ദൈവം പ്രാർത്ഥന കേൾക്കുമോ?

ഫാദർ ജെൻസൺ ലാസലെറ്റ്

ക്രിസ്തുവിൻ്റെ വചനമാണത്:
വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും”
(മത്തായി 21 : 22)

എനിക്കുറപ്പാണ് ഈ വചനം കേൾക്കുമ്പോഴേ ചിലരെങ്കിലും ചിന്തിക്കും: എന്തുകൊണ്ട് ഞാൻ പ്രാർത്ഥിച്ചത് പലതും എനിക്ക് ലഭിച്ചിട്ടില്ല എന്ന്.

നമുക്ക് നമ്മുടെ പ്രാർത്ഥനകളെ ഒന്നു വിലയിരുത്താം.

കള്ളൻ പ്രാർത്ഥിക്കുന്നത് പിടിക്കപ്പെടാതിരിക്കാനാണെങ്കിൽ പോലീസിൻ്റെ പ്രാർത്ഥന കള്ളനെ പിടികൂടാനായിരിക്കും.

കുട്ടികളിൽ ചിലരെങ്കിലും പ്രാർത്ഥിക്കുന്നത് സ്ക്കൂൾ തുറക്കാതിരിക്കാനും
അധ്യാപകർ അപായപ്പെടാനുമാണെങ്കിൽ അധ്യാപകർ പ്രാർത്ഥിക്കുന്നത്
കലാലയം തുറക്കുവാനും
അവർക്ക് അപകടങ്ങൾ സംഭവിക്കാതിരിക്കാനുമായിരിക്കും.

കൃഷിക്കാർ മഴയ്ക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ റോഡ് പണിക്കാരും കൺസ്ട്രക്ഷനിൽ ഏർപ്പെടുന്നവരും
മഴ പെയ്യാതിരിക്കാനായിരിക്കും പ്രാർത്ഥിക്കുക.

കർഷകൻ വിളകൾക്ക് നല്ല വില ലഭിക്കാൻ പ്രാർത്ഥിക്കുമ്പോൾ അവ വാങ്ങിക്കുന്നവൻ കുറച്ചു വിലയ്ക്ക് ലഭിക്കുവാനും കൂടുതൽ വിലയ്ക്ക് വിൽക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു.

ആശുപത്രി അധികൃതർ രോഗികൾ വരുവാൻ വേണ്ടി പ്രാർത്ഥിക്കുമ്പോൾ ജനങ്ങൾ രോഗം വരാതിരിക്കാനായ് പ്രാർത്ഥിക്കുന്നു.

ഇങ്ങനെ പ്രാർത്ഥനകളുടെ നിര നീണ്ടു കൊണ്ടിരിക്കുമ്പോൾ ആരുടെ പ്രാർത്ഥനയായിരിക്കും ദൈവം കേൾക്കുക?

സുവിശേഷത്തിൽ ഫരിസേയൻ്റെ പ്രാർത്ഥന കേൾക്കാതെ ചുങ്കക്കാരൻ്റെ പ്രാർത്ഥന കേൾക്കുന്ന ദൈവത്തെ നമ്മൾ കണ്ടുമുട്ടുന്നുണ്ട്.

കഴിയുമെങ്കിൽ ഈ പാനപാത്രം എടുത്തുമാറ്റണേ എന്ന് പ്രാർത്ഥിച്ച ക്രിസ്തു ‘എൻ്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ’ എന്നും പ്രാർത്ഥിക്കുന്നുണ്ട്.
ആ പ്രാർത്ഥനയാണ് അവനെ കുരിശോളം എത്തിച്ചതും ഉയിർപ്പിലേക്ക് നയിച്ചതും.

അങ്ങനെയെങ്കിൽ വിശ്വസിക്കുന്ന ഏതൊരുവനും ഏത് പ്രാർത്ഥനയ്ക്കു ശേഷവും കൂട്ടിച്ചേർക്കേണ്ട ഒരു ഭാഗമുണ്ട്:

“എങ്കിലും എൻ്റെ ഹിതമല്ല
അങ്ങയുടെ ഹിതം നിറവേറട്ടെ!”

അങ്ങനെ പ്രാർത്ഥിക്കുന്നവരുടെ ഹിതങ്ങളെല്ലാം ദൈവേഷ്ടം പോലെ നടക്കും.
അപ്പോൾ പിന്നെ ദൈവം എൻ്റെ പ്രാർത്ഥന കേട്ടില്ലെന്ന് ആർക്ക് പറയാൻ കഴിയും?

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy