നിങ്ങളിൽ പലരും ആ ഇൻ്റർവ്യൂ കണ്ടിരിക്കും; ‘വി. സ്റ്റാർ’ ക്രിയേഷൻസിൻ്റെ സ്ഥാപക,
ഷീല കൊച്ചൗസേപ്പിൻ്റേത്.
12 മക്കളുള്ള കുടുംബത്തിലെ 11-ാമത്തെ അംഗമായിരുന്നു ഷീല.
വിജയത്തിലേക്ക് നയിച്ച
ജീവിത സാഹചര്യങ്ങളെക്കുറിച്ച്
അവർ പറയുന്നത് ശ്രദ്ധിക്കൂ:
“എൻ്റെ കുഞ്ഞുന്നാളിലെ സ്ഥിതി ഇന്നത്തേതുപോലല്ല.
കളിക്കാനുള്ള കളിപ്പാട്ടങ്ങൾ സ്വന്തം ഉണ്ടാക്കണം. ഉടുപ്പെല്ലാം സ്വയം കഴുകണം.
ഭക്ഷണ സമയമായാൽ, എല്ലാവർക്കുമുള്ളത് വിളമ്പി വച്ചിട്ടുണ്ടാകും, കൂടുതലോ കുറവോ എന്നൊന്നില്ല. പാത്രത്തിലുള്ളത് കഴിച്ച് എഴുന്നേറ്റു പോണം.
ജീവിതത്തിൽ തോൽക്കാൻ പേടിയില്ലായിരുന്നു.
എന്തെന്നാൽ കുറേയധികം
‘ നോ ‘ കൾ കേട്ടിട്ടുണ്ട്.
ഉദാഹരണത്തിന്:
പിക്നിക്കിന് പൊയ്ക്കോട്ടെ?
‘ നോ ‘
സിനിമയ്ക്ക് പോയ്ക്കോട്ടെ?
‘ നോ ‘
പുതിയ ഉടുപ്പ് വാങ്ങിത്തരുമോ?
‘ നോ ‘
ചോദിച്ചത് പലതും ലഭിക്കാതിരുന്നപ്പോൾ
അതെന്നെ കൂടുതൽ ബലമുള്ളവളാക്കി.”
എത്ര അർത്ഥവത്തായ
വാക്കുകൾ അല്ലെ?
ഒരു പക്ഷേ ഇന്നിൻ്റെ മക്കൾ പലരും ആത്മഹത്യകളിലേയ്ക്കും
വിഷാദത്തിലേയ്ക്കുമെല്ലാം വഴുതി വീഴുന്നതിൻ്റെ കാരണം അവർ
തോൽവി ശീലിച്ചിട്ടില്ല എന്നതാണ്.
ചോദിക്കുന്നത് മുഴുവനും അവർക്ക് ലഭിക്കുന്നു. എപ്പോഴും വിജയം മാത്രം.
ഒന്നോർത്തു നോക്കിക്കേ,
ഇന്ന് ഏത് വീട്ടിൽ ചെന്നാലും
ഒരു ഷോക്കേയ്സ് മുഴുവനും
മക്കൾക്കു കിട്ടിയ സമ്മാനങ്ങൾ കാണാം.
പലതരം ട്രോഫികൾ, കപ്പുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം
അതിൽ ഉൾപ്പെടും.
സ്കൂൾ വാർഷികത്തിന്
പല മാനേജ്മെൻ്റുകളുടേയും ശ്രദ്ധ തന്നെ
എല്ലാ കുട്ടികൾക്കും സമ്മാനം
കൊടുക്കുക എന്നതിലാണ്.
എന്നാൽ വർഷങ്ങൾക്കു മുമ്പത്തെ സ്ഥിതി അതല്ലായിരുന്നു. ഫസ്റ്റും സെക്കൻഡും ലഭിച്ചവർക്ക് മാത്രമേ സമ്മാനമുള്ളു.
പ്രോത്സാഹന സമ്മാനം എന്നൊന്ന് ഉണ്ടായിരുന്നതേ ഇല്ല.
അതു കൊണ്ടു തന്നെ പരാജയം ആത്മഹത്യയിലേക്ക് ഉള്ള വഴി എന്നതിനേക്കാൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് കുട്ടികൾ തിരിച്ചറിഞ്ഞിരുന്നു.
(ഇന്ന് സ്കൂൾ മാനേജ്മെൻറും മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ
എല്ലാ കാര്യത്തിലും ഒന്നാമതെത്തണമെന്ന് ആഗ്രഹിക്കുന്നു. രണ്ടും മൂന്നും സ്ഥാനങ്ങളൊന്നും അവരെ തൃപ്തരാക്കുന്നില്ല. അതുകൊണ്ട്, മാതാപിതാക്കളെ പ്രസാദിപ്പിക്കാൻ, സ്കൂൾ അധികൃതർ കുട്ടികളുടെ അഭിരുചിക്കനുസരിച്ച്
മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കുട്ടികൾ തോൽക്കരുതെന്ന മാതാപിതാക്കളുടെ പിടിവാശിക്കു മുമ്പിൽ സ്കൂൾ അധികൃതർ തോറ്റു കൊടുക്കുന്നു.)
ഇന്നീ ചിന്തയെഴുതാൻ കാരണം
ക്രിസ്തുവിൻ്റെ പക്കൽ നിന്നും
തുടരെത്തുടരെ പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടും തോറ്റു കൊടുക്കാതെ, വീറോടെ നിന്ന കാനാൻകാരി സ്ത്രീയെക്കുറിച്ചുള്ള ധ്യാനമാണ്
( Ref മത്താ 15:21-28).
തൻ്റെ മകളുടെ പിശാചുബാധ മാറ്റിത്തരണമെന്ന് ക്രിസ്തുവിനോട് അപേക്ഷിച്ച അവൾ, എത്ര തവണ പരാജിതയായി എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ട്:
* ആദ്യം ക്രിസ്തു അവളുടെ
ചോദ്യം കേട്ടില്ലെന്നു നടിക്കുന്നു.
* അവളെ പറഞ്ഞയക്കൂ എന്ന്
ശിഷ്യന്മാർ ക്രിസ്തുവിനോട് ആവശ്യപ്പെടുന്നു.
* ഞാൻ വന്നിരിക്കുന്നത് ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകൾക്കു വേണ്ടിയാണെന്നുള്ള ക്രിസ്തുവിൻ്റെ പ്രതികരണം.
* മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് കൊടുക്കാമോ എന്ന ചോദ്യം…..
ഈ പരാജയങ്ങൾക്കു നടുവിലും,
നടന്നു ശീലിക്കുന്ന കുഞ്ഞ് വീണ്ടും വീണ്ടും എഴുന്നേൽക്കുന്നതു പോലെ
അവൾ ക്രിസ്തുവിനെതന്നെ മുറുകെ പിടിച്ച് പ്രതീക്ഷയോടെ നിൽക്കുന്നു.
അവസാനം അവൾ ജയിച്ചു.
ക്രിസ്തു തോറ്റു!
അതെ, വിശ്വാസ ജീവിതത്തിൽ
ഭയവും നിരാശയുമില്ലാതെ
തോൽക്കാൻ മടിയില്ലാത്തവർക്കു മുമ്പിൽ തോൽക്കുന്നവൻ്റെ പേരാണ് ക്രിസ്തു.
സുവിശേഷത്തിലെ ആദ്യ
അദ്ഭുതം നടന്നതും അങ്ങനെ തന്നെ.
‘അവർക്കു വീഞ്ഞില്ല’ എന്ന്
പരാതിപ്പെട്ട അമ്മയെ
‘സ്ത്രീയേ എനിക്കും നിനക്കും എന്ത്?
എൻ്റെ സമയം ഇനിയും ആയിട്ടില്ല’
എന്ന മറുപടിയിലൂടെ ക്രിസ്തു തോൽപിച്ചു.
എന്നാൽ പിന്നീട് സംഭവിച്ചതോ?
‘അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ’
എന്ന വാക്കുകളാൽ മറിയം ക്രിസ്തുവിനെ തോൽപിച്ചു ( Ref യോഹ 2:1-12).
ജീവിതത്തിൽ ലഭിക്കുന്ന
പ്രതികരണങ്ങൾ പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കണമെന്നില്ല,
അത് ദൈവത്തിൽ നിന്നുള്ള പ്രതികരണമായാലും മനുഷ്യനിൽ നിന്നുള്ള പ്രതികരണമായാലും.
എന്നാൽ, വിപരീതമായ പ്രതികരണങ്ങൾക്കു നടുവിലും പ്രതീക്ഷ കൈവിടാതിരിക്കുന്നവർ വിജയത്തിലെത്തും.