ആരും ഗൗനിക്കാത്ത ദൈവത്തിൻ്റെ ദിനം

ഫാദർ ജെൻസൺ ലാസലെറ്റ്

സമൂഹമാധ്യമങ്ങളിൽ നിന്നാണ്
അൽഫോൻസ് ജോസഫ് എന്ന
സംഗീത സംവിധായകൻ്റെ സാക്ഷ്യം
ഞാൻ കേട്ടത്.
ഇന്ത്യൻ സംഗീത രംഗത്ത് പ്രഗദ്ഭനായ
എ.ആർ.റഹ്മാൻ്റെ കൂടെ,
നാലു മാസം നീണ്ടു നിൽക്കുന്ന വിദേശപര്യടനത്തിന് അദ്ദേഹത്തിന്
അവസരം ലഭിച്ചു..

യാത്രയ്ക്കു മുമ്പായ് പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ ഒരു സ്വരം
അദേഹം ശ്രവിച്ചു:
”അൽഫോൻസ്, നിന്നോടെനിക്കൊരു
കാര്യം പറയാനുണ്ട്.
നീ പോകുന്നത് ഒരു സെക്കുലർ ട്രിപ്പിന് അല്ല ,
മിഷൻ യാത്രയ്ക്കാണ്.
അതുകൊണ്ട് നന്നായ് പ്രാർത്ഥിച്ച്
കുമ്പസാരിച്ച് വേണം പോകാൻ.”

യാത്രയ്ക്ക് മുമ്പായ്
അദ്ദേഹം കുമ്പസാരിച്ചു.
തുടർന്ന് ഇങ്ങനെ പ്രാർത്ഥിച്ചു:
”ദൈവമേ, ഈ യാത്രയിൽ ഞാനൊരു തീരുമാനമെടുക്കുകയാണ്:
അമേരിക്കയിലെത്തുമ്പോൾ
എല്ലാ ദിവസവും
വിശുദ്ധ കുർബാനയിൽ പങ്കെടുക്കും.
അതിനുള്ള സാഹചര്യങ്ങൾ
ഒരുക്കിത്തരണമേ…”

അമേരിക്കയിലെ ലോസ്ആഞ്ചലസിൽ
താമസം ഒരുക്കിയിരുന്നത്
ഹോട്ടലിൽ ആയിരുന്നു.
അവിടെയുള്ള ജീവനക്കാരോട് അദ്ദേഹം
ആദ്യം അന്വേഷിച്ചത്,
അടുത്തുള്ള കത്തോലിക്കാ ദൈവാലയത്തെക്കുറിച്ചായിരുന്നു.

അവർ പറഞ്ഞു:
”ഇവിടെ അടുത്ത് ഒരു പള്ളിയുണ്ട്.
പക്ഷേ, ദിവസം 10 ഡോളർ
ആകും പോയി വരുന്നതിന്.”

കുർബാന ലഭിക്കുമല്ലോ എന്ന
സന്തോഷത്തിൽ അദ്ദേഹം
അതിന് സമ്മതിച്ചു.
അങ്ങനെ എല്ലാ ദിവസവും
10 ഡോളർ ചിലവഴിച്ച് വി.കുർബാനയിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറായി.

ഏതാനും ദിവസങ്ങൾക്കുള്ളിൽ
കയ്യിലെ പണം മുഴുവനും തീർന്നു.
അടുത്ത ദിവസം മുതൽ പള്ളിയിൽ പോകണമെങ്കിൽ ദൈവം തന്നെ ഇടപെടണമെന്ന അവസ്ഥയെത്തി.

അന്നത്തെ കുർബാന മധ്യേ
അദ്ദേഹമിങ്ങനെ പ്രാർത്ഥിച്ചു;
” ഈശോയെ എൻ്റെ സ്ഥിതി നിനക്കറിയാമല്ലോ? നാളെമുതൽ
കുർബാന മുടങ്ങാതിരിക്കാൻ
എന്തെങ്കിലും ഒരു വഴിയൊരുക്കിത്തരണം. ”

കുർബാന കഴിഞ്ഞ്
പുറത്തിറങ്ങിയപ്പോൾ, ഒരു മലയാളി അദ്ദേഹത്തെ പരിചയപ്പെടാനെത്തി.

ആ അപരിചിതന് അൽഫോൻസ്
സ്വയം പരിചയപ്പെടുത്തി. തുടർന്നുള്ള
സൗഹൃദ സംഭാഷണത്തിനിടയിൽ
സ്ഥിരമായി ദൈവാലയത്തിൽ പോകുന്ന വ്യക്തിയാണ് തൻ്റെ മുമ്പിൽ നിൽക്കുന്നതെന്ന് അൽഫോൻസിന് മനസിലായി.

അതുകൊണ്ടാകാം അൽഫോൻസ്
ഇങ്ങനെ പറഞ്ഞു:
” എന്നും വിശുദ്ധ ബലിയിൽ
പങ്കെടുക്കണമെന്ന് എനിക്കാഗ്രഹമുണ്ട്.
എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുമൂലം
നാളെ മുതൽ പളളിയിൽ വരാൻ
കഴിയാത്ത സ്ഥിതിയാണ്….”

”ഓ…. അതിനെന്താ, നാളെ മുതൽ
ഞാൻ വന്ന് താങ്കളെ കൂട്ടികൊണ്ടു പോകാം.”

അൽഫോൻസിന് സ്വർഗം കിട്ടിയ പ്രതീതി!

അമേരിക്കയിലെ പലയിടങ്ങളിൽ സഞ്ചരിച്ചപ്പോഴും, അന്ന് പരിചയപ്പെട്ട
ആ വ്യക്തിയുടെ സുഹൃത്തുക്കൾ
പലരും ആ ദൗത്യം ഏറ്റെടുത്തു; ‘അൽഫോൻസിനെ പളളിയിൽ
കൊണ്ടു പോകുക…..
തിരികെ കൊണ്ടുവരിക!’

വിശുദ്ധ കുർബാനയോട് ഇത്രമാത്രം സ്നേഹവും ആദരവും പുലർത്തിയ
ഈ വ്യക്തി സിനിമാരംഗത്ത് ഏറെ പ്രശസ്തനാണെന്നത് നമുക്ക് പലർക്കും
ഒരു വെല്ലുവിളിയാണെന്നതിന് തർക്കമില്ലല്ലോ?

വചന പ്രഘോഷകനായ
ബ്രദർ.പള്ളത്ത് പാപ്പച്ചൻ
വിദേശത്തു വച്ച്
300 കിലോമീറ്ററോളം ദൂരം യാത്ര ചെയ്ത് ദിവ്യബലിയിൽ പങ്കെടുത്തതായും കേട്ടിട്ടുണ്ട്.

തെങ്ങുകയറ്റക്കാരനായ
ബ്രദർ. തങ്കച്ചൻ തുണ്ടിയിൽ എന്ന സാധാരണക്കാരൻ പ്രഭാതത്തിലെ
ദിവ്യബലി മുടക്കാതിരിക്കാൻ പുലർച്ചെ
മൂന്നു മണിക്ക് എണീറ്റ് പലപള്ളികൾ കയറിയിറങ്ങിയ സംഭവവും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.

ക്രിസ്തു തൻ്റെ പ്രാണൻ നൽകി
സ്ഥാപിച്ച വി.കുർബാനയുടെ വില ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോയിട്ടില്ലേ?
പലയിടങ്ങളിൽ സഞ്ചരിക്കുന്ന നമ്മൾ എത്രയെത്ര ഒഴിവുകഴിവുകൾ പറഞ്ഞാണ് കുർബാനയിൽ സംബന്ധിക്കാൻ
മടി കാണിക്കുന്നത്?

വീടുകളിൽ ഇരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ കുർബാനയിൽ പങ്കെടുക്കാൻ അവസരമുണ്ടായിട്ടും,
അതും നമ്മൾ പാഴാക്കിയിട്ടില്ലേ?

”സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ
ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ്‌ അതു വാങ്ങുന്നു ”
(മത്തായി 13 : 45, 46)
എന്ന ക്രിസ്തുവചനം ഓർക്കുന്നത് നല്ലതാണ്.
വി.കുർബാന സ്വർഗത്തിൽ നിന്നിറങ്ങി വന്ന അമൂല്യ നിധിയാണെന്ന് മറക്കാതിരിക്കാം.

ഇന്നേക്ക് 8-ാം നാൾ ലാസലെറ്റ് മാതാവിൻ്റെ 175-ാം പ്രത്യക്ഷത്തിരുനാളാണ്.
അമ്മയുടെ ഈ സന്ദേശത്തിന് കൂടി
നമുക്ക് കാതോർക്കാം:
”ആറു ദിവസങ്ങൾ ജോലി ചെയ്യുന്നതിനായി നിങ്ങൾക്കു ഞാൻ നൽകിയിട്ടുണ്ട്.
ഏഴാം ദിവസം ദൈവത്തിൻ്റേതാണ്.
എന്നാൽ ആരും അത് ഗൗനിക്കുന്നില്ലല്ലോ..?”

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy