വഴികാട്ടിയും വിധിയാളനും

ഫാദർ ജെൻസൺ ലാസലെറ്റ്

വിഷമത്തേക്കാൾ കൂടുതൽ
അവളുടെ മനസു നിറയെ
അമ്മയോടുള്ള ദേഷ്യമായിരുന്നു.
കാര്യം പറയാം.
അവളുടെ അമ്മ പഠിപ്പിക്കുന്ന
സ്കൂളിലാണ് അവൾ പഠിക്കുന്നത്.
അന്ന് ക്ലാസിൽ ചോദ്യങ്ങൾ ചോദിച്ചു.
ഉത്തരം പറയാത്തവർക്ക് അടിയും കിട്ടി. എല്ലാവർക്കും ഓരോന്ന് കിട്ടിയപ്പോൾ അവൾക്ക് കിട്ടിയത് രണ്ടെണ്ണം.

കൂട്ടുകാരികൾ അവളോട് പറഞ്ഞു:
“നിൻ്റെ അമ്മയ്ക്ക് നിന്നോട് ഇഷ്ടമില്ലാത്തതു കൊണ്ടാണ് നിന്നെ രണ്ടു തവണ അടിച്ചത്. നിന്നോട് ഇഷ്ടമുണ്ടെങ്കിൽ വീട്ടിൽ വെച്ചു തന്നെ ചോദ്യങ്ങൾ പറഞ്ഞു തരാമായിരുന്നില്ലേ?
സ്കൂളിൽ വച്ച് നാണം കെടുത്തണമായിരുന്നോ?”

വീട്ടിലെത്തിയപ്പോൾ അമ്മ കാണുന്നത് പിണങ്ങിയിരിക്കുന്ന മകളേയാണ്.

” അമ്മയ്ക്കെന്നോട് ഇഷ്ടമില്ലാല്ലേ?”
അവൾ ചോദിച്ചു.
കൂട്ടുകാരികൾ പറഞ്ഞ കാര്യങ്ങളെല്ലാം അവൾ അമ്മയോട് പറഞ്ഞു.

“മോളെ, നിന്നെ ഇഷ്ടമായതുകൊണ്ടാണ് രണ്ടു പ്രാവശ്യം തല്ലിയത്.
നീ എൻ്റെ മകളാണ്.
എപ്പോഴും കൂടെയുള്ളവൾ.
എന്തു സംശയമുണ്ടെങ്കിലും
എപ്പോൾ വേണമെങ്കിലും നിനക്ക്
എന്നോട് ചോദിക്കാമല്ലോ?
എന്നാൽ മറ്റു കുട്ടികൾക്ക്
അങ്ങനെയുള്ള അവസരങ്ങൾ ഒന്നുമില്ല.

മറ്റുള്ളവരേക്കാൾ കൂടുതൽ ഉത്തരവാദിത്തം നീ കാണിക്കണം. നിനക്ക് രണ്ട് അടി തന്നതിനാൽ നിന്നോട് ഞാൻ പ്രത്യേക സ്നേഹം പ്രകടിപ്പിച്ചു എന്ന് ആരും പറയില്ലല്ലോ?”

കാര്യങ്ങൾ വ്യക്തമായപ്പോൾ അവൾക്ക് അമ്മയെ കൂടുതൽ ഇഷ്ടമായി.

ക്രിസ്തുവിൻ്റെ ഈ വചനം ഒന്ന് ശ്രദ്ധിക്കൂ:
“അറിയാതെയാണ്‌ ഒരുവന്‍
ശിക്‌ഷാര്‍ഹമായ തെറ്റു ചെയ്‌തതെങ്കില്‍, അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍നിന്ന്‌ അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട്‌ അധികംചോദിക്കും.
(ലൂക്കാ 12 : 48).

ഞാനും നിങ്ങളുമെല്ലാം പല അർത്ഥത്തിലും അധികം ലഭിച്ചവരാണ്.
മാതാപിതാക്കളുടെയും അധ്യാപകരുടെയും ആത്മീയ ഗുരുക്കളുടേയും പ്രചോദനവും ശിക്ഷണവും നമുക്ക് ലഭിക്കുന്നുണ്ട്.
കൂടാതെ 12-ാം ക്ലാസുവരെ വിശ്വാസ പരിശീലനത്തിനും അവസരമുണ്ടല്ലോ?

കുർബാന കുമ്പസാരം മുതലായ കൂദാശകളും ആത്മീയ പ്രഭാഷണങ്ങളുടെയും പുസ്തകങ്ങളുടെയും നീണ്ട നിരയും വിരൽതുമ്പിൽ ലഭിക്കുന്ന മറ്റേത് ജനതയാണുള്ളത്?

അതുകൊണ്ടു തന്നെ,
അറിവില്ലായ്മ കൊണ്ട് ചെയ്യുന്ന തെറ്റുകളേക്കാൾ ബോധപൂർവ്വം ചെയ്യുന്ന തെറ്റുകളല്ലേ കൂടുതൽ?

കാര്യങ്ങൾ അങ്ങനെയാണെങ്കിൽ
നമ്മുടെ തെറ്റുകൾക്കുള്ള ശിക്ഷ
എന്തുമാത്രം കഠിനമായിരിക്കുമെന്ന് ഓർക്കുന്നത് നല്ലതാണ്.

ശരിയാണ്,
ക്രിസ്തു നമുക്ക് സ്നേഹിതനും
ഗുരുവും വഴികാട്ടിയുമൊക്കെയാണ്.
പക്ഷേ നമ്മുടെ മരണശേഷം
അവൻ വിധിയാളനായി എത്തും
എന്നതും ഓർമവേണം…

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy