അദ്ഭുതങ്ങൾ ചെയ്യാത്ത ‘പുണ്യാളൻ’ !

ഫാദർ ജെൻസൺ ലാസലെറ്റ്

ഒരു പക്ഷേ നിങ്ങളും
അത് ശ്രദ്ധിച്ചിട്ടുണ്ടാകും.
സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന
” പുണ്യാളൻ “.

ഫിയാത്ത് മിഷൻ്റെ നേതൃത്വത്തിൽ
ലിജോ എബ്രഹാമും കൂട്ടരും ചേർന്നൊരുക്കിയ ഷോർട്ട് ഫിലിം പരമ്പരയാണിത്.

ഇതിലെ പുണ്യാളൻ അദ്ഭുതങ്ങൾ
ചെയ്യുന്നവനല്ല.
മറിച്ച്, ബോധ്യങ്ങളും ഉൾക്കാഴ്ചകളും പകർന്ന് ജീവിതം കൂടുതൽ പ്രകാശപൂരിതമാക്കാൻ സഹായിക്കുന്ന സാധാരണക്കാരൻ.

അസീസി പുണ്യാളൻ്റെ ഇടപെടലിലൂടെ ലഭിക്കുന്ന ഉൾക്കാഴ്ചകളാണ് പരമ്പര വിഷയമാക്കുന്നത്.
പുണ്യാളനുമായി അടുക്കുന്നവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
നർമരസത്തോടു കൂടിയും
കാലിക പ്രാധാന്യമനുസരിച്ചുമാണ്
പരമ്പരയിൽ അവതരിപ്പിക്കുന്നത്.

വിശുദ്ധരെക്കുറിച്ചും അവരുടെ മാധ്യസ്ഥ ശക്തിയാൽ സംഭവിക്കുന്ന അദ്ഭുതങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ധാരാളം ടെലിവിഷൻ സീരിയലുകളും സിനിമകളും സമീപകാലത്ത് അനേകരെ ആകർഷിച്ചിട്ടുണ്ട്. പ്രമുഖ ടെലിവിഷൻ ചാനലുകൾ പോലും പ്രൈം ടൈമിൽ
ഇത്തരം വിശുദ്ധരെക്കുറിച്ചുള്ള
പരമ്പരകൾ പ്രക്ഷേപണം ചെയ്തിട്ടുമുണ്ട്.

എന്നാൽ ആ പരമ്പരകളിൽ കൂടുതലും വിശുദ്ധർ വഴി സംഭവിക്കുന്ന അദ്ഭുതങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
ഇതിൽ നിന്നും വേറിട്ട് നിൽക്കുകയാണ് ‘പുണ്യാളൻ’ എന്ന പരമ്പര.
ഇതിലെ പുണ്യാളനോടടുക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഏറ്റവും വലിയ അദ്ഭുതങ്ങൾ.

വി. യൂദാ തദ്ദേവൂസിൻ്റെ തിരുനാളിനോടനുബന്ധിച്ച്
കേരളത്തിലെ പ്രമുഖ ദൈവാലയങ്ങളിലേക്ക് പ്രാർത്ഥനകൾ ഒഴുകി കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് ഈ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് എത്താൻ കഴിയാത്തതിൻ്റെ വേദനയും ഉത്ക്കണ്ഠയും പലരും പങ്കുവയ്ക്കുകയുണ്ടായി.

അവരുടെ സങ്കടം മുൻവർഷങ്ങളിലേപ്പോലെ ഈ തീർത്ഥാടന കേന്ദ്രങ്ങളിൽ പോകാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും കഴിയുന്നില്ലല്ലോ എന്നതായിരുന്നു.

എന്തുകൊണ്ടാണ് നമ്മൾ
വി.യൂദാ തദ്ദേവൂസിനെ കൂടുതൽ ഇഷ്ടപ്പെടുന്നത്?
വിശുദ്ധൻ്റെ മാധ്യസ്ഥത്തിലൂടെ
അസാധ്യ കാര്യങ്ങൾ ലഭിക്കുന്നതു കൊണ്ടോ,
അതോ വിശുദ്ധൻ്റെ ജീവിതം ഇഷ്ടപ്പെട്ടിട്ടോ?

എനിക്കുറപ്പാണ് അദ്ഭുതങ്ങളാണ്
ഈ വിശുദ്ധനിലേക്ക് നമ്മെ കൂടുതൽ ആകർഷിക്കുന്നത്‌.
എന്നാൽ, ചിലപ്പോഴെങ്കിലും
നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ
വിശുദ്ധനോടുള്ള പ്രാർത്ഥനകളിൽ സഫലമായില്ലെങ്കിൽ
മറ്റു വിശുദ്ധരെ തേടിപ്പോകുന്നവരും
ഉണ്ടല്ലോ?

ക്രിസ്തുവിൻ്റെ രൂപം നെഞ്ചോടു
ചേർത്ത് വച്ച് ക്രിസ്തുവിനു വേണ്ടി
രക്തസാക്ഷിത്വം വരിച്ച
വിശുദ്ധനാണ് യൂദാസ് ശ്ലീഹ.
അനേകം വൈദ്യന്മാർക്ക്
സുഖപ്പെടുത്താൻ കഴിയാതിരുന്ന എഡേസായിലെ രാജാവിൻ്റെ കുഷ്ഠരോഗം, ക്രിസ്തുവിൻ്റെ രൂപമുള്ള തൂവാല ഉയർത്തി സുഖപ്പെടുത്തിയവനാണ് ഈ വിശുദ്ധൻ.
വിശുദ്ധൻ്റെ ഇടപെടൽ മൂലം രാജാവ്
ക്രിസ്തു വിശ്വാസിയായി മാറി
എന്ന് നാം വിശ്വസിക്കുന്നു.

താലന്തുകളുടെ ഉപമയിൽ
കൂടുതൽ താലന്തുകൾ നേടിയ
ഭൃത്യന്മാരെ യജമാനൻ അഭിനന്ദിക്കുന്നതായി സുവിശേഷത്തിൽ കാണുന്നു
(Ref മത്താ 25: 14-30).

ദൈവം നൽകിയ ഏറ്റവും വലിയ
താലന്ത് പൂർവ്വികരിൽ നിന്നും
നമുക്ക് ലഭിച്ച വിശ്വാസമല്ലാതെ മറ്റെന്താണ്?

ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും
ഈ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട്
ആവശ്യമെങ്കിൽ രക്തസാക്ഷിത്വം വരിക്കുക എന്നുള്ളതാണ് ഒരു വ്യശ്വാസിയുടെ പരമപ്രധാനമായ ദൗത്യം.

വി. യൂദാ തദ്ദേവൂസിൻ്റെയും
വി.ശിമയോൻ്റെയും തിരുനാൾ മംഗളങ്ങൾ!

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy