ഒരാൾ സെമിത്തേരിയിൽ പോകുന്നതെന്തിനാണ്?
ഒന്നുകിൽ മരിച്ചടക്കിന്
അല്ലെങ്കിൽ പരേതർക്കു വേണ്ടി പ്രാർത്ഥിക്കാൻ.
എന്നാൽ ഈ സ്ഥിതി മാറിയിട്ടുണ്ട്.
മദ്യപിക്കാനും പുകവലിക്കാനും പ്രണയിക്കാനുമെല്ലാം
പലരും കണ്ടെത്തിയ
സുരക്ഷിത താവളമാണ് സെമിത്തേരികൾ.
അതുകൊണ്ടു തന്നെ
എത്രയോ സെമിത്തേരികളിലാണ്
ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
കുരിശിനെ അവഹേളിച്ചതുമായ്
ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്.
ഇതിനിടയിൽ ആരോ പറയുന്നത് കേട്ടു
കുരിശു നാട്ടിയ മലയിലെല്ലാം
ക്യാമറകൾ സ്ഥാപിക്കണമെന്ന്.
ചില വസ്തുക്കളും പ്രദേശങ്ങളും പവിത്രമാണെന്ന് ആർക്കാണറിയാത്തത്?
അവയ്ക്ക് കൊടുക്കേണ്ട ആദരവ് കൊടുക്കണമെന്ന് ആരാണ് പഠിപ്പിക്കാത്തത്?
കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ
ആലുവാ മണപ്പുറത്തും
വഴിയോരത്തുള്ള അമ്പലങ്ങളുടെയും
സകല കുരിശുപള്ളികളുടെയും മുന്നിലും ക്യാമറകൾ സ്ഥാപിക്കേണ്ടി വരും.
ചുരുക്കി പറഞ്ഞാൽ
നാടു മുഴുവനും ക്യാമറകൾ
സ്ഥാപിക്കേണ്ട ഗതികേടു വരുമെന്നുറപ്പ്.
അങ്ങനെ ക്യാമറകൾ സ്ഥാപിച്ചാൽ
തീരുമോ പ്രശ്നം?
ഇവിടെയാണ് ക്രിസ്തുവിൻ്റെ
വാക്കുകൾക്ക് മൂർച്ചയേറുന്നത്:
“പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ?
പകല്‍ നടക്കുന്നവന് കാല്‍തട്ടി വീഴുന്നില്ല.
ഈ ലോകത്തിൻ്റെ പ്രകാശം
അവന് കാണുന്നു.
രാത്രി നടക്കുന്നവന്
തട്ടിവീഴുന്നു. കാരണം,
അവനു പ്രകാശമില്ല ”
(യോഹ 11 : 9 -10).
ചിലർ അങ്ങിനെയാണ്
ചുറ്റിനും പ്രകാശമുണ്ടെങ്കിലും
ഇരുട്ടിനെ ഇഷ്ടപ്പെടുന്നു.
അത് തേടിപ്പോകുന്നവരെ
പ്രകാശത്തിലേക്ക്
കൊണ്ടുവരുന്നവരെയാണ് നമുക്കാവശ്യം.
ഏത് മാതാപിതാക്കളാണ് മക്കളോടുള്ള സ്നേഹത്തെപ്രത്രി അവരെ
വഴക്കു പറയാത്തത്?
ശിക്ഷിക്കാത്തത്?
അതിനർത്ഥം
ക്ഷമിക്കാനും സഹിക്കാനും കഴിയാത്തതുകൊണ്ടാണ്
അവർ മക്കളെ ശിക്ഷിക്കുന്നത്
എന്നല്ലല്ലോ?
പ്രധാന പുരോഹിതൻ്റെ സേവകന്മാരിലൊരുവൻ
മുഖത്തടിച്ചപ്പോൾ ക്രിസ്തു പ്രതികരിച്ച
രീതി ഏതൊരു ക്രിസ്ത്യാനിയും ഓർത്തിരിക്കേണ്ടതാണ്:
“ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍
അതു തെളിയിക്കുക.
ശരിയാണു പറഞ്ഞതെങ്കില്‍
എന്തിനു നീ എന്നെ അടിക്കുന്നു?”
(യോഹ 18 : 23)
ഈ ചോദ്യത്തിലുമുണ്ട്
പ്രതികരിക്കാനുള്ള മനോഭാവവും
സഹിഷ്ണുതയും
നീതിബോധവും.
ഖലീൽ ജിബ്രാൻ്റെ വാക്കുകൾ ഓർക്കാം:
“കുഞ്ഞാടായിരിക്കുന്നതാണ് നല്ലത്.
പക്ഷെ, ചെന്നായ്ക്കൾ
വലയം ചെയ്തു കഴിയുമ്പോൾ സിംഹമാകുകയാണ് വേണ്ടത്.”