ഒ ഹെൻറിയുടെ, ‘അവസാന ഇല’
(The Last Leaf) എന്ന ചെറുകഥ വായിക്കാത്തവർ വിരളമായിരിക്കും.
കടുത്ത ന്യുമോണിയ ബാധിച്ച്
സകല പ്രതീക്ഷകളും അസ്തമിച്ച്
തനിക്കു മുമ്പിൽ മരണം മാത്രമേയുള്ളു
എന്ന നിശ്ചയവുമായ് കഴിയുന്ന യുവതി.
രോഗാവസ്ഥയെ ഒരു ശതമാനം പോലും അംഗീകരിക്കാൻ അവൾക്കു കഴിഞ്ഞില്ല.
കടുത്ത നിരാശയിൽ കട്ടിലിൽ കിടന്ന് ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോൾ അവൾ കണ്ടത്
ഒരു മുന്തിരിവള്ളിയായിരുന്നു.
ഇലപൊഴിയുന്ന കാലമായതിനാൽ
അതിൻ്റെ ഇലകൾ ഓരോന്നായ്
പൊഴിഞ്ഞു തുടങ്ങി.
‘ഈ ഇലകൾ പൊഴിഞ്ഞു
തീരുന്നതോടെ ഞാനും മരിക്കും’
എന്നവൾ സ്വയം പറഞ്ഞു.
അങ്ങനെ ആ ദിവസം വന്നു;
മുന്തിരിവള്ളിയിൽ ഒരു ഇല മാത്രം അവശേഷിച്ച ദിനം.
ജാലക കണ്ണുകളിലൂടെ അവൾ അവസാനമായ് ആ ഇലയെ നോക്കി.
രാത്രിയിൽ അവളിങ്ങനെ പറഞ്ഞു:
‘ഇതെൻ്റെ അന്ത്യരാത്രി…’
ആ രാത്രി ശക്തമായ കാറ്റൂതി.
കാറ്റിൽ പൊഴിഞ്ഞു വീഴുന്ന ഇലയെ
അവൾ കിനാവു കണ്ടു.
എന്നാൽ, പ്രഭാതത്തിൽ മിഴി തുറന്നപ്പോൾ അവളുടെ നേത്രങ്ങളെ അതിശയിപ്പിച്ചുകൊണ്ട്
അതാ…..
പൊഴിയാതെ നിൽക്കുന്നു…..
അവസാന ഇല!
സത്യത്തിൽ മുന്തിരിവളളിയിലെ
അവസാന ഇല ആ രാത്രി തന്നെ കൊഴിഞ്ഞിരുന്നു. എന്നാൽ അവളുടെ
നിരാശതയറിഞ്ഞ
സുഹൃത്ത് ജാലകത്തിൽ
രാത്രി വരച്ചു വച്ചതായിരുന്നു
ആ ഇല.
അന്നു മുതൽ മരിക്കണമെന്ന ആഗ്രഹം അവളിൽ നിന്നും അപ്രത്യക്ഷമായി.
വലിയ കാറ്റിലും പൊഴിയാതെ നിന്ന
ആ ഇലപോലെ സഹനങ്ങളെയും രോഗത്തെയും അതിജീവിച്ച്
താൻ പുറത്തു വരും
എന്ന് അവൾ സ്വയം പറഞ്ഞു.
ഇനിയെന്തിന് ജീവിക്കണം
എങ്ങനെ ജീവിക്കും എന്നെല്ലാം ചിലപ്പോഴെങ്കിലും നമ്മളും ചിന്തിച്ചിട്ടില്ലേ?
നിരാശയിലേക്ക് കൂപ്പുകുത്തിയിട്ടില്ലേ?
ദൈവത്തിലുള്ള വിശ്വാസം വരെ ആടിയുലഞ്ഞിട്ടില്ലേ?
അപ്രതീക്ഷിതമായ സഹനങ്ങളിലും രോഗങ്ങളിലും നമ്മെ ദൈവത്തിൽ നിന്നകറ്റി നമ്മിൽ കടുത്ത വിഷാദവും നൈരാശ്യവും കുത്തി നിറയ്ക്കുന്നത് സാത്താൻ്റെ അടവാണ്.
അങ്ങനെയുള്ള പൈശാചിക ചിന്തകൾ ആർക്കും ഉണ്ടാകാം.
”സാത്താനേ, നീ എന്‍െറ
മുമ്പില്‍നിന്നു പോകൂ.
നിന്‍െറ ചിന്ത ദൈവികമല്ല,
മാനുഷികമാണ് ” (മര്‍ക്കോ 8 : 33)
എന്നല്ലെ ശിഷ്യത്തലവനായിരുന്ന
പത്രോസിനോടു പോലും ക്രിസ്തു പ്രതികരിച്ചത്?
പീഢാസഹനങ്ങൾ നിത്യജീവിതത്തിൽ സാധാരമാണ്.
എന്നാൽ ക്രിസ്തുവിനോട് ചേർന്ന്
അവയെ അതിജീവിക്കുമ്പോഴാണ്
അവ ദൈവീകമായ് മാറുന്നത്.
അതിനാൽ ജിവിത സഹനങ്ങളിൽ നിന്ന് ഒളിച്ചോടാതെ സധൈര്യം നേരിടാനുള്ള കൃപയ്ക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.