കൂട്ടുകാരുടെ ഇടയിൽ കളിപ്പേരുകൾ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ?
ഒരിക്കൽ എട്ടാം ക്ലാസിൽ പഠിക്കുന്ന
ആൺകുട്ടി പറഞ്ഞതിപ്രകാരമാണ്:
”അച്ചാ, എൻ്റെ കൂട്ടുകാരെല്ലാവരും
എന്നെ കളിയാക്കി ‘കറുമ്പാ’ എന്നാണ് വിളിക്കുന്നത്. എനിക്കത് കേൾക്കുമ്പോൾ വല്ലാത്ത വിഷമമാണ്. എൻ്റെ വീട്ടിൽ ചേട്ടനും അനിയത്തിയുമെല്ലാം വെളുത്തിട്ടാണ്.
ഞാൻ മാത്രം എന്താണിങ്ങനെ?”
ഞാനവനോട് പറഞ്ഞു:
”നമ്മുടെ മാതാപിതാക്കൾക്ക് തിരഞ്ഞെടുക്കാൻ പറ്റാത്ത ഒന്നാണ്
മക്കളുടെ നിറം, ഉയരം, വണ്ണം,
എന്നിവയെല്ലാം.
ഇവയ്ക്കെല്ലാം അമിത പ്രാധാന്യം കൊടുത്താൽ നമുക്കൊരിക്കലും മറ്റുള്ളവരുടെ
മുമ്പിൽ നിൽക്കാനോ, അവരെ അഭിമുഖീകരിക്കാനോ സാധിക്കുകില്ല.”
തുടർന്ന് ഞാനവനോടീ
സംഭവം പറഞ്ഞു:
”ഒരിക്കൽ ലോകസൗന്ദര്യമൽസരത്തിൻ്റെ സെമിഫൈനലിൽ ആഫ്രീക്കയിൽ നിന്നുള്ള കറുത്ത സുന്ദരിക്ക് ഇടം ലഭിച്ചു.
ഏവരേയും അതിശയിപ്പിച്ചു കൊണ്ട് വിധികർത്താക്കളിൽ ഒരാൾ
അവളോടിങ്ങനെ ചോദിച്ചു:
‘നിങ്ങൾ സുന്ദരിയാണോ?
ആണെങ്കിൽ എന്തുകൊണ്ട്,
അല്ലെങ്കിലും എന്തുകൊണ്ട്?’
കാഴ്ചക്കാർ ഏവരും നിശബ്ദമായ നിമിഷങ്ങൾ….
അല്പനേരത്തെ മൗനത്തിനു ശേഷം
അവൾ മറുപടി പറഞ്ഞു:
”അതെ സർ, ഞാൻ സുന്ദരിയാണ്.
ഒരു പക്ഷേ ഇവിടെയിരിക്കുന്ന എല്ലാവരുടെയും കണ്ണുകളിൽ ഞാൻ സുന്ദരിയായിരിക്കണമെന്നില്ല.
എന്നാൽ, ഈ മത്സരത്തിൽ പങ്കെടുക്കാൻ
എന്നെ പറഞ്ഞയച്ച ആഫ്രീക്കയിലെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഞാൻ സുന്ദരിയാണ്.
മാത്രമല്ല, കുഞ്ഞുനാളിൽ എൻ്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്,
നമ്മളെല്ലാം ദൈവത്തിൻ്റെ ഛായയിലും സാദൃശത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന്.
എന്നെ സൃഷ്ടിച്ച എൻ്റെ ദൈവം സുന്ദരനാണെങ്കിൽ,
ഞാനും സുന്ദരിയാണ്!”
അവളുടെ ആ മറുപടി
ഹർഷാരവത്തോടെയാണ്
വിധികർത്താക്കളും ജനങ്ങളും എതിരേറ്റത്.
ഏറ്റവും ആദ്യം സൂചിപ്പിച്ച
ആൺകുട്ടിയെപ്പോലെ,
പല കളിപ്പേരുകളും
ചിലപ്പോഴെങ്കിലും
നമ്മെയും വല്ലാതെ വേദനിപ്പിച്ചിട്ടില്ലേ?
പ്രത്യേകിച്ച് നമ്മുടെ ശാരീരിക കുറവുകൾ ചൂണ്ടിക്കാണിച്ച് വിളിക്കുന്ന പേരുകൾ?
മദർതെരേസയേയും
മഹാത്മാഗാന്ധിയെയും
നെൽസൺ മണ്ടേലയെയുമെല്ലാം
ലോകം ആദരിക്കുന്നെങ്കിൽ അവരുടെ സൗന്ദര്യമാണോ അതിനാധാരം?
അവരാരും അവരുടെ ശാരീരിക സൗന്ദര്യത്തിനല്ല വില കൽപിച്ചിരുന്നത്.
മറിച്ച്, അവരിൽ നിക്ഷിപ്തമായ ഉത്തരവാദിത്വത്തിനായിരുന്നു.
ക്രിസ്തു പറയുന്നതുപോലെ,
അവരെല്ലാവരും ആടുകൾക്കു വേണ്ടി ജീവനർപ്പിക്കാൻ തയ്യാറായ
നല്ല ഇടയന്മാരായിരുന്നു
( Ref യോഹ 10:11).
ഇടയന്മാരുടെ ചിന്ത എപ്പോഴും,
ആടുകളെക്കുറിച്ചാണ്.
അങ്ങനെയൊരു ഇടയൻ്റെ ഓർമ സമ്മാനിക്കുന്ന ദിനമാണ് ഒക്ടോബർ 16. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ.
ആ വന്ദ്യ വൈദികൻ്റെ യഥാർത്ഥ പേര് കുഞ്ഞച്ചനെന്നല്ല, അഗസ്റ്റിൻ എന്നാണ്.
ഉയരം കുറവായതിനാൽ എല്ലാവരും അദ്ദേഹത്തെ കുഞ്ഞച്ചനെന്നു വിളിച്ചപ്പോൾ
ഒരിക്കൽ പോലും തൻ്റെ ശരീരത്തെയോർത്ത് അദ്ദേഹം നൊമ്പരപ്പെട്ടില്ല.
മറിച്ച് തൻ്റെ കുറുകിയ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവാനായിരുന്നു ശ്രമം.
ആ കുറിയ മനുഷ്യൻ ഏകദേശം അയ്യായിരത്തോളം പേരെയാണ് മാമോദീസ നൽകി സഭയിൽ അംഗളാക്കിയത്!
അദ്ദേഹം കുഞ്ഞച്ചനായിരുന്നില്ല….
വല്യച്ചനാണ് !
കുറവുകളിലേക്ക് നോക്കാതെ
നമ്മുടെ കഴിവുകളിലേക്ക് നോക്കാൻ കുഞ്ഞച്ചൻ്റെ ജീവിതം നമുക്ക് പ്രചോദനമാകട്ടെ.
വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ തിരുനാൾ മംഗളങ്ങൾ!