പാവങ്ങളുടെ അമ്മ വിമർശിക്കപ്പെടുമ്പോൾ

സിബിള്‍ റോസ് സാബു

അഗതികളുടെ അമ്മ. രോഗികളെയും, അനാഥരെയും, തെരുവോരങ്ങളിൽ ഉപേക്ഷിക്കപെട്ടവരെയും മാറോടണച്ച കാരുണ്യത്തിൻ്റെ മാലാഖ. സമാധാനത്തിനുള്ള നോബേൽ സമ്മാനവും ഭാരതത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്നയും ഉൾപ്പടെ നിരവധി ദേശിയ അന്താരാഷ്‌ട്ര ബഹുമതികൾ നൽകി ലോകം ആദരിച്ച മഹത് വനിത. പറഞ്ഞ് വരുന്നത് കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയെ കുറിച്ച് തന്നെയാണ്.

ജീവിച്ചിരുന്നപ്പോൾത്തന്നെ ലോകം വിശുദ്ധയെന്ന് വിളിച്ച മദർ തെരേസയുടെ പ്രവർത്തനങ്ങൾ നമുക്ക് അപരിചിതമല്ല. എന്നാൽ, വേദപാഠ ക്ലാസ്സുകളിൽ സ്നേഹത്തിൻറെ മാതൃകയെന്ന് നമ്മൾ പഠിച്ച വിശുദ്ധ മദർ തെരേസയെ അപമാനിക്കുകയും നിന്ദിക്കുകയും കുറ്റം വിധിക്കുകയും ചെയുന്ന നിരീശ്വരവാദികളുടെ നിലവാരമില്ലാത്ത നിരീക്ഷണങ്ങളും രാഷ്ട്രീയ താല്പര്യങ്ങളോടെ പടച്ച് വിടുന്ന അസംബന്ധങ്ങളും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ്.

“മദർ തെരേസ നമ്മളെ കബിളിപ്പിച്ചു. ദരിദ്രർക്ക് വേണ്ടി അവര് ചെയ്തതൊന്നും യഥാർത്ഥത്തിൽ ദരിദ്രർക്ക് വേണ്ടി ആയിരുന്നില്ല. മനുഷ്യമനസ്സിൻ്റെ സഹാനുഭൂതി ചൂക്ഷണം ചെയാൻ നടത്തിയ ഒരു പ്രകടനം മാത്രമായിരുന്നു അത്. അവര് ഒരു മതമൗലികവാദിയും, രാഷ്ട്രീയപ്രവർത്തകയും, മതേതര ശക്തികളുടെ കൂട്ടാളിയുമായിരുന്നു. അവരുടെ സൗഹൃദങ്ങൾ തട്ടിപ്പും വഞ്ചനയും ചൂക്ഷണവും ശീലമാക്കിയവരോടൊപ്പമായിരുന്നു. അവരിൽ നിന്നും കണക്കില്ലാത്തത്ര പണം തെരേസ കരസ്ഥമാക്കിയിരുന്നു.” ലോകം വിശുദ്ധയെന്ന് വിളിച്ചവളെ “നരകത്തിൻ്റെ മാലാഖ” എന്ന് വിശേഷിപ്പിച്ച ക്രിസ്റ്റഫർ ഹിച്ചൻസ്, അദ്ദേഹത്തിൻ്റെ The Missionary Position: Mother Teresa in Theory and Practice എന്ന പുസ്തകത്തിൽ മദറിനെ കുറിച്ച് എഴുതിയ വാക്കുകളാണിവ.

തികഞ്ഞ ഒരു നിരീശ്വരവാദിയായിരുന്ന ഹിച്ചെൻസിന് ഒരു കത്തോലിക്കാ സന്യാസിനിക്ക് ലഭിച്ചിരുന്ന പ്രശസ്‌തിയും ആദരവുമെല്ലാം അസഹനീയമായിരുന്നു. ക്രൈസ്തവ കുടുംബത്തിൽ ജനിച്ചുവെങ്കിലും ക്രിസ്‌തുവിൻ്റെ സുവിശേഷം മനസിലാക്കാൻ ഹിച്ചെൻസിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ താൻ ശുശ്രുഷിച്ചവരിൽ ക്രിസ്‌തുവിനെ ദർശിക്കുകയും അവരോട് അവൻ്റെ സ്നേഹത്തെയും സഹനത്തെയും കുറിച്ച് പറയുകയും ചെയുന്നതെല്ലാം ഹിച്ചെൻസിൻ്റെ കണ്ണിൽ മദറിനെ ഒരു മതമൗലികവാദിയാക്കി. എന്നാൽ ജാതി മത ഭേദ മന്യേ മദർ ചുറ്റുമുള്ളവരെ ശുശ്രൂഷിച്ചിരുന്നു എന്നും തൻ്റെ സ്ഥാപനങ്ങളിൽ മരണമടയുന്ന അന്യമതസ്ഥർക്ക് അവരുടെ മതാചാരപ്രകാരം തന്നെ അന്ത്യകർമങ്ങൾ ലഭിക്കണമെന്ന് മദറിന് നിർബന്ധം ഉണ്ടായിരുന്നു എന്നുമുള്ളതും ചരിത്രം രേഖപ്പെടുത്തിയ സത്യങ്ങളാണ്.

മദർ തെരേസയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്ന അമേരിക്കക്കാരനായ ചാൾസ് കീറ്റിംഗ് സംഭാവന നൽകിയ ഒന്നേ കാൽ മില്യൻ ഡോളർ മദർ സ്വീകരിച്ചിരുന്നു. പില്‌ക്കാലത്ത് ബിസിനസിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം അദ്ദേഹം ഒരു തടവുകാരനായി. ഇതോടെ മദർ കൊടുംകുറ്റവാളികളുടെ കൂടെ പ്രവർത്തിക്കുന്നുവെന്നും തെറ്റായ മാർഗത്തിലൂടെ അവർ സമ്പാദിച്ചതിൻ്റെ വിഹിതം യാതൊരു മനഃസാക്ഷിക്കുത്തും ഇല്ലാതെ സ്വീകരിക്കുന്നെന്നും ഹിച്ചൻസ് വിധിയെഴുതി. കീറ്റിംഗിൻ്റെ വിചാരണ സമയത്ത് തനിക്ക് അദ്ദേഹത്തിൻ്റെ ജോലിയെയോ ബിസിനസിനെയോ അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളെയോ കുറിച്ച് ഒന്നും അറിയില്ലെന്നും, പാവങ്ങളെ സഹായിക്കാൻ ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്‌തിട്ടുണ്ടെന്നും, മദർ നീതിപീഠത്തിന് എഴുതിയ കത്ത് ഹിച്ചൻസിനെ സംബന്ധിച്ചിടത്തോളം മാപ്പർഹിക്കാത്ത അപരതമായിരുന്നു.

കീറ്റിംഗ് മദറിന് സംഭാവന ചെയ്‌ത കാലത്ത് അദ്ദേഹത്തിൻറെ പേരിൽ ആരോപണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. 1996-ൽ കീറ്റിംഗിൻ്റെ ശിക്ഷാവിധി നീതിരഹിതമായിരുന്നെന്ന് വിധിച്ച് കോടതി തന്നെ അദ്ദേഹത്തെ ജയിൽ മോചിതനാക്കുകയും ചെയ്തു. എന്നിരുന്നാലും മദർ തെരേസയെ അവഹേളിക്കുമ്പോൾ വിമർശകർ ഈ സംഭവങ്ങളെ ഇന്നും ഉപയോഗിക്കാറുണ്ട്. കീറ്റിംഗിനെ ഒരു അധോലോകത്തലവനായി ചിത്രീകരിച്ചും മദർ നീതിപീഠത്തെ സ്വാധീനിച്ച് ശിക്ഷയിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കാൻ നോക്കിയതായി ആരോപിച്ചും അതിനായി മദർ എഴുതി എന്ന് പറയപ്പെടുന്ന കത്തിൽ അവരുടെ ഭാവനക്കനുസരിച്ചുള്ള വരികൾ കൂട്ടി ചേർത്തും 2020-ലും സത്യങ്ങൾ മൂടിവെച്ച് വിമർശകർ മദറിൽ കുറ്റം ആരോപിക്കുന്നു.

ഒരു മിഷനറിയായി മദർ ഇന്ത്യയിൽ വന്നതും ആദ്യം പ്രവർത്തനമാരംഭിച്ച വിദ്യാഭാസമേഖല ഉപേക്ഷിച്ച് ആശ്രയമില്ലാത്തവരുടെ ഇടയിൽ ശുശ്രൂഷയാരംഭിച്ചതും സാമ്പത്തികലാഭവും മതപരിവർത്തനവും മുന്നിൽകണ്ടുകൊണ്ടായിരുന്നു എന്നതാണ് മറ്റൊരു ആരോപണം. മരണം കാത്ത് കഴിയുന്നവർക്ക് മദർ മാമ്മോദീസ നൽകി ക്രിസ്തുമതപ്രചാരണം നടത്തി എന്നാരോപിക്കുന്നവർ ഏറെയാണ്. മദർ പരിപാലിച്ച കുട്ടികളും അനാഥരും ദരിദ്രരും സ്ത്രീകളും ഉൾപ്പെടെ ക്രിസ്തുമതത്തിൽ ചേരാതെ തന്നെ മദറിൻ്റെയും സഹസന്യാസിനിമാരുടെയും ശുശ്രൂഷ സ്വീകരികുകയും അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുകയും ചെയ്‌തു എന്നുള്ളത് വിമർശകരാൽ പരാമർശിക്കപെടാറില്ല. മാത്രവുമല്ല, മുതിർന്നവർക്ക് മാമ്മോദീസ നൽകുമ്പോൾ സ്വീകരിക്കുന്ന വ്യക്തിയുടെ അറിവോടും പൂർണ സമ്മതത്തോടും കൂടെയല്ലാതെ അത് നൽകാൻ കഴിയില്ലെന്നും അങ്ങനെ നൽകിയാൽ അത് സാധുവാകില്ലെന്നും ഈകൂട്ടർക്ക് അറിയാത്തതായിരിക്കും എന്നും നമുക്ക് ആശ്വസിക്കാമല്ലെ?

തെരുവിൽ ഉപേക്ഷിക്കപ്പെട്ട മരണാസന്നരായ രോഗികളെ പരിപാലിക്കാനും അവർക്ക് മാന്യതയോടെ മരിക്കാനും 1952-ൽ മദർ സ്ഥാപിച്ച Kalighat Home for the Dying Destitute ഹിച്ചെൻസ് ഉൾപ്പെടയുള്ള വിമർശകരുടെ കണ്ണിൽ എന്നും ഒരു മരണാലയമാണ്. കൽക്കട്ടയിലെ ആശുപത്രികൾ അഭയം നൽകാതെ തള്ളിക്കളഞ്ഞവർക്ക് സ്നേഹവും പരിചരണവും ലഭിച്ച് സമാധാനത്തോടെ മരിക്കാൻ ഒരിടം എന്നതായിരുന്നു മദറിന്റെ സ്വപ്നം. എന്നാൽ ഈ ആലയത്തിൽ ആശുപത്രികളിലെ ആധുനികസൗകര്യങ്ങൾ നൽകിയില്ലെന്നും വേദനിക്കുന്നവരുടെ സഹനങ്ങൾ കണ്ട് മദർ സന്തോഷിച്ചെന്നും തുടങ്ങിയുള്ള യുക്തിരഹിതമായ ആരോപണങ്ങൾ അവർ ഉന്നയിക്കുന്നു.

സഹനങ്ങളിൽ ക്രിസ്‌തുവിനെ ദർശിക്കുന്ന ദൈവശാസ്ത്രം നിരീശ്വരവാദിയായ ഹിച്ചൻസിനും അതേറ്റുപറയുന്ന യുക്തിവാദികളും നിരീശ്വരവാദികളുമായ മദർ തെരേസ വിമർശകർക്കും ഗ്രഹിക്കാൻ കഴിയുന്നവയല്ല. ഒരിക്കൽ Kalighat Home for the Dying Destitute സന്ദർശിച്ച റോബർട്ട് ഫോക്സ് The Lancet എന്ന മെഡിക്കൽ ജേർണലിൽ അവിടുത്തെ പരിചരണത്തെ കുറിച്ച് വിമർശനാത്മകമായി എഴുതിയിരുന്നു. ഈ വസ്‌തുത ഉയർത്തിക്കാട്ടി മദർ നടത്തിയിരുന്നത് ഒരു മരണാലയമാണെന്ന് സ്ഥാപിക്കാൻ വിമർശകർ എന്നും പരിശ്രമിച്ചിരുന്നു. പക്ഷെ അതേ മെഡിക്കൽ ജേർണൽ തന്നെ തൊട്ടടുത്തമാസത്തെ പ്രസിദ്ധീകരണത്തിൽ മുൻപ് മദർ തെരേസയെ കുറിച്ച് പ്രസിദ്ധീകരിച്ചത് തെറ്റായ വിവരണമായിരുന്നെന്ന് സമ്മതിക്കുകയും യാഥാർഥ്യങ്ങൾ എഴുതുകയും ചെയ്‌തത്‌ സൗകര്യപൂർവം മറച്ചുവെക്കപ്പെടുകയാണ്.

ഒരു കത്തോലിക്കാ സന്യാസിനി ഈ ലോകത്തിന് വേണ്ടി ചെയ്‌തിരുന്ന നന്മകളും അവയിലൂടെ അവരെ തേടിയെത്തിയ പ്രശസ്‌തിയും ബഹുമതികളും ഹിച്ചൻസ് ഉൾപ്പെടെയുള്ള ക്രൈസ്ഥവവിരോധികൾക്ക് അസൂയയും അസഹിഷ്ണുതയും ഉളവാക്കുന്നതായിരുന്നു. ഭ്രൂണഹത്യയെയും ഗർഭധാരണ പ്രതിരോധമാർഗങ്ങളേയും ശക്തമായി എത്തിർത്തിരുന്ന മദറിനെ ഈക്കാരണത്താൽ തന്നെ രൂക്ഷമായി വിമർശിച്ച ധാർമികബോധ്യങ്ങളിലാത്ത ഹിച്ചൻസിനെപോലെയുള്ളവർ സത്യത്തെ വളച്ചൊടിച്ചും അർദ്ധസത്യങ്ങൾ മാത്രം പരാമർശിച്ചും തങ്ങളുടെ ഭാവനക്കനുസരിച്ച് നുണകഥകൾ പ്രചരിപ്പിച്ചും മദറിനെ പ്രതികൂട്ടിൽ നിർത്താൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.

വിശുദ്ധിയോടും നൈർമല്യത്തോടും ദാരിദ്ര്യത്തെ പുണർന്ന് സഹജീവികളോട് കരുണയും അനുകമ്പയും മാത്രം പ്രകടിപ്പിച്ച മഹത്‌വനിതയെ സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും അനുകരിക്കാൻ കഴിയാത്ത മാതൃകയായി ലോകം ആദരിക്കുന്നു. മദർ കൊളുത്തിയ മാർഗ്ഗദീപത്തിൻ്റെ വെളിച്ചത്തിൽ അനേകായിരം സന്യാസിനിമാർ ലോകം മുഴുവൻ അനാഥരിലും രോഗികളിലും ആശ്രിതരിലും പീഡിതരിലുമെല്ലാം ക്രിസ്‌തുവിനെ തിരഞ്ഞ് സ്നേഹിക്കാനിറങ്ങുന്നു. ഇന്ന് സെപ്റ്റംബർ 5, സഭ വിശുദ്ധ മദർ തെരേസയുടെ തിരുന്നാൾ ആഘോഷിക്കുന്നു. ചെയുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ സ്നേഹത്തോടെ ചെയാൻ കഴിയുമെന്ന് പഠിപ്പിച്ച, കാരുണ്യത്തിൻ്റെ മാലാഖയെ എളിയ രീതിയിൽ എങ്കിലും അനുകരിക്കാൻ നമുക്കും ശ്രമിക്കാം.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy