ഏതൊരു മനുഷ്യസ്നേഹിയുടേയും
ഹൃദയം നുറുങ്ങുന്ന സംഭവമാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്നത്. കൂട്ടമാനഭംഗത്തിനിരയായ ഒരു പെൺകുട്ടി.
അവളുടെ മരണത്തിനു പിറകിൽ ദുരൂഹതകളുടെ മാറാല
നിലകൊള്ളുമ്പോൾ തന്നെ,
അവസാനമായി അവളെ
ഒരു നോക്കു കാണാൻ
കുടുംബാംഗങ്ങളെ അനുവദിക്കാതെ,
പുലർച്ചെ 2.45 ന്
പോലിസിൻ്റെ മേൽനോട്ടത്തിൽ
ആ ശരീരം ചിതയാകുന്നു.
ഇനിയൊരിക്കലും ആ പെൺകുട്ടിയുടെ
നാവോ, ഉടലോ ശബ്ദിക്കില്ല.
എന്നാൽ അവൾ ഇന്നും അനേകരിലൂടെ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
1973 ൽ മുംബെയിലെ
ഒരു ആശുപത്രിയിൽ നഴ്സായിരുന്ന,
അരുണ എന്ന 25 കാരിക്ക് സംഭവിച്ചത് നമ്മളാരും മറന്നിട്ടില്ലല്ലോ?
അവൾ ജോലി ചെയ്തിരുന്ന
ആശുപത്രിയിലെ അറ്റൻ്ററുടെ കണ്ണുകൾ അവളുടെ മേനിയിൽ ഉടക്കി.
ഡ്യൂട്ടിക്ക് പോകാനായി അവൾ വസ്ത്രം മാറുമ്പോൾ ആ മുറിയിൽ അയാൾ അതിക്രമിച്ചു കയറി.
അവളുടെ കഴുത്ത് പട്ടിച്ചങ്ങലകൊണ്ട്
കട്ടിലിൽ കെട്ടിയിട്ട് അയാൾ അവളെ മൃഗീയമായി പീഡിപ്പിച്ചു.
ചങ്ങല കഴുത്തിൽ മുറുകി
സുബോധം നഷ്ടപ്പെട്ട അവൾ കിടന്നത്
42 വർഷമാണ്.
2015 മെയ് 18ന് അവൾ മരിക്കുമ്പോൾ അവളുടെ മാനം കവർന്ന വ്യക്തി
ഏതോ നഗരത്തിൽ സുഖമായ് ജീവിക്കുന്നുണ്ടായിരുന്നു.
2008-ൽ മറ്റൊരു സംഭവം നടന്നിരുന്നു; ഒറീസയിലെ കാണ്ടമാലിൽ.
അന്ന് ഏതാനും പേർ ചേർന്ന്
മാനം കവർന്നവരിൽ ഒരു കന്യാസ്ത്രിയുമുണ്ടായിരുന്നു.
പ്രതികളിൽ ആരെങ്കിലും
നിയമത്തിനു മുമ്പിൽ എത്തിയോ
എന്നറിയില്ല.
പരിപാലിക്കേണ്ടവൻ തന്നെ അന്തകരാകുമ്പോൾ സംഭവിക്കുന്നത്
നഗ്നമായ നീതി നിഷേധമാണ്.
ക്രിസ്തുവിൻ്റെ വഴികാട്ടിയായി വന്ന
സ്നാപകന് സംഭവിച്ചതെന്താണ്?
സത്യം വിളിച്ചു പറഞ്ഞ യോഹന്നാൻ്റെ
ശിരസ് തളികയിൽ കൊണ്ടുവരാനായിരുന്നു രാജകൽപന (Ref മർക്കോ 6:18-29).
ഇത്രയും എഴുതി തീരുമ്പോൾ
എൻ്റെ മനസിൽ ഒരു പ്രാർത്ഥനയേ ഉള്ളൂ,
നമ്മളെല്ലാം പാലകരാണ്:
മക്കളുടെ,
കൂടെ ജോലി ചെയ്യുന്നവരുടെ, വിദ്യാർത്ഥികളുടെ,
ഇടവക ജനങ്ങളുടെ………..
സംരക്ഷിക്കേണ്ട
നമ്മുടെ കരങ്ങളാൽ
ആരും നശിക്കാതിരിക്കട്ടെ.
വി.ഫൗസ്റ്റീനായുടെയും
ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചൻ്റെയും തിരുനാൾ മംഗളങ്ങൾ!