വല്ലാത്തൊരു ആത്മനിർവൃതിയോടെയാണ് ഞാനാ വാർത്ത കേട്ടത്.
ഒരു പക്ഷേ നിങ്ങളിൽ പലരും അത് കണ്ടിട്ടുണ്ടാകും.
മുഖ്യധാരാ മാധ്യമങ്ങൾ പലതും
അത് റിപ്പോർട്ട് ചെയ്തിരുന്നു;
പ്ലസ് ടു വിന് ഫുൾ A+ വാങ്ങിയ ജയസൂര്യയെക്കുറിച്ചുള്ള വാർത്ത.
20 വർഷങ്ങൾക്കു മുമ്പ് തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്ക് കുടിയേറിപ്പാർത്ത ഒരു കുടുംബം. വർഷങ്ങൾക്കു മുമ്പുണ്ടായ
ഒരു അപകടത്തിൽ ജയസൂര്യയുടെ അച്ഛന് സാരമായ പരിക്കുപറ്റി.
പിന്നീട് അമ്മയായ ഗോവിന്ദാമ്മ
ആക്രി പെറുക്കിയും
കൂലിപ്പണി ചെയ്തുമാണ്
മൂന്നംഗ കുടുംബത്തെ പോറ്റിക്കൊണ്ടിരുന്നത്.
അമ്മയോടൊപ്പം ജയസൂര്യയും പണിക്കുപോയിത്തുടങ്ങി.
ഹോട്ടൽ ജോലിക്കും കൂലിപ്പണിക്കും വാർക്കപ്പണിക്കുമെല്ലാം അവൻ പോയി.
റിസൽട്ട് വരുന്ന അന്ന്,
ഒട്ടുമിക്ക കുട്ടികളും അവരുടെ റിസൽട്ട് അറിയാനുള്ള ആകാംക്ഷയിലായിരുന്നെങ്കിൽ, ജയസൂര്യ പണിസ്ഥലത്തായിരുന്നു. എന്തെന്നാൽ കൊറോണ കാലത്ത്
അമ്മയ്ക്ക് പണിക്ക് പോകാൻ കഴിയാത്തതിനാൽ ജയസൂര്യയയിലായിരുന്നു കുടുംബത്തിൻ്റെ ആശ്രയം മുഴുവനും.
പണി കഴിഞ്ഞ് ,
ഭക്ഷണം കഴിക്കുമ്പോൾ
സുഹൃത്തായ ഷൺമുഖനാണ്
ആ വാർത്തയറിച്ചത്:
“എടാ നിനക്ക് ഫുൾ എ പ്ലസ് ഉണ്ട്!”
അത് കേട്ടപാടെ ജയസൂര്യയ്ക്ക്
സന്തോഷവും കരച്ചിലും ഒരുമിച്ചു വന്നുവത്രെ.
ഭക്ഷണം കഴിക്കൽ അവസാനിപ്പിച്ച്
അവൻ വീട്ടിലേക്ക് കുതിച്ചു.
വീട്ടിൽ വന്ന് അമ്മയോടും അച്ഛനോടും
ഫുൾ എ പ്ലസ് ഉണ്ടെന്ന് പറഞ്ഞിട്ട് അക്ഷരജ്ഞാനമില്ലാത്ത അവർക്ക് മനസിലായില്ല!
അമ്മ ചോദിച്ചു:
“മോൻ എല്ലാത്തിനും പാസായോ?”
‘ഉവ്വമ്മേ…..’
ആ മറുപടിയിൽ അമ്മയവനെ
സ്നേഹപൂർവ്വം ചുംബിച്ചു.
സുവിശേഷത്തിലെ
പത്തു നാണയങ്ങളുടെ ഉപമ വായിച്ചപ്പോൾ (Ref: ലൂക്ക 19:11-27) മനസിലേക്ക് വന്ന കഥാപാത്രമാണ് ജയസൂര്യ.
തൻ്റെ പരിമിതമായ ജീവിതസാഹചര്യങ്ങളെക്കുറിച്ച്
പഴി പറയാതെ,
കിട്ടിയ നാണയങ്ങൾ
നന്നായ് ഉപയോഗിച്ച്
ഉന്നത വിജയം നേടിയ നല്ലവനായ
ഭൃത്യനാണ് ജയസൂര്യ !
ഇന്ന് ജീവിത സൗകര്യങ്ങൾ
ഏറിയതിൻ്റെ കുഴപ്പമാണ് പലർക്കും.
ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം
മക്കൾക്ക് വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളാണേറെയും.
വിദേശ രാജ്യങ്ങളിൽ പലയിടങ്ങളിലും എന്തുമാത്രം യുവാക്കളാണ് അവരുടെ പഠനാവശ്യങ്ങൾക്കായി പാർട് ടൈം
ജോലിക്ക് പോകുന്നത്?
എന്നാൽ നമുക്കിടയിലോ?
മക്കളെക്കൊണ്ട് അത്യാവശ്യം വീട്ടുജോലിയെടുപ്പിക്കാൻ വരെ പ്രയാസപ്പെടുന്ന എത്രയോ മാതാപിതാക്കളുണ്ട്.
പണിയെടുത്ത് പഠിക്കുന്ന
ഒരു തലമുറ വളർന്നു വന്നില്ലെങ്കിൽ, അദ്ധ്വാനത്തിൻ്റെ വിലയറിയാതെ ധാരാളിത്തത്തിൻ്റെ മഞ്ചലിലേറി
ജീവിക്കുന്ന മക്കളെ
നമ്മൾ കാണേണ്ടി വരും.
ഇപ്പോൾ നിങ്ങളിൽ ചിലരെങ്കിലും
ചിന്തിക്കും:
ഈ പറയുന്ന അച്ചൻ അദ്ധ്വാനിച്ചാണോ ജീവിച്ചതെന്ന്.
തീർച്ചയായും…..
അതെ എന്നാണ് എൻ്റെ ഉത്തരം;
ഹൈസ്ക്കൂൾ കാലഘട്ടത്തിലെ അവധിക്കാലങ്ങളിലെല്ലാം പണിക്ക് പോയതിൻ്റെ തഴമ്പുമായാണ് ഞാൻ സെമിനാരിയിൽ ചേർന്നതെന്നോർക്കുമ്പോൾ വല്ലാത്തൊരു സന്തോഷവും
അഭിമാനവും തോന്നുന്നുണ്ട്.
ഫാദർ ജെൻസൺ ലാസലെറ്റ്
ജൂലൈ 21-2020.