സൃഷ്ടിയുടെ മകുടമായ മനുഷ്യന് ഈ ഭൂമിയില്‍ ലഭിക്കാവുന്ന മഹാഭാഗ്യങ്ങളിലൊന്നാണ് ‘ഗുരു’ ആയിത്തീരുവാന്‍ കഴിയുക എന്നുള്ളത്. കാരണം ഏതൊരു മനുഷ്യന്‍റെയും മനസ്സില്‍ മായാത്ത സ്മരണയായി സ്ഥാനം പിടിക്കുന്ന വ്യക്തിയാണ് “ഗുരു”.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും, അദ്ധ്യാപകനും, സര്‍വ്വോപരി ചിന്തകനുമായ സര്‍വേപള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. ഈ പുണ്യദിനത്തില്‍ ഞാന്‍ ഓര്‍ക്കുന്നത് എന്‍റെ പ്രിയപ്പെട്ട അദ്ധ്യാപകരെക്കുറിച്ചാണ്. എന്‍റെ പ്രിയപ്പെട്ട മാതാപിതാക്കളും, എന്‍റെ ആദ്യ ഗുരുക്കന്മാരുമായിരുന്നു അക്ഷരത്തിന്‍റെ ശക്തിയും, വായനയുടെ വസന്തവും എന്നില്‍ നിക്ഷേപിച്ചത്.
ഭാരതീയരെ സംബന്ധിച്ചിടത്തോളം ഗുരുസങ്കല്‍പം മഹത്തായ ഒന്നാണ് അറിവിന്‍റെ അക്ഷയഖനിയായി കരുതപ്പെടുന്ന നിരവധി അദ്ധ്യാപകര്‍ നമ്മുടെ വിദ്യാലയങ്ങളില്‍ ഇപ്പോഴും ഉണ്ട് സാധാരണ ഒരു വ്യക്തിയില്‍ നിന്നും തികച്ചും വ്യത്യസ്ഥരാണിവര്‍ സമൂഹത്തിന്‍റെ തിന്മകള്‍ ഒട്ടുംതന്നെ ഏല്‍ക്കാത്ത, ജാതിമതവര്‍ഗ്ഗ ചിന്തകള്‍ തന്‍റെ പ്രവര്‍ത്തിയിലൊരിടത്തും സ്പര്‍ശിക്കാത്ത, മനുഷ്യസഹചമായ വൈകല്യങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത, മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുവാന്‍ കഴിയുന്ന, കുട്ടികളെ ജീവിതത്തിന്‍റെ ഉയരങ്ങളില്‍ എത്തിക്കുവാന്‍ ആഗ്രഹിക്കുന്ന, വിശാലമാനസ്സുള്ള വ്യക്തികളിവര്‍. അദ്ധ്യാപകര്‍ സാമൂഹ്യ പരിഷ്കര്‍ത്താവാണ്. അതുകൊണ്ട് തന്നെ അദ്ധ്യാപനത്തിലുണ്ടാകുന്ന മൂല്യത്തകര്‍ച്ച നമ്മുടെ വിദ്യാലയങ്ങളെ സാരമായി ബാധിക്കും.
“രക്ഷിതാക്കളെക്കാള്‍ കൂടുതലായി ബഹുമാനിക്കേണ്ടത് അദ്ധ്യാപകരെയാണ്; എന്തെ\ന്നാല്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ജീവിതം നല്‍കുമ്പോള്‍ അദ്ധ്യാപകര്‍ നന്നായി ജീവിക്കാനുള്ള കലയും” എന്ന് അരിസ്റ്റോട്ടില്‍ ഇത്തരുണത്തില്‍ പറഞ്ഞത് നാം ഓര്‍ക്കേണ്ടതാണ്.
‘ഗുരു’ എന്ന പദത്തിനര്‍ത്ഥം ‘മനസ്സിലുള്ള അന്ധകാരം നീക്കുന്നവന്‍’ എന്നാണ് അതായത് അദ്ധ്യാപകര്‍
പ്രകാശമായിരിക്കണം. ഈ ഭൂമിയില്‍ ‘ഗുരു’ ആവശ്യമുള്ള ഏകജീവി മനുഷ്യനാണ്. ഉദാഹരണത്തിന് മയിലിനു നൃത്തം പഠിക്കുവാന്‍ നൃത്തവിദ്യാലത്തില്‍ പോകേണ്ടതില്ല. കുയിലിനെ സംഗീതം പഠിപ്പിക്കേണ്ടതില്ല, എട്ടുകാലി വലനെയ്യുവാന്‍ പഠിച്ചത് ഒരു എന്‍ജിനീയറിംഗ് കോളേജിലും പോയിട്ടല്ല. എന്നാല്‍ മനുഷ്യന്‍റെ സ്ഥിതി അതല്ല. അവന്‍ പിറവിയില്‍ ഒന്നുമറിയില്ല. എല്ലാ പഠിച്ചെടുത്തേ മതിയാവു. കല്ലില്‍ ഒളിഞ്ഞിരിക്കുന്ന മാലാഖയെ പുറത്തുകൊണ്ടുവരുന്ന ശില്‍പിയെപ്പോലെ മനുഷ്യനി ലെ നല്ല വാസനകളെ പരിപോഷിപ്പിക്കുമ്പോഴാണ് ഒരുവ്യക്തി യഥാര്‍ത്ഥ അദ്ധ്യാപകനായി മാറുന്നത്.
‘വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം സ്വഭാവഗുണമാണ്. സ്വഭാവഗുമില്ലാത്ത വിദ്യാഭ്യാസം ഉപയോഗശുന്യവും ആപല്‍ക്കരവുമാണ്’ എന്നാണ് ഡോ.എസ് രാധാകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. എന്നാലിന്ന് വിദ്യാഭ്യാസത്തില്‍ ഏറ്റവുമധികം അവഗണിക്കപ്പെടുന്ന സംഗതിയാണ് സ്വഭാവം എന്നുള്ളത്. നാം മനസ്സിലാക്കേണ്ട ഏറ്റവും പ്രാധാന്യമാര്‍ഹിക്കുന്ന കാര്യം വിജയകരുമായ പ്രവര്‍ത്തനത്തിനു പിന്നില്‍ ഒരു വ്യക്തി പഠിച്ച പാഠങ്ങളുടെ പങ്ക് 15% മാത്രമാണ് ബാക്കി 85% വ്യക്തിപരമായ മേന്മയും സ്വഭാവഗുണവുമാണ്.
കോത്താരി കമ്മീഷന്‍ വിദ്യാഭ്യാസത്തെ നിര്‍വ്വചിക്കുന്ന എത്ര ശ്രദ്ധേയമാണ്. ‘ഒരദ്ധ്യാപകന്‍റെ പക്വമായി വ്യക്തിത്വം ഒരു കുട്ടിയുടെ അപക്വമായ വ്യക്തിത്വത്തിന്മേല്‍ ചെലുത്തുന്ന സ്വാധീനമാണ് വിദ്യാഭ്യാസം ഗുരുവിന്‍റെ ശ്രേഷ്ഠമായ സ്ഥാനത്തെയാണിത് സൂചിപ്പിക്കുന്നത്.
‘കാട്ടാളനെ നാട്ടാളനാക്കുന്നവനാണ് അദ്ധ്യാപകന്‍’ കുട്ടികള്‍ക്ക് പഠിക്കുവാന്‍ പ്രചോദനം നല്‍കുകയാണ് ഉത്തമനായ അദ്ധ്യാപകന്‍റെ കര്‍ത്തവ്യം.കുട്ടികളോടുള്ള സ്നേഹവും തൊഴിലിനോ ടുള്ള ആത്മാര്‍ത്ഥതയും കൂടിചേരുമ്പോഴാണ് ഒരു വ്യക്തി പൂര്‍ണ്ണനായ അദ്ധ്യാപകനാകുന്നത്.
വിദ്യയാണ് ഏറ്റവും സമ്പത്ത്. വിദ്യാഭ്യസം എന്നും ഏറ്റവും ഉയര്‍ന്ന നിക്ഷേപവുമാണ് ഈ നി ക്ഷേപമേഖല കാലാനുസൃതമായി പരിണാമ വിധേയമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഹോം സ്കൂളിംഗും ഉണ്ടെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ മര്‍മ്മപ്രധാനമായ ഘടകമാണ് അദ്ധ്യാപകര്‍. വിദ്യാര്‍ത്ഥികള്‍ വിദ്യലയത്തിലൂടെ കടന്നുപോകുകയും. വിദ്യ അവരിലൂടെ കടന്നു പോകുകയാണ് വേണ്ടത്. ഓരോ അദ്ധ്യാപകരും വസ്തുക്കളെയല്ല വ്യക്തികളെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ബോധ്യം ഉണ്ടാകണം. അധ്യാപനം ഒരു തൊഴില്‍ എന്നതിനേക്കാളുപരി ദൈവദത്തമായ ഒരു നിയോഗമായി കരുതിയാല്‍ മാത്രമേ ഈ പുണ്യപ്രവര്‍ത്തിയുടെ മാഹാത്മ്യം മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളു. ഉയര്‍ന്ന ചിന്തയും സാമൂഹിക പ്രതിബദ്ധതയും അദ്ധ്യപകനോടൊപ്പം എപ്പോഴും ഉണ്ടാവണം അതില്ലാത്ത അദ്ധ്യാപകരുടെ താവളമായി വിദ്യാലയങ്ങള്‍ മാറുമ്പോഴാണ് നമ്മുടെ വിദ്ധ്യാലയങ്ങള്‍അധഃപതിക്കുന്നത്. അദ്ധ്യാപക സമുഹത്തിന്‍റെ യശസ്സ് ഉയര്‍ത്തുവാനും അതുവഴി സംസ്കാര സമ്പന്നാമായ ഒരു സമൂഹത്തിനു ജന്മം നല്‍കുവാനും ഈ അദ്ധ്യാപകദിനം ഉപകരിക്കട്ടെ. അറിവിനോടൊപ്പം തിരിച്ചറിവുകൂടി ഉണ്ടാകുമ്പോഴാണ് വിദ്യാഭ്യാസം പൂര്‍ണ്ണമാകുക. അതുകൊണ്ടുതന്നെ ഓരോ അദ്ധ്യാപകരും പ്രതിജ്ഞയെടുക്കേണ്ട ഒരു സത്യമുണ്ട് ഞാനൊരു ‘കെട്ടികിടക്കുന്ന അശുദ്ധ ജലമാകരുതെന്ന്’. അതായത് എന്‍റെ വിദ്ധ്യാര്‍ത്ഥികള്‍ കെട്ടിക്കിടക്കുന്ന അശുദ്ധജനം കുടിക്കാവന്‍ ആഗ്രഹിക്കാതെ അവര്‍ എപ്പോഴും
നീരൊഴുക്കുള്ള ജലാശയങ്ങളില്‍ നിന്ന് കുടിക്കുവാന്‍ ആഗ്രഹിക്കണം. ഇതിന് വായന ആവശ്യമാണ് ശരീരത്തിന് വ്യായമം പോലെയായിരിക്കണം മനസ്സിന് വായന ഒരു നല്ല ജീവിതം നയിക്കുവാനുള്ള അടിസ്ഥാന ആയുധമാണ് വായന എന്നാണ് ‘മോര്‍ട്ടിമര്‍’ പറഞ്ഞിരിക്കന്നത്. നമ്മുടെ വായനാപദ്ധതി ആഹാര ദിനചര്യ പോലെതന്നെയായിരിക്കണം. ആധുനിക ലോകത്ത് വിദ്യവെറും ആഭ്യാസവും ആഭാസവും ആയിപ്പോകാതിരിക്കുവാന്‍ നമ്മള്‍ ഇപ്രകാരമൊക്കെ മാറേണ്ടിരിക്കുന്നു.
കബീര്‍ദാസ് പറഞ്ഞില്ലേ, “ഈശ്വരനെ നഷ്ടപ്പെട്ടാലും കുഴപ്പമില്ല, പക്ഷേ ഈശ്വരനിലേക്ക് നയിക്കുന്ന അദ്ധ്യാപകനെ നഷ്ടപ്പെട്ടാല്‍ കുഴപ്പമാണ്”. ഓരോ അദ്ധ്യാപകരും അദ്ധ്യാപനത്തിന്‍റെ മഹത്വത്തെക്കുറിച്ച് ചിന്തിക്കുവാന്‍ ഈ അദ്ധ്യാപകദിനം ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു.