധ്യാപക ദിനത്തിന്റെയും പ്രാർത്ഥനാശംസകൾ…!