തുടക്കം തീപ്പൊരിയിലാണ്

ഫാ ജോസഫ്‌ നെച്ചിക്കാട്ട്‌

കൗണ്ട് ലിയോ ടോള്‍സ്റ്റോയി 1885 ല്‍ എഴുതിയ പ്രസിദ്ധമായ കഥയാണ്: “തീപ്പൊരി കെടുത്തുക.”
കര്‍ഷകരായ ഐവാനും ഗബ്രിയേലും സുഹൃത്തുക്കളും അയല്ക്കാരുമായിരുന്നു. ഒരിക്കല്‍ ഐവാന്‍റെ കോഴി പറന്നുപോയി ഗബ്രിയേലിന്‍റെ പറമ്പില്‍ മുട്ടയിട്ടു. മുട്ട എടുക്കാന്‍ ചെന്ന ഐവാന്‍റെ മകളെ ഗബ്രിയേലിന്‍റെ ഭാര്യ വഴക്കു പറഞ്ഞുവിട്ടു. തുടര്‍ന്ന് ഐവാന്‍റെ ഭാര്യയും ഗബ്രിയേലിന്‍റെ ഭാര്യയും തമ്മിലായി വഴക്ക്. ക്രമേണ അതു ഭര്‍ത്താക്കന്മാര്‍ ഏറ്റെടുത്തു.
അന്നേ, ഐവാന്‍റെ പിതാവു പറഞ്ഞതാണ്: “മോനേ നീ അങ്ങു ക്ഷമിക്ക് – മുട്ട പോട്ടെ…”
എങ്കിലും, ഇരു കൂട്ടരും വിട്ടുകൊടുത്തില്ല-തര്‍ക്കം കോടതിയിലെത്തി. കൈക്കൂലി കിട്ടിയതുകൊണ്ട് ജഡ്ജി ഐവാന് അനുകൂലമായി വിധിയെഴുതി. അതിന്‍പ്രകാരം ഗബ്രിയേലിന് കുറേയേറെ അടി കിട്ടി. അടിയും മേടിച്ചുവന്ന ഗബ്രിയേല്‍ ഐവാന്‍റെ പുരയ്ക്കു തീവച്ചു. കത്തിത്തുടങ്ങിയ തീ തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നതിനുപകരം ഐവാന്‍ ഗബ്രിയേലിന്‍റെ പിന്നാലെ പായുകയായിരുന്നു. അവനെ പിടികൂടാന്‍ കഴിയാതെ തിരിച്ചെത്തിയ ഐവാന്‍ കണ്ടത് തന്‍റെ പുര മാത്രമല്ല തൊട്ടടുത്തുണ്ടായിരുന്ന ഗബ്രിയേലിന്‍റെ പുരയും കത്തിത്തീര്‍ന്നതാണ്!
അപ്പോഴും ഐവാന്‍റെ പിതാവ് അനുസ്മരിപ്പിച്ചു: “മോനേ, അന്നു ഞാന്‍ പറഞ്ഞതുപോലെ നീ ക്ഷമിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുകയില്ലായിരുന്നു…”
ഈ കഥയുടെ വെളിച്ചത്തില്‍ നമ്മുടെ നാട്ടില്‍ പരക്കെ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടുന്നതു നല്ലതാണ്: എന്തായിരുന്നു, 2008 മാര്‍ച്ചില്‍ കണ്ണൂരില്‍ അരങ്ങേറിയ കൂട്ടക്കൊലയുടെ പിന്നാമ്പുറം?
ബിജെപിക്കാര്‍ നടത്തിയ ഒരു പ്രകടനം സമാനതീവ്രതയുള്ള സിപിഎം കാര്‍ക്കു തീരെ രസിച്ചില്ല. പിരിഞ്ഞുപോയ പ്രകടനക്കാര്‍ക്ക് അവര്‍ ഒളിച്ചിരുന്ന് ഓരോ കല്ലേറു സമ്മാനിച്ചു. തുടര്‍ന്നു നടന്നത് പരസ്പരമുള്ള കടന്നാക്രമണമായിരുന്നു-അതോടൊപ്പം കൊലപാതകങ്ങളുടെ ഒരു പരമ്പരയും. അനേകര്‍ ചത്തൊടുങ്ങി. പ്രതീക്ഷിച്ചിടത്തോളം കൊല നടത്തുവാന്‍ തങ്ങളുടെ അണികള്‍ക്കു കഴിയുന്നില്ലെന്നു കണ്ടപ്പോള്‍, അണിയറയില്‍ നിന്നിരുന്ന നേതാക്കള്‍ പ്രഖ്യാപനങ്ങളുമായി പുറത്തുവന്നു: “അക്രമംകൊണ്ട്ു ഈ പ്രശ്നം തീരുകയില്ല.”
പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും വിഷയം പിന്നെയും വഷളായി. ഇന്നും അതിന്‍റെ മാറ്റൊലി അടിപിടിയിലൂടെയും അതിക്രമങ്ങളിലൂടെയും കണ്ണൂരിലും തലശേരിയിലും മറ്റും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതുപോലെ എത്രയെത്ര സംഭവങ്ങള്‍ നാടിന്‍റെ നാനാഭാഗങ്ങളിലും! ഐവാന്‍റെ പിതാവിനെപ്പോലെ സംസാരിക്കുവാന്‍ ഒരു നേതാവും രംഗത്തുവന്നില്ല!
കായേന്‍റെ പൈതൃകം ഏറ്റുവാങ്ങിയ ലാമെക്ക് പറയുന്നതുകേട്ടോ: “എന്നെ മുറിപ്പെടുത്തിയവനേയും അടിച്ചവനേയും ഞാന്‍ കൊന്നുകളഞ്ഞു. കായേന്‍റെ പ്രതികാരം ഏഴിരട്ടിയാണെങ്കില്‍ ലാമെക്കിന്‍റേത് എഴുപത്തിയേഴ് ഇരട്ടിയായിരിക്കും” (ഉല്‍പത്തി 4:23-24). പലരും ഇന്നും തുടര്‍ന്നു പോരുന്ന പ്രവര്‍ത്തനശൈലി അതാണ്.
പണ്ട്, ആഫ്രിക്കന്‍ ഗോത്രങ്ങള്‍ ചെയ്തിരുന്നത് ഏതാണ്ട് ഇതുപോലെയാണ്: ഒരു ഗോത്രത്തില്‍പ്പെട്ട ഒരാളെ അടുത്ത ഗോത്രത്തില്‍പ്പെട്ട ആരെങ്കിലും ദ്രോഹിച്ചാല്‍ ആദ്യത്തെ ഗോത്രം മുഴുവന്‍ ഇളകിവശായി രണ്ടാമത്തെ ഗോത്രത്തെ കീഴടക്കും; കീഴടക്കിയവരെയൊക്കെ പിടിച്ചുവില്ക്കും. അറബികളായിരുന്നു കച്ചവടക്കാര്‍. അറബികള്‍ അവരെ ബന്ധനസ്ഥരാക്കി വലിച്ചിഴച്ചുകൊണ്ടുപോയി വലിയ വിലയ്ക്കു വിദേശികള്‍ക്കു കൈമാറും. അങ്ങനെയാണ് അവര്‍ ലോകത്തിന്‍റെ മുമ്പില്‍ അടിമകളും അധഃകൃതരുമായത്.
ഇതേ ശൈലിയായിരുന്നു ബാബിലോണിലും. അവിടേയ്ക്കാണ് ഹമ്മുറാബി ചക്രവര്‍ത്തി കടന്നുവരുന്നത്: പാടില്ല, മേലില്‍ ഒരാളുടെ കണ്ണ് മറ്റൊരാള്‍ തല്ലിപ്പൊട്ടിച്ചാല്‍ അയാളുടെമാത്രം കണ്ണ് അടിച്ചുതകര്‍ത്തുകൊള്ളുക. അതില്‍ കൂടുതലൊന്നും പാടില്ല. അതാണ് സുപ്രസിദ്ധമായ “കണ്ണിനുപകരം കണ്ണ്” എന്ന നിയമം.
അന്നത്തെ ഏറ്റവും നവീന നിയമമായി അനുഭവപ്പെട്ടതുകൊണ്ട് അത് ഇസ്രായേല്‍ക്കാരും ഏറ്റെടുക്കുന്നു (പുറപ്പാട് 21:24; ലേവ്യര്‍ 24:21). എങ്കിലും, അവയൊക്കെ കാലികമാത്ര പ്രസക്തിയുള്ള അനുമതികളായിരുന്നുവെന്നതിന് ഒന്നാംതരം ഉദാഹരണമാണ് പൂര്‍വ്വപിതാവായ ജോസഫിന്‍റെ ചരിത്രം. അവനെ ഈജിപ്തിലെ കച്ചവടക്കാര്‍ക്കു വിറ്റു പൈസയാക്കിയ സഹോദരന്മാരുടെ ചിത്രം അവന്‍റെ മനസ്സില്‍ മായാതെ നിന്നിട്ടുണ്ടാകണം. മേലാളന്മാരുടെ മര്‍ദ്ദനമുറകള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ ഹൃദയവേദനയോടെ അവന്‍ തന്‍റെ സഹോദരങ്ങളെ ഓര്‍ത്തുകാണും.
കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരെ ശരിക്കും അവന്‍റെ കൈയില്‍ കിട്ടിയതാണ്. എന്നിട്ട്, അവന്‍ എന്തു ചെയ്തു? എല്ലാം ക്ഷമിച്ച് സ്നേഹപൂര്‍വ്വം അവരെ സ്വീകരിച്ചു. പിതാവിന്‍റെ മരണശേഷം ജോസഫ് തങ്ങളോടു പ്രതികാരം ചെയ്യുമെന്ന് സഹോദരന്മാര്‍ ഭയപ്പെട്ടു. അപ്പോഴും, ജോസഫ് അവരെയൊക്കെ അടുത്തുവിളിച്ച് ആശ്വസിപ്പിക്കുകയായിരുന്നു (ഉല്‍പത്തി 50:18-21). എല്ലാം മറന്നു എന്നു കാണിക്കാന്‍വേണ്ടിയാണ് അവന്‍ മൂത്ത മകന് മനാസ്സേ എന്നു പേരിട്ടത്. “മനാസ്സേ” എന്ന ഹീബ്രുപദത്തിന്‍റെ അര്‍ത്ഥം മറന്നു, ക്ഷമിച്ചു എന്നാണ്.
ഇതുതന്നെയത്രേ യേശുവിനു പഠിപ്പിക്കാനുണ്ടായിരുന്നതും: ശത്രുക്കളെ(ക്കൂടി) സ്നേഹിക്കുവിന്‍, പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി(ക്കൂടി) പ്രാര്‍ത്ഥിക്കുവിന്‍… അങ്ങനെയാണ് നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മക്കളായിത്തീരേണ്ടത് (മത്താ. 5:43-45).
തന്നെ ദ്രോഹിക്കുന്നവരോട് 77 ഇരട്ടി പ്രതികാരം ചെയ്യുമെന്ന് ലാമെക്ക് പറഞ്ഞപ്പോള്‍, യേശു പത്രോസിനെ ഉപദേശിക്കുന്നതു കണ്ടോ: “ഏഴ് എഴുപതുപ്രാവശ്യം ക്ഷമിക്കണം” (മത്താ. 18:22).
ചിന്തകനും എഴുത്തുകാരനുമായ ഫ്രാന്‍സീസ് ബേക്കണ്‍ (1561-1626) പറയുകയാണ്:
“In taking revenge, a man is but even with his enemy.
But in passing it over, he is superior.
For, it is a prince’s part to pardon.”
പ്രതികാരം ചെയ്യുന്നവന്‍ പാതകം ചെയ്ത പ്രതിയോഗിക്കു തുല്യനാവുന്നതേയുള്ളൂ. ക്ഷമിക്കുമ്പോഴാകട്ടെ അവന്‍ നാഥനായി ഉയരുകയാണ്. മേലധികാരിയല്ലേ ക്ഷമിക്കുക. ക്ഷമിക്കുന്നവനാണ് ആ അത്യുന്നതപദവി കൈവരുന്നത്.
ശത്രുക്കളോടു ക്ഷമിക്കുവാന്‍ പഠിപ്പിച്ചവന്‍റെ ആത്മാവാണ് അവനെക്കൊണ്ട് അതു പറയിപ്പിച്ചത്. കണ്ണിനു പകരം കണ്ണെടുക്കുന്നവന്‍ ഒന്നുമല്ല; അവനും കാണിക്കുന്നത് അപരനെക്കാള്‍ തരംതാണ പണിയാണ്. അതാണ്, ഐവാന്‍റെ പിതാവും മകനോടു പറഞ്ഞുകൊടുക്കുന്നത്.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy