മാലാഖമാർ പണിത പള്ളിയിൽ – മാലാഖയ്ക്കൊപ്പം

തോമസ് എബ്രഹാം

ഒരിക്കൽ മനസിലുറച്ചു പോയ ആഗ്രഹങ്ങളുടെ അപ്രതീക്ഷിത സാഫല്യമുഹൂർത്തത്തിൽ നമ്മിൽ നിന്നും പുറപ്പെടുന്നൊരു ദീർഘനിശ്വാസമുണ്ട്…
വായുവിനെക്കാൾ കനംകുറഞ്ഞ ഒന്ന്…

കൈകൾ പിണച്ചു പിറകിൽ കെട്ടി തല തെല്ലുയർത്തി സ്വതസിദ്ധമായ ഗൗരവത്തോടെ വർണ്ണശബളമായ സ്ഫടികജാലകങ്ങളിലേക്കു ദൃഷ്ടിയൂന്നി മാലാഖ( Angel Mathews) നടന്നു…. ഒരിക്കൽ തന്റെ അപ്പച്ചൻ പോവാൻ കൊതിച്ച ഇടങ്ങളിലൂടെ….

ഞങ്ങളിപ്പോൾ ഇടൈയ്ക്കാട്ടൂർ പള്ളിയിലാണ്… മാലാഖമാർ പണിത ദേവാലയത്തിൽ…. വെള്ളയും കറുപ്പും ഇടകലർന്ന മാർബിൾതറയിൽ നിന്നും പാദങ്ങളിലേക്കരിച്ചു കയറുന്ന ചെറുതണുപ്പ്…. ചിത്രങ്ങളായും പ്രതിമകളായും മിഴികൾ തുറന്നിരിക്കുന്ന മാലാഖമാർ….

കൃത്യമായി കണക്കൊപ്പിച്ചു കൊത്തുപണികൾ നിറഞ്ഞ തടിവാതിൽ തുറന്നു അകത്തേക്ക് കടക്കുമ്പോൾ അവിടമൊരു ജോമെട്രിക് ഡയഗ്രം പോലെ തോന്നും…. ഗോഥിക് ശൈലിയിലുള്ള ആർച്ചുകളും ജനാലകളും…

മകുടങ്ങളുടെ ഒത്തനടുക്കുള്ള ചെറുവൃത്തങ്ങളിലേക്ക് ഇഴഞ്ഞു കയറുന്ന കമാനശിഖരങ്ങൾ..
ചെറുതൂണുകൾ ആലേഖനം ചെയ്ത കൂറ്റൻ തൂണുകളിൽ ഉയർന്നു പൊങ്ങി ഒരു ദൃശ്യവിരുന്നായി നേർത്ത തവിട്ടുവർണ്ണത്തിൽ അവ മുഴച്ചു നിൽക്കുന്നു….

കൃത്യവും കണിശവുമായ നിർമ്മാണശൈലി… ഓരോ തൂണുകൾക്കും കൂട്ടായി വർണ്ണപ്രതിമകൾ…
പാറക്കെട്ടുകൾക്കിടയിലെ മഴവില്ലുപോലെ മനോഹരമായ അൾത്താര… ഒറ്റനോട്ടത്തിൽ കണ്ണിലുടക്കുന്ന സുവർണ്ണവലയ പ്രഭയിൽ തിളങ്ങുന്ന ത്രിത്വം…

കീഴേ ചെറുചാപ്പലിന്റെ റിപ്ലിക്കക്കുള്ളിൽ തിരുഹൃദയവും സ്വരൂപങ്ങളും… മകുടങ്ങളിൽ കാവലിനായി സെറാഫുകൾ…. കൊത്തു പണികളാലലംകൃതമായ സക്രാരി.. ഇടതുവശത്തായി പുറത്തെ കൊടുംചൂടിൽ നിന്നകന്ന് വെറും ആറടിമണ്ണിലമർന്നു ഫാ:ഫെർഡിനന്റ് സീലും….

അൾത്താരയും വർണ്ണ ജാലകങ്ങളും ഒഴിച്ചാൽ ഇടവിട്ട തവിട്ടുവരകൾ പേറുന്നൊരു ധവളപ്രപഞ്ചം…

വെറുമൊരു കുഗ്രാമത്തിലേക്ക് ഫ്രാൻസിലെ റീംസ് കത്തീഡ്രൽ പറിച്ചു നടുക… ആ സ്വപ്നത്തിനു വേണ്ടിയുള്ള ആദ്യ ശ്രമത്തിൽ തന്നെ തിരിച്ചടിയേൽക്കുക എന്നിട്ടും പതറാതെ ലക്ഷ്യം കൈവരിക്കുക… പാതിരിയുടെ കഥ കേട്ടപ്പോൾ ഓർമ വന്നത് പൗലോ കൊയ്‌ലോ അൽക്കമിസ്റ്റിലെഴുതിയ വരികളായിരുന്നു…

“It’s the possibility of having a dream come true that makes life interesting.” …

നിശ്ശബ്ദത പലപ്പോഴും നമ്മെ ചിന്തകളുടെ, ഭാവനകളുടെ കയത്തിലേക്ക് ഒരു സ്ക്യൂബ ഡൈവറെപ്പോലെ ഊളിയിടീക്കാറുണ്ട്….

ഇവിടെ ഒരിക്കൽ ഒരായിരം പേരുടെ ഉത്സാഹവും മടുപ്പും കലർന്ന വിയർപ്പുകണങ്ങളിറ്റിയിരിക്കണം… കളിച്ചിരിനാദങ്ങളോടോപ്പം പ്രതീക്ഷകളുടെ കാറ്റലയടിച്ചിരിക്കണം… ദേവാലയശുചീകരണത്തിനെത്തിയ ഈ കുട്ടികളുടേതുപോലെ….

കാഴ്ചകൾ ഓരോന്നായി പിന്നിട്ട് മാലാഖ മറുഭാഗത്തെത്തിയിരിക്കുന്നു.. പതിയെ ഞാൻ പുറത്തെ പടികളിറങ്ങി മറുപാർശ്വത്തേക്കു നീങ്ങി…

തണൽമരത്തിൽ ചേക്കേറിയ പക്ഷികളെ പോലെ തഴയും മുളയും കൊണ്ടു നിർമ്മിച്ച പന്തലുകളിൽ സ്വച്ഛമായി വിശ്രമിക്കുന്ന തീർത്ഥാടകർ…. ആത്മീയാനന്ദം തേടി കാതങ്ങൾ താണ്ടി വന്നവരായിരിക്കാമിവർ… ആകുലതകളുടെ ഭാരം മെഴുകുതിരികളായി കത്തിയമരുന്നു… അവയുടെ
കറുത്തു ചുരുണ്ട നേർത്ത പുകപോലെ അലിഞ്ഞില്ലാതാവുന്നു….

ചുമരുകളെക്കാൾ പ്രാധാന്യം കമാനങ്ങൾക്കും ജലകങ്ങൾക്കുമാണെന്നെനിക്കു തോന്നി.. പഴയ പായകപ്പലുകളുടെ മുകൾതട്ടുപോലെ ചുറ്റിനുമുയരത്തിൽ പാരപ്പറ്റുകൾ.. വശങ്ങളിലുടനീളം നാസദ്വാരങ്ങൾ പോലെ ഉച്ഛനിശ്വാസമുയർത്തുന്ന വൃത്തജാലികകൾ…
കൂർപ്പിച്ച പെൻസിലുപോലെ ദേവാലയമകുടങ്ങൾ…

വിടപറയും മുൻപേ മുഖവാരത്തേക്ക് ഒന്നുകൂടിയുറ്റുനോക്കി… ഏതോ വികൃതിപയ്യൻ തൊഴിച്ചെറിഞ്ഞ ചിതൽപ്പുറ്റിന്റെ അഗ്രം പോലെ ഇരുവശത്തും ഉയർന്ന മിനാരങ്ങൾ… നീല അരികുള്ള വലിയ വൃത്തത്തിലേക്ക് ഇടിച്ചു കയറി നിൽക്കുന്ന ത്രികോണമൊരു മുറിച്ച കേക്കു പോലെ…. ജാലികകൾക്ക് ഇടയിലൂടെ കാണുന്ന നീലിച്ച ആകാശ തുണ്ടുകൾ….

വെയിലത്തു ഇമവെട്ടാതെ നോക്കി നിന്നെങ്കിലും ഉഷ്ണം ഞങ്ങളെ ലവലേശമേശിയില്ല…. വറ്റിവരണ്ട വൈഗയിൽ നിന്നുമുയരുന്ന ചുടുകാറ്റിനു ആഗ്രഹസാഫല്യത്തിന്റെ നേർത്ത തണുപ്പായിരുന്നു……

(തുടരും)

Nb:

1.മധുരയിൽ നിന്നും 37km ആണ് ഇവിടേയ്ക്കുള്ള ദൂരം… ബസ് സമയം.. Prayer service details എല്ലാം www.idaikatturshs.org എന്ന സൈറ്റിൽ ഉണ്ട്

2. ഉച്ചസമയത്ത് ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടായിരിക്കും അവിടെ അതുകൊണ്ട് ആവശ്യമായ മുൻകരുതൽ എടുക്കുക..

Part 1
https://m.facebook.com/groups/785863974804742?view=permalink&id=1594582037266261

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy